TopTop
Begin typing your search above and press return to search.

"മാവോയിസ്റ്റുകള്‍ ദൂരെ നിന്നും വെടിവെച്ചാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല"; ഉണ്ടയുടെ ചിത്രീകരണ അനുഭവങ്ങള്‍ പങ്കുവെച്ച് ഛായാഗ്രാഹകന്‍ സജിത് പുരുഷന്‍/അഭിമുഖം

മാവോയിസ്റ്റുകള്‍ ദൂരെ നിന്നും വെടിവെച്ചാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല; ഉണ്ടയുടെ ചിത്രീകരണ അനുഭവങ്ങള്‍ പങ്കുവെച്ച് ഛായാഗ്രാഹകന്‍ സജിത് പുരുഷന്‍/അഭിമുഖം

സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സിപി എന്ന പോലീസ് കഥാപാത്രമായി മമ്മൂട്ടി എത്തിയ ഉണ്ട മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്. റിയലസ്റ്റിക് മോഡില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സജിത് പുരുഷനാണ്. ചിത്രീകരണ അനുഭവങ്ങൾ അനു ചന്ദ്രയുമായി പങ്കുവെക്കുകയാണ് സജിത്.

'ഉണ്ട' യുടെ ഛായാഗ്രാഹകനായി എത്തിയത്

ഷൈജു ഖാലിദ് ഉസ്താദ്‌ ഹോട്ടലിൽ വർക്ക് ചെയ്തിരുന്ന സമയത്ത് ആളുടെ അസിസ്റ്റന്റ് ആയി ഞാൻ വർക്ക് ചെയ്തിരുന്നു. അതേ ചിത്രത്തില്‍ തന്നെ ആയിരുന്നു ഉണ്ടയുടെ സംവിധായകൻ ഖാലിദ് റഹ്മാൻ ആദ്യമായി അസിസ്റ്റന്റ് ആകുന്നതും. ഞങ്ങള്‍ സുഹൃത്തുക്കളാകുന്നത് ആ സെറ്റില്‍ വെച്ചാണ്. പിന്നെ ജിഷിം ഖാലിദ്, ഷൈജു ഖാലിദ്‌, ഖാലിദ് റഹ്മാൻ- ഈ മൂന്നു സഹോദരന്മാർക്കും ഒപ്പം മിക്കപ്പോഴും ഞാൻ ഉണ്ടാകാറുണ്ടായിരുന്നു. അതിൽ തന്നെ ജിംഷി ആദ്യമായി ക്യാമറ അസിസ്റ്റന്റ്സ് ആയ ഡാ തടിയ സിനിമയിൽ ഞാനും ഉണ്ടായിരുന്നു. അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിൽ ഞാൻ ജിംഷിയുടെ അസോസിയേറ്റ് ആയി വർക്ക് ചെയ്തിരുന്നു. അതിന്റെ സംവിധായകൻ ഖാലിദ് റഹ്മാൻ ആയിരുന്നു. അത്തരത്തിൽ ഉള്ള പരിചയം മുൻപേ ഉണ്ടായിരുന്നതുകൊണ്ട് തന്നെ ഉണ്ട ടീം എനിക്ക് ഒട്ടും അപരിചിതമായിരുന്നില്ല.

