TopTop
Begin typing your search above and press return to search.

ശ്രീദേവികയുടെ കത്ത് വായിച്ചിട്ട് മോഹന്‍ലാല്‍ പറയുക, എഎംഎംഎയെ തകര്‍ക്കുന്നത് മൂന്നു നടിമാരോ സിദ്ദിഖിനെ പോലുള്ളവരോ?

ശ്രീദേവികയുടെ കത്ത് വായിച്ചിട്ട് മോഹന്‍ലാല്‍ പറയുക, എഎംഎംഎയെ തകര്‍ക്കുന്നത് മൂന്നു നടിമാരോ സിദ്ദിഖിനെ പോലുള്ളവരോ?
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎ, നടി ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം വന്നുപെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയതായി മാധ്യമ സമ്മേളനം വിളിച്ച് പ്രഖ്യാപിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനെ സംഘടന സംരക്ഷിക്കുകയാണെന്നും ഇരയാക്കപ്പെട്ട നടിയെ അവഗണിക്കുകയാണെന്നും വിമര്‍ശനം ഉയര്‍ത്തി ഡബ്ല്യുസിസി (വിമന്‍ ഇന്‍ സിനിമ കളക്ടീവ്) നടത്തി വരുന്ന പോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് ദിലീപിന്റെ രാജി സംഘടന ചോദിച്ചു വാങ്ങിയിട്ടുണ്ടെന്നും നടന്‍ ഇപ്പോള്‍ സംഘടനയില്‍ നിന്നും പുറത്താണെന്നും പ്രസിഡന്റ് മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഡബ്ല്യുസിസിയുടെ പരാതി പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. ദിലീപിന്റെ പേരില്‍ സംഘടനയില്‍ നിന്നും രാജിവച്ച നടിമാരെ ഉപാധികളോടെ തിരികെയെടുക്കാമെന്നു കൂടി പറഞ്ഞുവച്ച് തങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വിമര്‍ശനങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ എഎംഎംഎ ശ്രമിക്കുകയാണെന്നാണ് മോഹന്‍ലാലിന്റെ പ്രഖ്യാപനങ്ങള്‍ വ്യാഖ്യാനിക്കപ്പെടുന്നത്.

ദീലീപ് വിഷയത്തില്‍ സംഘടന ഇങ്ങനെയൊരു തീരുമാനം എടുത്തതുകൊണ്ട് മാത്രം എഎംഎംഎയ്‌ക്കെതിരേയുള്ള ആക്ഷേപങ്ങള്‍ പൂര്‍ണമായി നിലയ്ക്കുന്നില്ലെന്നാണ് കഴിഞ്ഞ ദിവസം മലയാളിയായ തെന്നിന്ത്യന്‍ നടി ശ്രീദേവിക നടത്തിയ വെളിപ്പെടുത്തല്‍. എഎംഎംഎയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന കയ്‌പ്പേറിയ അനുഭവങ്ങള്‍ ശ്രീദേവിക തുറന്നു പറയുകയായിരുന്നു. ഡബ്ല്യുസിസി, എഎംഎംഎയ്‌ക്കെതിരേ ആഞ്ഞടിച്ചു കൊണ്ട് വാര്‍ത്തസമ്മേളനം നടത്തിയതിനു പിന്നാലെ സംഘടനിയില്‍ തന്നെ ചേരിതിരിവിന് കാരണമാം വിധം നടന്‍ സിദ്ദീഖും കെപിഎസി ലളിതയും ചേര്‍ന്ന് ദിലീപിന് അനുകൂലമായും ഡബ്ല്യുസിസിയെ വിമര്‍ശിച്ചും ഒരു വാര്‍ത്ത സമ്മേളനം നടത്തുകയുണ്ടായി. ആ പത്രസമ്മേളനത്തില്‍ സിദ്ദീഖും ലളിതയും ആവര്‍ത്തിച്ച് പറഞ്ഞത് നടിമാര്‍ക്ക് സിനിമയില്‍ യാതൊരുവിധ പ്രശ്‌നങ്ങളും നേരിടുന്നില്ലെന്നും അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ള നടിമാര്‍ പരാതി തന്നാല്‍ സംഘടന അക്കാര്യത്തില്‍ വേണ്ട നടപടിയെടുക്കുമെന്നുമായിരുന്നു. സംഘടന പ്രതിനിധി കൂടിയായ സിദ്ദിഖും ലളിതയും ചേര്‍ന്ന് പറഞ്ഞ ഈ കാര്യങ്ങള്‍ ഒട്ടും ആത്മാര്‍ത്ഥയില്ലാത്തതും സംഘടനയുടെ മുന്‍ചെയ്തികളെ മറച്ചു പിടിക്കുന്നതിനായി പറയുന്ന നുണകളുമാണെന്നും ശ്രീദേവികയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിച്ചാല്‍ മനസിലാകും.

