TopTop
Begin typing your search above and press return to search.

നയന്‍താരയുടെ അതിമാനുഷികതയില്ലാത്ത 'ഷീറോയിസം'; അറം നിരാശപ്പെടുത്തില്ല

നയന്‍താരയുടെ അതിമാനുഷികതയില്ലാത്ത ഷീറോയിസം;  അറം നിരാശപ്പെടുത്തില്ല

ഗോപി നൈനാരുടെ നയന്‍താര ചിത്രം അറം തമിഴ്‌നാട്ടില്‍ നല്ല കലക്ഷന്‍ റിപ്പോര്‍ട്ടുകളോടെ തിയേറ്ററില്‍ നിറഞ്ഞോടുന്നുണ്ട്. നയന്‍താരയുടെ സൂപ്പര്‍സ്റ്റാര്‍ഡം ചുറ്റി പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടുന്ന വിജയമാണ് ഈ സിനിമയുടേത്. ഗോപി നൈനാരുടെ ആദ്യ സംവിധാന സംരഭം ആണെങ്കിലും മുരുഗദാസിന്റെ 'കത്തി' തന്റെ കഥയുടെ മോഷണം ആണെന്ന ആരോപണത്തിലൂടെയും അനുബന്ധ വിവാദങ്ങളിലൂടെയും ആണ് അദ്ദേഹം ആദ്യം വാര്‍ത്തയിലെത്തുന്നത്. ഒരു വര്‍ഷത്തിലേറെ നീണ്ട ആകാംക്ഷകള്‍ക്കൊടുവിലാണ് സിനിമ റിലീസ് ആയത്.

മതിവദനി (നയന്‍താര ) എന്ന ജില്ല കളക്ടര്‍ തന്റെ ഔപചാരിക പദവിക്ക് അപ്പുറമുള്ള ഒരു ടാസ്‌കിനു മേലുദ്യോഗസ്ഥന് നല്‍കുന്ന വിശദീകരണം ആയാണ് സിനിമ ചിത്രീകരിച്ചിട്ടുള്ളത്. മതി യാദൃശ്ചികമായാണ് തന്റെ അധികാര പരിധിയില്‍ ഉള്ള ഒരു ഉള്‍ഗ്രാമത്തിലെ കുടിവെള്ള പ്രശ്‌നത്തെ പറ്റി അറിയുന്നത്. അസാധാരണമായ ജലക്ഷാമത്തിനു പിന്നില്‍ കുടി വെള്ള നിര്‍മാണ കമ്പനി ആണെന്നും അവര്‍ക്ക് വന്‍ അധികാര കേന്ദ്രങ്ങളില്‍ നിന്നുള്ള പിന്തുണ ഉണ്ടെന്നും മനസിലാക്കുന്നു. ഇതിനെതിരേ നടപടി എടുക്കാന്‍ തുടങ്ങുമ്പോള്‍ ആണ് ധന്‍സിക(മഹാലക്ഷ്മി) എന്ന കുട്ടി ആ വരണ്ട നാട്ടില്‍ കുഴിച്ച കുഴല്‍ കിണറില്‍ വീഴുന്നത്. അവളെ രക്ഷിക്കാന്‍ ഉള്ള സംഘത്തിന്റെ നേതൃത്വം മതി ഏറ്റെടുക്കുന്നതും തുടര്‍ന്ന് എല്ലായിടത്തു നിന്നും അവര്‍ക്കു നേരിടുന്ന പ്രതികൂല പ്രതികരണവും ചട്ടങ്ങള്‍ക്കപ്പുറം വിചിത്രമായ രീതിയില്‍ അവര്‍ ഈ ടാസ്‌കുമായി മുന്നോട്ട് പോകുന്നതും തനിക്കു മുകളിലുള്ള അധികാര കേന്ദ്രങ്ങളുമായി കലഹിക്കുന്നതും ഒക്കെയാണ് വിശദീകരണം നല്‍കേണ്ടി വരുന്ന സാഹചര്യങ്ങള്‍. ജനാധിപത്യം, മനുഷ്യത്വം, അധികാര രാഷ്ട്രീയം ഇവയൊക്കെ ഇടകലര്‍ന്നു വരുന്ന സംഭാഷണങ്ങളിലൂടെയും ദൃശ്യങ്ങളിലൂടെയും ആണ് അറം മുന്നോട്ടു പോകുന്നത്.

