TopTop
Begin typing your search above and press return to search.

'ക്വട്ടേഷന്‍ തന്ന സ്ത്രീ', 'മാഡം'; സുനിയുടെ മൊഴിയില്‍ കാവ്യ കുടുങ്ങുമോ?

ക്വട്ടേഷന്‍ തന്ന സ്ത്രീ, മാഡം; സുനിയുടെ മൊഴിയില്‍ കാവ്യ കുടുങ്ങുമോ?

ഇതൊരു ക്വട്ടേഷനാണ്. തന്നത് ഒരു സ്ത്രീയാണ്. ഞങ്ങള്‍ നിന്റെ വീഡിയോ എടുക്കും ബാക്കി ഡീല്‍ ഒക്കെ അവര്‍ സംസാരിച്ചോളും; അയാള്‍ എന്നോടു പറഞ്ഞു. ആക്രമിക്കപ്പെട്ട നടി ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ നേരിട്ട അതിക്രമത്തെക്കുറിച്ച് പറയുന്നതിനിടയിലെ വാചകമായിരുന്നു ഇത്. ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടന്ന ആ സംഭവം വലിയൊരു ഗൂഢാലോചനയുടെ പൂര്‍ത്തീകരണമായിരുന്നുവെന്ന വിവരങ്ങള്‍ പുറത്തു വരാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഒരു സ്തീ കഥാപാത്രത്തിന്റെ സാന്നിധ്യം സംസാരവിഷയമായിരുന്നു. ആരാണ് ആ സ്ത്രീ എന്നത് പക്ഷേ ഒരന്വേഷണ വിഷയമായി ആദ്യഘട്ടത്തില്‍ പൊലീസ് കണ്ടിരുന്നില്ല(അല്ലെങ്കില്‍ അങ്ങനെയൊരു സൂചന തന്നിരുന്നില്ല). പകരം ദിലീപ് എന്ന വമ്പനിലേക്ക് എല്ലാ വാര്‍ത്തകളും വന്നു ചേര്‍ന്നു.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിന്റെ വായില്‍ നിന്നും മാഡം എന്ന പ്രയോഗം വരുന്നതോടെയാണ് കേസില്‍ വീണ്ടും ആ പെണ്‍സാന്നിധ്യം ചര്‍ച്ചയായി വരുന്നത്. തന്റെ മാഡത്തിനുവേണ്ടിയാണ് ഇതു ചെയ്തതെന്ന സുനിയുടെ വെളിപ്പെടുത്തല്‍ ആരാണ് ആ മാഡം എന്ന ഉദ്വേഗത്തിലേക്ക് മാധ്യമങ്ങളെയും സമൂഹത്തെയും എത്തിച്ചു. എന്നാല്‍ പേര് പറയാതെ, ഒരു സര്‍പ്രൈസ് ആയി തന്നെ സുനി തന്റെ മാഡത്തെ നിലനിര്‍ത്തി.

ഇതിനിടയിലാണ് അന്വേഷണ സംഘത്തിന്റെ ചില നീക്കങ്ങള്‍ സംശയങ്ങളുടെ മുന ഒരാളിലേക്ക് നീക്കിയത്. കാക്കനാട് മാവേലിപുരത്ത് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വസ്ത്രവ്യാപാരശാലയായ ലക്ഷ്യയുടെ ഓഫിസില്‍ അന്വേഷണസംഘം എത്തുന്നതോടെയായിരുന്നു അത്. ദിലീപിന്റെ ഭാര്യയും നടിയുമായി കാവ്യ മാധവന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ പൊലീസ് എത്തിയതോടെയാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ആ പേര് ആവര്‍ത്തിച്ചുപയോഗിക്കാന്‍ തുടങ്ങിയത്. ഇന്നിപ്പോള്‍ സുനിയുടെ വെളിപ്പെടുത്തലില്‍ തന്റെ മാഡം കാവ്യ മാധവന്‍ ആണെന്നു വ്യക്തമാക്കുമ്പോള്‍, അതൊരു ഞെട്ടലോ അത്ഭുതമോ ഒന്നും ആരിലും ഉണ്ടാക്കുന്നില്ലെന്നു മാത്രം.