മൂന്നു നടിമാര്‍ എഎംഎംഎയെ തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് മോഹന്‍ലാല്‍ പറയുമ്പോഴും വിമന്‍ കളക്ടീവ് ഉണ്ടാക്കിയ ഒരു സാഹചര്യത്തില്‍ നിന്നാണ് ശ്രീദേവികയെ പോലുള്ളവര്‍ തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ തുറന്നു പറയാന്‍ തയ്യാറായി രംഗത്തു വരുന്നതെന്ന് എഎംഎംഎയോ മോഹന്‍ലാലിനെ പോലുള്ളവരോ മനസിലാക്കുന്നില്ലെന്നാണ് വിമര്‍ശനം. ലൈഗികാതിക്രമ പരാതികള്‍ പരിശോധിക്കാന്‍ ഒരു ആഭ്യന്തര സമിതി സംഘടനയില്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടും അതിന് സംഘടന തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് ഡബ്ല്യുസിസി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും കോടതി സംഘടനയ്ക്ക് ഈക്കാര്യത്തില്‍ വിശദീകരണം ചോദിച്ച് നോട്ടീസ് അയക്കുകയും ചെയ്തതിനു പിന്നാലെ ഇപ്പോള്‍ മൂന്നു വനിത അംഗങ്ങളെ ഉള്‍പ്പെടുത്തി ഒരു ആഭ്യന്തര സമിതി എഎംഎംഎ രൂപീകരിച്ചിട്ടുണ്ടെങ്കിലും മുന്‍കാലങ്ങളില്‍ ദുരനുഭവങ്ങള്‍ നേരിട്ടവര്‍ക്ക് നീതി ഉറപ്പാക്കാന്‍ ആഭ്യന്തര സമിതിയോ എഎംഎംഎയോ തയ്യാറാകുമോ എന്നൊരു ചോദ്യവും ശ്രീദേവിക പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വായിക്കുന്നവരില്‍ ഉണ്ടാകുന്നതാണ്.

