UPDATES

സിനിമ

‘കൂടെ’; കൂടെ കൂട്ടാവുന്ന നിമിഷങ്ങള്‍

ജീവിച്ചിരിക്കുന്ന നമ്മള്‍ ചില ജീവിത യാഥാര്‍ഥ്യങ്ങളറിയാന്‍ മരിച്ചു പോയവര്‍ ‘കൂടെ’ വേണ്ടി വരാം എന്ന ആശയമാണ് ചിത്രം സമ്മാനിക്കുന്നത്.

ശംഭു ദേവ്

ശംഭു ദേവ്

മലയാള സിനിമയിലെ എണ്ണം പറഞ്ഞ വനിതാ സംവിധായകരിലൊരാളാണ് അഞ്ജലി മേനോന്‍. മഞ്ചാടിക്കുരുവില്‍ നിന്ന് ‘കൂടെ’ എന്ന പുതിയ ചിത്രത്തില്‍ എത്തി നില്‍ക്കുമ്പോഴും ഓരോ സിനിമയും കഴിഞ്ഞുള്ള ഇടവേള വെറുതെയല്ല കൂടി തെളിയിക്കുകയാണ് സംവിധായിക. ‘കൂടെ’ എന്ന ചിത്രം പറയുന്നത് മുറിഞ്ഞുപോയ ബന്ധങ്ങളുടെയും അവയെ ബന്ധിപ്പിക്കുന്ന സാഹചര്യങ്ങളെയും കുറിച്ചാണ്, അവയെ ദൃശ്യവത്കരിച്ച് തന്റേതായ രീതിയില്‍ കഥ പറയുന്നിടത്താണ് അഞ്ജലി മേനോന്‍ വേറിട്ട് നില്‍ക്കുന്നതും.

ചിത്രം തുടങ്ങുന്നത് തന്റെ ഇളം പ്രായത്തില്‍ കുടുംബത്തിനും അസുഖത്തോട് മല്ലിടുന്ന തന്റെ കൊച്ചനുജത്തിക്കും വേണ്ടി ഗള്‍ഫിലേക്ക് പോകേണ്ടി വന്ന ജോഷ്വ (പൃഥ്വിരാജ്)യില്‍ നിന്നാണ്. തുടര്‍ന്ന് തന്റെ അനുജത്തിക്ക് സംഭവിച്ച വാര്‍ത്തയറിഞ്ഞ് നാട്ടിലേക്കെത്തുന്ന ജോഷ്വയിലൂടെ അദ്ദേഹത്തിന്റെ കുടുംബ പശ്ചാത്തലത്തിലേക്കും ബാല്യത്തിലേക്കും അയാളുടെ അനിയത്തിയുമായുള്ള ബന്ധത്തിലേക്കും പ്രണയത്തിലേക്കുമുള്ള യാത്രയാണ് ആദ്യ പകുതി. ജോഷ്വ എന്തിനു വേണ്ടിയായാണോ തന്റെ ബാല്യവും കൗമാരവും നിറഞ്ഞ ജീവിതം മാറ്റിവെച്ചത്, അതില്ലാതാവുന്നിടത്താണ് ജീവിതത്തില്‍ അയാള്‍ അറിയാന്‍ ശ്രമിക്കാത്ത മുഹൂര്‍ത്തങ്ങളിലേക്കു മടങ്ങിപ്പോകുന്നത്.

യാത്ര മനുഷ്യനെ തിരിച്ചറിവുകളിലേക്കു നയിക്കുന്ന, ഫീല്‍ ഗുഡ് സിനിമകള്‍ മുമ്പുണ്ടായിട്ടുണ്ടെങ്കിലും, അഞ്ജലി മേനോന്‍ എന്ന സംവിധായിക ഉപയോഗപ്പെടുത്തിയത് ജീവിതത്തില്‍ നാം കാണാന്‍ ശ്രമിക്കാത്ത നിസാരമായി തള്ളിക്കളയുന്ന നിമിഷങ്ങളുടെ ഭംഗിയാണ്. അവയെ മികവുറ്റ രീതിയില്‍ ലിറ്റില്‍ സ്വയംപ് എന്ന ഛായാഗ്രാഹകന്‍ ക്യാമറയില്‍ ഒപ്പിയെടുത്തിട്ടുണ്ട്. കാണികളെ കഥയ്‌ക്കൊപ്പം യാത്ര ചെയ്യിച്ചതില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുത് തന്നെയാണ്.