ഛത്തീസ്ഗഡിലെ ചിത്രീകരണ ദിവസങ്ങള്‍

നമുക്ക് ഒട്ടുമേ പരിചിതമല്ലാത്ത ഒരു കാലാവസ്ഥയാണ് ഉത്തരേന്ത്യയിലൊക്കെ. അസഹനീയമായ വെയിലാണ് പ്രധാന പ്രശ്‌നം. തുടക്കം മുതൽക്കേ സിനിമ ചിത്രീകരിക്കേണ്ട വിധത്തെ കുറിച്ച് എനിക്ക് കൃത്യമായ ഒരു ധാരണ ഉണ്ടായിരുന്നു. 'റിയലിസ്റ്റിക്.' അതാണ് നമുക്ക് ആവിശ്യം. സാധാരണഗതിയിൽ റിയലിസ്റ്റിക് ആയി ഷൂട്ട് ചെയ്യുക എന്നൊക്കെ പറയാൻ വളരെ എളുപ്പമാണ്. എന്നാൽ ഒരു ക്യാമറമാനെ സംബന്ധിച്ചിടത്തോളം ഏറ്റവും ബുദ്ധിമുട്ട് എന്ന് പറയുന്നത് തന്നെ ഇത്തരത്തിൽ റിയലിസ്റ്റിക് ആയി ഷൂട്ട് ചെയ്യുക എന്നതാണ്. ഷൂട്ട് ചെയ്യേണ്ടത് എന്താണോ അത് particular സമയത്തിനുള്ളിൽ തന്നെ നമുക്ക് ഷൂട്ട് ചെയ്ത് തീർക്കണം, അതിന് വേണ്ടി മമ്മുക്കയെ വെയിലത്തു നിർത്തി ഷൂട്ട് ചെയ്യുക എന്നതൊക്കെ അല്പം വിഷമം ഉണ്ടാക്കുന്ന ഒരു പണിയായിരുന്നു. ഗ്യാങ്സ്റ്റർ മൂവിയിൽ ഞാൻ അസോസിയേറ്റ് ആയി വർക്ക് ചെയ്തിരുന്ന സമയത്ത് അതിലൊന്നും ഒരിക്കൽ പോലും അദ്ദേഹത്തെ വെയിലത്തു നിർത്തി ഷൂട്ട് ചെയ്തതായ സംഭവം കണ്ടിട്ടില്ല. മമ്മുക്ക വെയിലിനെ കാര്യമായ പ്രശ്നം ആക്കാത്ത വിധത്തിൽ തന്നെ നമ്മളോട് സഹകരിച്ചു.

ജാഗ്രതയോടെ വനമേഖലയിലേക്ക്

നമ്മൾ ഷൂട്ടിനായി പോകുന്ന സമയത്ത് പോകുന്ന ഇടം, ഛത്തീസ്ഗഡിലെ ബസ്തർ വനമേഖല, തുടങ്ങി ഓരോന്നിന്റെയും ഗൗരവം എത്രമാത്രം ഉണ്ടെന്നതിൽ വാസ്തവത്തിൽ എനിക്കും ഖാലിദ് റഹ്മാനും ഹർഷാദ് ഇക്കക്കും മാത്രമായിരുന്നു വ്യക്തമായ ബോധ്യം ഉണ്ടായിരുന്നത്. ഷൂട്ടിന് പോകുന്ന സമയത്ത് നമുക്ക്‌ ഒപ്പം ഉള്ള ആളുകൾക്ക് ഇടയിൽ യാതൊരു വിധത്തിലുള്ള ഭയവും ഞങ്ങളായിട്ട് ഉണ്ടാക്കാതിരിക്കാനായി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അവിടത്തെ ലൈൻ പ്രൊഡ്യൂസർ ആയിരുന്ന കീരേന്ദ്രൻ എന്ന വ്യക്തി മുഖേന ആണ് നമ്മൾ അവിടെ പോയി ഷൂട്ട് ചെയ്യുന്നത്. ആ സമയങ്ങളിൽ നമ്മൾ വളരെ പേർസണൽ ആയി ആളോട് ചോദിക്കുമായിരുന്നു മാവോയിസ്റ്റുകൾ വന്നാൽ നമ്മൾ എന്ത് ചെയ്യുമെന്ന്. അതിനുള്ള അദ്ദേഹത്തിന്റെ ഉത്തരം ഇങ്ങനെയായിരുന്നു."മാവോയിസ്റ്റുകൾ അടുത്തു വന്നു സംസാരിച്ചാൽ ഞാൻ സംസാരിച്ചു ഡീൽ ചെയ്തോളാം, ദൂരെ നിന്നും അവർ വെടി വെച്ചാൽ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല". സത്യത്തിൽ അതുതന്നെയാണ് അവിടത്തെ അവസ്ഥ. ആ സിനിമയിൽ കാണുന്ന പോലെ ഓരോ മുക്കിലും മൂലയിലുമായി രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഇടവിട്ടു ഇരിക്കുന്ന ITBP ഓഫിസർമാർ ഒക്കെ അവിടത്തെ സ്ഥിരം കാഴ്ചയാണ്. ആ സിനിമക്ക് അകത്തു കാണിക്കുന്ന ഒരു രംഗം ഉണ്ട്, മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയ ആളുകളുടെ ഫോട്ടോകൾ ചേർത്ത് വെച്ചു ഉണ്ടാക്കിയ ഒരു പോസ്റ്റർ. അത്തരത്തിൽ ഉള്ള പോസ്റ്റർ ഒക്കെ അവിടെ ഓരോ ക്യാമ്പിന്റെ മുൻപിലും യഥാർത്ഥത്തിൽ കാണാം. പക്ഷെ ഇത്തരം സാഹചര്യത്തിനിടയിലും ട്രൈബൽസ് ആ ആവാസവ്യവസ്ഥയുമായി ഇഴുകി ചേർന്ന് ജീവിക്കുന്നത്‌ വളരെ അതിശയത്തോടെ ഞങ്ങൾ കണ്ടു നിന്നിട്ടുമുണ്ട്.