ഗൂഡാലോചന കുറ്റത്തിന് ജയിലില്‍ കഴിയുന്ന ദിലീപ് പല ആവര്‍ത്തി പറയുന്ന കാര്യം ഒരു ക്രിമിനലായ പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പൊലീസ് തന്നെ കുറ്റവാളിയാക്കിയിരിക്കുന്നതെന്നാണ്. ഒരു കള്ളന്റെ വാക്കുകള്‍ വിലയ്‌ക്കെടുക്കരുതെന്നും നടന്‍ പറയുന്നു. ഇന്ന് എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ദിലീപിന്റെ ഈ ആരോപണത്തോടുള്ള തന്റെ വൈകാരിക പ്രതികരണമാണ് സുനി ആദ്യം പ്രകടിപ്പിച്ചത്. താന്‍ കള്ളനല്ലേയെന്നും കള്ളന്റെ കുമ്പസാരം എന്തിനാണ് കേള്‍ക്കുന്നതെന്നുമായിരുന്നു സുനി മാധ്യമങ്ങളോടു ചോദിച്ചത്. പിന്നീടയാള്‍ കാവ്യയെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തി.

ഈ വെളിപ്പെടുത്തല്‍ കൊണ്ട് കാവ്യ മാധവന്‍ കേസില്‍ പ്രതിയാകുകയോ സോഷ്യല്‍ മീഡിയ ആഘോഷത്തോടെ പറയുന്നതുപോലെ 'ദിലീപിനൊപ്പം ജയിലില്‍ ഓണം ഉണ്ണുകയോ' ഉണ്ടാകുമെന്നു തോന്നുന്നില്ല. സുനി പറയുന്നുണ്ട്, കാവ്യ തന്റെ മാഡം ആണെങ്കിലും കേസില്‍ ഒരു ബന്ധവുമില്ലെന്ന്. അതായത് നടി ആക്രമിക്കപ്പെട്ടതുമായോ അതിനു പിന്നില്‍ നടന്ന ഗൂഢാലോചനയിലോ കാവ്യക്ക് പങ്കുണ്ടെന്നു സുനി പറഞ്ഞിട്ടില്ല. പ്രതിയുടെ മാഡം ആയിരുന്നുവെന്നത് മാത്രം കൊണ്ട് പൊലീസിന് കാവ്യയെ അറസ്റ്റ് ചെയ്യാനോ, ജയിലില്‍ അടയ്ക്കാനോ കഴിയുമെന്ന് തോന്നുന്നില്ല.

പക്ഷേ, കാവ്യ കൂടുതല്‍ സംശയിക്കപ്പെടുകയാണ്. മുമ്പ് തങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ കളവാണെന്നു പൊലീസിന് കാവ്യയെ തിരുത്താനും കഴിയും. ഗൂഢാലോചനയില്‍ പങ്കില്ലെങ്കിലും നടി ആക്രമിക്കപ്പെട്ട വിവരം അവര്‍ നേരത്തെ മനസിലാക്കിയിരിക്കുന്നു എന്നതിനു മുന്‍പേര്‍ തന്നെ തെളിവ് അന്വേഷണസംഘത്തിന് കിട്ടിയിരുന്നതായി പറയുന്നുണ്ട്. നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ സുനി ലക്ഷ്യയുടെ ഓഫിസില്‍ എത്തിയിരുന്നതിന് സമീപത്തെ സ്ഥാപനത്തിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പൊലീസിന്റെ പക്കലുണ്ട്. സ്ഥാപനത്തില്‍ നിന്നും പതിനായിരം രൂപ സുനിക്ക് കൈമാറിയെന്നും നടിയുടെ അശ്ലീലകരമായ രംഗങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണിലെ മെമ്മറി കാര്‍ഡ് സ്ഥാപനത്തില്‍ ഏല്‍പ്പിച്ചതായും പൊലീസ് സംശയിച്ചിരുന്നു. ഇതിനു പിന്നാലെ കാവ്യയെ പൊലീസ് ചോദ്യം ചെയ്യുകയുമുണ്ടായിരുന്നു. എന്നാല്‍ തനിക്ക് സുനിയുമായി അടുത്ത പരിചയം ഇല്ലെന്നും കണ്ടിട്ടുമാത്രമെ ഉള്ളൂവെന്നുമാണ് നടി മൊഴി നല്‍കിയിരുന്നത്. ആ 'കള്ളത്തരം' അന്വേഷണസംഘം പൊളിച്ചു. ദിലീപിന്റെ ജാമ്യാപേക്ഷ രണ്ടാംതവണയും ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ച തെളിവുകളില്‍ പ്രധാനമായിരുന്നു കാവ്യ മാധവനും പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധം. സുനിക്ക് കാവ്യയോടും കുടുംബത്തോടും അടുത്ത ബന്ധം ഉണ്ടെന്നു തന്നെ പ്രോസിക്യൂഷന്‍ പറഞ്ഞു. കാവ്യയുടെയും കുടുംബത്തിന്റെയും വിശ്വസ്തനുമായിരുന്നു ഇയാള്‍. ഒരിക്കല്‍ തൃശൂര്‍ യാത്രയില്‍ സുനിലാണ് കാര്‍ ഓടിച്ചിരുന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

