TopTop
Begin typing your search above and press return to search.

അലസനും തട്ടിപ്പുകാരനുമായ നായകനും അയാളുടെ കൂട്ടുകാരും; പതിവ് ഫോര്‍മുലയില്‍ എന്തിനോ വേണ്ടി തിളക്കുന്ന ചിൽഡ്രൻസ് പാർക്ക്

അലസനും തട്ടിപ്പുകാരനുമായ നായകനും അയാളുടെ കൂട്ടുകാരും; പതിവ് ഫോര്‍മുലയില്‍ എന്തിനോ വേണ്ടി തിളക്കുന്ന ചിൽഡ്രൻസ് പാർക്ക്

ഷാഫി സിനിമകൾ ഇപ്പോൾ വലിയ ബ്ലോക്ബസ്റ്ററുകൾ ആകാറുണ്ടോ എന്ന് സംശയമാണ്. പക്ഷേ നന്നായി ചിരിക്കാം എന്ന പ്രതീക്ഷയോടെ തന്നെയാണ് അദ്ദേഹത്തിൻറെ സിനിമകൾക്ക് പ്രേക്ഷകർ എന്നും ടിക്കറ്റ് എടുക്കുന്നത്. വൺ മാൻ ഷോ, കല്യാണ രാമൻ, പുലിവാൽ കല്യാണം, മായാവി തുടങ്ങി ഇന്നും കാണികൾ ഓർത്തിരിക്കുന്ന ഹാസ്യ സിനിമകൾ തന്ന ഗ്യാരന്റിയാണ് അതിനു കാരണം. അത്രയൊന്നും ശ്രദ്ധിക്കപ്പെടാത്ത സമീപകാല സിനിമകൾ ഷാഫി എന്ന സംവിധായകൻറെ ജനപ്രീതി ഒട്ടും കുറച്ചിട്ടില്ല.

ഒരു പഴയ ബോംബ് കഥയ്ക്ക് ശേഷം റാഫി തിരക്കഥ എഴുതി ഷാഫി സംവിധാനം ചെയ്ത ചിൽഡ്രൻസ് പാർക്ക് തീയറ്ററുകളിൽ എത്തി. മറ്റെല്ലാ ഷാഫി സിനിമകളെയും പോലെ തീയറ്ററുകൾ ആദ്യ ദിനത്തിൽ ഹൌസ്ഫുൾ ആക്കികൊണ്ടു തന്നെയായിരുന്നു ചിൽഡ്രൻസ് പാർക്കും തുടങ്ങിയത്. ധ്രുവൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഷറഫുദ്ദീൻ, ഹരീഷ് കണാരൻ, ജോയ് മാത്യു, നെൽസൺ, ഗായത്രി സുരേഷ്, മനസാ രാധാകൃഷ്ണൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. സിനിമയുടെ പരസ്യങ്ങളിൽ കാണുന്ന പോലെ ഒരു കൂട്ടം കുട്ടികളും സിനിമയിൽ ഉടനീളം നിറഞ്ഞു നിൽക്കുന്നുണ്ട്. പതിവ് ഷാഫി സിനിമകളുടെ മിശ്രണം ആണെന്ന് തോന്നിക്കുന്ന പരസ്യങ്ങളാണ് റിലീസിന് മുന്നേ കാണികളിൽ എത്തിയിരുന്നത്.