ഒരു നാടിന്റെ സഹകരണം

ടൂറിസ്റ്റുകൾ അങ്ങനെ ചെല്ലാത്ത ഇടമാണ് ഈ പറഞ്ഞ ബസ്തറും, വനമേഖലയും ഒക്കെ. അതുകൊണ്ട് തന്നെ ആ നാടിന് അതിന്റെതായ ഒരു വൃത്തിയും ഉണ്ട്. മനുഷ്യൻ ചവിട്ടിമെതിച്ച നടപ്പാതകൾ പോലും അവിടെങ്ങും ഇല്ല. ഞങ്ങൾ ആദ്യമായി അവിടെ ഷൂട്ടിന് ചെന്ന സമയത്ത് അവിടെത്തെ കലക്ടർ നമുക്ക് ഒരു ഡിന്നർ വരെ തന്ന അനുഭവം ഉണ്ടായിട്ടുണ്ട്. അതിന്റെ കാരണം പോലും ഇങ്ങനെയാണ്, ഷൂട്ടിന് എന്നല്ല, ഒരു രീതിയിൽ പോലും ആളുകൾ അങ്ങോട്ട് എതിപ്പെടുന്നില്ല എന്നത് തന്നെ. അത്രമാത്രം ഭയമാണ് ആളുകൾക്ക് അവിടം. എല്ലാത്തിലും ഉപരി ഛത്തീസ്ഗഡിന്റെ ഭൂപ്രകൃതി ആളുകളിലേക്ക് എത്തിക്കണം എന്ന് അവിടത്തുകാരും വല്ലാതെ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സബ്സിഡി പോലുള്ള ഓപ്‌ഷൻ പോലും അവർ നമുക്ക് മുൻപിൽ വെച്ചിട്ടുണ്ട്. ഈ സിനിമ ചെയ്യാൻ ഇത്ര ശതമാനം സബ്സിഡി അവിടത്തെ സര്‍ക്കാര്‍ തന്നെ നമുക്ക് തരാം എന്നൊക്കെ പറഞ്ഞിട്ടുണ്ടായിരുന്നു. എല്ലാത്തിലും ഉപരി ഏത് നല്ല ട്രൈബൽ ഊരിൽ പോയാലും നല്ല പച്ചയായ സ്നേഹമുള്ള മനുഷ്യരെ കാണാൻ പറ്റും. അതുപോലെ തന്നെയാണ് അവിടെയും.

നേരിട്ട പ്രതിസന്ധികൾ

വനമേഖലയിൽ ഷൂട്ട് ചെയ്യുമ്പോൾ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി 9 പോലീസുകാരും ഉപയോഗിച്ച തോക്കിനെ ഓർത്തായിരുന്നു. ഈ കാട്ടിലൂടെ ഇവർ പോലീസ് യൂണിഫോമിൽ ഡമ്മി തോക്കുമായി നടന്നു പോകുമ്പോൾ ഏറെ കഴിഞ്ഞാണ് നമ്മൾ ചിന്തിക്കുന്നത് കൈയിൽ ഇരിക്കുന്ന തോക്ക് ഡമ്മി ആണെന്നോ, ഇവർ ആര്‍ട്ടിസ്റ്റുകൾ ആണെന്നോ ഒരിക്കലും ആരും പറയില്ലല്ലോ എന്ന് അല്ലെങ്കിൽ തിരിച്ചറിയില്ലല്ലോ എന്ന്. നമ്മൾ വെടിയുണ്ടകളുമായി ഇവിടന്നു പോകുന്ന സമയത്ത് എയർപോർട്ടിൽ വെച്ചു പിടിച്ചിരുന്നു. കാരണം നമ്മളുടെ ആർട്ട് ഡയറക്ടർ ഉണ്ടാക്കിയിരിക്കുന്ന വെടിഉണ്ടക്ക് ഒറിജിനലിനേക്കാൾ പെര്‍ഫെക്ഷൻ ആയിരുന്നു എന്നതുതന്നെ. അതുപോലെ അത്രയും പെര്‍ഫെക്റ്റ് ആയ തോക്കുമായി പോകുന്നത് പോലും വാസ്തവത്തിൽ വളരെ അപകടകരമായിരുന്നു.

