TopTop
Begin typing your search above and press return to search.

തെലുഗ് സിനിമയെ പിടിച്ചു കുലുക്കി കാസ്റ്റിംഗ് കൗച്ച്; പ്രമുഖ സംവിധായകനെതിരേ നടി ശ്രീ റെഡ്ഡി

തെലുഗ് സിനിമയെ പിടിച്ചു കുലുക്കി കാസ്റ്റിംഗ് കൗച്ച്; പ്രമുഖ സംവിധായകനെതിരേ നടി ശ്രീ റെഡ്ഡി

കാസ്റ്റിംഗ് കൗച്ച് ആരോപണങ്ങളാല്‍ തെലുഗ് സിനിമ ലോകത്തെ പിടിച്ചു കുലുക്കി നടി ശ്രീ റെഡ്ഡി. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് തെലുഗ് ഇന്‍ഡസ്ട്രിയില്‍ കാസ്റ്റിംഗ് കൗച്ച് ശക്തമായി നിലനില്‍ക്കുന്നുവെന്ന ആക്ഷേപം ശ്രീ റെഡ്ഡി ഉയര്‍ത്തിത്. നേരത്തെ നടി രാകുല്‍ പ്രീത് സിംഗ് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ തെലുഗില്‍ കാസ്റ്റിംഗ് കൗച്ച് രീതി ഇല്ലെന്നും തനിക്ക് ഒരിക്കലും മോശമായ ഒരനുഭവവും തെലുഗില്‍ നിന്നും ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലെന്നും പറഞ്ഞതിനെ എതിര്‍ത്തും ശ്രീ റെഡ്ഡി രംഗത്തു വന്നിരുന്നു. കാസ്റ്റിംഗ് കൗച്ച് എന്നത് പച്ചയായ യാഥാര്‍ത്ഥ്യമാണെന്നും നടിമാരെ കാസ്റ്റിംഗ് കൗച്ചിന് നിര്‍ബന്ധിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്യുന്ന സിനിമാക്കാരുടെ പേരുകള്‍ പറയാന്‍ രാകുലിന് കഴിയുമെന്നും അതിനുള്ള ആര്‍ജ്ജവം രാകുല്‍ കാണിക്കണമെന്നും ശ്രീ റെഡ്ഡി പറഞ്ഞിരുന്നു. വലിയ അവസരങ്ങള്‍ നഷ്ടപ്പെടുത്താതിരിക്കാനാണ് രാകുല്‍ ഇങ്ങനെ നുണ പറയുന്നതെന്നായിരുന്നു ശ്രീ റെഡ്ഡിയും മറ്റൊരു നടിയായ മാധവി ലതയും ആവശ്യപ്പെട്ടത്.

ഇതിനു പിന്നാലെയാണ് ഇപ്പോള്‍ നടിമാരെ ചൂഷണം ചെയ്യുന്ന സിനിമാക്കാരുടെ പേരുകള്‍ പുറത്തു പറയാന്‍ താന്‍ തയ്യാറാണെന്ന പ്രസ്താവനയുമായി ശ്രീ റെഡ്ഡി രംഗത്തു വന്നിരിക്കുന്നത്. ആരൊക്കെയാണ് ഇത്തരം ചൂഷകരെന്നു സൂചനകളിലൂടെ വ്യക്തമാക്കാനും ശ്രീ റെഡ്ഡി ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച ഇട്ടൊരു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ തെലുഗിലെ പ്രമുഖ സംവിധായകന്‍ ശേഖര്‍ കമ്മുലയ്‌ക്കെതിരേ നടി പരോക്ഷമായി ആരോപണം ഉന്നയിച്ചിരുന്നു. ഇതിപ്പോള്‍ വന്‍ വിവാദമായിരിക്കുകയാണ്. നടിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നാണ് ശേഖര്‍ കമ്മുല പറഞ്ഞിരിക്കുന്നത്.