ശ്രീദേവിക എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാലിനെ അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയിരിക്കുന്ന കത്തില്‍ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങള്‍ ഇതാണ്; 2006 കാലത്ത് ഒരു സിനിമയുടെ ഷൂട്ടിംഗ് സമയത്ത് മൂന്നു നാലു ദിവസങ്ങള്‍ തുടര്‍ച്ചായി അര്‍ദ്ധരാത്രിയില്‍ എന്റെ റൂമിന്റെ വാതിലില്‍ ആരോ മുട്ടുമായിരുന്നു. റിസപ്ഷനില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ അത് സംവിധായകന്‍ ആണെന്നാണ് പറഞ്ഞത്. ഈക്കാര്യം എന്റെ അമ്മ സഹതാരത്തിനോട് പറഞ്ഞതനുസരിച്ച് എനിക്ക് ആ സഹതാരം താമസിക്കുന്ന നിലയില്‍ തന്നെ ഒരു മുറി ഒരുക്കി തന്നു. ഇതിനുശേഷം സെറ്റിലടക്കം സംവിധായകനില്‍ നിന്നും വളരെ മോശം പെരുമാറ്റമാണ് ഉണ്ടായത്. എനിക്ക് സീനുകള്‍ പറഞ്ഞു തരാനോ എന്റെ മുഖത്തു നോക്കാനോ സംസാരിക്കാനോ പോലും തയ്യാറായില്ല. എന്റെ രംഗങ്ങളും സംഭാഷണങ്ങളും വെട്ടിച്ചുരുക്കി. ഇതിനെല്ലാം കാരണം, അയാള്‍ രാത്രിയില്‍ വന്നു മുട്ടിയിട്ട് ഞാന്‍ വാതില്‍ തുറന്നു കൊടുക്കാതിരുന്നതാണ്. 2006 കാലമാണ്, അന്ന് സ്ത്രീകള്‍ ഇതുപോലെ നേരിടേണ്ടി വരുന്ന ഉപദ്രവങ്ങളെക്കുറിച്ച് തുറന്നു പറയാന്‍ മടിച്ചിരുന്നു. താരസംഘടനയായ എഎംഎംഎയില്‍ ഇതെങ്ങനെ പരാതിപ്പെടാമെന്നോ അവിടെ ഇത്തരം പരാതികള്‍ പരിഹരിക്കാന്‍ സംവിധാനമുണ്ടെന്നോ ഒന്നും അറിയില്ലായിരുന്നു. അതുകൊണ്ട് ഞാന്‍ അനുഭവിക്കേണ്ട വന്ന ബുദ്ധിമുട്ടുകളെല്ലാം മനസില്‍ അടക്കിവച്ചു. ഭൂരിഭാഗം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരും പുതിയൊരു പ്രൊജക്ടിലേക്ക് വിളിക്കുമ്പോള്‍ ആദ്യമെ ചോദിക്കുന്ന കാര്യം സംവിധായകനും നിര്‍മാതാവിനും നടനും വഴങ്ങിക്കൊടുക്കുമോ എന്നാണ്. ആ പ്രൊജക്ടില്‍ പങ്കാളിയാകാന്‍ നമ്മള്‍ തയ്യാറാണോ എന്നു ചോദിക്കുന്നതിനെക്കാള്‍ മുന്നേയാണ് മറ്റേ ചോദ്യം വരുന്നത്.


വാഗ്ദാനം ചെയ്ത പ്രതിഫലം തരാതെ വന്നപ്പോള്‍ അക്കാര്യത്തില്‍ സഹായിക്കാനായി എഎംഎംഎ സെക്രട്ടറിയെ സമീപിച്ചിരുന്നു. അഡ്വാന്‍സ് ആയി തന്ന പണം മാത്രമേ എനിക്ക് തന്നിരുന്നുള്ളൂ. എന്റെ പരാതി കേട്ടശേഷം സെക്രട്ടറി എന്നോട് ആവശ്യപ്പെട്ടത് പരാതി ഉയര്‍ത്തരുതെന്നായിരുന്നു. അതെന്റെ കരിയര്‍ നശിപ്പിക്കുമെന്ന്. ഭാവിയില്‍ നിര്‍മാതാക്കളൊന്നും എന്നെ അവരുടെ സിനിമയില്‍ ഉള്‍പ്പെടുത്തില്ലെന്ന്. സിനിമയില്‍ ഒരു പുതുമുഖമായിരുന്ന എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു, നിശബ്ദയാകാന്‍ അല്ലാതെ. അടുത്ത സിനിമയിലും കരാര്‍ പറഞ്ഞ തുക എനിക്ക് കിട്ടിയില്ല. മുന്‍ അനുഭവംകൊണ്ട് എഎംഎംഎയില്‍ പരാതിപ്പെടാന്‍ പോയില്ല. പകരം, എനിക്ക് തരാനുള്ള പ്രതിഫലം കിട്ടിയാല്‍ മാത്രമെ ഷൂട്ടിംഗിന് വരൂ എന്ന് നിര്‍മാതാവിനോട് വിളിച്ചു പറഞ്ഞിട്ട്, ഞാന്‍ വീട്ടിലിരുന്നു. അതിനു പിന്നാലെ എനിക്ക് എഎംഎംഎ സെക്രട്ടിയുടെ ഫോണ്‍ വന്നു, പ്രതിഫലം കിട്ടാതെ തന്നെ ഷൂട്ടിംഗിന് റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു ആവശ്യം. പ്രശ്‌നം ഉണ്ടാക്കരുതെന്ന് നിര്‍ദേശവും. ഞാന്‍ എന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയും ഷൂട്ടിംഗിന് പോകാതെ വീട്ടില്‍ തന്നെ ഇരിക്കുകയും ചെയ്തു. അതിനുശേഷം നിര്‍മാതാവ് പറഞ്ഞ പ്രതിഫലത്തിന്റെ പകുതി എനിക്ക് തന്നു. ഞാന്‍ ഷൂട്ടിംഗിന് പോവുകയും ചെയ്തു. എന്നാല്‍ ബാക്കി തുക ഇന്നും എനിക്ക് കിട്ടിയിട്ടില്ല.


