TopTop

MeToo പ്രതിഷേധങ്ങള്‍ കാന്‍ ചലചിത്ര മേളയെ മാറ്റിയോ? തീവ്ര വലതുപക്ഷക്കാരനായ ഫ്രഞ്ച് നടന്‍ അലെയ്ന്‍ ഡിലോണിനെ ആദരിച്ചതിനെതിരെ സ്ത്രീകളുടെ പ്രതിഷേധം

MeToo പ്രതിഷേധങ്ങള്‍ കാന്‍ ചലചിത്ര മേളയെ മാറ്റിയോ? തീവ്ര വലതുപക്ഷക്കാരനായ ഫ്രഞ്ച് നടന്‍ അലെയ്ന്‍ ഡിലോണിനെ ആദരിച്ചതിനെതിരെ സ്ത്രീകളുടെ പ്രതിഷേധം
കഴിഞ്ഞ മാസം 72ാമത് കാന്‍ ചലച്ചിത്രോത്സവത്തിലെ സിനിമകളുടെ ലൈന്‍ അപ്പ് ഫെസ്റ്റിവല്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ തിയറി ഫ്രെമോക്‌സ് അവതരിപ്പിച്ചപ്പോള്‍ അതില്‍ പ്രധാനപ്പെട്ട ഒരു പേര് ഇല്ലാതിരുന്നത് ശ്രദ്ധേയമായി. ക്വെന്റെന്‍ ടറന്റിനോയുടെ 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്' ആയിരുന്നു അത്. സമയപരിധിക്കുള്ളില്‍ സമര്‍പ്പിക്കാത്തതിനാലാണ് ഇത് സംഭവിച്ചത് എന്ന് തിയറി ഫ്രെമോക്‌സ് പറഞ്ഞു. എന്നാല്‍ 1960കളില്‍ ഹോളിവുഡിനെ നടുക്കിയ മാന്‍ഷന്‍ കൊലപാതകങ്ങളെക്കുറിച്ച് പറയുന്ന വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് അവസാനം കാന്‍ മേളയ്‌ക്കെത്തി.

സംവിധായകന്‍ റൊമാന്‍ പൊളാന്‍സ്‌കിയുടെ ഭാര്യയായിരുന്ന ഷാരോണ്‍ ടെയ്‌ലിന്റെ കൊലപാതകമടക്കം പറയുന്നുണ്ട് സിനിമയില്‍. വയലന്‍സിന്റെ അതിപ്രസരം ടറന്റിനോ സിനിമകളുടെ പ്രത്യേകതയാണ്. പൊളാന്‍സ്‌കിക്കെതിരായ 1977ലെ ലൈംഗിക പീഡന കേസ് സംബന്ധിച്ച് ടറന്റിനോ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. കില്‍ ബില്‍ സിനിമയുടെ ചിത്രീകരണത്തിനിടെ തന്നെ ലൈംഗികമായി ടറന്റിനോ അതിക്രമിച്ചു എന്ന് നടി യൂമ തര്‍മാന്‍ ആരോപിച്ചിരുന്നു. ആ സംഭവത്തില്‍ ടറന്റിനോ പിന്നീട് മാപ്പ് പറഞ്ഞു.

അതേസമയം വനിത സംവിധായകരെ അവഗണിക്കുന്നു എന്ന പരാതി പരിഹരിക്കാനും മേളയുടെ സംഘാടകര്‍ ഇത്തവണ ശ്രമിച്ചിട്ടുണ്ട്. നാല് വനിത സംവിധായകര്‍ ഇത്തവണ തങ്ങളുടെ സിനിമകളുമായി കാന്‍ മത്സര വേദിയിലുണ്ട്.