മടുപ്പ് ബാധിച്ച ജോഷ്വയുടെ ജീവിതത്തില്‍ തന്നെക്കാള്‍ 15 വയസ്സിളപ്പമുള്ള അനുജത്തി ജെന്നിഫറുമായും, അവളുടെ വളര്‍ത്തു നായ ബ്രൗണിയുമൊത്തുള്ള യാത്ര മങ്ങിപ്പോയ അയാളുടെ ജീവിതത്തിന്റെ പ്രകാശം പരത്തുന്നു. ജീവിച്ചിരിക്കുമ്പോള്‍ അറിയേണ്ട ചെറിയ നിമിഷങ്ങളെയും, അറിയാന്‍ ശ്രമിക്കണ്ട ബന്ധങ്ങളെയും കുറിച്ചുള്ള ചലച്ചിത്രാവിഷ്‌ക്കാരമാണ് ‘കൂടെ’. ജീവിച്ചിരിക്കുന്ന നമ്മള്‍ ചില ജീവിത യാഥാര്‍ഥ്യങ്ങളറിയാന്‍ മരിച്ചു പോയവര്‍ കൂടെ വേണ്ടി വരാം എന്ന ആശയമാണ് ചിത്രം സമ്മാനിക്കുന്നത്.

ജോഷ്വ എന്ന കഥാപാത്രം പൃഥ്വിരാജ് നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. ഇടവേളയ്ക്കു ശേഷമുള്ള തിരിച്ചു വരവ് നസ്രിയയും മികവുറ്റതാക്കി. ഒപ്പം സംവിധായകന്‍ രഞ്ജിത്ത് അവതരിപ്പിച്ച അച്ഛന്‍ കഥാപാത്രവും അദ്ദേഹം ഭംഗിയാക്കി. പാര്‍വതിക്ക് ചിത്രത്തില്‍ കാര്യമായി ഒന്നും ചെയ്യാനില്ലെങ്കില്‍ തന്നെയും പതിവ് പോലെ തന്റെ കഥാപാത്രത്തെ അവര്‍ മികച്ചതാക്കിയിരിക്കുന്നു. ചിത്രത്തിലെ എല്ലാ അഭിനേതാക്കളും നല്ല പ്രകടനങ്ങള്‍ തന്നെയാണ് കാഴ്ചവെച്ചത്. കുട്ടിക്കാലത്തെ അവതരിപ്പിച്ച കാസ്റ്റിംഗ് മികച്ചു നില്‍ക്കുന്നു.

വൈകാരികത നിറഞ്ഞ മുഹൂര്‍ത്തങ്ങളെ രഘു ദീക്ഷിതിന്റേയും എം ജയചന്ദ്രന്റെയും സംഗീതങ്ങള്‍ സമ്പന്നമാക്കി. ‘മിന്നാമിന്നി’ എന്ന ഗാനം തൊട്ട് ‘പറന്നെ’ എന്ന ഗാനങ്ങള്‍ വരെ പ്രേക്ഷകരെ കഥയിലേക്കും അവയിലെ സാഹചര്യങ്ങിലേക്കും ചേര്‍ത്തുനിര്‍ത്തുന്നവയാണ്. തുറന്ന മനസ്സുമായി തന്നെ ജോഷ്വക്കും ജെന്നിഫറിനും ബ്രൗണിക്കും കൂടെയുള്ള യാത്രക്ക് പോകാം..

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കൂടെയിലെ അഭിനയത്തിന് അവാര്‍ഡ് വാങ്ങാന്‍ പോകുന്ന രഞ്ജിത്തിന്റെ മുഖഭാവം എനിക്ക് കാണണം: പൃഥ്വിരാജ്

ഇനിയെങ്കിലും ധൈര്യം കണ്ടെത്തിയില്ലെങ്കില്‍ നമ്മളും ആ ഭീരുക്കളുടെ കൂട്ടത്തിലായിപ്പോകും- അഞ്ജലി മേനോന്‍

ശംഭു ദേവ്

ശംഭു ദേവ്

തൃശൂര്‍ ചേതന കോളേജ് വിദ്യാര്‍ത്ഥി, സിനിമാസ്വാദകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