സിനിമ

ബോളിവുഡില്‍ കത്തിപ്പടര്‍ന്ന് ‘മീ ടൂ’; ഇടപെട്ട് ഹൃതിക് റോഷനും; ‘ഇത്തരക്കാര്‍’ക്കൊപ്പം ജോലി ചെയ്യാന്‍ വയ്യ

മോശം പെരുമാറ്റത്തില്‍ കുറ്റക്കാരനായ ഒരാള്‍ക്കൊപ്പം ജോലി ചെയ്യുകയെന്നത് അസാധ്യമാണെന്നും, കാര്യങ്ങള്‍ മനസിലാക്കി കൃത്യമായ നടപടിയെടുക്കാന്‍ ഞാൻ സൂപ്പര്‍ 30-ന്‍റെ നിര്‍മ്മാതാക്കളോട് അഭ്യര്‍ഥിക്കുകയാണെന്നും ഹൃത്വിക് ട്വീറ്റ് ചെയ്തു.

സിനിമ – മാധ്യമ മേഖലകളില്‍ ലൈംഗികചൂഷണത്തിന്‍റെയും അതിക്രമങ്ങളുടെയും വിളിച്ചുപറയലുമായി സ്ത്രീകള്‍ രംഗത്തെത്തിയതോടെ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുന്നത് ബോളിവുഡാണ്. ക്വീനിന്‍റെ സംവിധായകൻ വികാസ് ബഹലിനെതിരെ കങ്കണയടക്കമുള്ള നിരവധി പേരാണ് രംഗത്തു വന്നിരിക്കുന്നത്. ബോളിവുഡ് താരം നാനാ പടേക്കറിനെതിരെ നടി തനുശ്രീ ദത്ത നടത്തിയ വെളിപ്പെടുത്തലിന് പിറകെ ബോളിവുഡില്‍ നിന്നും കൂടുതല്‍ മീ ടു തുറന്നുപറച്ചിലുകള്‍ പുറത്തുവരുന്നുണ്ട്.

അടുത്തിടെ പിരിച്ചുവിട്ട സിനിമാ നിര്‍മാണ കമ്പനി ഫാന്റം ഫിലിംസിലെ അംഗവും പ്രമുഖ സംവിധായകനുമായ വികാസ് ബെഹലിനെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് ഫാന്റം ഫിലിംസിലെ മുന്‍ തൊഴിലാളിയായ യുവതി രംഗത്തു വന്നിരുന്നു. 2015-ല്‍ ബഹല്‍ ഗോവയിലെ ഒരു ഹോട്ടലില്‍ വച്ച് തന്നെ ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും, അതിനെപ്പറ്റി അനുരാഗ് കശ്യപിനോട് പരാതി പറഞ്ഞിരുന്നെന്നും, എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ലെന്നും യുവതി പറഞ്ഞതായി ‘ഹഫ് പോസ്റ്റ്’ ആണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ക്വീന്‍, ചില്ലര്‍ പാര്‍ട്ടി എന്നീ ദേശീയ പുരസ്‌കാരം ലഭിച്ച ചിത്രങ്ങളുടെ സംവിധായകനാണ് വികാസ് ബഹല്‍.

യുവതിയുടെ ആരോപണം പുറത്തുവന്നതിന്‍റെ തൊട്ടുപിറകെ ആരോപണം ശരിവച്ചുകൊണ്ട് ക്വീനിലെ നായിക കങ്കണ റാണത്തും രംഗത്തെത്തി. ക്വീനിന്‍റെ ചിത്രീകരണത്തിനിടെ സംവിധായകന്‍റെ ഭാഗത്ത് നിന്നും അസ്വസ്ഥത ഉളവാക്കുന്ന രീതിയിലുള്ള പെരുമാറ്റം തനിക്കു നേരെയും ഉണ്ടായിട്ടുണ്ടെന്ന് കങ്കണ പറയുന്നു. കാണുമ്പോഴൊക്കെ കെട്ടിപ്പിടിച്ച് അഭിവാദ്യം ചെയ്യാറുണ്ടായിരുന്ന സംവിധായകന്‍ കഴുത്തിലും മുടിയിലും മുഖം അമര്‍ത്താറുണ്ടായിരുന്നുവെന്നും, ബലം പ്രയോഗിച്ചുള്ള ആ ആലിംഗനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ തനിക്ക് ബലം പ്രയോഗിക്കേണ്ടിവന്നുവെന്നും കങ്കണ വെളിപ്പെടുത്തുന്നു. തന്‍റെ അനുഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് വികാസിനെതിരെ യുവതി ഉന്നയിച്ച ആരോപണം പൂര്‍ണമായും വിശ്വസിക്കുന്നത്. നേരത്തെയും യുവതിയെ താന്‍ പിന്തുണച്ചിരുന്നു. അതിന്‍റെ പേരില്‍ തനിക്ക് സിനിമയില്‍ അവസരങ്ങള്‍ നഷ്ടമായിട്ടുണ്ട്, കങ്കണ വ്യക്തമാകി.

