TopTop
Begin typing your search above and press return to search.

അന്‍വര്‍ റഷീദ്; എന്തുകൊണ്ടും ഈ കയ്യടികള്‍ നിങ്ങള്‍ അര്‍ഹിക്കുന്നത് തന്നെ

അന്‍വര്‍ റഷീദ്; എന്തുകൊണ്ടും ഈ കയ്യടികള്‍ നിങ്ങള്‍ അര്‍ഹിക്കുന്നത് തന്നെ
മഹാരാജാസില്‍ അക്കാലത്തൊരു അലിഖിത നിയമം ഉണ്ടായിരുന്നു. ഔട്ട് സൈഡേഴ്‌സിനു പ്രവേശനമില്ല. കോളേജ് ഐഡന്റിറ്റി കാര്‍ഡ് ഇല്ലാത്ത ആരെയും കാമ്പസില്‍ കയറ്റില്ല. അതേറ്റവും കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നത് ഞങ്ങള്‍ക്കായിരുന്നു. പുറത്തുള്ള കൂട്ടുകാര്‍ കാമ്പസില്‍ ഇടയ്ക്കിടയിക്ക് വരുമായിരുന്നു. ആദ്യമൊന്നും അവരെയാരും തടഞ്ഞിരുന്നില്ല. വരവ് പതിവായപ്പോള്‍ ചില എസ്എഫ്‌ഐക്കാര്‍ ഇക്കാര്യം ശ്രദ്ധിക്കാന്‍ തുടങ്ങി. അതോടെ കാര്യങ്ങള്‍ മാറി. ഒരു ദിവസം എന്നെ വിളിച്ചു; 'അന്‍വറെ ഇനി പുറത്തു നിന്നു നിന്റെ സുഹൃത്തുക്കള്‍ ഇങ്ങോട്ടു വരരുത്. വേണമെങ്കില്‍ നീ പുറത്തുപോയി അവരെക്കണ്ടോ' പാതി ഭീഷണിയോടെ അവരെന്നോടു പറഞ്ഞു. ഞങ്ങള്‍ അതൊന്നും മൈന്‍ഡ് ചെയ്തില്ല. ഒരു ദിവസം പുറത്തുനിന്നുവന്ന ഞങ്ങളുടെ കൂട്ടുകാരെ എസ്എഫ്‌ഐക്കാര്‍ തടഞ്ഞു(ഞങ്ങളും എസ്എഫ്‌ഐ തന്നെ). അവരെ അകത്തു കയറ്റിയില്ല. ഇതിന്റെ പേരില്‍ ചെറിയ കശപിശകളൊക്കെ നടന്നു. അതങ്ങനെ കെടാതെ കിടന്നു. ഒരു ദിവസം രാവിലെ കോളേജില്‍ എത്തിയ എന്നെ രാജീവേട്ടന്‍( രാജീവ് രവി. രാജീവേട്ടന്‍ അന്നു ചെയര്‍മാനാണ്) വിളിച്ചു. ലോ കോളേജില്‍ ഇന്നു നമ്മളൊരു പിക്കറ്റിംഗ് നടത്തുന്നുണ്ട്. നീ എന്റെ കൂടെ കാണണം; രാജീവേട്ടന്‍ പറഞ്ഞു. ഞങ്ങള്‍ ലോ കോളേജില്‍ പിക്കറ്റിംഗ് നടത്തുമ്പോള്‍ മഹാരാജാസില്‍ എത്തിയ സുഹൃത്തുക്കള്‍ അവിടെ കിടന്നു അടി വാങ്ങുകയായിരുന്നു. വൈകിട്ടാണ് സംഭവം ഞാനറിയുന്നത്. അടിച്ചവരില്‍ ചിലരെ അന്നു തന്നെ തിരിച്ചടിച്ചു. പക്ഷേ അതോടെ കുറേക്കാലത്തേക്ക് കോളേജില്‍ കയറാന്‍ പറ്റിയില്ല. പോരാത്തതിനു പൊലീസ് കേസും. രാവിലെ കോളേജിലേക്കെന്നും പറഞ്ഞു വീട്ടില്‍ നിന്നും ഇറങ്ങും. സരിത തിയേറ്ററിനു മുന്നില്‍ അന്നു യൂത്ത് കോണ്‍ഗ്രസിന്റെ ഓഫിസായിരുന്ന ഒരു കെട്ടിടമുണ്ടായിരുന്നു. അവിടെ ചെന്നിരിക്കും വൈകുന്നേരം വരെ. കുറച്ചു ദിവസങ്ങള്‍ അതങ്ങനെ തുടര്‍ന്നു. കളമശേരിക്കാരന്‍ സക്കീറെന്ന സുഹൃത്തിന്റെ സഹായം കൊണ്ട് സംഭവം വീട്ടില്‍ അറിഞ്ഞതോടെ കള്ളത്തരം പൊളിഞ്ഞു. പിന്നീട് കോളേജില്‍ തിരിച്ചെത്തിയശേഷം രാഷ്ട്രീയത്തെക്കാള്‍ കലാപ്രവര്‍ത്തനങ്ങളിലേക്കാണ് ശ്രദ്ധകൊടുത്തത്. മഹാരാജാസിലെ ഡ്രാമ ക്ലബില്‍ അംഗമാകണമെന്നായിരുന്നു ആഗ്രഹം. നേരെ ചെന്നു പേരുകൊടുത്താലൊന്നും പോര. അതിനൊരു തെരഞ്ഞെടുപ്പുണ്ട്. പുറത്തു നിന്നു പ്രശസ്തരായവരൊക്കെയെത്തിയാണ് ഓരോരുത്തരെയും തെരഞ്ഞെടുക്കുന്നത്. അവരുടെ മുന്നില്‍ ചില പെര്‍ഫോമന്‍സൊക്കെ കാണിച്ചു, അതവര്‍ക്ക് ഇഷ്ടമായി. സിലക്ഷന്‍ കിട്ടുമെന്ന് പ്രതീക്ഷയായി. പക്ഷേ ചിലര്‍ ഉടക്കിനു വന്നു. അന്‍വര്‍ അങ്ങനെ ഷൈന്‍ ചെയ്യേണ്ട എന്നായിരുന്നു അവര്‍ക്ക്. ഒടുവില്‍ സഹായത്തിനെത്തിയത് സലീം കുമാറിനെ പോലുള്ളവരാണ്. സലീം അന്നു മഹാരാജാസിന്റെ അഭിമാനതാരമാണ്. കോളേജ് യൂത്ത്‌ഫെസ്റ്റിവലുകളില്‍ ഉറച്ച സമ്മാനം. എന്തായാലും സലീമിനെ പോലുള്ളവരുടെ പിന്തുണയോടെ ഡ്രാമ ക്ലബില്‍ അംഗത്വം കിട്ടി. ഈ സമയത്താണ് സിനിമ മോഹം കലശലാകുന്നത്. രാജീവ് രവിയും അമല്‍ നീരദുമൊക്കെയാണ് ഗുരുക്കന്മാര്‍. അമലൊന്നും കാണാത്ത സിനിമകളില്ലായിരുന്നു. തികച്ചു ഗൗരവപൂര്‍ണമായി സിനിമയെ കാണുന്നവര്‍. അവരുമായുള്ള സമ്പര്‍ക്കം സിനിമയെ കൂടുതല്‍ അടുപ്പിച്ചു. ഒരു ഗ്യാങ്ങ് തന്നെ ഈ ലക്ഷ്യവുമായി ഉണ്ടായി. സിനിമ എന്നതു ജീവിതലക്ഷ്യമായി.
ഡിഗ്രി കഴിഞ്ഞയുടനെ ബാപ്പയ്ക്ക് മദ്രാസിലേക്ക് ട്രാന്‍സഫറായി. എറണാകുളം വിട്ടുപോകാന്‍ തയ്യാറായതിനു ഒരേയൊരു കാരണം മദ്രാസ് സിനിമനഗരമാണ് എന്നതുമാത്രമായിരുന്നു. മദ്രാസില്‍ ചെന്ന് എംഎയ്ക്കു ചേര്‍ന്നു. പക്ഷേ പഠനമായിരുന്നില്ല, പ്രധാന തൊഴില്‍ ചാന്‍സ് ചോദിക്കലായിരുന്നു. രാജീവ് മേനോന്‍ അടക്കം പലരുടെയും അടുത്തുപോയി. ഒന്നും നടക്കാതെ കാര്യങ്ങള്‍ മുന്നോട്ടുപോകുന്നതിനിടയില്‍ ബാപ്പ റിട്ടയേഡ് ആയി. കൊല്ലത്തേക്ക് തിരിച്ചുപോകാമെന്നായിരുന്നു വീട്ടുകാരുടെ തീരുമാനം. ഞാന്‍ പക്ഷേ വണ്ടി കയറിയത് എറണാകുളത്തേക്കാണ്. മഹാരാജിസില്‍ വന്ന് എംഎയ്ക്ക് ചേര്‍ന്നു. താമസം ആദ്യം ഹോസ്റ്റലില്‍ ആയിരുന്നു. പിന്നീട് ഡിഗ്രിക്ക് ഒപ്പമുണ്ടായിരുന്ന ഷുഹൈബിന്റെ വീട്ടിലേക്കു മാറ്റി. എന്നെപ്പോലുള്ള പലരുടെയും അഭയകേന്ദ്രമായിരുന്നു ഷുഹൈബിന്റെ വീട്. അക്കലമൊക്കെ ഭയങ്കര കഷ്ടപ്പാട് നിറഞ്ഞതാണ്. അവിടെ നിന്നാണ് വീണ്ടും സിനിമ തേടിയിറങ്ങിയത്.


