TopTop
Begin typing your search above and press return to search.

ഫിലിം ഫെസ്റ്റിവല്‍ കോംപ്ലക്സ് എന്തുകൊണ്ട് തിരുവനന്തപുരം നഗരമധ്യത്തില്‍ തന്നെ വേണം: അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു

ഫിലിം ഫെസ്റ്റിവല്‍ കോംപ്ലക്സ് എന്തുകൊണ്ട് തിരുവനന്തപുരം നഗരമധ്യത്തില്‍ തന്നെ വേണം: അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു

കുന്നിന്‍ മുകളില്‍ അങ്ങ് സ്വര്‍ഗത്തിലുള്ള ഫിലിം ഫെസ്റ്റിവല്‍ കോംപ്ലക്‌സിലേയ്ക്ക് സഞ്ചിയും തൂക്കി സിനോപ്‌സിസും വായിച്ച് പറന്നുപോകുന്ന ഐഎഫ്എഫ്‌കെ ഡെലിഗേറ്റിനെയാണ് മലയാള മനോരമയുടെ കാര്‍ട്ടൂണിസ്റ്റിന്റെ ഭാവന വരച്ചുവച്ചിരിക്കുന്നത്. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനായി സര്‍ക്കാര്‍ പ്രത്യേക ഫിലിം ഫെസ്റ്റിവല്‍ കോംപ്ലക്‌സ് നിര്‍മ്മിക്കുമെന്ന് സാംസ്‌കാരിക മന്ത്രി എകെ ബാലന്‍ ഇത്തവണ ഫെസ്റ്റിവല്‍ വേദിയില്‍ പ്രഖ്യാപിച്ചിരുന്നു. 2018ല്‍ നിര്‍മ്മാണം തുടങ്ങി 2020ലെ ഫെസ്റ്റിവലിന് പ്രവര്‍ത്തനസജ്ജമാകും വിധം പണി പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ തിരഞ്ഞെടുത്തിരിക്കുന്ന സ്ഥലം തിരുവനന്തപുരം കോര്‍പ്പറേഷനിലെ പ്രധാന നഗര മേഖലയില്‍ നിന്ന് ഏറെ അകലെയാണ്.

തിരുവല്ലത്ത് ചിത്രാജ്ഞലി സ്റ്റുഡിയോയ്ക്ക് സമീപം സ്വന്തമായി വാഹനമില്ലാത്തവര്‍ ഈ കുന്നിന്‍ മുകളിലെത്താന്‍ പണിപ്പെടുമെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതേ വികാരം പങ്കുവയ്ക്കുന്നതാണ് സ്വര്‍ഗത്തിലെ ഫിലിം ഫെസ്റ്റിവല്‍ കോംപ്ലക്‌സ് എന്ന മനോരമ കാര്‍ട്ടൂണ്‍. ഇന്ത്യയിലെ മറ്റ് നഗരങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങള്‍ നടക്കുന്ന ഫെസ്റ്റിവല്‍ കോംപ്ലക്‌സുകള്‍ നഗരമധ്യത്തില്‍ തന്നെയാണ് എന്ന് അടൂര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന്‍റെ സിറ്റി എന്ന ആശയം കാലഹരണപ്പെട്ടതും പഴയ സിനിമ സെറ്റുകളുമായി ബന്ധപ്പെട്ടതുമാണ്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റി പോലെ ബൃഹത്തായ ഒന്ന് നിര്‍മ്മിക്കാനുള്ള സ്ഥലം തിരുവനന്തപുരത്ത് ഇല്ല താനും. ഫിലിം ഫെസ്റ്റിവല്‍ കോംപ്ലക്‌സ് എന്തുകൊണ്ട് നഗരത്തിന്റെ പ്രധാനമേഖലയില്‍ തന്നെ വരണമെന്നും കോംപ്ലക്‌സ് നിര്‍മ്മിക്കുന്നതിനായി സര്‍ക്കാര്‍ ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്ന സ്ഥലത്തിന്റെ പ്രായോഗിക പ്രശ്‌നങ്ങളും വിവരിക്കുകയാണ് മനോരമയുടെ എഡിറ്റോറിയല്‍ പേജിലെഴുതിയ ലേഖനത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.

