UPDATES

സിനിമ

മണികര്‍ണ്ണിക: നന്ദി കങ്കണ, ബാഹുബലിയിലെ രമ്യ കൃഷ്ണന്റെ അത്യുജ്വല പരകായപ്രവേശമൊന്നും ഇല്ലെങ്കിലും പദ്മാവതിലെ ദീപികയെ പോലെ ചളമായില്ല

കേവലം 29വയസ് വരെ ജീവിച്ച് ഇത്രയും ഇതിഹാസമാനങ്ങളുള്ള ഒരു ധീരവനിതാ ഇൻഡ്യാ ചരിത്രത്തിൽ ഉണ്ടായിരുന്നു എന്ന് അതേക്കുറിച്ച് അജ്ഞരായ ഒരു പുതുതലമുറയ്ക്ക് മനസിലാക്കിക്കൊടുക്കാൻ മണികർണിക എന്ന ബയോപിക്കിന് സാധ്യമാവുന്നുണ്ട്

ശൈലന്‍

ശൈലന്‍

ജീവിച്ചിരിക്കെത്തന്നെ ഇതിഹാസമായി മാറിയ അതിഗംഭീരജന്മമാണ് ജാൻസിയിലെ റാണി മണികർണിക എന്ന റാണി ലക്ഷ്മിഭായിയുടേത്. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്രസമരവുമായി ബന്ധപ്പെട്ട ചരിത്രത്താളുകളിലാണ് റാണിയുടെ അത്യുജ്വലപോരാട്ടങ്ങളുമായി ബന്ധപ്പെട്ട തിളക്കമേറിയ അധ്യായങ്ങൾ ഉള്ളതെങ്കിലും റാണി മണികർണിക ലക്ഷ്മി ദേവിയുടെ അവതാരം തന്നെയാണെന്ന് വിശ്വസിക്കുന്ന ഒറ്റനവധി ഇന്ത്യക്കാർ അന്നും ഇന്നും ഉള്ളതിനാൽ ഒരു സ്വാതന്ത്യ സമര സേനാനിയുടെ ബയോപിക് എന്നതിലുപരിയായി ഇതിഹാസമാനങ്ങളോടെ ആണ് പ്രേക്ഷകർ മണികർണിക എന്ന സിനിമയെ പ്രതീക്ഷിച്ചത്.

കൃഷ് എന്ന പേരിൽ നിരവധി തെലുങ്ക് സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള രാധാകൃഷ്ണ ജഗർലമുടി ആണ് കങ്കണ റണാവുട്ടിനെ നായികയാക്കി മണികർണിക എന്ന ബയോപിക് അനൗൺസ് ചെയ്ത് ഷൂട്ടിംഗ് തുടങ്ങിയത് എങ്കിലും പിന്നീട് അദ്ദേഹത്തിന് “എൻ ടി ആർ” എന്ന എൻ ടി രാമറാവുവിന്റെ ബയോപിക്കിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട ഷൂട്ടിംഗ് ക്ളാഷുകൾ വന്നതിനാൽ നായികയായ കങ്കണ തന്നെ സിനിമയുടെ സംവിധായികയുടെ കൂടി റോൾ ഏറ്റെടുത്ത് ചിത്രീകരണം പൂർത്തിയാക്കി തിയേറ്ററുകളിൽ എത്തിക്കുകയായിരുന്നു.

കാശിയിലെ ഒരു സാധാരണ ബ്രാഹ്മണകുടുംബത്തിൽ 1828ൽ മണികർണിക എന്ന പെൺകുട്ടി ജനിക്കുന്നതും 1857വരെ മാത്രം നീണ്ടു നിന്ന അവരുടെ ജീവിതം ബ്രിട്ടീഷുകാരുമായുള്ള പോരാട്ടത്തിൽ ഇരുപത്തിയൊന്പതാം വയസിൽ ത്രസിപ്പിക്കുന്ന മട്ടിൽ രക്തസാക്ഷിത്വമായി മാറുന്നതും തീർത്തും ലീനിയറായും ചരിത്രത്തോട് നീതി പുലർത്തും മട്ടിലുമാണ് മണികർണിക എന്ന സിനിമ വരച്ചിട്ടുന്നത്.