പറവയുടെ ടൈറ്റില്‍ കാര്‍ഡില്‍ അതിന്റെ നിര്‍മാതാവിന്റെ പേര് വരുമ്പോള്‍ തിയേറ്ററില്‍ കയ്യടി കിട്ടുന്ന നിമിഷങ്ങള്‍ക്ക് സാക്ഷിയായപ്പോള്‍, ഏഴുവര്‍ഷങ്ങള്‍ക്കു മുമ്പ് എറണാകുളം മറൈന്‍ ഡ്രൈവിലുള്ള അശോക ഫ്ലാറ്റില്‍ ഇരുന്നു കേട്ട ആ ജീവിത കഥ ഫ്ലാഷ്ബാക്ക് പോലെ മനസിലൂടെ ഓടി. കേരള കഫെ എന്ന സിനിമാക്കൂട്ടത്തിലെ ബ്രിഡ്ജ്  ചെയ്തു കഴിഞ്ഞിരിക്കുന്ന സമയം. പിന്നീട് അന്‍വറിനെ കാണുന്നതും സംസാരിക്കുന്നതും എറണാകുളം നോര്‍ത്തിലുള്ള ഫ്ലാറ്റില്‍വച്ചാണ്. ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിനുശേഷം. ബ്രിഡ്ജ് കഴിഞ്ഞു മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഉസ്താദ് ഹോട്ടല്‍. മലയാളത്തിലെ ബ്ലോക്ബസ്റ്ററുകളായ രാജമാണിക്യം, ഛോട്ടാമുംബൈ, അണ്ണന്‍ തമ്പി എന്നിവയുടെ സംവിധായകനായിരുന്നു തന്റെ ഒരു സിനിമയ്ക്കായി മൂന്നുവര്‍ഷത്തെ സമയം വേണ്ടി വന്നിരുന്നത്. ഒന്നല്ല, മൂന്നൂ പണംവാരി പടങ്ങളുടെ സംവിധായകനായൊരാള്‍ക്ക് അത്രയും നീണ്ട ഇടവേള എങ്ങനെ വന്നൂ എന്നു ചോദിച്ചാല്‍, അത് അന്‍വറിന്റെ തീരുമാനമായിരുന്നു.

