TopTop
Begin typing your search above and press return to search.

ബെര്‍ണാഡോ ബെര്‍ട്ടലൂച്ചി; ഇറ്റാലിയന്‍ നവതരംഗ സിനിമയുടെ അതികായന്‍; ഹോളിവുഡ്, കമ്മ്യൂണിസം, പിന്നെ 'മീ ടൂ'വും

ബെര്‍ണാഡോ ബെര്‍ട്ടലൂച്ചി; ഇറ്റാലിയന്‍ നവതരംഗ സിനിമയുടെ അതികായന്‍; ഹോളിവുഡ്, കമ്മ്യൂണിസം, പിന്നെ മീ ടൂവും

ബിഫോര്‍ ദ റെവലൂഷന്‍, ലാസ്റ്റ് ടാംഗോ ഇന്‍ പാരീസ്, ദ ലാസ്റ്റ് എംപറര്‍, ദ ഡ്രീമേഴ്‌സ് എന്നിവയടക്കം നിരവധി ശ്രദ്ധേയ ഇറ്റാലിയന്‍, ഹോളിവുഡ് സിനിമകളൊരുക്കിയ വിഖ്യാത സംവിധായകന്‍ ബെര്‍ണാഡോ ബെര്‍ട്ടലൂച്ചി ഇന്നലെ അന്തരിച്ചു. 77 വയസായിരുന്നു. 2003ല്‍ ഹെര്‍ണിയേറ്റഡ് ഡിസ്‌കിലെ ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം വീല്‍ ചെയറിലായിരുന്നു. കാന്‍സര്‍ ബാധിതനായിരുന്നു.

ഇറ്റാലിയന്‍ നവതരംഗ സിനിമയിലെ പ്രധാനികളിലൊരാള്‍

രണ്ടാം ലോക യുദ്ധാനന്തരം യൂറോപ്പില്‍ രൂപം കൊണ്ട നിയോ റിയലിസ്റ്റ്, ന്യൂ വേവ് സിനിമാധാരകളില്‍ ന്യൂ വേവിനൊപ്പമായിരുന്നു ബെര്‍ണാഡോ ബെര്‍ട്ടലൂച്ചിയുടെ ചലച്ചിത്ര സാക്ഷാത്കാരങ്ങള്‍. മൈക്കലാഞ്ചലോ അന്റോണിയോണി, ഫെഡറികോ ഫെല്ലിനി, പിയര്‍ പൗലോ പസോളിനി, ലൂച്ചിനോ വിസ്കോണ്ടി എന്നിവര്‍ക്കൊപ്പം ഇറ്റാലിയന്‍ നവതരംഗ സിനിമയിലെ പ്രമുഖനാണ് ബെര്‍ട്ടലൂച്ചി.

ജനനം, പശ്ചാത്തലം, പസോളിനിയുമായുള്ള അടുപ്പം

1941 മാര്‍ച്ച് 14ന് ഇറ്റലിയിലെ പാര്‍മയില്‍ കവിയും അധ്യാപകനുമായിരുന്ന ആറ്റിലിയോ ബെര്‍ട്ടലൂച്ചിയുടേയും നിനെറ്റോ ജിയോവനാഡിയുടേയും മകനായി ജനിച്ചു. സാഹിത്യ, കലാവാസനകളുള്ള കുടുംബമായിരുന്നു. പിന്നീട് വിഖ്യാത സംവിധായകനായി മാറിയ പിയര്‍ പൗലോ പസോളിനി, കവിയും നോവലിസ്റ്റും ആറ്റിലിയോ ബെര്‍ട്ടലൂച്ചിയുടെ അടുത്ത സുഹൃത്തുമായിരുന്നു. ഈ ബന്ധമാണ് 1961-ല്‍ ഇരുപതാം വയസില്‍ പസോളിനിയുടെ ആദ്യ സിനിമയായ 'അക്കറ്റോണി'ല്‍ അസിസ്റ്റന്റായി ബെര്‍ണാഡോ ബെര്‍ട്ടലൂച്ചിക്ക് സിനിമ പ്രവേശനത്തിന് വഴിയൊരുക്കിയത്. തിരക്കഥാകൃത്തായി ബെര്‍ട്ടലൂച്ചിയെ ശുപാര്‍ശ ചെയ്തത് പസോളിനിയാണ്. ഇങ്ങനെ 1962ല്‍ ദ സ്‌കിന്നി ഗോസിപ്പ് (ലാ കൊമ്മാരേ സീക്ക) എന്ന സിനിമ സംവിധാനം ചെയ്തു.

