UPDATES

സിനിമ

ഞങ്ങള്‍ നിന്നെ മാറി മാറി ഉപയോഗിക്കുമെന്നു പറയുന്നവനോട് ചെരുപ്പൂരി തല്ലുമെന്നു തന്നെ തിരിച്ചു പറയണം; ശ്രുതി ഹരിഹരന്‍

സിനിമയില്‍ നിന്നും താന്‍ നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു തെന്നിന്ത്യന്‍ നടിയായ ശ്രുതി

ഹോളിവുഡില്‍ നിന്നാണ് നടിമാര്‍ സിനിമ മേഖലിയില്‍ നിന്നും നേരിടുന്ന ലൈംഗിക ചൂഷണം തുറന്നു പറഞ്ഞുകൊണ്ടുള്ള പ്രചാരണത്തിന് തുടക്കമാകുന്നത്. ഞാനും അതേ എന്ന് ആവര്‍ത്തിച്ച് കൂടുതല്‍ പേര്‍ തങ്ങളുടെ ദുരനുഭവങ്ങള്‍ പറഞ്ഞ് രംഗത്തു വരാന്‍ തുടങ്ങിയതോടെ എത്രമേല്‍ ഭീകരമായ സാഹചര്യങ്ങളാണ് സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്നതെന്ന് ലോകം മനസിലാക്കുകയായിരുന്നു. ഹോളിവുഡ് തുടങ്ങിവച്ച കാമ്പയിന്റെ ഭാഗമായി ഇന്ത്യയില്‍ ബോളിവുഡില്‍ നിന്നും നടിമാര്‍ തങ്ങളുടെ ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞു രംഗത്തു വന്നിരുന്നു. ഇന്ത്യന്‍ സിനിമ മേഖലയിലും നടിമാര്‍ ലൈംഗിക ചൂഷണത്തിന് തുടര്‍ച്ചയായി വിധേയരാകുന്നുവെന്നതാണ് അത്രകണ്ട് തുറന്നു പറച്ചിലുകള്‍ നടക്കുന്നില്ലെങ്കില്‍ പോലും ധൈര്യപൂര്‍വം രംഗത്തു വന്ന ഏതാനും പേരുടെ അനുഭവങ്ങളില്‍ നിന്നു തന്നെ മനസിലാക്കുന്നത്. ഇത് കൂടുതല്‍ ശരിയാണെന്നു ഉറപ്പിക്കുകയാണ് തെന്നിന്ത്യന്‍ താരം ശ്രുതി ഹരിഹരന്‍ നടത്തിയ തുറന്നു പറച്ചിലും. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത സോളോയില്‍ നായികയായിരുന്നു ശ്രുതി.

ഇന്ത്യ ടുഡെ കോണ്‍ക്ലേവ് സൗത്ത് 2018 ല്‍ പങ്കെടുത്ത് ശ്രുതി തനിക്കു നേരിട്ട അനുഭവങ്ങള്‍ പറയുന്നതിങ്ങനെയാണ്; കാസ്റ്റിംഗ് കൗച്ചിനു നിര്‍ബന്ധിക്കപ്പെട്ട ദുരനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്, എന്റെ ആദ്യ കന്നഡ സിനിമയ്ക്കിടയില്‍. അന്നെനിക്ക് പ്രായം 18 വയസ്. എന്നെ ഏറെ ഭയപ്പെടുത്തിയ, ഇപ്പോള്‍ ഓര്‍ക്കുമ്പോഴും കരയിപ്പിക്കുന്ന അനുഭവം. ഞാനതെക്കുറിച്ച് എന്റെ ഡാന്‍സ് കോറിയോഗ്രാഫറോട് പറഞ്ഞപ്പോള്‍ അദ്ദേഹം തിരിച്ചു പറഞ്ഞത് നിനക്കിത് കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണെന്ന് അറിയില്ലെങ്കില്‍ നീ ഇവിടുന്ന് പോയ്‌ക്കോളാനാണ്.ഞാന്‍ ആ സിനിമ ചെയ്തില്ല.

ഈ അനുഭവത്തിനു ശേഷം നാലു വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. എന്റെയൊരു കന്നഡ സിനിമയുടെ പകര്‍പ്പവകാശം ഒരു തമിഴ് നിര്‍മാതാവ് സ്വന്തമാക്കി. കന്നഡയില്‍ ഞാന്‍ ചെയ്ത അതേ വേഷം തമിഴിലും എനിക്കു തരാന്‍ വേണ്ടി അദ്ദേഹം വിളിച്ചു. പക്ഷേ അദ്ദേഹത്തിന് ഡിമാന്‍ഡ് ഉണ്ടായിരുന്നു. ഞങ്ങള്‍ അഞ്ചു നിര്‍മാതാക്കളുണ്ട്, ഞങ്ങള്‍ അഞ്ചുപേരും നിന്നെ ഇഷ്ടമുള്ളപോലെ മാറി മാറി ഉപയോഗിക്കും. അയാളുടെ വാക്കുകള്‍ കേട്ടപ്പോള്‍ അതിനുള്ള മറുപടി ഞാന്‍ പറഞ്ഞു, എന്റെ ചെരുപ്പ് ഞാന്‍ കൈയിലെടുക്കും…

ഇതിനുശേഷം തമിഴ് സിനിമ ഇന്‍ഡസ്ട്രിയില്‍ പരന്ന വാര്‍ത്ത സഹകരിപ്പിക്കാന്‍ ബുദ്ധിമുട്ടേറിയ വ്യക്തിയാണ് ഞാനെന്നായിരുന്നു. എന്നാല്‍ പിന്നീട് പലര്‍ക്കും വാസ്തവം മനസിലാകുകയും എനിക്ക് നിരവധി ഓഫറുകള്‍ തമിഴില്‍ നിന്നും ലഭിക്കാന്‍ തുടങ്ങി; ശ്രുതി പറയുന്നു.

ഇത്തരം സാഹചര്യങ്ങളോട് നടിമാര്‍ പ്രതികരിക്കണമെന്നും ദുരനുഭവങ്ങള്‍ തുറന്നു പറയാന്‍ മടികാണിക്കരുതെന്നും ശ്രുതി ഹരിഹരന്‍ ആവശ്യപ്പെടുന്നു…

ഇത്തരം തുറന്നു പറച്ചിലുകളുമായി വിവിധ ഇന്‍ഡസ്ട്രിയിലുള്ള നടിമാര്‍ രംഗത്തു വരുമ്പോള്‍ അവരെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോഴും മലയാളം സിനിമ മേഖലയില്‍ നിന്നും സ്ത്രീ വിവേചനത്തിനും ചൂഷണത്തിനും എതിരേ സംസാരിക്കുന്ന നടിമാരെ സിനിമയ്ക്ക് അകത്തുള്ളവരും പുറത്തുള്ളവരും വളഞ്ഞിട്ട് ആക്രമിക്കുന്ന രീതിയാണ് കാണുന്നതെന്നാണ് ആശ്ചര്യം!

നടിയെ ബലാത്സംഗം ചെയ്യുന്ന തിരക്കഥകള്‍ വേണ്ട; പാര്‍വതിയേയും റിമയേയും തെറി വിളിക്കുന്നവര്‍ കിറ നൈററ്‌ലി പറയുന്നതും കേള്‍ക്കണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