ഈശ്വരി റാവു, ഓംകാർ ദാസ് മാണിക്പുരി

മമ്മുക്കയുടെ നായിക ആവാൻ ആരാണ് സാധ്യത/യോഗ്യത എന്ന തരത്തിൽ ഈ സിനിമയിലെ നായികയെ കുറിചും എല്ലാവരും തുടക്കം മുതലേ ചിന്തിച്ചിരുന്നു. ആ സമയത്ത് പലരും പല ഓപ്‌ഷനും പറഞ്ഞു. ജലജ, ഭാനുപ്രിയ തുടങ്ങി പല പേരുകളും പലരിൽ നിന്നായി വന്നു. അങ്ങനെയിരിക്കെ ഞാൻ ഈശ്വരി റാവുവിന്റെ കാര്യം ഖാലിദിനോട് പറഞ്ഞപ്പോൾ ഖാലിദ് പറഞ്ഞു അത് ആളുടെ മനസിലും ഉണ്ടായിരുന്നു, പക്ഷെ മമ്മുക്കയോട് പറഞ്ഞപ്പോ അദ്ദേഹം അത് വേണ്ട എന്നു പറഞ്ഞെന്ന്. പക്ഷേ ഒരു ഘട്ടം കഴിഞ്ഞപ്പോൾ മമ്മുക്ക ഖാലിദിനോട് ഇങ്ങോട്ട് പറഞ്ഞു നിങ്ങൾ പറഞ്ഞ പൊളിറ്റിക്സ് വെച്ചു നമ്മുടെ നായിക ഈശ്വരി റാവു കറക്റ്റ് ആകുമെന്ന്. അങ്ങനെയാണ് അവരിലേക്ക് എത്തുന്നത്. പിന്നെ ഓംകാർ ദാസ് മാണിക്പുരി ഷൂട്ട് കഴിഞ്ഞ ശേഷം ഹൽബി ഗാനമൊക്കെ അവതരിപ്പിക്കുമായിരുന്നു. മമ്മുക്ക ചെയ്യുന്ന മണികണ്ഠൻ എന്ന കഥാപാത്രം ഒരു താഴ്‌ന്ന ജാതിക്കാരൻ ആണെന്ന് എവിടെയും പറഞ്ഞിട്ടില്ല. സിനിമ കണ്ട എത്ര പേർക്ക് മണികണ്ഠൻ താഴ്ന്ന ജാതിക്കാരൻ ആണെന്ന് മനസിലായി കാണും എന്നുമറിയില്ല. മമ്മുക്കയോട് കഥ പറയുന്ന സമയത്തു നമ്മൾ പറഞ്ഞത് മണികണ്ഠൻ ഒരു സാധാരണക്കാരൻ മാത്രമാണ് എന്നാണ്. അതിനപ്പുറം അയാളുടെ ജാതി ഒന്നും വിശദീകരിച്ചിട്ടില്ല. നാട്ടിൽ ഭാര്യ കഥാപാത്രം അപ്പുകുട്ടന്റെ പിറന്നാൾ കാര്യം പറയുമ്പോൾ അവർ പറയുന്നുണ്ട് അപ്പുക്കുട്ടനോട് thank you പറയെടാ എന്ന്. ആ ഷോട്ടിൽ അയ്യൻകാളിയുടെ ഒരു പടം നമ്മൾ ഫ്രയിമിൽ വെച്ചിട്ടുണ്ട്. അത്രയും സിംപിൾ ആയാണ് നമ്മൾ അത് പറഞ്ഞു പോയത്. ഒരു സന്ദർഭത്തിൽ മമ്മുക്ക ലൊക്കേഷനിൽ വെച്ചു ലുക്ക്മാനുമായി സംസാരിച്ചപ്പോൾ തമാശക്ക് പറഞ്ഞു " ഈ സിനിമയിൽ ഞാനും നീയും ഒരേ ജാതിയാണ്"എന്ന്. നമ്മൾ കഥ പറയുമ്പോൾ പോലും അദ്ദേഹത്തോട് മണികണ്ഠൻ സാധാരണക്കാരൻ മാത്രമാണ് എന്നാണ് പറഞ്ഞത്. അയാളുടെ ജാതി പറഞ്ഞിട്ടില്ല.എന്നിട്ടു പോലും ആൾക്ക് അത് മനസിലായി എന്നത് അത്ഭുതമാണ്.