തിങ്കളാഴ്ച ഇട്ട പോസ്റ്റില്‍ ശ്രീ റെഡ്ഡി പറയുന്നത്; അയാളൊരു മുന്‍നിര സംവിധായകനാണ്. ധിക്കാരിയാണയാള്‍, എല്ലായിപ്പോഴും നുണ പറയുന്നവന്‍. അയാള്‍ക്കൊപ്പം കിടക്കാന്‍ മാത്രമുള്ളതാണ് തെലുഗു സ്ത്രീകള്‍ എന്നാണ് അയാള്‍ ധരിച്ചുവച്ചിരിക്കുന്നത്. ഒരുപാട് വാഗ്ദാനലംഘനം നടത്തിയിട്ടുണ്ടയാള്‍, അയാള്‍ ഒരേസമയം ശക്തനും ഭീരുവുമാണ്. സ്വന്തം നേട്ടത്തിനായി ടെക്‌നോളജി അയാള്‍ ഉപയോഗിക്കുന്നു. എന്റെ വീടിനു ചുറ്റും ഒരു കാവല്‍ക്കാരനെപ്പോലെ അയാള്‍ കറങ്ങുകയാണ്. വീഡിയോ കോള്‍ ചെയ്യാന്‍ ശ്രമിച്ച് എപ്പോഴും അയാള്‍ നിരാശപ്പെടുന്നു. നടന്മാരില്‍ നിന്നും പണം തട്ടുന്നതിലും അയാള്‍ കുപ്രസിദ്ധനാണ്. അയാള്‍ കൊമ്മുലു വച്ചിന ശേഖരുഡു അല്ലാതെ മറ്റാരുമല്ല- ഇങ്ങനെയായിരുന്നു ശ്രീ റെഡ്ഡി തെലുഗില്‍ പോസ്റ്റ് ചെയ്തത്.

ശ്രീ റെഡ്ഡിയുടെ ഈ പൊതിഞ്ഞു പറഞ്ഞുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലെ സംവിധായകന്‍ ശേഖര്‍ കമ്മുലയാണെന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ഉണ്ടായതോടെ നടിക്കെതിരേ സംവിധായകന്‍ രംഗത്തു വന്നു. സായി പല്ലവി അഭിനയിച്ച ഫിദ,, കേരളത്തിലും വന്‍ ഹിറ്റായി മാറിയ ഹാപ്പി ഡെയ്‌സ്, നയന്‍താര പ്രധാന വേഷത്തില്‍ എത്തിയ അനാമിക( ഹിന്ദി ചിത്രം കഹാനിയുടെ റിമേക്ക്) എന്നിവയടക്കം തെലുഗില്‍ സൂപ്പര്‍ ഹിറ്റുകള്‍ സൃഷ്ടിച്ച സംവിധായകനാണ് ദേശീയ പുരസ്‌കാര ജേതാവു കൂടിയായ ശേഖര്‍.

എന്നെ ദ്രോഹിക്കാന്‍ ഉദ്ദേശിച്ചുള്ള ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് ശ്രദ്ധയില്‍ പെടുകയുണ്ടായി. അത് ആഭാസകരമാണ്, അര്‍ത്ഥമില്ലാത്തതാണ്, പൂര്‍ണമായും നുണകള്‍ നിറഞ്ഞതുമാണ്. എനിക്കും എന്റെ കുടുംബത്തിനും എന്നെ സ്‌നേഹിക്കുന്നവര്‍ക്കും കടുത്ത വേദന നല്‍കുന്ന ഒന്നാണത്. ഞാന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത, നേരിട്ടോ ഫോണിലൂടെയോ ഇതുവരെ സംസാരിച്ചിട്ടില്ലാത്ത ഒരു സ്ത്രീ എനിക്കെതിരേ ഇത്തരം അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമായി വരുമെന്ന് വന്യമായ സ്വപ്‌നങ്ങളില്‍ പോലും ഞാന്‍ കരുതിയിരുന്നില്ല. അവരുടെ ഉദ്ദേശം എന്തായിരുന്നാലും, പൈശാചികമായ ഈ കൃത്യത്തില്‍ പങ്കാളികളായവര്‍ ആരായാലും അവരോടൊക്കെ എനിക്ക് പറയാനുള്ളത്, ഇത് തെറ്റാണ്, അസന്മാര്‍ഗികമാണ്, കുറ്റമാണ് എന്നാണ്.