കഴിഞ്ഞ കാന്‍ മേളയിലേതിനേക്കാള്‍ ഇത്തവണ സ്ത്രീ പ്രാതിനിധ്യം മെച്ചപ്പെടുത്തി ലിംഗവിവേചനം സംബന്ധിച്ച പരാതിക്ക് പരിഹാരം കാണും എന്ന് തിയറി ഫ്രീമോക്‌സ് പറഞ്ഞിരുന്നു. അതേസമയം 21 വനിതാസംവിധായകരാണ് എന്‍ട്രിക്കായി എത്തിയിരുന്നത്. ഇതില്‍ നാല് പേരുടെ സിനിമകള്‍ മാത്രമാണ് മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തത്. മാറ്റി ഡിയോപ് (അറ്റ്‌ലാന്റിക്), ജെസീക്ക ഹോസ്‌നര്‍ (ലിറ്റില്‍ ജോ), സെലീന്‍ സിയാമ്മ (പോര്‍ട്രെയിറ്റ് ഓഫ് എ ലേഡി ഓണ്‍ ഫയര്‍), ജസ്റ്റിന്‍ ട്രയ്റ്റ് (സിബില്‍) എന്നിവരാണ് നാല് സംവിധായകര്‍. വനിതാചലച്ചിത്രപ്രവര്‍ത്തകര്‍ ഇതില്‍ അതൃപ്തി രേഖപ്പെടുത്തി. ഓരോ വര്‍ഷവും ഓരോ ഒഴിവുകഴിവുകള്‍ സംഘാടകര്‍ മുന്നോട്ടുവയ്ക്കുന്നത് പതിവാണ് എന്ന് വിമന്‍ ആന്‍ഡ് ഹോളിവുഡ് കാംപെയിന്‍ ഗ്രൂപ്പിലെ മെലീസ സില്‍വര്‍സ്റ്റീന്‍ ദ ഗാര്‍ഡിയനോട് പറഞ്ഞു.

അതേസമയം തീവ്ര വലതുപക്ഷക്കാരനായ ഫ്രഞ്ച് നടന്‍ അലെയ്ന്‍ ഡിലോണിന് പാം ഡി ഓര്‍ പുരസ്‌കാരം നല്‍കാനുള്ള തീരുമാനം വലിയ പ്രതിഷേധത്തിനിടയാക്കി. അലെയ്ന്‍ ഡിലോണിനെ ആദരിക്കുന്നതിലൂടെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരകളാകുന്ന സ്ത്രീകളെ അപമാനിക്കുകയാണ് കാന്‍ ചെയ്തിരിക്കുന്നത് എന്ന് ഫ്രഞ്ച് ഫെമിനിസ്റ്റ് സംഘടനയായ ഒസസ് ലെ ഫെമിനിസ്‌മെ കുറ്റപ്പെടുത്തി. ഇത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. അതേസമയം സമാധാനത്തിനുള്ള നോബല്‍ സമ്മാനമൊന്നുമല്ല ഡിലോണിന് കൊടുക്കുന്നത് എന്നും ഇക്കാലത്ത് രാഷ്ട്രീയ ശരി നോക്കാതെ പുരസ്‌കാരം നല്‍കിയാല്‍ പ്രശ്‌നമാകുമെന്ന നിലയാണുള്ളതെന്നും തിയറി ഫ്രീമോക്‌സ് പറഞ്ഞു.

ലിംഗം നോക്കി ഫെസ്റ്റിവലിലേയ്ക്കുള്ള സിനിമകള്‍ തിരഞ്ഞെടുക്കാന്‍ കഴിയില്ല. സ്ത്രീയാണ് സംവിധാനം ചെയ്തത് എന്നതുകൊണ്ട് സിനിമ ഫെസ്റ്റിവലിലേയ്ക്ക് തിരഞ്ഞെടുക്കാന്‍ പറ്റില്ല. സിനിമയുടെ നിലവാരം തന്നെയാണ് പ്രശ്‌നം. അര്‍ഹതയുള്ള സിനിമകള്‍ തിരഞ്ഞെടുക്കാതിരിക്കാവില്ല. ഫ്രെമോസ് പറഞ്ഞു. അതേസമയം ജൂറിയിലും സെലക്ഷന്‍ കമ്മിറ്റിയിലും സ്ത്രീപ്രാതിനിധ്യം മെച്ചപ്പെടുത്തി. കാന്‍ ബോര്‍ഡ് ഓഫ് ഫെസ്റ്റിവല്‍ മാനേജ്‌മെന്റ്, പ്രോഗ്രാമിംഗ് ടീമുകള്‍. മത്സരവിഭാഗം ജൂറിയില്‍ തുല്യനിലയിലാണ് സ്ത്രീ-പുരുഷ പ്രാതിനിധ്യം.

Read More: തൊട്ടപ്പന്‍ പറയുന്നത് സ്നേഹത്തിന്റെ രാഷ്ട്രീയമാണ്; സംവിധായകൻ ഷാനവാസ് കെ. ബാവക്കുട്ടി/അഭിമുഖം

Next Story

Related Stories