TopTop
Begin typing your search above and press return to search.

ആരാധകര്‍ പാലഭിഷേകം നടത്തട്ടെ; മാധ്യമങ്ങളേ നിങ്ങളെന്തിനാണ് പങ്കുപറ്റുകാരാകുന്നത്

ആരാധകര്‍ പാലഭിഷേകം നടത്തട്ടെ; മാധ്യമങ്ങളേ നിങ്ങളെന്തിനാണ് പങ്കുപറ്റുകാരാകുന്നത്

പുലിമുരുകന്‍ എന്ന സിനിമ നേടിയ 'വന്‍വിജയം' ഒരു കാര്യം ഉറപ്പിക്കുകയാണ്; മലയാള സിനിമ സൂപ്പര്‍ സ്റ്റാറിസത്തില്‍ നിന്നും ഇപ്പോഴും വിടുതല്‍ നേടിയിട്ടില്ല. ഈ തുടര്‍ച്ച നല്ലതിനാണോ ചീത്തയ്ക്കാണോ എന്നു ചോദിച്ചാല്‍; നേടുന്ന കോടികളുടെ കണക്കുകള്‍ സിനിമ ഇന്‍ഡസ്ട്രിക്കു ഗുണം തന്നെയാണ്, സിനിമ എന്ന കലാരൂപത്തിന് അത്രകണ്ടില്ല. നല്ല സിനിമ എന്നാല്‍ ബോക്‌സ് ഓഫീസ് വിജയം നേടുന്നവ എന്നര്‍ത്ഥത്തിലേക്ക് മാറപ്പെട്ടു പോയത് മലയാളത്തില്‍ മാത്രമല്ല, ഒട്ടെല്ലായിടത്തും ഇതേ ഗതി. അങ്ങനെ നോക്കിയാല്‍ മുരുകനും ജോപ്പനുമൊക്കെ നേടുന്ന വിജയം നമ്മള്‍ ആഘോഷിക്കേണ്ടതാണ്, കബാലിക്കും ബാഹുബലിക്കും സുല്‍ത്താനുമൊക്കെ ഒരു മറുപടിയായി നമുക്ക് കാണിക്കാന്‍ പേരിനെങ്കിലും ഒരു മുരുകനും ജോപ്പനും ഉണ്ടാകുന്നുണ്ടല്ലോ!

ഇന്നിപ്പോള്‍ ഒരു സിനിമ വാര്‍ത്താപ്രാധാന്യം നേടുന്നതും കാണികള്‍ ആകാംക്ഷയുണ്ടാക്കുന്നതും അതിന്റെ ബഡ്ജറ്റ് അടിസ്ഥാനമാക്കിയാണ്. ഒരു കോടി തന്നെ ആര്‍ഭാടമായിരുന്ന മലയാള സിനിമയില്‍ ഇന്നിപ്പോള്‍ ഇരുപത്തിയഞ്ചും മുപ്പതും കോടികളാണ് ഒരു സിനിമയ്ക്കായി ചെലവഴിക്കപ്പെടുന്നത്. നന്നേ ചെറുതായൊരു ഇന്‍ഡസ്ട്രിയില്‍ ഇത്രയും തുക ചെലവാക്കുന്നത് ബുദ്ധിയാണോ എന്ന ചോദ്യം ഇല്ല. 25 കോടി ചെലവാക്കിയാല്‍ 100 വാരാന്‍ കഴിയുമെന്നാണല്ലോ ഇപ്പോള്‍ കേള്‍ക്കുന്നത്. റിലീസിംഗ് ദിവസം തന്നെ ഒന്നും രണ്ടും കോടികള്‍(?) സ്വന്തമാക്കുന്ന സിനിമകള്‍ ഇവിടെ നിര്‍മിക്കപ്പെടുമ്പോള്‍ നൂറുകോടി ക്ലബുകളിലേക്ക് കുതിച്ചു പായുന്ന സിനിമയുടെ ഗര്‍ജനത്തെ കുറിച്ചുള്ള വാര്‍ത്തകളും വിശ്വസിക്കാം.