നിലപാടുകളുള്ള കലാകാരന്‍മാരുടെ സംഘം വളരെ ചെറുതാണ് നമ്മുടെ സിനിമ ഇന്‍ഡസ്ട്രിക്കുള്ളില്‍. താത്പര്യങ്ങള്‍ക്കനുസരിച്ച്, തന്നെ മാത്രം വളര്‍ത്തി മുന്നോട്ടുപോകുന്നവര്‍ക്കിടയിലെ ആ ചെറിയ സംഘത്തിലാണ് അന്‍വറിനു സ്ഥാനം. ഒരിക്കല്‍ അയാളോടു സംസാരിക്കുമ്പോള്‍ ചോദിച്ചു, സ്വന്തമായി ഒരു വീട് വേണ്ടേ? വീടും കാറുമൊക്കെ എത്ര വലുതു വാങ്ങാമോ അത്രയും തങ്ങളുടെ സ്റ്റാര്‍ വാല്യൂ കൂടുമെന്നു കരുതുന്നവരാണല്ലോ സിനിമാക്കാരും. പക്ഷേ അന്‍വര്‍ പറഞ്ഞു;
റയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ ജനിച്ചു വളര്‍ന്നവനാണു ഞാന്‍. എന്റെ ചുറ്റുപാടുകള്‍ എന്നും ശബ്ദമയമായിരുന്നു. ആ ഒരു ആമ്പിയന്‍സ് ഞാന്‍ ആസ്വദിക്കുന്നു. സ്വന്തമായൊരു വീട് എന്നതുകൊണ്ട് ഏകാന്തമായ അന്തരീക്ഷമാണ് ഉദ്ദേശിക്കുന്നതെങ്കില്‍, ഈ ഒച്ചയും ബഹളവുമൊക്കെ ഞാന്‍ ആസ്വദിക്കുകയാണ്. ഒരു സ്ഥലത്ത് സ്ഥിരമായി താമസിക്കാന്‍ ഇഷ്ടമല്ല എന്നതും ഒരു കാരണമാണ്.


ഇതാണ് അന്‍വര്‍. സിനിമയിലേക്ക് എത്താന്‍ ഒരുപാട് അലയുകയും കഷ്ടപ്പെടുകയും ചെയ്‌തൊരാള്‍, ഒടുവില്‍ ഏതൊരു സംവിധായകനും കൊതിക്കുന്ന തുടക്കം, വിജയങ്ങള്‍ മാത്രം തുടര്‍ച്ചയാക്കി. എടുത്ത ചിത്രങ്ങള്‍ കൊണ്ട് നിര്‍മാതാക്കള്‍ക്ക് നഷ്ടം വരുത്താത്ത സംവിധായകന്‍. എന്നാലയാള്‍ കൊമേഴ്‌സ്യല്‍ സിനിമകളുടെ വിജയസംവിധായകന്‍ എന്ന ആത്മരതിക്കപ്പുറം നല്ല സിനിമകളുടെ സഹയാത്രികന്‍ എന്ന നിലയിലേക്കു വളര്‍ന്നു എന്നതാണ് പറവയുടെ ടൈറ്റില്‍ കാര്‍ഡില്‍ നിര്‍മാതാവിന്റെ പേര് അന്‍വര്‍ റഷീദ് എന്നെഴുതി കാണിച്ചപ്പോള്‍ ഉയര്‍ന്ന കയ്യടി.