സ്ഥല ലഭ്യതയില്ലെന്നത് കൊണ്ടുമാത്രം സാധാരണ പ്രേക്ഷകന് എത്തിപ്പെടാന്‍ വിഷമമുള്ള ഒരിടത്ത ഇത്ര വലിയ ചെലവില്‍ ഫെസ്റ്റിവല്‍ കോംപ്ലക്‌സ് നിര്‍മ്മിക്കുന്നത് പാഴ്ചിലവാകും എന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു. കോവളം ബൈപാസില്‍ നിന്ന് രണ്ട് കിലോമീറ്ററോളം ഉള്ളിലേക്ക് മാറി കുത്തനെ കയറ്റം കയറി സാഹസപ്പെട്ടുവേണം സ്റ്റുഡിയോയിലെത്താന്‍. വാഹനസൗകര്യമില്ലാത്ത സാധാരണക്കാരനു ബാലികേറാമല തന്നെയാണത്. ഒട്ടേറെ രാജ്യാന്തര ചലച്ചിത്രമേളകളില്‍ പങ്കെടുത്തും ഒന്ന് രണ്ട് മേളകള്‍ നടത്തിയുമുള്ള അനുഭവത്തിന്റെ പിന്തുണയോടെ പറയട്ടെ, ചലച്ചിത്രമേളകളുടെ തിയറ്റര്‍ സമുച്ചയങ്ങള്‍ ലോകമെമ്പാടും നഗരമധ്യത്തിലാണ് സ്ഥാപിക്കുന്നത്. കാണികള്‍ക്ക് വന്നെത്താനും മടങ്ങിപ്പോകാനുമുള്ള സൗകര്യത്തിനാണ് ഇക്കാര്യത്തില്‍ പ്രധാന പരിഗണന നല്‍കുന്നത്. പൊതുവാഹനങ്ങളുടെ എപ്പോഴുമുള്ള ലഭ്യത പരമപ്രധാനമാണ്. തിയറ്ററുകളിലേക്കുള്ള ദൂരം കാണികളെ സംബന്ധിച്ച് പ്രധാന ഘടകമാണ്. നഗരം നല്‍കുന്ന മറ്റു സൗകര്യങ്ങളും - മികച്ച ഹോട്ടലുകള്‍, വ്യാപാരശാലകള്‍, റസ്റ്ററന്റുകള്‍ തുടങ്ങിയവ - ഇതര പരിഗണനകളില്‍പെടുന്നു. നഗരത്തിന്റെ ഒരറ്റത്ത് നിന്ന് തിരുവല്ലത്തേക്കുള്ള ദൂരം 20 കിലോമീറ്ററാണ്. വാഹനത്തിരക്കും കുരുക്കുകളും കാരണം ഒരു മണിക്കൂറിലേറെ സമയം യാത്രയ്ക്ക് ചെലവാകും. കാലക്രമേണ ഇത് വര്‍ധിക്കും.

http://www.azhimukham.com/film-why-adoor-not-cast-mohanlal-in-his-films-video-interview/

ഇത്തവണ രാജ്യാന്തര ചലച്ചിത്രമേള അരങ്ങേറിയതു സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആറും സ്വകാര്യ ഉടമസ്ഥതയിലുള്ള എട്ടും തിയറ്ററുകളിലാണ്. ഇരുനൂറോളം ചിത്രങ്ങളും ഏതാണ്ട് 12,000 ഡെലിഗേറ്റുകളുമുണ്ടായിരുന്നു ഈ മേളയില്‍. അപ്പോള്‍ തിരുവല്ലം കുന്നില്‍ കുറഞ്ഞത് 14 തിയറ്ററുകളെങ്കിലും നിര്‍മിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാവുകയാണ്. ഇതു പ്രായോഗികമാണോ? എന്തായിരിക്കും അതിനു വേണ്ട മുതല്‍മുടക്ക്? ഇവിടെയാണ് നിലവിലുള്ള യാഥാര്‍ഥ്യങ്ങളെ കണക്കിലെടുക്കേണ്ടത്. തിരുവനന്തപുരത്തു നിശാഗന്ധി, ടഗോര്‍, കലാഭവന്‍, കൈരളി, നിള, ശ്രീ എന്നീ ആറു തിയറ്ററുകള്‍ കൂടാതെ സര്‍ക്കാര്‍ ഉടമയില്‍തന്നെ തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ രണ്ടു തിയറ്ററുകള്‍ കൂടി പ്രദര്‍ശനസജ്ജമാവുകയാണ്. ഇവയെല്ലാം ഏതാണ്ട് നാലു കിലോമീറ്റര്‍ ചുറ്റളവില്‍ മിക്കവാറും ഒരേ ദിശയില്‍ സ്ഥിതിചെയ്യുന്നു.

വര്‍ഷത്തില്‍ ഒരിക്കല്‍ ചലച്ചിത്രോത്സവം നടക്കുന്ന എഴ് ദിവസങ്ങള്‍ക്ക് ശേഷം ചിത്രാഞ്ജലിയില്‍ പണിയുന്ന തിയറ്ററുകള്‍ ഏതു രീതിയില്‍ ഉപയോഗപ്പെടുത്തും എന്ന് അടൂര്‍ ചോദിക്കുന്നു. ആളുകള്‍ക്ക് എത്തിപ്പെടാന്‍ വയ്യാത്ത സ്ഥലത്ത് സിനിമാ തിയറ്ററുകള്‍ നടത്താമെന്ന വ്യാമോഹം ആര്‍ക്കും വേണ്ട. 358 ദിവസവും അവ അടഞ്ഞുകിടക്കും. അതൊരു ദുരന്തമായിരിക്കും. എന്നാല്‍ നിശാഗന്ധിക്കും തമ്പാനൂരിനുമിടയില്‍ അത്യാവശ്യമുള്ള തിയറ്ററുകള്‍ മാത്രം നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുമെങ്കില്‍, അതുവഴി ഉണ്ടാകാവുന്ന നേട്ടങ്ങളുണ്ട്. മേള കഴിഞ്ഞുള്ള കാലത്ത് ഇവയിലൊന്ന് സ്ഥിരമായി കുട്ടികള്‍ക്കുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമാശാലയാക്കാം. ഒരു ചെറിയ തിയറ്ററില്‍ ഭേദപ്പെട്ട മലയാള ചിത്രങ്ങളും പുറമേനിന്നുള്ള മികച്ച സിനിമകളും ദിനവും പ്രദര്‍ശിപ്പിക്കാനാവും. മറ്റിടങ്ങളില്‍ നാടകങ്ങളും ക്ലാസിക്കല്‍ കലകളും സംഗീത പരിപാടികളും അടക്കം സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കാം.

http://www.azhimukham.com/film-adoor-film-which-ran-successfully-145-days-adoorgopalakrishnan-interview-by-sajukomabn/

http://www.azhimukham.com/cinema-adoor-changed-climax-of-mathilukal-see-how-basheer-responded-to-it-interview-sajukomban/


Next Story

Related Stories