TopTop
Begin typing your search above and press return to search.

ത്രില്ലര്‍ സ്വഭാവത്തിലേക്കുയരാത്ത അഥര്‍വയുടെ 'ബൂമറാങ്ങ്'

ത്രില്ലര്‍ സ്വഭാവത്തിലേക്കുയരാത്ത അഥര്‍വയുടെ ബൂമറാങ്ങ്

തമിഴ് സിനിമകള്‍ക്ക് തമിഴില്‍ പേര് വച്ചാല്‍ ടാക്സ് ഇളവുണ്ട്. അതുകൊണ്ടാണ് ബ്രഹ്മാണ്ട ബഡ്ജറ്റ് സിമ്മമായ ശങ്കറിന് പോലും റോബോട്ടിന്റെ കഥ വച്ച് സിനിമയെടുക്കുമ്പോള്‍ യന്തിരന്‍ എന്ന് തനി തമിഴില്‍ ടൈറ്റില്‍ വെക്കേണ്ടി വരുന്നത്. അങ്ങനെയിരിക്കെയാണ് ഇന്ന് ബൂമറാങ്ങ് എന്ന പേരില്‍ ഒരു തമിഴ് സിനിമ റിലീസാവുന്നത്. ബൂമറാങ്ങ് എന്ന വാക്ക് ഏതായാലും തമിഴ് അല്ല. ഉള്ളടക്കവുമായി അത്രമേല്‍ ബന്ധമുണ്ടായതുകൊണ്ടാവുമല്ലോ സംവിധായകന്‍ ടാക്സ് ഡിസ്‌കൗണ്ടിനെ കുറിച്ച് ഒന്നും കവലപ്പെടാതെ ഇങ്ങനെയൊരു പേര് വച്ചിരിക്കുന്നത് എന്ന കൗതുകത്തില്‍ നിന്നാണ് ആറിലധികം മലയാളസിനിമകള്‍ റിലീസുണ്ടായിട്ടും ഇന്ന് ബൂമറാങ്ങിന് കയറിയത്.

ജയം കൊണ്ടാന്‍, വന്താന്‍ വേന്ദ്രന്‍, ഇവന്‍ തന്തിരന്‍ തുടങ്ങി പലസിനിമകള്‍ തനിത്തമിഴില്‍ പേരിട്ട് എഴുതി ഇറക്കിയ ആര്‍. കണ്ണന്‍ ആണ് ബൂമറാങ്ങിന്റെ സംവിധായകന്‍. സ്‌ക്രിപ്റ്റും നിര്‍മ്മാണവും അദ്ദേഹം തന്നെ..

ഫയര്‍ ആക്‌സിഡന്റില്‍ പെട്ട് മുഖം വികൃതമായി പോവുന്ന ശിവ എന്ന യുവാവിന് ഡോക്ടര്‍മാര്‍ സ്‌കിന്‍ ഗ്രാഫ്ട്ടിംഗിലൂടെയും ഫേസ് ട്രാന്‍സ്പ്ലാന്റേഷനിലൂടെയും പുതിയൊരു മുഖം വച്ച് പിടിപ്പിക്കുന്നതിലൂടെ ആണ് ബുമറാങ്ങ് എന്ന സിനിമ ടൈറ്റില്‍ ക്രെഡിറ്റ്സ് എഴുതി തുടങ്ങുന്നത്. പുതിയമുഖവുമായി പുറത്തിറങ്ങുന്ന ശിവയ്ക്ക് നേരിടേണ്ടിവരുന്ന നിരന്തരാക്രമണങ്ങളിലൂടെ സിനിമ പുരോഗമിക്കുന്നു.

മുഖത്തിന്റെ യഥാര്‍ത്ഥ ഉടമയായ യുവാവിന്റെ ഭൂതകാലമാണ് തന്റെ നേരെയുള്ള വയലന്‍സ് ആയി വരുന്നത് എന്ന് തിരിച്ചറിയുന്ന ശിവ അയാളെ അന്വേഷിച്ചിറങ്ങുകയാണ് പിന്നീട്. അയാളുടെ ജീവിതമാകട്ടെ കൂടുതല്‍ സംഭവബഹുലമായിരുന്നു താനും..

അഥര്‍വ മുരളി ആണ് കേന്ദ്രസ്ഥാനത്തുള്ള ഇരട്ട കഥാപാത്രങ്ങളായി വരുന്നത്. ഇമൈക്കാ നൊടികളില്‍ ആക്ഷന്‍ ഹീറോ ആവാന്‍ ശ്രമിച്ചിരുന്ന ടിയാനെ ഇവിടെ സംവിധായകന്‍ സാധ്യതകളുണ്ടായിട്ടും ഒതുക്കി നിര്‍ത്തിയിരിക്കുന്നു. നല്ലത്. മേഘ ആകാശ് ആണ് നായിക. പേരിനൊരു നായിക. വില്ലനായ ഉപന്‍ പട്ടേലിന്റെ സ്‌ക്രീന്‍ സ്പേസ് അതിലും പരിതാപകരം.

ഭേദപ്പെട്ടതെന്ന് പറയാവുന്ന ഒരു തീം ആണെങ്കിലും സ്‌ക്രിപ്റ്റിന് ത്രില്ലര്‍ നിലവാരത്തിലേക്ക് ഉയരാന്‍ സാധിക്കാത്തതിനാല്‍ ഇടവേളക്ക് ശേഷം പലപ്പോഴും ഉറക്കം വന്നു. മേക്കിംഗും വളരെയൊന്നും ആകര്‍ഷകമായിരുന്നില്ല. നേരിട്ട് സാമ്യമൊന്നുമില്ലെങ്കിലും അവസാന ചില ഭാഗങ്ങള്‍ കണ്ടപ്പോള്‍ വിജയ്-മുരുഗദോസ് ടീമിന്റെ കത്തി ഓര്‍മ്മ വന്നു. കര്‍ഷകര്‍ക്ക് ഡെഡിക്കേറ്റ് ചെയ്തുകൊണ്ടാണ് സിനിമ നിര്‍ത്തുന്നത്. നല്ല കാര്യം.

ജീവിതം എന്നാല്‍ ബൂമറാങ്ങ് പോലെയാണ് എന്ന് നായകന്‍ വില്ലനോട് പറയുന്ന ഒറ്റ ഡയലോഗിലാണ് സിനിമയും ശീര്‍ഷകവും തമ്മിലുള്ള കണക്ഷന്‍ കിടക്കുന്നത്.. അയിനാണ്!


Next Story

Related Stories