ഒരിക്കല്‍ അന്‍വര്‍ പറഞ്ഞു; ഞാനിന്ന് ഇന്‍ഡ്രസ്ട്രിയില്‍ ഒരു ചോയ്‌സ് ആകുന്നതിന് കാരണം എന്റെ മൂന്നു കൊമേഴ്‌സ്യല്‍ വിജയങ്ങളാണ്. ഉസ്താദ് ഹോട്ടലിന്റെ നിര്‍മാതാവ് എന്നെക്കൊണ്ട് സിനിമ എടുക്കാന്‍ മുന്നോട്ടു വന്നതിനു കാരണവും എന്റെ കൊമേഴ്‌സ്യല്‍ വാല്യുവാണ്. കൊമേഴ്‌സ്യല്‍ ഡയറക്ടര്‍ എന്നറിയപ്പെടുന്നത് എനിക്ക് ഗുണം ചെയ്യുകയാണ്. ആദ്യ സിനിമ ചെയ്യുമ്പോള്‍ എന്റെ അഭിപ്രായത്തെക്കാള്‍ മറ്റു പലരുടെയും അഭിപ്രായങ്ങള്‍ക്കായിരുന്നു മുന്‍ഗണന കൊടുക്കേണ്ടി വന്നത്. മൂന്നു കൊമേഴ്‌സ്യല്‍ ഹിറ്റുകള്‍ കൊടുക്കാന്‍ പറ്റിയതോടെ എനിക്ക് ഒരു വാല്യു വന്നു. ബ്രിഡ്ജ് എന്റെ പൂര്‍ണമായ തീരുമാനങ്ങള്‍ക്ക് നിര്‍മാതാവ് വിട്ടു തന്ന ചിത്രമാണ്. ഉസ്താദ് ഹോട്ടല്‍ അഞ്ജലി മേനോന്‍ എഴുതണമെന്നത് എന്റെ തീരുമാനിയിരുന്നു. സിനിമകളില്‍ പല കോംപ്രമൈസുകള്‍ക്കും തയ്യാറായിട്ടുള്ള ആളായിരുന്നു ഒരിക്കല്‍ ഞാന്‍. പക്ഷേ പരിധിവിട്ട് ഒന്നിനും നിന്നുകൊടുത്തില്ല. കോഴിക്കോട് ബീച്ചില്‍ ഒരു ഹോട്ടല്‍ എന്നത് അഞ്ജലി സ്‌ക്രിപ്റ്റില്‍ എഴുതിയപ്പോള്‍, ശരിക്കും കോഴിക്കോട് ബീച്ചില്‍ തന്നെ ഒരു ഹോട്ടല്‍ വേണമെന്നത് എന്റെ നിര്‍ബന്ധമായിരുന്നു. പതിനാല് ലക്ഷം ചെലവിട്ടാണ് അവിടെ ഹോട്ടല്‍ സെറ്റിട്ടത്.
വളരെ ചെലവേറിയ ചിത്രങ്ങളുടെ സംവിധായകന്‍ എന്നു പരാതി കേള്‍ക്കുന്നല്ലോ എന്ന ചോദ്യത്തിനുള്ള മറുപടിയായണ് അന്‍വര്‍ ഇതു പറഞ്ഞത്. ആ പറഞ്ഞതെല്ലാം കൂടി ഒറ്റവരിയില്‍ പറഞ്ഞാല്‍; 'സിനിമയുടെ പെര്‍ഫെക്ഷനില്‍ വിട്ടുവീഴ്ചയ്ക്ക് നില്‍ക്കാന്‍ താന്‍ തയ്യാറല്ല' എന്ന്. അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡൈയ്‌സും അല്‍ഫോന്‍സ് പുത്രന്റെ പ്രേമവും ഇപ്പോള്‍ സൗബിന്റെ പറവയുമൊക്കെ പ്രേക്ഷകന് അത്രമേല്‍ പ്രിയങ്കരങ്ങളായ ചിത്രങ്ങളായി മാറിയതിനു പിന്നില്‍ പെര്‍ഫെക്ഷനിസ്റ്റ് സംവിധായകനൊപ്പം അതേ താത്പര്യങ്ങളുള്ള നിര്‍മാതാവുമായി അന്‍വര്‍ നിന്നതുകൊണ്ടാണ്.