ന്യൂട്ടൻ സിനിമക്കും ഉണ്ട സിനിമക്കും ഉള്ള ചില പൊതുസ്വഭാവങ്ങൾ

ഉണ്ട പ്ലാൻ ചെയ്യുന്നത് ന്യൂട്ടൻ സിനിമക്കും ഒക്കെ മുമ്പേയാണ്. ന്യൂട്ടൻ സിനിമ വന്നപ്പോൾ എന്റെ മനസിൽ വന്നത് ഇത് ഞങ്ങൾ പ്ലാൻ ചെയ്ത സഭവം ആണല്ലോ എന്നാണ്. പല കലാസൃഷ്ടികളും ഒന്നിനോട് ഒന്ന് അടുക്കും ചിലപ്പോൾ. ന്യൂട്ടൻ പറയുന്നത് ഇലക്ഷൻ ഓഫിസർമാർ എത്തുന്ന കഥയാണ്. ഞങ്ങൾ പറയാൻ ശ്രമിച്ച അവിടത്തെ ആളുകളുടെ പൊളിറ്റിക്സ് തന്നെയാണ് ന്യൂട്ടനും പറഞ്ഞത്. പക്ഷെ എനിക്ക് കുറച്ചു കൂടി ഇഷ്ടം ഉണ്ട ആണ്. കാരണം നമ്മുടെ കേരള പൊലീസിന്റെ റിയലിസ്റ്റിക് മൂഡിലേക്ക് ഫസ്റ്റ് ഹാഫ് കൃത്യമായി എത്തിക്കാൻ ഉണ്ടക്ക് സാധിച്ചു എന്നത് തന്നെ.

നിരവധി താരങ്ങളുടെ 'ഉണ്ട'

വാസ്തവത്തിൽ ഖാലിദ് റഹ്മാൻ എന്ന സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ എല്ലാവർക്കും താൽപ്പര്യം ഉണ്ടായിരുന്നു. അർജുൻ ആയാലും ഷൈൻ ആയാലും ലുക്ക്മാൻ ആയാലും എല്ലാവർക്കും തന്നെ അങ്ങനൊരു താല്പര്യത്തോടെയാണ് ഭാഗമായത്. ഇവരൊക്കെ അഭിനയ മോഹവുമായി നടക്കുന്ന കാലം മുതൽക്കേ ഉള്ള സൗഹൃദം ആണ്. എനിക്ക് ഈ സിനിമ ചെയുമ്പോൾ ഉള്ള സന്തോഷം പോലും കൂട്ടായ്മയുടെ ഒരുമ ആണ്. ഷൈൻ വെയിലത്തു നിന്നു തൊപ്പി ഊരി വീണ്ടും വെക്കുന്ന രംഗം ഒക്കെ ഉണ്ട്. അതൊന്നും ആള്‍ക്ക് ആരും പറഞ്ഞു കൊടുത്തല്ല. അവിടത്തെ സാഹചര്യത്തിൽ വളരെ സ്വാഭാവികമായി വന്നു പോകുന്ന ഒന്നാണ് അത്. അതിൽ ലുക്ക്മാൻ എന്ന നടന്റെ കാര്യം ആണ് എടുത്തു പറയേണ്ടത്. ബിജു എന്ന കഥാപാത്രം ആണ് ലുക്ക്മാൻ ചെയ്‌തത്. ബിജു എന്ന കഥാപാത്രം തൊഴിൽ നിർത്തുന്നതിനെ കുറിച്ച് സഹപ്രവർത്തകരോട് പറയുന്ന സീൻ ഉണ്ട്. ആ സീൻ എടുക്കുമ്പോൾ എല്ലാവരും വളരെ നിശബ്ദമായി പോയി. സെറ്റിൽ ഒരു മൊട്ടു സൂചി വീണാൽ പോലും കേൾക്കും എന്ന തരത്തിൽ ഉള്ള അത്രയും നിശ്ശബ്ദത. കാരണം അതുപോലെ ഗംഭീരമായിരുന്നു അയാളുടെ പെർഫോമൻസ്. അത്രത്തോളം ഉള്ളിൽ തട്ടി തന്നെയാണ് ലുക്ക്മാൻ അത് പറഞ്ഞത്.

സിനിമകൾ, വിശേഷങ്ങൾ

ടീം 5, കളി, ഒരു നക്ഷത്രമുള്ള ആകാശം ഇവയാണ് ഞാൻ മുൻപ് ചെയ്തത്. 14 വർഷമായി ഞാൻ ഇൻഡസ്ട്രിയിൽ. അതിൽ ഒരു ബ്രെയ്ക്ക് തന്നത് തീർച്ചയായും ഉണ്ടയാണ്.

Read More: തുളച്ചുകയറുന്ന രാഷ്ട്രീയ വെടിയുണ്ട


Next Story

Related Stories