Top

ഇന്ത്യന്‍ പള്ളാശ്ശേരി/അഭിമുഖം; ഇടുക്കി ഗോള്‍ഡിലെ മ്ലേച്ഛന്‍ രവിയല്ല, ഞാന്‍ ഇന്ത്യനാണ്‌

ഇന്ത്യന്‍ പള്ളാശ്ശേരി/അഭിമുഖം; ഇടുക്കി ഗോള്‍ഡിലെ മ്ലേച്ഛന്‍ രവിയല്ല, ഞാന്‍ ഇന്ത്യനാണ്‌
ആഷിഖ് അബു സംവിധാനം ചെയ്ത ഇടുക്കി ഗോള്‍ഡില്‍ രവീന്ദ്രന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ സ്‌കൂള്‍ പഠനകാലം അവതരിപ്പിച്ച പയ്യനെ പ്രേക്ഷകര്‍ക്ക് ഏറെ രസിച്ചിരുന്നു. 'മ്ലേച്ഛന്‍' എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമയില്‍ ഈ പയ്യന്‍ ഒരിടം കണ്ടെത്തുമെന്ന് അന്നേ എല്ലാവരും ഉറപ്പിച്ചതാണ്. അത് ശരിയാവുകയായിരുന്നു. നായക നിരയിലേക്കും എത്തുന്നതില്‍ വരെ ആ പയ്യന്‍ വളര്‍ന്നു.

മാന്ത്രികം, അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും,ബഡാദോസ്ത് തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ എഴുതിയ പ്രശസ്ത തിരക്കഥാകൃത്ത് ബാബു പള്ളാശ്ശേരിയുടെ മകനാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ ആ പയ്യന്‍. പേര് ഇന്ത്യന്‍ പള്ളാശ്ശേരി... പേരിലെ വ്യത്യസ്തതയും സിനിമ അനുഭവങ്ങളുമൊക്കെ ഇന്ത്യന്‍ അഴിമുഖത്തോട് പങ്കുവയ്ക്കുകയാണ്...


ഇന്ത്യന്‍; ആ പേരില്‍ ഒരു കൗതുകം ഉണ്ട്!
എന്റെ പപ്പ ബാബു പള്ളാശ്ശേരി കെ. ബാലചന്ദ്രന്റെ വലിയ ആരാധകനാണ്. അദ്ദേഹത്തിന്റെ ഒരു സിനിമയില്‍ 'തമിഴനാ...' എന്നുചോദിക്കുമ്പോള്‍ 'അല്ല, ഞാന്‍ തമിഴ് പേസും ഇന്ത്യന്‍' എന്നു കമലഹാസന്റെ കഥാപാത്രം മറുപടി പറയുന്നുണ്ട്. ആ ഡയലോഗിന്റെ വലിയൊരു ഫാനാണ് പപ്പാ. അങ്ങനെയാണ് എനിക്ക് ഇന്ത്യന്‍ എന്ന പേര് പപ്പ ഇടുന്നത്.

പേരിലെ വ്യത്യസ്തത നല്‍കിയ ചില വേറിട്ട അനുഭവങ്ങള്‍ ഉണ്ടായിരിക്കുമല്ലോ?
ചെറുപ്പം മുതല്‍ ഈ പേരു കേള്‍ക്കുമ്പോള്‍ ആളുകളില്‍ നിന്ന് ലഭിക്കുന്ന റെസ്‌പോണ്‍സ് ഒന്ന് തന്നെയാണ്. ഇന്ത്യന്‍ എന്നു പേര് പറയുമ്പോള്‍ ആളുകള്‍ക്ക് ആദ്യം സംശയമാണ്. പേര് വ്യക്തമാക്കി കൊടുക്കേണ്ട അവസ്ഥ വരും. കേട്ട് പരിചയമില്ലാത്ത പേര് ആയതുകൊണ്ടുതന്നെ ഇന്ദിരന്‍, രഞ്ജന്‍ എന്നൊക്കെ അവര്‍ പല തരത്തിലാണ് ഈ പേരിനെ ഗ്രഹിച് എടുക്കുന്നത്. ചിലര്‍ നല്ല പേരാണെന്നൊക്കെ പറയും. പിന്നെ ഞാന്‍ ഒന്നാം ക്ലാസ്സ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഇടപ്പള്ളി അല്‍ അമീന്‍ പബ്ലിക് സ്‌കൂളിലാണ് പഠിച്ചത്. ചെറുപ്പം മുതല്‍ അവിടുള്ള എല്ലാവര്‍ക്കും അറിയാമായിരുന്നു. അതുകൊണ്ട് ഈ പേരില്‍ അവിടെ ചില സ്വാഭാവികത നിലനിന്നിരുന്നു.