മലയാള സിനിമ ഇന്‍ഡസ്ട്രി (മുഴുവനായി എന്നു പറയുന്നില്ല) ഇതരഭാഷകളോട് കിടപിടിക്കുന്നതിനായി ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണോ എന്നുപോലും തോന്നുന്നു. പണ്ടു പറയുമായിരുന്നു, തെലുങ്കന്മാര്‍ ഒരു പാട്ട് സീന്‍ ഷൂട്ട് ചെയ്യാന്‍ ചെലവിടുന്ന തുകയുണ്ടെങ്കില്‍ മലയാളത്തില്‍ ഒരുപടം പിടിക്കാമെന്ന്. അവിടെ നിന്നാണു നിത്യദാരിദ്ര്യം പേറുന്ന നായിക സ്വപ്‌നം കാണുന്നത് ലണ്ടനില്‍ നായകനുമായി ആടിപ്പാടുന്നതിലേക്കു നമ്മള്‍ വളര്‍ന്നത്. ഒരുപാട്ട് സീന്‍ വിദേശത്ത് ഷൂട്ട് ചെയ്യണമെന്ന് നിര്‍ബന്ധമുള്ള നായകന്‍മാരും നമുക്കുണ്ടായി. സിനിമ തന്നെ വിദേശത്ത് പൂര്‍ണമായി ചിത്രീകരിക്കുന്നതിലേക്കും കാര്യങ്ങളെത്തി. അതില്‍ നിന്നുമെല്ലാം വലുതായാണ് നമ്മള്‍ പുലിമുരുകന്‍ പോലുള്ള സിനിമകള്‍ നിര്‍മിക്കാന്‍ തുടങ്ങിയത്. തീര്‍ച്ചായും ഇപ്പോള്‍ നമുക്ക് തെലുങ്കന്റെയും തമിഴന്റെയുമൊന്നും സിനിമകള്‍ കണ്ട് നെടുവീര്‍പ്പിടേണ്ട കാര്യമില്ല. ഷങ്കര്‍മാരും രാജമൗലിമാരും മലയാളത്തിലും ഉയര്‍ന്നു വരുന്നുണ്ട്. 300 കോടിയില്‍ ഒരു പുണ്യപുരാണ സിനിമയുടെ തയ്യാറെടുപ്പുകള്‍ നടക്കുന്നതായി കേള്‍ക്കുന്നു. തിയേറ്ററില്‍ വലിയൊരാഘോഷത്തിന്റെ ഭാഗമാകാന്‍ കൊതിക്കുന്ന ശരാശരി പ്രേക്ഷകന്റെ സ്ഥാനത്തു നിന്ന് അംബുജാക്ഷനും ഈ വളര്‍ച്ചയെ സ്വാഗതം ചെയ്യുകയാണ്. ബിഗ് ബഡ്ജറ്റ് സിനിമകള്‍ ഇനിയും ഉണ്ടാകട്ടെ.