ഉസ്താദ് ഹോട്ടല്‍ കഴിഞ്ഞ് അടുത്ത സിനിമയേതെന്ന ചോദ്യത്തിന് അന്നു പറഞ്ഞ മറുപടിയില്‍ ഒരു കാര്യം വ്യക്തമാക്കിയിരുന്നു; അടുത്ത സിനിമ സ്വന്തം പ്രൊഡക്ഷനില്‍ ചെയ്യണമെന്നാണ് ആഗ്രഹം. എനിക്ക് ഇഷ്ടമുള്ള സിനിമ ചെയ്യണം. അതു മറ്റൊരാളുടെ നിര്‍ബന്ധങ്ങള്‍ക്കും നിബന്ധനകള്‍ക്കും അകത്ത് നിന്നു ചെയ്യാന്‍ സാധ്യമല്ല. ഇങ്ങനെയൊരു ആഗ്രഹം പറഞ്ഞു കേട്ടതിനുശേഷം അന്‍വറിന്റെതായി മൂന്നു ചിത്രങ്ങള്‍ പുറത്തു വന്നു. ബാംഗ്ലൂര്‍ ഡെയ്‌സ്, പ്രേമം, പറവ. അവിടെയെല്ലാം സംവിധയകന്റെ സ്ഥാനത്തല്ല, നിര്‍മാതാവിന്റെ വേഷത്തിലായിരുന്നു എന്നുമാത്രം. പക്ഷേ ആ ചിത്രങ്ങളെല്ലാം അതിന്റെ സംവിധായകര്‍ ഒരുക്കിയത്, അന്‍വറിന്റെ ആഗ്രഹം പോലെ നിബന്ധനകള്‍ക്കും നിര്‍ബന്ധങ്ങള്‍ക്കും അകത്തു നിന്നല്ലാതെയായിരുന്നു. അതിനവര്‍ക്ക് കഴിഞ്ഞതു അന്‍വറിനെ പോലൊരു നിര്‍മാതാവ് ഉണ്ടായിരുന്നതുകൊണ്ടാണ് എന്നിടത്താണ് ഒരിക്കല്‍ കൂടി അന്‍വര്‍ റഷീദിനെ നല്ല സിനിമകളുടെ കൂട്ടുകാരന്‍ എന്നു വിളിക്കുന്നത്.പണ്ട് റെയില്‍ പാളത്തില്‍ ചെവി ചേര്‍ത്തുവച്ച് ട്രെയിന്‍ വരുന്നുണ്ടോ ഇല്ലയോ എന്നു വിളിച്ചു പറഞ്ഞിരുന്നൊരു ബാല്യമുണ്ടായിരുന്നു തനിക്കെന്നു അന്‍വര്‍ പറഞ്ഞിട്ടുണ്ട്. ഇന്നയാള്‍ക്ക് ആ പ്രവചന സാധ്യത സിനിമയില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നുണ്ട്. അതുകൊണ്ട് രാജ്യമാണിക്യത്തില്‍ നിന്നും പറവയില്‍ വരെയെത്തി നില്‍ക്കുമ്പോള്‍ അയാള്‍ക്ക് ഒന്നും പിഴയ്ക്കാതിരുന്നത്. സംവിധായകനും നിര്‍മാതാവുമൊക്കെയായി അയാള്‍ വിജയിച്ചു നില്‍ക്കുമ്പോള്‍ പുകഴ്ത്താനും പ്രശംസിക്കുവാനും ഏറെയുണ്ടാകും നമുക്ക്. പക്ഷേ അന്‍വറിനോട് ഇതേക്കുറിച്ച് ചോദിച്ചാല്‍ അഞ്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് പുല്‍ത്തകിടിയിലെ സിമന്റ് ബഞ്ചില്‍ ചാരിയിരുന്ന് അന്‍വര്‍ പറഞ്ഞ ആ മറുപടിയായിരിക്കുമോ ആവര്‍ത്തിക്കുക;
മഹാനായ കലാകാരന്‍ എന്നു വിശേഷിപ്പിക്കപ്പെടണമെന്ന് എനിക്കൊരു ആഗ്രഹവുമില്ല. എന്റെ ജീവിതത്തില്‍ ഒന്നാം സ്ഥാനം സിനിമയ്ക്കല്ല, അതിലും വലിയ പലകാര്യങ്ങളും ജീവിതത്തിലുണ്ട്.


അന്‍വര്‍ റഷീദ് ഇങ്ങനെ പറഞ്ഞോ എന്നും ഇനിയിങ്ങനെ പറയുമോ എന്നും ആകാംക്ഷപ്പെടുന്നവരുണ്ടാകാം. പറയാന്‍ മറുപടിയൊന്നുമില്ല.

ഇപ്പോള്‍ അയാള്‍ സിനിമയുടെ ആകാശത്തു കൂടി അങ്ങനെ പറക്കുകയാണ്. ഇച്ചാപ്പിയേയും അസീബിനെയും പോലെ നമുക്കത് നോക്കി നില്‍ക്കാം...

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍

Next Story

Related Stories