സിനിമയിലേക്കുള്ള വരവ് എങ്ങനെയായിരുന്നു?
ബഡാദോസ്ത് എന്ന സിനിമയില്‍ കൊച്ചിന്‍ ഹനീഫയുടെ മകനായിട്ടായിരുന്നു ഞാന്‍ ആദ്യം അഭിനയിച്ചത്. അതിനുമുന്‍പ് നന്നേ കുഞ്ഞായിരിക്കുമ്പോള്‍ വാത്സല്യം എന്ന സീരിയലില്‍ അഭിനയിച്ചിരുന്നു. അത് കഴിഞ്ഞാണ് ബഡാ ദോസ്തില്‍ വരുന്നത്. അതുകഴിഞ്ഞ് പട്ടണത്തില്‍ ഭൂതം സിനിമയില്‍ തെരുവ് പിള്ളേരുടെ വലിയൊരു ഗ്യാങിലെ ഒരു കുഞ്ഞായി ഞാനും അഭിനയിച്ചു. പിന്നീട് പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് വണ്ണില്‍ പഠിക്കുന്ന സമയത്ത് ഞാന്‍ വീടിനടുത്തുള്ള ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിച്ചു നിക്കുന്ന സമയത്താണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍
ബെന്നി കട്ടപ്പന വിളിക്കുന്നത്. ചേട്ടന്‍ പറഞ്ഞു ഒരു പടം വന്നിട്ടുണ്ട് നിന്റെ ഒരു ഫോട്ടോ അയച്ചു കൊടുക്ക്, ആഷിക്ക് ചേട്ടന്റെ സിനിമ ആണ് എന്ന്. ഞാന്‍ ഫോട്ടോ അയച്ചു കൊടുത്തു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ബെന്നിച്ചേട്ടന്‍ വിളിച്ചുപറഞ്ഞു നീ ആഷിക്കേട്ടന്റെ ഫ്‌ളാറ്റില്‍ പോയി കാണ് എന്ന്. ഞാന്‍ പോയി. ആഷിക്ക് ഇക്ക ആദ്യം എന്നോട് ഇരിക്കാന്‍ പറഞ്ഞു. പിന്നെയൊരു അഞ്ച് മിനിറ്റ് എന്റെ മുഖത്ത് നോക്കി ഇരുന്നു. ഞാന്‍ വിളിക്കാം എന്നും പറഞ്ഞു ഇക്ക അകത്തേക്ക് പോയി. എനിക്ക് വലിയ പ്രതീക്ഷ ഒന്നുമല്ലായിരുന്നു. ഒരു മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ ആണ് സിനിമയില്‍ സിലക്ടായ വിവരം അറിയുന്നത്. അങ്ങനെ ഇടുക്കി ഗോള്‍ഡിലെ മ്ലേച്ഛന്‍ രവി എന്ന കഥാപാത്രം ചെയ്തു. അത് ഒരുപാട് ശ്രദ്ധയാകര്‍ഷിച്ചു. ആഷിക് അബു, ശ്യാം പുഷ്‌ക്കരന്‍, ദിലീഷ് പോത്തന്‍,ഷൈജു ഖാലിദ് തുടങ്ങിയവര്‍ക്കൊപ്പം ആ സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചു എന്നത് തന്നെ വലിയ ഭാഗ്യമാണ്. അതിനുശേഷം ഹാപ്പി ജേര്‍ണി, ഹണീബീ 2, ഹണീബീ 2.5 തുടങ്ങി പതിനഞ്ചോളം സിനിമകള്‍ ചെയ്തു.കളി എന്ന സിനിമയില്‍ നായകനായി
കളിയിലേക്ക് സംവിധായകന്‍ നജീം കോയ നേരിട്ടു വിളിക്കുകയായിരുന്നു. എഴുത്തുകാരനായ നജീം കോയ ആദ്യമായി സംവിധാകനാകുന്ന ചിത്രമായിരുന്നു കളി. ഒരു ത്രില്ലര്‍ സിനിമ. ഓഗസ്റ്റ് സിനിമയായിരുന്നു പ്രൊഡ്യൂസ് ചെയ്തത്. അതില്‍ നായകനായി ചെയാന്‍ സാധിച്ചു എന്നത് വലിയ സന്തോഷം തന്നെയാണ്. വളരെ നല്ല നിരൂപണങ്ങള്‍ ലഭിച്ചെങ്കിലും പക്ഷെ കളക്ഷന്‍ കുറവായിരുന്നു. നല്ല കുറെ അനുഭവങ്ങള്‍ നല്‍കിയ സിനിമയായിരുന്നു കളി.