ഒരേ സമയം ഒരു ത്രില്ലറും രാഷ്ട്രീയ വിമര്‍ശനവും ആണ് അറം. ഇവയെ ബുദ്ധിപരമായി കൂട്ടി യോജിപ്പിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുമുണ്ട്. മാളൂട്ടിയിലൂടെയും പിന്നെ കണ്ട, വായിച്ച വാര്‍ത്തകളിലൂടെയും ഒക്കെ അറിഞ്ഞ ആകാംക്ഷ ഉണ്ടാക്കുന്ന വാര്‍ത്ത മാത്രമല്ല അറത്തില്‍ കുഴല്‍ കിണര്‍ രംഗങ്ങള്‍. അവിടെ ജലക്ഷാമവും വന്‍കിട കുടിവെള്ള കമ്പനികളുടെ ഗ്രാമങ്ങളിലെ ഫാക്ടറികളും ഒക്കെ ഇത്തരം ദുരന്തങ്ങള്‍ക്ക് വ്യക്തമായ കാരണങ്ങളാണ്. അത്തരം സംഭവങ്ങളുടെ വിശദീകരണവും ഒടുവില്‍ സിനിമ തരുന്നുണ്ട്. ജില്ല ഭരണകൂടങ്ങളില്‍ നിയമഭേദഗതികള്‍ക്കു വരെ കാരണമായ വിധത്തില്‍ ദുരന്തങ്ങളുടെ ഒരു പരമ്പര തന്നെ തമിഴ്‌നാട്ടില്‍ ഉണ്ടായിട്ടുണ്ട്. നൂറിലേറെ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മനുഷ്യ നിര്‍മിത വരള്‍ച്ചയുടെ അനന്തര ഫലത്തെ കുറിച്ച് കൂടിയാണ്. അത്തരത്തില്‍ നോക്കുമ്പോള്‍ സിനിമ സംസാരിക്കുന്നത്. ഒരു ത്രില്ലര്‍ എന്ന രീതിയില്‍ ആദ്യാവസാനം ഒരു പരിധി വരെ പ്രേക്ഷകരുടെ ആകാംക്ഷകളെ ചൂഷണം ചെയ്യുന്നുണ്ട്. മിഷന്റെ പല ഘട്ടങ്ങളും മലയാളി പ്രേക്ഷകരെ മാളൂട്ടി എന്ന സിനിമയെ ഓര്‍മിപ്പിക്കും. ഒരു മാസ് അപ്പീല്‍ സാധ്യത ഉപയോഗിച്ച് കൊണ്ട് തന്നെ ആദ്യാവസാനം സിനിമ ഒരേ താളത്തില്‍ പോകുന്നുണ്ട്.

നയന്‍താരയുടെ സൂപ്പര്‍സ്റ്റാര്‍ഡം തന്നെയാണ് ഇതിനൊക്കെ അപ്പുറം അറത്തെ ശ്രദ്ധേയമാക്കിയത്. ഏതാണ്ട് 15 കൊല്ലം നീണ്ട കരിയറില്‍ ഒരു കേവല ശരീരത്തില്‍ നിന്ന് താരമായി അവര്‍ വളര്‍ന്ന രീതി തന്നെയാണ് ഈ സിനിമയെ പ്രേക്ഷകര്‍ ഏറ്റെടുത്തതിന്റെ ഒരു കാരണം. ഇമേജ് ബില്‍ഡിങ്ങിലൂടെ അവരുടെ രാഷ്ട്രീയ പ്രവേശം പ്രതീക്ഷിക്കുന്നവരും ഉണ്ട്. സിനിമയിലെ പല രംഗങ്ങളും അവര്‍ക്കു കയ്യടി നേടാന്‍ വേണ്ടി മാത്രം എഴുതപ്പെട്ടതാണ്. സിനിമയ്ക്ക് മീതെ വളര്‍ന്ന അല്ലെങ്കില്‍ വളരുന്ന താരങ്ങള്‍ വിശാലമായ അര്‍ത്ഥത്തില്‍ സിനിമയ്ക്ക് പ്രത്യേകിച്ച് ഒന്നും തരുന്നില്ല എന്നത് സത്യമാണ്. സിനിമക്ക് വേണ്ടി താരങ്ങളോ താരങ്ങള്‍ക്കു വേണ്ടി സിനിമയോ എന്ന ഒരിക്കലും ഉത്തരം കിട്ടാന്‍ സാധ്യത ഇല്ലാത്ത ചോദ്യത്തിന് പുറകെ പോകേണ്ടി വരും. അവരുടെ കുലുങ്ങുന്ന വലിയ അരക്കെട്ടിനെ പറ്റിയും ലീക്ക് ആയ ലിപ്‌ലോക്കിനെ പറ്റിയും നഷ്ടപെട്ട പ്രണയത്തെ പറ്റിയും മാത്രം ചര്‍ച്ച ചെയ്തവര്‍ അവരുടെ അഭിനയ ജീവിതത്തിലെ റോളുകളെ കുറിച്ച് സംസാരിക്കുന്നു എന്ന നിലയില്‍ പക്ഷെ ഈ അവസ്ഥ ഒരു നേട്ടമാണ്. പേരിനു പുറകെ ലേഡി എന്ന പ്രിഫിക്‌സ് ഉള്ള സൂപ്പര്‍സ്റ്റാറുകളും ഇന്ത്യന്‍ സിനിമയില്‍ അപൂര്‍വത ആണ് എന്നുള്ളതാണ് ഈ വിജയത്തിന്റെ മറ്റൊരു തരത്തിലുള്ള പ്രസക്തി. നയന്‍താരയുടെ ഷീറോയിസത്തിനു അതിമാനുഷികത താരതമ്യേന കുറവാണ്. ആക്രോശങ്ങളും കൈ ഓങ്ങലുകളും ആക്രോശങ്ങളും ഒന്നുമല്ല മതിവദനിയുടെ മാസ്സ് അപ്പീലിനെ നയിക്കുന്നത്.