മേല്‍പ്പറഞ്ഞ വളര്‍ച്ച നല്ല സിനിമകളുടെ പാരമ്പര്യം പേറുന്ന മലയാളം ഇന്‍ഡസ്ട്രിക്ക് പൂര്‍ണമായി ഗുണകരമാണോ? എല്ലാവരുടെ ചിന്തകള്‍ ബിഗ് ബഡ്ജറ്റുകളിലേക്ക് കാടേറുമ്പോള്‍ നഷ്ടമാകുന്നത് കലാമൂല്യമുള്ള സിനിമാസങ്കല്‍പ്പങ്ങളല്ലേ? ബ്രഹ്മാണ്ഡ ചിത്രങ്ങളെന്നു പുകള്‍പറ്റുന്നവയില്‍ എത്ര കണ്ണടച്ചു പിടിച്ചാലും നല്ല സിനിമയെന്നു വിളിക്കാന്‍ കഴിയുന്നവ ഏതൊന്നുണ്ട്? ബാഹുബലിയൊക്കെ ഉദാഹരണമല്ലേ! ദേശീയ അവാര്‍ഡ് നേടിയില്ലേ എന്നൊന്നും ചോദിച്ചേക്കരുത്, അടുത്ത തവണ ഇതേ കുപ്പായമിട്ടു മത്സരിക്കാന്‍ മലയാളത്തില്‍ നിന്നും സിനിമയുണ്ടാകും. സംസ്ഥാനത്തെ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡും നേടും. പണ്ടത്തെ അമര്‍ ചിത്രകഥകള്‍ ഉണ്ടാക്കിയ രസത്തില്‍ കൂടുതല്‍ ഒരു സിനിമാപ്രേമിയുടെ മനസില്‍ എന്തെന്തു വികാരങ്ങളാണവ അല്ലാതെ ഉണ്ടാക്കിയിരിക്കുന്നത്? സിനിമ എന്നത് ഒരു വ്യവസായം എന്നതുമാത്രമാക്കി ചുരുക്കാനല്ലാതെ മറ്റെന്ത് മാറ്റമാണ് ഇത്തരം ചിത്രങ്ങള്‍ ഉണ്ടാക്കുക?



ഈയൊരു ഭീതിയെ വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള പ്രചരണങ്ങളാണ് ചുറ്റും നടക്കുന്നതെന്നതാണ് നിര്‍ഭാഗ്യകരമായ വസ്തുത. സിനിമ പോസ്റ്ററുകള്‍ ഒട്ടിച്ചും വാഹനങ്ങളില്‍ മൈക്കുവെച്ചു വിളിച്ചു പറഞ്ഞും നടത്തിയിരുന്ന പ്രചാരണവേലകളിലൂടെയും അവിടെ നിന്നു പിആര്‍ഒമാര്‍ കയ്യെഴുത്ത് പ്രതിയായി കൊണ്ടുപോയി കൊടുത്തിരുന്ന വാര്‍ത്തകളിലൂടെയും സിനിമാ മാസികകളില്‍ വരുന്ന കളര്‍ചിത്രം സഹിതമുള്ള റിപ്പോര്‍ട്ടുകളില്‍ കൂടിയും നടന്നിരുന്ന മാര്‍ക്കറ്റിംഗ് വിസ്മൃതിയിലാക്കി ഓണ്‍ലൈന്‍ പ്രമോഷനുകളിലേക്ക് എത്തിയതോടെയാണ് വലിയ കോലാഹലങ്ങള്‍ ഉണ്ടാക്കി സിനിമകളെ തീയേറ്റര്‍ വിജയമാകാന്‍ തുടങ്ങിയത്. ഒരു സിനിമയെ സ്വയം വിലയിരുത്താന്‍പോലും ഒരു പ്രേക്ഷകന് സാധ്യമാകാത്ത തരത്തില്‍ അവനു മുന്നിലേക്ക് എത്തുന്ന പ്രലോഭനസമമായ പ്രമോഷന്‍ വാര്‍ത്തകളും വീഡിയോകളും ഫോട്ടോകളും തീയേറ്റുകളിലേക്ക് പോകാന്‍ നിര്‍ബന്ധിക്കുകയാണ്. സിനിമയെന്നാല്‍ നേരംപോക്കിനുള്ള മാധ്യമം എന്നുമാത്രം ലക്ഷ്യമിട്ടു പടച്ചുണ്ടാക്കിയ ചിത്രങ്ങള്‍ ബോക്‌സ് ഓഫിസില്‍ സൂപ്പര്‍ ഹിറ്റുകളാകുന്നതിന് നമ്മളിപ്പോള്‍ സാക്ഷ്യം വഹിക്കുകയാണ്. വന്നുവന്നു ഓരോ മലയാളിയും സിനിമ നിരൂപകന്മാരായി. എഴുതുന്നത് നിരൂപണമാണോ വിമര്‍ശനമാണോ എന്നുപോലും തിരിച്ചറിയാത്തവര്‍. ഒരു പ്രേക്ഷകന്റെ ആസ്വാദനബോധത്തെ വെല്ലുവിളിക്കുന്ന ഇത്തരം പ്രമോഷനുകള്‍ക്ക് സോഷ്യല്‍ മീഡിയയാണ് നേതൃത്വം വഹിക്കുന്നതെന്ന ആക്ഷേപം നിലനില്‍ക്കെ തന്നെയാണ് മുഖ്യധാര മാധ്യമങ്ങള്‍ അവരുടെ ഓണ്‍ലൈന്‍ സ്‌പേസ് സമര്‍ത്ഥമായി ഉപയോഗിക്കാന്‍ തുടങ്ങിയത്. ഒരുപക്ഷേ ലോകത്ത് ഒരിടത്തും ഇല്ലാത്തവണ്ണം ഒരു സിനിമയുടെ ആദ്യപകുതിയുടെ റിവ്യു, രണ്ടാം പകുതി റിവ്യു എന്ന തരത്തിലൊക്കെ ആദ്യഷോ കഴിയുമ്പോള്‍ തന്നെ ആ സിനിമയെ നിരൂപിച്ചു കളയുന്ന ഭയങ്കരത്തരങ്ങള്‍ നമ്മുടെ പ്രധാനപ്പെട്ട മാധ്യമങ്ങള്‍ ചെയ്തു കൂട്ടുകയാണ്.