സിനിമ തന്നെയായിരുന്നോ ലക്ഷ്യവും സ്വപ്നവും?
ഒരിക്കലുമില്ല. എനിക്കാദ്യം ഡോക്ടറാവാന്‍ ആയിരുന്നു താല്പര്യം. അങ്ങനെ നില്‍ക്കുമ്പോള്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ മലയാളഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ടീച്ചര്‍ വന്നു പറഞ്ഞു എന്നോട് ഒരു നാടകം സംവിധാനം ചെയ്യാന്‍. എനിക്കാണ് എങ്കില്‍ ആ സമയത്ത് സംവിധാനത്തെക്കുറിച്ച് കൃത്യമായ ധാരണ പോലും ഇല്ലായിരുന്നു. എന്നിട്ടും ഞാന്‍ സമ്മതിച്ചു. വീട്ടില്‍ വന്ന് പപ്പയോട് ചോദിക്കുമ്പോള്‍ പപ്പയാണ് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിത്തന്നത്. ആ നാടകം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. അതിനുശേഷം ഒരു ഇന്റര്‍ സ്‌കൂള്‍ നാടകത്തിന് തിരക്കഥ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തു. അതിന് ഫസ്റ്റ് കിട്ടി. സംവിധാനമെന്ന മേഖലയില്‍ പ്രതീക്ഷയും ആത്മവിശ്വാസവും താല്‍പര്യവും വന്നത് അങ്ങനെയാണ്. അപ്പോഴും അഭിനയത്തോട് വലിയ താല്പര്യം ഇല്ല. അങ്ങനെ നില്‍ക്കുന്ന സമയത്താണ് ഇടുക്കി ഗോള്‍ഡില്‍ വിളിക്കുന്നത്. ഇപ്പോഴും അഭിനയത്തോട് വലിയ താല്പര്യം ഇല്ല. എഴുത്തും സംവിധാനവും ആണ് മനസ്സിലുള്ളത്.

അച്ഛന്‍ ബാബു പള്ളാശ്ശേരി സ്വാധീനിച്ച വഴികള്‍?
പപ്പ മൊത്തത്തില്‍ സ്വാധീനിച്ചിട്ടുണ്ട് എന്ന് തന്നെ വേണം പറയാന്‍. സിനിമ എന്ന് ചിന്തിച്ചത് പോലും പപ്പ ഉള്ളതുകൊണ്ടാണ്. നാളെ ഒരു സിനിമ സംവിധാനം ചെയ്യുമ്പോള്‍ പപ്പയുടെ സ്‌ക്രിപ്റ്റില്‍ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ട്.

മറ്റു വിശേഷങ്ങള്‍?
ഞാന്‍ ഇപ്പോള്‍ എല്‍. എല്‍. ബി ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥി ആണ്. പഠിത്തം നടക്കുന്നു. അതിനിടയിലാണ് അഭിനയവും മറ്റും. ഇപ്പോള്‍ ഒരു ഷോര്‍ട്ട് ഫിലിം ചെയ്തു. സംവിധാനവും രചനയും എഡിറ്റിംഗും ഞാന്‍ തന്നെയാണ് ചെയ്തിരിക്കുന്നത്. അത് റിലീസ് ചെയ്തു. ഇപ്പോള്‍ ഒരു ഫെസ്റ്റിവല്‍ ടൈപ്പ് സിനിമയുടെ പരിപാടിയിലാണ്. അതിന്റെ എഴുത്തു കഴിഞ്ഞു. ഇനി പ്രി പ്രൊഡക്ഷന്‍ തുടങ്ങാനുള്ള പരിപാടിയില്‍ ആണ്.

Next Story

Related Stories