ബാഹുബലി സീരീസുകൾക്ക് സ്ക്രിപ്റ്റ് എഴുതിയിട്ടുള്ള കെ വിജയേന്ദ്രപ്രസാദ് തന്നെയാണ് മണികർണികയ്ക്കും സ്ക്രിപ്റ്റ് രചിച്ചിട്ടുള്ളതെങ്കിലും ബാഹുബലിയുടെ അതിഭാവുകത്വത്തിൽ നിന്നും തീർത്തും വിഭിന്നമായ ഒരു രചനാശൈലി ആണ് അദ്ദേഹം ഇവിടെ സ്വീകരിച്ചിരിക്കുന്നത്. സമാനമായ സന്ദര്‍ഭങ്ങളിലൂടെ ചിലപ്പോഴൊക്കെ കടന്നുപോവുന്നുണ്ടെങ്കിലും രാജമാതാ ശിവകാമി ദേവി സമ്മാനിച്ച ഒരു ത്രില്ലും സംത്രാസവും റാണി ലക്ഷ്മിഭായ് സ്ക്രീനിൽ സമ്മാനിക്കുന്നില്ല. അത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ആദ്യത്തേത് ഒരു ഫിക്ഷണൽ ക്യാരക്ടർ മാത്രമായിരുന്നല്ലോ എന്ന ഓർമ ഉത്തരം പറയുമ്പോൾ വിജയെന്ദ്രപ്രസാദിന്റെ യാഥാർഥ്യ ബോധത്തിന് അഭിനന്ദനമാവും.

അതേസമയം തന്നെ ചരിത്രത്തിൽ റാണിയെക്കുറിച്ച് വാഴ്ത്തിപ്പാടുന്ന പല അതിമാനുഷികതകളും സിനിമയിൽ മിനിമലായിട്ടാണ് കാണിച്ച് പോവുന്നത് എന്നത് നിരാശയും സമ്മാനിക്കും.

കേവലം 29വയസ് വരെ ജീവിച്ച് ഇത്രയും ഇതിഹാസമാനങ്ങളുള്ള ഒരു ധീരവനിതാ ഇൻഡ്യാ ചരിത്രത്തിൽ ഉണ്ടായിരുന്നു എന്ന് അതേക്കുറിച്ച് അജ്ഞരായ ഒരു പുതുതലമുറയ്ക്ക് മനസിലാക്കിക്കൊടുക്കാൻ മണികർണിക എന്ന ബയോപിക്കിന് സാധ്യമാവുന്നുണ്ട്. ബാക്കി കുറവുകൾ എല്ലാം അവഗണിക്കാവുന്നതേ ഉള്ളൂ. ഈ സ്ത്രീ വധിക്കപ്പെട്ടിട്ടില്ലായിരുന്നേൽ ഇൻഡ്യാചരിത്രം തന്നെ മറ്റൊന്നായിരുന്നെന്നു വിശ്വസിക്കുന്ന ഇന്ത്യക്കാർ മാത്രമല്ല ബ്രിട്ടീഷ് ചരിത്രകാരന്മാരും ഒരുപാടുണ്ടായിരുന്നു. അതിനാൽ ഇങ്ങനെയെങ്കിലും ഒരു ട്രിബ്യൂട്ട് ഈ തലമുറയ്ക്ക് മുന്നിൽ അത്യാവശ്യമായിരുന്നു താനും.

കങ്കണ തന്നെയാണ് മണികർണികയുടെ നട്ടെല്ല്. രമ്യ കൃഷ്ണൻ ശിവകാമിയിൽ ചെയ്തപോലെ അത്യുജ്വലമായ പരകായപ്രവേശമൊന്നും ഇവിടെ സാധിക്കുന്നില്ലെങ്കിലും പദ്മാവതിയിൽ ദീപിക ചെയ്തപോലെ ചളമാക്കാതിരുന്നതിന്ന് നന്ദി. ക്ളൈമാക്സ് രംഗത്തിൽ പ്രേക്ഷകന്റെ കണ്ണ് നിറഞ്ഞ് തുളുമ്പിക്കാൻ അതിന് മുൻപുള്ള കങ്കണയുടെ പ്രകടനം സഹായിക്കുന്നുവെങ്കിൽ അതിനെ മികച്ചത് എന്ന് തന്നെ രേഖപ്പെടുത്താം. അതുകഴിഞ്ഞ് നേരെ സ്‌ക്രീനിൽ ഡയക്ടഡ് ബൈ കങ്കണ റണാവുട്ട് എന്ന് കൂടി ആദ്യ ക്രെഡിറ്റായി തെളിഞ്ഞ് വരുമ്പോൾ അതിന്റെ ലെവൽ വേറെയാണ്.

(അപ്പോൾ കൃഷ് ആരായി എന്ന ചോദ്യം തൽക്കാലം വിഴുങ്ങുക)

ശൈലന്‍

ശൈലന്‍

കവി, സിനിമാ നിരൂപകന്‍. 8 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മഞ്ചേരി സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