ഋഷി (ധ്രുവൻ) തൊഴിൽരഹിതനായ അലസനായ ചെറുപ്പക്കാരനാണ്. കുറെ കാലങ്ങളായി മലയാള സിനിമ പറയുന്ന അത്തരം സിനിമാ നായകന്മാരുടെ എല്ലാ സ്വാഭാവ സവിശേഷതകളും അയാൾക്കുണ്ട്. ജെറി (വിഷ്ണു ഉണ്ണികൃഷ്ണൻ) എന്ന അവനെക്കാൾ ഉടായിപ്പായ കൂട്ടുകാരന്റെ ഉപദേശങ്ങൾക്കനുസരിച്ചു പ്രവർത്തിച്ചു നിരവധി മണ്ടത്തരങ്ങൾ ചെയ്തു കൂട്ടുന്ന ആളാണ് അയാൾ. ഇത് അയാളെ വീട്ടുകാരിൽ നിന്നും അകറ്റുന്നു. അച്ഛൻ മരണ സമയത്ത് അയാൾക്ക് കൊടുക്കും എന്ന് കരുതുന്നു സ്വത്തു മുഴുവൻ ചിൽഡ്രൻസ് പാർക്ക് എന്ന അനാഥാലയത്തിന്റെ പേരിൽ എഴുതി വെക്കുന്നു. രക്ഷപെടാനുള്ള ഈ വഴി കൂടി നഷ്ടപ്പെടാതിരിക്കാൻ ഋഷിയും ജെറിയും ഹൈറേഞ്ചിലുള്ള, സ്വാഭാവികമായും നിരവധി ദുരൂഹതകൾ ഉള്ള ഈ അനാഥാലയത്തിൽ എത്തുന്നു. അവിടുന്ന് ഏത് വിധേനയും തന്റെ അച്ഛന്റെ സ്വത്തു തട്ടിയെടുക്കാനാണ് ഋഷിയുടെയുടെയും കൂട്ടുകാരന്റെയും ലക്‌ഷ്യം. അവിടെ നിന്നും ഇവരേക്കാൾ വലിയ തട്ടിപ്പുകൾ നടത്തുന്ന രാഷ്ട്രീയക്കാരനായ ലെനിൻ അടിമാലിയുടെ (ഷറഫുദ്ദീൻ) സഹായത്തോടെ അവർ അനാഥാലയത്തിൽ ചെല്ലുന്നു. തുടർന്ന് അവർക്കു നേരിടേണ്ടി വരുന്ന അവിചാരിതമായ വെല്ലുവിളികളും ഇതിലൂടെ അവർക്കു വരുന്ന മാറ്റങ്ങളും ഒക്കെയാണ് ചിൽഡ്രൻസ് പാർക്ക് എന്ന് പറയാം. കഥയുടെ ഭൂരിഭാഗവും നടക്കുന്നത് ചിൽഡ്രൻസ് പാർക്ക് എന്ന അനാഥാലയത്തിനുള്ളിലാണ്. ഇതിനിടയിൽ ഇവരുടെ പ്രണയത്തിന്റെ ട്രാക്കുകളും വില്ലന്മാരുടെ ക്രൗര്യങ്ങളും ഒക്കെ ഉപകഥകളായി സിനിമയിൽ ഉണ്ട്. ഈ മൂന്നു കഥാപാത്രങ്ങളിൽ നിന്നും സിനിമയുടെ ഫോക്കസ് പോയ സീനുകൾ ഒട്ടും തന്നെ ഇല്ല എന്ന് പറയാം.

അലസനും ചെറിയ തട്ടിപ്പുകാരനുമായ നായകനും അയാളുടെ കൂട്ടുകാരും അവരുടെ ഉടായിപ്പ് യാത്രകളും തിരിച്ചറിവുകളും ഒക്കെ മലയാള സിനിമ പറയാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. സിനിമയുടെ ഭാവുകത്വ പരിണാമങ്ങളും ഹീറോയിക് ഗ്ലോറിഫിക്കേഷനും ഒക്കെ വലിയ ചർച്ചകളിൽ നിറഞ്ഞു നിൽക്കുമ്പോൾ ഇതേ ഉടായിപ്പ് ഹാസ്യ കഥാഗതി മറ്റൊരിടത്തു കൂടി ഒരു ഭൂരിഭാഗത്തെ കയ്യിലെടുക്കുന്നുണ്ട്. ഒരേ പാറ്റേണിലൂടെ പുതുമകൾ ഒന്നും ഇല്ലാതെ ഇത്തരം സിനിമകൾ തീയറ്ററുകളിൽ വന്നു പോകുന്നു. ചിലത് ഹിറ്റുകൾ ആവുന്നു, ചിലത് ഒറ്റ കാഴ്ചക്ക് അപ്പുറം മറന്നു പോകുന്നു, ചിലത് അതിജീവിക്കാതെ വീണു പോകുന്നു. ഈ അപ്രവചനീയത ഒന്നും പക്ഷെ ഈ തീമിനെ മാറ്റി പിടിപ്പിക്കാൻ ചില സംവിധായകരെ പ്രേരിപ്പിക്കുന്നില്ല. വലിയ താരങ്ങളും പുതുമുഖങ്ങളും ഒക്കെ ഈ ഉടായിപ്പ് മുതൽ തിരിച്ചറിവ് വരെ രീതിയിലുള്ള സിനിമകളിൽ പല കാലങ്ങളിലായി അഭിനയിച്ചിട്ടുണ്ട്. ഹാസ്യവും കുടുംബവും പ്രേമവും വൈകാരികതയും ഒക്കെ ഇത്തരം സിനിമയിൽ വന്നും പോയും ഇരിക്കും. ഭൂരിഭാഗം ഇത്തരം സിനിമകളും ഹാസ്യത്തിന്റെ ട്രാക്കിൽ കഥ പറയുന്നവരെയും കുട്ടികളെയും കുടുംബത്തെയും ലക്ഷ്യ൦ വച്ച് നിർമിക്കുന്നവയുമാണ്. വിജയ പരാജയങ്ങളുടെ വലിയ ചർച്ചകൾ ഇത്തരം സിനിമകൾക്ക് ബാധകമാണോ എന്ന് പോലും ചിലപ്പോൾ സംശയം തോന്നും. ഇത് സമയനഷ്ടമാണോ നേരംപോക്കാണോ ഉണ്ടാക്കുന്നത് എന്നത് തികച്ചും വ്യക്ത്യധിഷ്ഠിത അനുഭവമായിരിക്കും. ഇത്തരം ഗണത്തിൽ പെടുത്താവുന്ന ഒരു സിനിമയുടെ എല്ലാ ലക്ഷണങ്ങളും ഉള്ള ഒരു സിനിമയാണ് ചിൽഡ്രൻസ് പാർക്ക്. യാതൊരു വിധ പരീക്ഷണങ്ങളും ഇല്ല, ഒരു വെല്ലുവിളിയും ഇല്ല. പതിവ് ഫോർമുലകളിലൂടെ ഉള്ള ഒരു പതിവ് യാത്ര. ഷാഫിയും റാഫിയും ചേർന്ന് തന്നെ മുന്നേ പരീക്ഷിച്ചു വിജയിക്കുകയും പരാജയപ്പെടുകയും ഒക്കെ ചെയ്ത നിരവധി സിനിമകളുടെ രീതിശാസ്ത്രത്തിന്റെ തുടർച്ച എന്നും പറയാം.