ഇതില്‍ പലതും പെയ്ഡ് സ്വഭാവമുള്ളതാണെന്നു മനസിലാക്കാന്‍ പൊലീസിന്റെ ഇന്ററോഗേഷനോ വക്കീലിന്റെ സ്‌പെക്യുലേഷനോ ആവശ്യമില്ല. രണ്ടു നേരം ചോറുണ്ണുന്നതിന്റെ സാമാന്യബുദ്ധി മതി. മുഖ്യധാര മാധ്യമങ്ങളുടെ ഈ കുഴലൂത്തുകളെ തിരിച്ചറിയാന്‍ മിനിമം ആസ്വാദനബോധം മാത്രം മാതിയെന്നിരിക്കെ തന്നെ വലിയൊരു വിഭാഗം പ്രേക്ഷകനെയും വഞ്ചിക്കാന്‍ ഈ മാധ്യമങ്ങള്‍ക്കു കഴിയുന്നുണ്ട് എന്നതാണ് വാസ്തവം. ഒരു സിനിമ റിലീസ് ചെയ്യുന്ന ദിവസം കോടികള്‍ ചെലവ് വരുന്ന ഫുള്‍പേജ് പരസ്യം നല്‍കുക, അതിന്റെ പ്രത്യുപകാരമെന്ന നിലയില്‍ സിനിമയെ എഴുതിയെഴുതി മഹത്വവത്കരിക്കുക; ഇതൊക്കെ സമീപദിവസങ്ങളില്‍ എല്ലാവരും കണ്ടുകൊണ്ടിരിക്കുകയാണല്ലോ. ആദ്യം റിവ്യു എഴുതി ആഘോഷിക്കുക, പിന്നീട് സിനിമയുമായി ബന്ധപ്പെട്ട് ഓരോരോ ഘടകങ്ങളെക്കുറിച്ച് അതിശയോക്തി കുത്തിനിറച്ച് എഴുതുക; ഇതൊക്കെകാണുമ്പോള്‍ ദീപസ്തംഭം മഹാശ്ചര്യം നമുക്ക് കിട്ടണം എന്ന തിയറി അല്ലാതെ മറ്റെന്താണ് ഓര്‍മയില്‍ വരിക?