സുനി തന്നെയാണ് ഇക്കാര്യങ്ങള്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയതും. കാവ്യയുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നാണ് ഇയാള്‍ പൊലീസിനോട് സമ്മതിച്ചത്. കേസില്‍ കീഴടങ്ങുന്നതിനു മുമ്പ് കാവ്യയുടെ വസ്ത്രവ്യാപാരശാലയില്‍ സുനി പോയിരുന്നു. ആ ദിവസം കാവ്യയുടെ ഫോണിലൂടെ ദിലീപിനെ വിളിച്ചു പണം ആവശ്യപ്പെട്ടതായും സുനില്‍ മൊഴി നല്‍കിയിരുന്നു. ദിലീപിന്റെ നിര്‍ദേശാനുസരണം കാവ്യ സുനിക്ക് പണം കൈമാറിയിട്ടുമുണ്ട്.

ഇന്നിപ്പോള്‍ സുനി ആവര്‍ത്തിച്ചതും ഇതേ കാര്യങ്ങളാണ്. തന്നെ അറിയില്ലെന്നു കാവ്യ പറയുന്നത് ശരിയല്ലെന്നും താനുമായി നല്ല പരിചയമുണ്ടെന്നും പലപ്പോഴും പണം തന്നിട്ടുണ്ടെന്നും സുനി പറയുന്നു. കാവ്യയില്‍ നിന്നും താന്‍ പലപ്പോഴും പണം തട്ടിയിട്ടുണ്ടെന്നും കൂടി സുനി പറയുന്നു.

മാധ്യമങ്ങളോട് ഇപ്പോഴാണ് ഈ കാര്യം വെളിപ്പെടുത്തിയെന്നതു മാറ്റി നിര്‍ത്തിയാല്‍ കാവ്യയെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തോട് നേരത്തെ തന്നെ സുനി വെളിപ്പെടുത്തിയിട്ടുണ്ടെന്നു വേണം കരുതാന്‍. ശക്തമായ വാദങ്ങള്‍ നടത്തിയിട്ടുപോലും രണ്ടാം തവണയും ഹൈക്കോടതിയില്‍ നിന്നും ദിലീപിന് ജാമ്യം നിഷേധിക്കപ്പെടാന്‍ കാരണം പ്രോസിക്യൂഷന്‍ ഓപ്പണ്‍ കോടതിയിലും അല്ലാതെ രഹസ്യമായി സീല്‍വച്ച നല്‍കിയ രേഖകളിലും ഉള്ള തെളിവുകള്‍ പ്രതിക്കെതിരേ ശക്തമായ നിലനില്‍ക്കുന്നവയായതുകൊണ്ടാണ്. ഈ രഹസ്യ തെളിവുകളില്‍ കാവ്യ മാധവന്റെ പങ്കിനെക്കുറിച്ചും പരാമര്‍ശം ഉണ്ട്. ഇനി കാത്തിരിക്കേണ്ടത് പൊലീസ് സമര്‍പ്പിക്കുന്ന കുറ്റപത്രത്തിലാണ്. പതിനൊന്നാം പ്രതിയില്‍ നിന്നും രണ്ടാം പ്രതിയിലേക്ക് ദിലീപ് മാറും എന്നതിനേക്കാള്‍ കാവ്യ പ്രതിപ്പട്ടികയില്‍ ഇടം നേടുമോ എന്നതിലേക്കായി കാത്തിരിപ്പ്.


Next Story

Related Stories