എന്നെ നേരിട്ട് അറിയുന്നവര്‍ക്ക് അറിയാം എന്റെ സിനിമകളില്‍ സ്ത്രീകള്‍ക്ക് തുല്യപ്രധാന്യം നല്‍കിയും അവരെ ശാക്തീകരിച്ചുമാണ് ഞാന്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന്. ഞാന്‍ എന്റെ വ്യക്തിത്വത്തിനുസരിച്ചാണ് ജീവിക്കുന്നത്, അവസാനകാലംവരെയും അങ്ങനെ തന്നെയായിരിക്കുകയും ചെയ്യും. എനിക്കെതിരേ വിരല്‍ ചൂണ്ടുന്ന ഒരാളെയും ഞാന്‍ വെറുതെ വിടാന്‍ പോകുന്നില്ല. ചെയ്തതിനെല്ലാം മാപ്പ് പറഞ്ഞ്, പറഞ്ഞുപോയ ഓരോ വാക്കും തിരിച്ചെടുക്കുക, അതല്ലെങ്കില്‍ ക്രിമിനലായും സിവിലായും വരുന്ന എല്ലാ നിയമ നടപടികളും നേരിടാന്‍ തയ്യാറാവുക; ശേഖര്‍ കമ്മുല ട്വിറ്ററില്‍ കുറിച്ചു.

ശേഖര്‍ കമ്മുല തനിക്കെതിേേര നിയമ നടപടി സ്വീകരിക്കുമെന്നു ഭീഷണി മുഴക്കിയതിനെതിരേയും ശക്തമായി പ്രതികരിച്ചു കൊണ്ട് ശ്രീ റെഡ്ഡി രംഗത്തു വന്നു. നിയമം പറഞ്ഞ് തന്നെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും മണി പവറിനു മുന്നില്‍ താന്‍ വീണുപോകില്ലെന്നും ശ്രീ റെഡ്ഡി പറഞ്ഞു.

തന്റെ കൈയില്‍ എല്ലാത്തിനും തെളിവുണ്ടെന്നും നിയമപരമായി തന്നെ താനും മുന്നോട്ടു നീങ്ങുമെന്നും അവര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരേ അസഭ്യവര്‍ഷം ചൊരിയുന്ന സംവിധായകന്റെ ആരാധകര്‍ക്കും ശ്രീ റെഡ്ഡി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഏതായാലും ശ്രീ റെഡ്ഡിയുടെ ആരോപണങ്ങള്‍ ടോളിവുഡിനെ വലിയൊരു വിവാദത്തിലേക്കാണ് വലിച്ചിട്ടിരിക്കുന്നത്. കാസ്റ്റിംഗ് കൗച്ച് തെലുഗില്‍ ഒരു സമ്പ്രദായം ആയി മാറിയിരിക്കുകയാണെന്നാണ് ശ്രീ റെഡ്ഡി ആരോപിക്കുന്നത്. ചില നടിമാര്‍ ഈ വാദത്തെ അംഗീകരിച്ച് രംഗത്തുവരികയും ചെയ്തിരുന്നു. കഴിഞ്ഞ മാസം ഒരു തെലുഗു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കാസറ്റിംഗ് കൗച്ച് തെലുഗ് സിനിമ ഇന്‍ഡസ്ട്രിയില്‍ വ്യാപകമാണെന്ന് പറഞ്ഞതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. നടിമാരില്‍ 90 ശതമാനം പേരും സിനിമാക്കാരില്‍ നിന്നും ഇത്തരം ' അഭ്യര്‍ത്ഥനകള്‍' കേള്‍ക്കേണ്ടി വന്നവരാണെന്നും പക്ഷേ, ആരും അതൊന്നും തുറന്നു പറയാന്‍ തയ്യാറാകുന്നില്ലെന്നും ശ്രീ റെഡ്ഡി അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സിനിമയില്‍ വേഷങ്ങള്‍ നല്‍കാന്‍ വേണ്ടി ലൈംഗിക സഹകരണം ആവശ്യപ്പെട്ട പ്രമുഖരുടെ പേരുകള്‍ ഇനിയും താന്‍ പുറത്തുവിടുമെന്നാണ് ശ്രീ റെഡ്ഡിയുടെ ഭീഷണി.

http://www.azhimukham.com/film-casting-couch-statement-actresses-slammed-rakul-preet-singh/

http://www.azhimukham.com/excise-department-sends-notice-telugu-stars-in-drug-case/


Next Story

Related Stories