ഇതിനെല്ലാം പുറമെയാണ് ഏതെങ്കിലും കോണില്‍ നിന്നും സിനിമയെ കുറിച്ച് വിമര്‍ശനം വന്നാല്‍ അതിനെ ഖണ്ഡിക്കാന്‍ സെപ്ഷ്യല്‍ കറസ്‌പോണ്ടര്‍മാരെ വച്ചു വീരേതിഹാസങ്ങള്‍ രചിക്കല്‍. കിട്ടുന്ന പണത്തിനു ജോലി ചെയ്യുക എന്നത് നല്ലതു തന്നെ. പക്ഷേ പത്തടിപൊക്കമുള്ള കട്ടൗട്ടിന്റെ തലയ്ക്കല്‍ കയറി നിന്നു പാലഭിഷേകം ചെയ്യുന്നവനെക്കാള്‍ വലിയ ഫാന്‍ ആകാന്‍ ശ്രമിക്കുന്ന റിപ്പോര്‍ട്ടറുടെ ചില വാവിട്ട വാക്കുകള്‍ വായിക്കുമ്പോള്‍ ഓക്കാനം വരുന്നുണ്ട്.

ന്യൂജനറേഷന്‍ എന്നാല്‍ കഞ്ചാവ് വലിക്കാരാണെന്നെഴുതി പിടിപ്പിക്കുന്ന കുടുംബമഹിമയുള്ള പത്രങ്ങള്‍ക്ക് ന്യൂജനറേഷന്‍ സിനിമക്കാരെ കൊഞ്ഞനം കുത്താനുള്ള അവസരമാണ് സൂപ്പര്‍ സ്റ്റാര്‍ ചിത്രത്തിന്റെ മഹാവിജയമെന്നു തോന്നുകയാണെങ്കില്‍ അതൊരുതരം ആവണക്കെണ്ണയില്‍ കടവിറങ്ങിയവന്റെ നയമാണെന്നെ പറയുന്നുുള്ളൂ. സിനിമയെന്നാല്‍ താരരാജാവ് മീശപിരിച്ചെഴുന്നുള്ളതാണെന്നും അത്തരം സിനിമകളാണ് യഥാര്‍ത്ഥ സിനിമയെന്നൊക്കെ എഴുതുവച്ചാല്‍ അതിനു താഴെ ലൈക്ക് ചെയ്യാന്‍ സാമാന്യബുദ്ധിയുള്ളവന്‍ വരില്ല.



മലയാളത്തില്‍ ഈയടുത്തായി എത്രയോ നല്ല സിനിമകള്‍ ഇറങ്ങി. പക്ഷെ തീയേറ്ററില്‍ പോയി കാണാന്‍ ആളില്ലാതെ അവയെല്ലാം സാമ്പത്തിക നഷ്ടങ്ങളായി മാറി. അവയെക്കുറിച്ചൊന്നും യാതൊരു ഉത്കണ്ഠയും കാണിക്കാതിരുന്നവരാണ്‌ ചരിത്രം എഴുതിയ സിനിമയെന്ന പേരില്‍ ഒരു സിനിമയെ വാനോളം വാഴ്ത്തുകയും അതിലെ നായകനുവേണ്ടി പേനകൊണ്ട് പടവെട്ടാന്‍ ഇറങ്ങിയിരിക്കുന്നതും. കൃതൃമത്വം നിറഞ്ഞ, സിനിമാറ്റിക് സാധ്യതകള്‍ മാത്രം ഉപയോഗിച്ച്, യുക്തിയോ വൈകാരികതയോ പേരിനുപോലും നിറയ്ക്കാത്ത, കൈകള്‍ക്കും വായിലെ നാക്കിനും മാത്രം പ്രചോദനം കൊടുക്കുന്ന, ഉള്‍ക്കാമ്പില്‍ ഒരു തുടിപ്പിനും അവസരമൊരുക്കാത്ത ഒരു സിനിമ, ചരിത്രം ആണെന്നൊക്കെ എഴുതിയാല്‍; ഇതെഴുതാന്‍ എത്ര കിട്ടി ചേട്ടാ എന്നേ തിരിച്ചു ചോദിക്കാന്‍ തോന്നുന്നുള്ളൂ.