ദ ലാസ്റ്റ് ടാംഗോ ഇന്‍ പാരീസ് (1972)

മാര്‍ലന്‍ ബ്രാന്‍ഡോയും മരിയ ഷ്‌നീഡറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ദ ലാസ്റ്റ് ടാംഗോ ഇന്‍ പാരീസ് ആണ് ബെര്‍ട്ടലൂച്ചിയെ ആഗോള തലത്തില്‍ ശ്രദ്ധേയനാക്കിയത്. ഭാര്യയുടെ ആത്മഹത്യയെ തുടര്‍ന്ന് ദു:ഖാചരണത്തിലുള്ള പോള്‍ എന്ന അമേരിക്കന്‍ ഹോട്ടലുടമയായ മധ്യവയസ്‌കന്‍ ജെന്നി എന്ന പാരീസുകാരിയായ യുവതിയുമായി പുലര്‍ത്തുന്ന വിചിത്രമായ ബന്ധവും വ്യക്തിഗത വിവരങ്ങള്‍ പരസ്പരം പങ്കുവയ്ക്കില്ലെന്ന ധാരണയോടെ ഏര്‍പ്പെടുന്ന ലൈംഗിക ജീവിതവുമാണ് ലാസ്റ്റ് ടാംഗോ ഇന്‍ പാരീസ് ചിത്രീകരിച്ചത്. പോളിനെ മാര്‍ലന്‍ ബ്രാന്‍ഡോയും ജെന്നിയെ മരിയ ഷ്‌നീഡറും അവതരിപ്പിക്കുന്നു. ബ്രാന്‍ഡോയുടെ കഥാപാത്രം മരിയ ഷ്‌നീഡറുടെ കഥാപാത്രത്തെ ബലാത്സംഗം (ആനല്‍ റേപ്പ്) ചെയ്യുന്ന രംഗം വലിയ വിവാദമായിരുന്നു.

1900 - അഞ്ച് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ

1900 എന്ന അഞ്ച് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ പുറത്തിറങ്ങിയത് 1976-ലാണ്. റോബര്‍ട്ടി ഡി നീറോ, ജെറാര്‍ഡ് ഡെപാര്‍ഡ്യൂ, ബര്‍ട്ട് ലന്‍കാസ്റ്റര്‍ തുടങ്ങിയ വലിയ താരനിരയാണ് ഈ സിനിമയില്‍ അഭിനയിച്ചത്. 1901 ജനുവരി 27ന് ജനിച്ച രണ്ട് പേര്‍, ബാല്യകാല സുഹൃത്തുക്കള്‍ പരസ്പരവിരുദ്ധമായ രാഷ്ട്രീയവഴികളില്‍ സഞ്ചരിക്കുന്നതിന്റെ കഥയാണ് ചിത്രം പറയുന്നത്- ഒരാള്‍ കമ്മ്യൂണിസ്റ്റും മറ്റേയാള്‍ ഫാഷിസ്റ്റുമാകുന്നു.

തിരക്കഥാകൃത്ത്, നടന്‍

സ്വന്തമായി സംവിധാനം ചെയ്ത സിനിമകള്‍ക്ക് പുറമേ, സെര്‍ജിയോ ലിയോണിന്റെ വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ദ വെസ്റ്റ് അടക്കമുള്ള സിനിമകള്‍ക്ക് തിരക്കഥയൊരുക്കി. 1992ല്‍ അമോസ് ഗിറ്റായ സംവിധാനം ചെയ്ത ഗോലം - ദ സ്പിരിറ്റ് ഓഫ് എക്‌സൈല്‍ എന്ന സിനിമയില്‍ ബെര്‍ട്ടലൂച്ചി അഭിനയിച്ചു.