യുവതിയുടെ ആരോപണം ശരിയാണെന്ന് സമ്മതിച്ച അനുരാഗ് കശ്യപ് അന്ന് വികാസ് ചെയ്തത് ഞെട്ടിപ്പിക്കുന്ന കാര്യമാണെന്നും തങ്ങള്‍ ആ പരാതി ശരിയായ രീതിയിലല്ല കൈകാര്യം ചെയ്തതെന്നും കുറ്റസമ്മതം നടത്തി. അതേസമയം വികാസിനെതിരെ ആരോപണവുമായി ക്വീനില്‍ അഭിനയിച്ച മറ്റൊരു നടിയായ അയാനി ദീക്ഷിതും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. സംവിധായകനെതിരെ യുവതി ഉന്നയിച്ച ആരോപണങ്ങള്‍ ഒരിക്കലും തെറ്റാവാന്‍ സാധ്യതയില്ലെന്നും, തനിക്കും അത്തരം അനുഭവം ഉണ്ടായിട്ടുണ്ടെന്നും അയാനി പറഞ്ഞു.
വികാസ് ബഹലിനെതിരെയുള്ള ആരോപണത്തില്‍ പ്രതികരണവുമായി ഹൃത്വിക് റോഷനും രംഗത്ത് എത്തിയിരിക്കുകയാണ്. വികാസ് ബഹല്‍ സംവിധാനം ചെയ്യുന്ന സൂപ്പര്‍ 30 എന്ന ചിത്രത്തിലാണ് അദ്ദേഹം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

യഥാര്‍ഥ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും മോശം പെരുമാറ്റത്തില്‍ കുറ്റക്കാരനായ ഒരാള്‍ക്കൊപ്പം ജോലി ചെയ്യുകയെന്നത് അസാധ്യമാണെന്നും, കാര്യങ്ങള്‍ മനസിലാക്കി കൃത്യമായ നടപടിയെടുക്കാന്‍ ഞാൻ സൂപ്പര്‍ 30-ന്‍റെ നിര്‍മ്മാതാക്കളോട് അഭ്യര്‍ഥിക്കുകയാണെന്നും ഹൃത്വിക് ട്വീറ്റ് ചെയ്തു.

എന്നാല്‍ ഈ ആരോപണങ്ങളുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ നിലപാടാണ് നടി സോനം കപൂറിനുള്ളത്. കങ്കണ ഒരു പാട് കാര്യങ്ങള്‍ പറയുന്നുണ്ടെങ്കിലും അതെല്ലാം ഗൌരവമായി എടുക്കാന്‍ പ്രയാസമാണ് എന്നാണ് സോനം പ്രതികരിച്ചത്. സോനത്തിന്‍റെ വാക്കുകളോട് ശക്തമായ ഭാഷയില്‍ കങ്കണയും പ്രതികരിച്ചു. ചില സ്ത്രീകളെ വിശ്വസിക്കാനും ചിലരെ വിശ്വസിക്കാതിരിക്കാനും സോനം കപൂറിന് ലൈസൻസ് ഉണ്ടോ എന്നും, എന്നെ അവിശ്വസിക്കാനുള്ള കാരണമെന്താണ് എന്ന് സോനം വ്യക്തമാകണമെന്നും കങ്കണ ആവശ്യപ്പെട്ടു. ‘ഞാൻ എന്‍റെ അച്ഛന്‍റെ പേരിലല്ല അറിയപ്പെടുന്നത്, പത്തുവർഷത്തിലേറെയുള്ള എന്‍റെ അധ്വാനത്തിലൂടെയാണ് ഞാൻ വിശ്വാസ്യത നേടിയെടുത്തത്’ കങ്കണ തുറന്നടിച്ചു.

ഫാന്‍റം ഫിലിം പ്രൊഡക്ഷന്‍സിന് പിന്നിലെ ഏഴ് സംവിധായകരില്‍ ഒരാളായിരുന്നു വികാസ് ബഹല്‍. 2011ല്‍ അനുരാഗ് കശ്യപ്, വിക്രമാദിത്യ മോട്ട്വനെ, മധു മന്‍റേന, വികാസ് ബഹല്‍ എന്നിവർ ചേർന്നാണ് കമ്പനി തുടങ്ങിയത്. ഫാന്‍റം പിരിച്ചുവിട്ടതിന് ശേഷമാണ് ആളുകള്‍ വികാസിനെതിരെ പരസ്യമായി രംഗത്തെത്താന്‍ തുടങ്ങിയത്.

ഹോളിവുഡില്‍ നിന്ന് ബോളിവുഡ് വഴി മുകേഷിലേയ്ക്ക്: #മീ ടൂ

എലിസയോട് മീ ടൂ എന്നു പറയുന്ന ഹോളിവുഡും പാര്‍വതിയെ ഫെമിനിച്ചിയാക്കുന്ന മോളിവുഡും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