കഴിഞ്ഞ ദിവസം സിദ്ദീഖ് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പ്രതിഫലത്തിന്റ പ്രശ്‌നം അടക്കം സംഘടന പരിഹരിക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു. എന്റെ പ്രതിഫലത്തിന്റെ കാര്യത്തില്‍ സംഘടന ഒരു പരിഹാരവും ഉണ്ടാക്കിയില്ല. എനിക്ക് വേണ്ടി സംസാരിച്ചുമില്ല. എന്റെതുപോലെ നിരവധി കേസുകള്‍ ഉണ്ടായിരിക്കും.സംഘടന എക്‌സിക്യൂട്ടീവ് അംഗത്തെ വിളിച്ച് എന്റെ പരാതി പറയാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം എന്നോട്ട് കയര്‍ത്തു സംസാരിക്കുകയാണുണ്ടായത്. എഎംഎംഎയില്‍ ഒരു പ്രശ്‌നങ്ങളില്ലെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നുമൊക്കെ വരുത്തി തീര്‍ക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളാണത്. ഇതെങ്ങനെയാണ് മറ്റുള്ളവര്‍ക്ക് സഹായകമാകുന്നത്?"


എഎംഎംഎയിലെ, അസ്വസ്ഥയായ ഒരംഗം എന്ന് സ്വയം അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ്‌ മോഹന്‍ലാലിന് എഴുതിയ ഈ കത്തില്‍ ശ്രീദേവിക അവസാനത്തില്‍ കുറിച്ചിരിക്കുന്ന വാചകം, വൈകി കിട്ടുന്ന നീതി, നീതി നിഷേധമാണെന്നാണ്.എഎംഎംഎയെ തകര്‍ക്കാന്‍ ചില നടിമാര്‍ ശ്രമിക്കുന്നുവെന്ന് അര്‍ത്ഥശങ്കയില്ലാത്ത വിധം പറയാന്‍ കഴിയുന്ന മോഹന്‍ലാല്‍, ശ്രീദേവികയുടെ കാര്യത്തില്‍ താന്‍ നയിക്കുന്ന സംഘടനയ്ക്കു വേണ്ടി എന്ത് നിലപാട് സ്വീകരിക്കുമെന്നും പറയാന്‍ കഴിയണമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. സമ്മര്‍ദ്ദങ്ങള്‍ക്കു പുറത്ത് ഇപ്പോള്‍ രൂപീകരിച്ചിരിക്കുന്ന വനിത സെല്‍ ഏത് നിലയിലായിരിക്കും പ്രവര്‍ത്തിക്കുക എന്നും അദ്ദേഹം വിശദമാക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. ശ്രീദേവികയെ പോലെ നിരവധി പേര്‍ ഇപ്പോഴും നീതി കിട്ടാതെ കാത്തുനില്‍ക്കുന്നുണ്ട്. അവരെ കേള്‍ക്കാനും പരാതികള്‍ പരിഹരിച്ചു കൊടുക്കാനും വനിത സെല്‍ തയ്യാറാകുമോ എന്നാണ് ചോദ്യം. അതോടൊപ്പം തന്നെ മലയാള സിനിമയിലെ നടിമാര്‍ക്ക് ഒരു പ്രശ്‌നവും നേരിടില്ലെന്നും അവരെല്ലാം സുരക്ഷിതരും പ്രതിഫലക്കാര്യത്തില്‍ അടക്കം ജോലിയില്‍ സംതൃപ്തരാണെന്നും നുണ വിളിച്ചു പറയുന്ന സിദ്ദീഖിനെ പോലുള്ളവരെ നിയന്ത്രിക്കാന്‍ സംഘടന പ്രസിഡന്റ് എന്ന നിലയില്‍ മോഹന്‍ലാലിന് ബാധ്യതയുണ്ടെന്ന ഓര്‍മപ്പെടുത്തലുകളും പ്രസക്തമാണ്. തനിക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്നു എന്ന ആക്രമിക്കപ്പെട്ട നടിയുടെ പരാതികള്‍ പോലും വ്യാജമാണെന്നാണ് സിദ്ദീഖ് പറഞ്ഞിരുന്നത്. ഇതേ സിദ്ദീഖിനോട് തന്നെ നടി തനിക്ക് അവസരങ്ങള്‍ ദിലീപ് നിഷേധിക്കുന്നുവെന്ന് പരാതിപ്പെടുകയും സിദ്ദീഖ് അത് ദിലീപിനോട് ചോദിക്കുകയും ചെയ്തിട്ടുള്ളതാണ്. അത് മറച്ചുവച്ചാണ് ഇപ്പോള്‍ നുണ പറഞ്ഞു വരുന്നത്. ശ്രീദേവികയും ചൂണ്ടിക്കാണിക്കുന്നത് ഈക്കാര്യമാണ്.