തമിഴ് പോപ്പുലര്‍ സിനിമകള്‍ പ്രത്യേകിച്ചും മാസ്സ് താര പടങ്ങള്‍ രാഷ്ട്രീയത്തെ കൈകാര്യം ചെയ്യുന്ന രീതിയാണ് അറത്തെയും മറ്റൊരു രീതിയില്‍ ശ്രദ്ധേയമാക്കുന്നത്. സിംഗം ത്രീ, ഭൈരവ, മെര്‍സല്‍ തുടങ്ങി പല വെട്ടു പടങ്ങളും സമകാലിക രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങളെ കുറിച്ച് സമാന്തരമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ഈ വേസ്റ്റും സ്വാശ്രയ കോളേജ് പ്രശ്‌നവും പോലുള്ള തമിഴ്‌നാട്ടിലെ പോലുള്ള പ്രശ്‌നങ്ങളെ സ്പര്‍ശിച്ചാണ് പല സിനിമകളും പ്രേക്ഷകരിലേക്കെത്തുന്നത്. പലപ്പോഴും കേട്ട പത്ര വാര്‍ത്തകളുടെ സ്വാധീനം അത്തരം സിനിമകള്‍ക്കുണ്ടാവും. അറം അത്തരത്തില്‍ കൂടി ഉള്ള സൂപ്പര്‍സ്റ്റാര്‍ സിനിമകളുടെ തുടര്‍ച്ചയാണ്. ചിലപ്പോഴൊക്കെ മെലോഡ്രാമ ആകുന്നുണ്ടെങ്കിലും നിയമം നീതി രാഷ്ട്രീയം ജനാധിപത്യം കോര്‍പറേറ്റ് ഭീകരതകള്‍ ഒക്കെ സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്. നന്മ തിന്മ തമ്മിലുള്ള സംഘര്‍ഷങ്ങളെ ഓര്‍മിപ്പിക്കുന്ന പേര് ക്ലീഷേ ആണെങ്കിലും ചിലപ്പോഴൊക്കെ ഒതുക്കമുള്ള അവതരണം സിനിമയെ വ്യത്യസ്തമാക്കുന്നു.

മൊത്തത്തില്‍ ഒരു നയന്‍താര സിനിമയാണെകിലും റാംസിന്റെയും സുനു ലക്ഷ്മിയുടെയും കാക്കമുട്ടൈ രമേശിന്റേയും കൃത്യമായ പിന്തുണ അവര്‍ക്ക് കിട്ടുന്നുണ്ട്. സിനിമയുടെ മൂഡിനൊത്തു പോകുന്ന പശ്ചാത്തല സംഗീതവും ക്യാമറയും എല്ലാം സിനിമയെ നല്ല രീതിയില്‍ സഹായിച്ചിട്ടുണ്ട്. ചില നാടകീയ സംഭാഷണങ്ങളും ടെലിവിഷന്‍ ചര്‍ച്ചയുടെ രംഗങ്ങളും ആണ് അറത്തിന്റെ മൊത്തത്തിലുള്ള പേസിന് ചേര്‍ന്ന് പോകാത്ത രംഗങ്ങള്‍. മിസൈലിന്റെ ഉയര്‍ച്ചയും കുഴല്‍ കിണറിന്റെ താഴ്ചയും ഉപയോഗിച്ച രീതിയും മറ്റുംഡോക്യുമെന്ററി സ്വഭാവത്തിലേക്ക് സിനിമയെ എത്തിക്കുന്നു. ഇത് മനഃപൂര്‍വമാണോ എന്നറിയില്ല. എന്തായാലും ചില ആവര്‍ത്തിച്ചുള്ള ഇത്തരം രംഗങ്ങള്‍ സിനിമ എന്ന രീതിയില്‍ ഉള്ള ആസ്വാദനത്തെ ഇത് ബാധിക്കുന്നുണ്ട്. നയന്‍താര എന്ന താരത്തിന്റെയും നടിയുടെയും ആരാധകര്‍ക്കും വലിയ പരിക്കുകള്‍ ഇല്ലാത്ത ത്രില്ലര്‍ ആസ്വദിക്കുന്നവര്‍ക്കും എന്തായാലും അറം നിരാശ ഉണ്ടാക്കാന്‍ ഇടയില്ല.


Next Story

Related Stories