അതും പോരാഞ്ഞിട്ടാണ്, രാജസദസിലെ വിദൂഷക പ്രശംസപോലെയുള്ള താരബിംബാരാധനയും. മാര്‍ലണ്‍ ബ്രാന്‍ഡോയും ഹീത്ത് ലെഡ്ജറും നമ്മുടെ സ്വന്തം സത്യനുമൊക്കെ സിനിമകള്‍ക്കുവേണ്ടി സഹിച്ച ത്യാഗവും വേദനയുമൊക്കെ അറിയാവുന്ന ശരാശരി പ്രേക്ഷകന്റെ മുന്നിലേക്ക് തൊണ്ടവേദന സഹിച്ചും അഭിനയിച്ചതും കയറില്‍ കെട്ടിത്തൂങ്ങിയാടിയതും പാമ്പിനോട് ഗുസ്തി പിടിച്ചതുമൊക്കെ സെന്റിമെന്റലായി പറഞ്ഞു വയ്ക്കുമ്പോള്‍ സ്വയം നാണം തോന്നിയില്ലേ? പഴയ ഗുരുവിനെ വഴിയില്‍ കണ്ടാലും കാലില്‍ പിടിക്കുന്നവര്‍ തന്നെയാണു തന്നെ രാജകുമാരനാക്കിയ സംവിധായകനോട് സിനിമയുടെ കഥ ആദ്യം തന്റെ ഡ്രൈവറോട് പറയാന്‍ നിര്‍ദ്ദേശിച്ചു പറഞ്ഞു വിട്ടതും. തെറ്റുകള്‍ മനുഷ്യസഹജമാണ്. അതുകൊണ്ടു തന്നെ ആരെയും ഒന്നും പറഞ്ഞു വേദനിപ്പിക്കാന്‍ താത്പര്യമില്ല. പക്ഷെ ഒന്നോര്‍ക്കണം, ഉറയ്ക്കാത്ത വിഗ്രഹങ്ങള്‍ ഉണ്ടാക്കാന്‍ നില്‍ക്കരുത്. ചെറിയ ഇളക്കം മതി മറിഞ്ഞു വീഴാന്‍.

വിമര്‍ശനം ഉണ്ടാവട്ടെ, അതുള്‍ക്കൊള്ളുന്നവനാണ് വിജയിക്കുന്നത്. താരങ്ങളെ ഇനിയും ഇങ്ങനെ ബിംബവത്കരിക്കാന്‍ ശ്രമിക്കാതിരിക്കുക. നല്ല സിനിമകളാണ് നമുക്ക് ആവശ്യം. നല്ല നടന്മാരും. അല്ലാതെ ബിഗ്ബഡ്ജറ്റ് സിനിമകളും താരരാജാക്കന്മാരുമല്ല. ചെറിയ സിനിമകളെയും പരീക്ഷണ ചിത്രങ്ങളെയും നിസാരവത്കരിക്കാതിരിക്കുക. അവയാണ് മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. നരിയുടേയും പുലിയുടേയും വേട്ടയാടലില്‍ അഭിരമിക്കുന്നത് നമുക്ക് ഇനി നിര്‍ത്താം. മാറ്റങ്ങളുടെ നല്ലകാലത്തിലേക്ക് എത്തിച്ചേരാനാണു മാധ്യമങ്ങളാണെങ്കിലും ചെയ്യേണ്ടത്. അല്ലാതെ അടിപണിയല്‍ നടത്തുകയല്ല.


Next Story

Related Stories