രേഖാമൂലം ആരെങ്കിലും പരാതി നല്‍കിയിട്ടുണ്ടോ എന്നാണ് സിദ്ദീഖിനെ പോലുള്ളവര്‍ ഇതില്‍ ന്യായം കണ്ടെത്തുന്നത്. അതിനുള്ള മറുപടിയും ശ്രീദേവിക തരുന്നുണ്ട്. തങ്ങള്‍ ഒരു പരാതിയുമായി ചെന്നാല്‍ അത് രേഖാമൂലം എഴുതി തരാന്‍ സംഘടന സെക്രട്ടറി പറയില്ല, അതിന് അനുവദിക്കില്ല. പകരം പ്രശ്‌നമുണ്ടാക്കരുത്, പരാതിപ്പെടരുത്, അങ്ങനെ ചെയ്താല്‍ ഭാവി തകരും എന്ന് മുന്നറിയിപ്പുകള്‍ നല്‍കി തിരിച്ചയക്കുകയാണ്. ഇത്തരത്തില്‍ തികച്ചും പ്രതികൂലമായി തങ്ങളോട് പെരുമാറുന്നവരുടെ അടുത്ത് പരാതി പറയാന്‍ ആരങ്കിലും പോകുമോ എന്ന് ശ്രീദേവിയെ പോലുള്ളവര്‍ ചോദിക്കുന്നതില്‍ ന്യായമുണ്ട്.ഇപ്പോള്‍ രൂപീകരിച്ചിരിക്കുന്ന വനിത സെല്ലിന്റെ അംഗങ്ങളും പരാതി കേള്‍ക്കാനും അത് പരിഹരിക്കാനും തയ്യാറാകുമോ, അതോ പരാതി പറയാന്‍ വരുന്നവരെ എഎംഎംഎ എങ്ങനെയാണോ കൈകാര്യം ചെയ്തിരുന്നത് അതേ രീതിയില്‍ തന്നെ നേരിടുമോ എന്നും സംശമാണ് എല്ലാവര്‍ക്കും. ഈ സംശയങ്ങള്‍ക്കെല്ലാം വിശദീകരണം തന്നില്ലെങ്കിലും ജോലി ചെയ്തതിന്റെ കൂലി കിട്ടാന്‍ വേണ്ടി അഭ്യര്‍ത്ഥിക്കുന്ന ശ്രീദേവികയെ പോലുള്ളവര്‍ക്ക് ഒരു മറുപടിയെങ്കിലും കൊടുക്കാന്‍ മോഹന്‍ലാല്‍ തയ്യാറാകേണ്ടതാണെന്നാണ് പൊതുവെയയുള്ള ആവശ്യം.

https://www.azhimukham.com/newswrap-mohanlal-is-more-reponsible-to-prevent-atrocities-against-women-coworkers-to-form-internal-copmplaint-authority-writes-saju/

https://www.azhimukham.com/trending-wcc-create-history-in-film-industry-cultural-space-kerala-raseena-writes/

https://www.azhimukham.com/cinema-revealed-actor-siddique-double-stand-in-job-rights-in-cinema/

https://www.azhimukham.com/cinema-kpac-lalitha-dont-forget-your-past-when-you-neglect-wcc-members/

Next Story

Related Stories