സംവിധാനം - ബെര്‍ണാഡോ ബെര്‍ട്ടലൂച്ചി, ഛായാഗ്രഹണം - വിറ്റോറിയോ സ്‌റ്റൊറാറോ

സിനിമാട്ടോഗ്രാഫര്‍ വിറ്റോറിയോ സ്‌റ്റൊറാറോയുമായുള്ള ബെര്‍ട്ടലൂച്ചിയുടെ കൂട്ടുകെട്ട് നിരവധി ശ്രദ്ധേയ സിനിമകള്‍ ഒരുക്കി. ദ കണ്‍ഫോമിസ്റ്റ് ആണ് ഇതിന് തുടക്കം കുറിച്ചത്. ദ സ്‌പൈഡേഴ്‌സ് സ്ട്രാറ്റാജെം (1970), ലാസ്റ്റ് ടാംഗോ ഇന്‍ പാരീസ് (1972), 1900 (1976) തുടങ്ങിയ സിനിമകളെയൊക്കെ ഈ കൂട്ടുകെട്ട് മാസ്റ്റര്‍ വര്‍ക്കുകളാക്കി മാറ്റി.

കമ്മ്യൂണിസം - സിനിമയിലും ജീവിതത്തിലും

1964ല്‍ പുറത്തിറങ്ങിയ ബിഫോര്‍ ദ റെവലൂഷന്‍ (പ്രൈമ ഡെല്ല റിവലൂസിയോണെ) പറഞ്ഞത് സ്വന്തം അമ്മായിയുമായി പ്രണയ ബന്ധത്തിലേര്‍പ്പെടുന്ന ഒരു യുവ മാര്‍ക്‌സിസ്റ്റ് വിദ്യാര്‍ത്ഥിയുടെ കഥയാണ്. 1970ല്‍ പുറത്തിറങ്ങിയ ദ കണ്‍ഫോമിസ്റ്റ് ഇടതുപക്ഷ രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള സിനിമയായിരുന്നു. ഫാഷിസത്തെ കടന്നാക്രമിച്ച കണ്‍ഫോമിസ്റ്റ് ദേശീയതയും ദേശ രാഷ്ട്രത്വവും തമ്മിലുള്ള ബന്ധം പരിശോധിച്ചു. പാരീസിലെ ഒരു ഇടതുപക്ഷ പ്രൊഫസറെ വധിക്കാനുള്ള ബെനിറ്റോ മുസോളിനിയുടെ നീക്കങ്ങളെക്കുറിച്ച് ഈ സിനിമ പറയുന്നു. 1900 എന്ന സിനിമയും ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ്. വിഖ്യാതമായ ഗോഡ്ഫാദര്‍ അധോലോക സിനിമ പരമ്പര ഒരുക്കിയ ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയെ പോലുള്ള സംവിധായകരെ കണ്‍ഫോമിസ്റ്റ് സ്വാധീനിച്ചിരുന്നു. കമ്മ്യൂണിസത്തെക്കുറിച്ചുള്ള സ്വപ്‌നത്തിലാണ് താന്‍ ജീവിക്കുന്നത് എന്ന് ബെര്‍ട്ടലൂച്ചി ഒരിക്കല്‍ പറഞ്ഞു. ലാറ്റിനമേരിക്കന്‍ വിമോചന ദൈവശാസ്ത്രം പോലൊന്ന് തന്റെ സിനിമകളില്‍ ബെര്‍ട്ടലൂച്ചി ഉള്‍ക്കൊള്ളിച്ചിരുന്നു. ഇടതുപക്ഷ കത്തോലിക്ക ആശയങ്ങള്‍ അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു.

