TopTop
Begin typing your search above and press return to search.

വിക്രമിന്റെ മകന്‍ വൈറലായാല്‍ വിജയ്‌ ആരാധകര്‍ വെറുതെ ഇരിക്കുമോ! കുട്ടി തളപതിയും വൈറല്‍

ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവ് നായകനാകുന്ന വര്‍മയുടെ ടീസര്‍ ഇന്റര്‍നെറ്റില്‍ വൈറലായി മാറിയതിനു പിന്നിലെ തമിഴിലെ മറ്റൊരു സൂപ്പര്‍ താരത്തിന്റെ മകനും ഇന്റര്‍നെറ്റ് ലോകത്ത് ചര്‍ച്ചയാകുന്നു. തെലുഗ് സൂപ്പര്‍ ഹിറ്റ് ചിത്രമായ അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പാണ് ബാല സംവിധാനം ചെയ്യുന്ന വര്‍മ. ചിത്രത്തില്‍ ധ്രുവിന്റെ പ്രകടനം ഗംഭീരമായെന്നാണ് ടീസര്‍ കണ്ടവര്‍ പറയുന്നത്. വിക്രമിന്റെ ആരാധകര്‍ ധ്രുവിനെ ഏറ്റെടുത്ത് ആഘോഷിക്കുന്നതിനിടയിലാണ് തെന്നിന്ത്യയുടെ ഇളയ തളപതിയായ വിജയ്‌യുടെ മകന്‍ സഞ്ജയ് വിജയും ചര്‍ച്ചയാകുന്നത്.

എന്നാല്‍ ധ്രുവിനെ പോലെ അഭിനേതാവ് എന്ന നിലയില്‍ മാത്രമല്ല സഞ്ജയുടെ വരവ്. സംവിധായകന്റെ റോളിലാണ്. സഞ്ജയ് സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം ജംഗ്ഷനിലെ ചില രംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. എന്നാല്‍ ഈ രംഗങ്ങള്‍ ഔദ്യോഗികമായി പുറത്തു വിട്ടതല്ലെന്നും ലീക്ക് ചെയ്തതാണെന്നുമാണ് വിവരം. പക്ഷേ, ഇത് മനപൂര്‍വം ലീക്ക് ചെയ്യിച്ചതാണെന്നും സംസാരമുണ്ട്. വര്‍മയുടെ ടീസര്‍ പുറത്തിറങ്ങിയതിനു പിന്നാലെയാണ് സഞ്ജയുടെ ഷോര്‍ട്ട് ഫിലിമില്‍ നിന്നുള്ള രംഗവും പുറത്തു വന്നത്. വിജയ് ആരാധകരുടെ കൈകളാണ് ഇതിനു പിന്നിലെന്നും ധ്രുവിന് കിട്ടിയ പിന്തുണയാണ് വിജയ് ആരാധകര്‍ക്കുണ്ടായ വാശിയിലാണ്‌ അവര്‍ തങ്ങളുടെ സൂപ്പര്‍ സ്റ്റാറിന്റെ മകനെയും രംഗത്തു കൊണ്ടുവന്നതാണെന്നും പറയുന്നു.

കുട്ടി തളപതി എന്ന വിശേഷണത്തോടെയാണ് സഞ്ജയിനെ ആഘോഷിക്കുന്നത്. ഈ ഷോട്ട് ഫിലിമില്‍ സഞ്ജയ് അഭിനയിച്ചിട്ടുമുണ്ട്. നേരത്തെ വേട്ടക്കാരന്‍ എന്ന വിജയ് ചിത്രത്തിലെ ഒരു പാട്ട് രംഗത്തിലും കുട്ടിയായിരുന്ന സഞ്ജയ് പ്രത്യക്ഷപ്പെടുന്നുണ്ട്. സഞ്ജയിനെ എത്രയും വേഗത്തില്‍ ബിഗ് സ്‌ക്രീനില്‍ കാണാനാണ് തങ്ങള്‍ കാത്തിരിക്കുന്നതെന്നാണ് വിജയ് ആരാധകര്‍ പറയുന്നത്. എന്നാല്‍ 18 കാരനായ സഞ്ജയ് സംവിധായകനായാണോ നായകനായാണോ സിനിമയിലേക്ക് എത്തുകയെന്നതില്‍ ആകാംക്ഷ നിലനില്‍ക്കുകയാണ്.


Next Story

Related Stories