ഹോളിവുഡ്, ഓസ്‌കര്‍, ദ ലാസ്റ്റ് എംപറര്‍

ദ ലാസ്റ്റ് ടാംഗോ ഇന്‍ പാരീസ് അടക്കമുള്ള സിനിമകളിലൂടെ നേരത്തെ തന്നെ ഹോളിവുഡിലേയ്ക്ക് പ്രവേശിച്ചിരുന്നെങ്കിലും 1987ല്‍ പുറത്തിറങ്ങിയ ദ ലാസ്റ്റ് എംപറര്‍ എന്ന ഇറ്റാലിയന്‍ - ഇംഗ്ലീഷ് നിര്‍മ്മിത സിനിമയാണ് ബെര്‍ട്ടലൂച്ചിയെ ഹോളിവുഡിന് പ്രിയങ്കരനാക്കിയത്. ചൈനീസ് പശ്ചാത്തലത്തിലൊരുക്കിയ സിനിമയാണിത്. ബീജിംഗിലെ കടുത്ത നിയന്ത്രണങ്ങള്‍ക്കിടയില്‍ സിനിമ ചിത്രീകരണത്തിന് ബെര്‍ട്ടലൂച്ചി അനുമതി തേടിയത് ശ്രദ്ധേയമായിരുന്നു. ദ ലാസ്റ്റ് എംപറര്‍ ആഗോള തലത്തില്‍ വലിയ വാണിജ്യ വിജയം നേടി. ബ്രിട്ടീഷ് നിര്‍മ്മാതാവായ ജെര്‍മി തോമസ് നിര്‍മ്മാണ പങ്കാളിയായിരുന്നു. പിന്നീട് ജെര്‍മി തോമസുമായി ചേര്‍ന്ന് ദ ഷെല്‍ട്ടറിംഗ് സ്‌കൈ, സ്റ്റീലിംഗ് ബ്യൂട്ടി, ദ ഡ്രീമേഴ്‌സ് തുടങ്ങിയ സിനിമകള്‍ ബെര്‍ട്ടലൂച്ചി ചെയ്തു. ആദ്യകാല സിനിമകളിലെ ഇടതുപക്ഷ രാഷ്ട്രീയവും ലൈംഗികതയും ചേര്‍ത്തൊരുക്കിയ പ്രമേയമായിരുന്നു 2003ല്‍ പുറത്തിറങ്ങിയ ദ ഡ്രീമേഴ്‌സിന്റേത്. ഇവ ഗ്രീന്‍ അടക്കമുള്ള താരങ്ങളാണ് ഡ്രീമേഴ്‌സില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ലാസ്റ്റ് ടാംഗോയിലെ ബലാത്സംഗവും മീ ടൂവും

ലാസ്റ്റ് ടാംഗോയിലെ ബലാത്സംഗ രംഗം സ്‌ക്രിപ്റ്റിലില്ലായിരുന്നു എന്നും അന്ന് തനിക്കതിന് സമ്മതിക്കേണ്ടി വന്നതായും 2006ല്‍ ഒരു അഭിമുഖത്തില്‍ രോഷത്തോടെ മരിയ ഷ്‌നീഡര്‍ പറഞ്ഞു. മാര്‍ലനും ബെര്‍ട്ടലൂച്ചിയും എന്നെ ബലാത്സംഗം ചെയ്യുകയാണുണ്ടായത്. ഒറ്റ ടേക്കേ ഉണ്ടായുള്ളൂ എന്ന ആശ്വാസം മാത്രം - മരിയ പറഞ്ഞു. മാര്‍ലന്‍ ബ്രാന്‍ഡോയുടെ കഥാപാത്രം മരിയ ഷ്‌നീഡറുടെ കഥാപാത്രത്തെ ബലാത്സംഗം ചെയ്യുന്ന ലാസ്റ്റ് ടാംഗോയിലെ രംഗത്തില്‍ തനിക്ക് കുറ്റബോധം തോന്നിയതായി 2013ല്‍ ഒരു അഭിമുഖത്തില്‍ ബെര്‍ട്ടലൂച്ചി പറഞ്ഞിരുന്നു. ഈ രംഗത്തെക്കുറിച്ച് പൂര്‍ണമായും മരിയയോട് വിശദീകരിച്ചിരുന്നില്ല. എന്നാല്‍ തനിക്ക് കുറ്റബോധമുണ്ടെങ്കിലും താന്‍ ഒട്ടും പശ്ചാത്തപിക്കുന്നില്ല എന്നാണ് ബെര്‍ട്ടലൂച്ചി പറഞ്ഞത്. മരിയയുടെ കഥാപാത്രം അനുഭവിക്കുന്ന അപമാനം യഥാതഥമായി ചിത്രീകരിക്കാനുള്ള താത്പര്യമാണ് ഇത്തരത്തില്‍ പെരുമാറാന്‍ കാരണമെന്നായിരുന്നു ബെര്‍ട്ടലൂച്ചിയുടെ വിശദീകരണം. ആള്‍ ദ മണി ഇന്‍ ദ വേള്‍ഡ് എന്ന സിനിമയില്‍ നിന്ന് ലൈംഗികാതിക്രമ ആരോപണ വിധേയനായ കെവിന്‍ സ്‌പേസിയെ മാറ്റിയ റിഡ്‌ലി സ്‌കോട്ടിന്റെ നടപടി ലജ്ജാകരമാണ് എന്ന് പറഞ്ഞ് ബെര്‍ട്ടലൂച്ചി വിമര്‍ശിച്ചിരുന്നു.


Next Story

Related Stories