മലയാളത്തിലെ ഹാസ്യ സിനിമകൾ ഒരു കലക്റ്റിവ് രീതിയിൽ ശ്രദ്ധ നേടി തുടങ്ങുന്നത് 1980-കൾ മുതലാണ്. സത്യൻ അന്തിക്കാട്, ശ്രീനിവാസൻ, പ്രിയദർശൻ, സിദ്ദിക്ക് ലാൽ എന്നിവരിലൂടെ തുടങ്ങിയ ഒരു ട്രെൻഡിന്റെ തുടർച്ചയിലാണ് റാഫി മെക്കാർട്ടിനും ഷാഫിയും ഒക്കെ ഇവിടെ ഉണ്ടാകുന്നത്. ആബേലച്ചനും കലാഭവന്റെ പ്രോഡക്റ്റുകൾ ആയ ഒരു കൂട്ടം സിനിമാ പ്രവർത്തകരും ഈ ഹാസ്യത്തെ കുറച്ചു കൂടി ജനകീയമാക്കി. പൊതുവെ മലയാളിയുടെ സ്വത്വത്തെ, നിത്യ ജീവിത കാഴ്ചകളെ, മധ്യവർത്തി ജീവിതത്തെ ഒക്കെ അവർക്കു മുന്നിൽ ഭദ്രമായി അവതരിപ്പിച്ചതാവാം ഹാസ്യ സിനിമകളുടെ വിജയത്തിന് കാരണം എന്ന് തോന്നിയിട്ടുണ്ട്. ഇന്നിപ്പോൾ ആ ഹാസ്യം തുടർച്ച നഷ്ടപ്പെട്ട ഒറ്റത്തുരുത്തുകൾ ആയി മാറിയിട്ടുണ്ട്. ആ ജീവിത യാഥാർഥ്യങ്ങൾ മാറി, സിനിമാ സങ്കൽപ്പങ്ങൾ കുറച്ചു കൂടി ഹീറോയിക്ക് ആയി, അന്നത്തെ പല കൂട്ടുകെട്ടുകളും പിരിഞ്ഞു തുടങ്ങി നിരവധി കാരണങ്ങൾ അതിനു പുറകിൽ ഉണ്ട്. പക്ഷെ ഇപ്പോഴും ഹാസ്യ സിനിമകൾ എന്ന ഗണത്തിന് അതെ സ്വഭാവമുണ്ട്. അതിൽ ചിലത് പഴയ കാലത്തിന്റെ തുടർച്ച ആകുമ്പോൾ മറ്റു ചിലവ ദയനീയ പരാജയങ്ങൾ ആകുന്നു. സ്ലാപ്സ്റ്റിക്ക് കോമഡികൾക്കും ഇതേ ആവർത്തന സ്വഭാവമുണ്ട്. ഹാസ്യ സിനിമകൾ അതേ സ്വഭാവം പേറുമ്പോളും ഇടയ്ക്കു വന്ന ഒരു മാറ്റ൦ സ്കിറ്റ് കോമഡിയുടെ സ്വാഭാവമാണ്. മലയാളത്തിലെ സ്കിറ്റ് കോമഡികൾ ഒരേ അച്ചിൽ വാർത്തവയാണ്. പഴയ ഹാസ്യ സ്വഭാവവുമായി ഒട്ടും ഒത്തു പോകാത്ത സ്കിറ്റ് സ്വഭാവമുള്ള ഹാസ്യം. മാസ്സ് ഹീറോ റെഫറൻസ് മുതൽ തേപ്പു കഥ വരെ പറഞ്ഞു കാണികളെ മടുപ്പിച്ച നിരവധി രംഗങ്ങൾ ഇവിടെ ആവർത്തിക്കപ്പെടുന്നു. ഇങ്ങനെ പഴയ കാല സ്വാഭാവിക കോമഡിക്കും പുതിയ സ്കിറ്റ് കോമഡിക്കും ഇടയിൽ നിന്ന് ബാലൻസ് ചെയ്യാൻ കഷ്ടപ്പെടുന്ന നിരവധി സിനിമകൾ ഉണ്ട്. ചിൽഡ്രൻസ് പാർക്ക് ഏറിയും കുറഞ്ഞും അത്തരം ഒരു സിനിമ ആണ്.

പൂർണമായും ഹാസ്യത്തിന്റെ ട്രാക്കിൽ ആണ് ചിൽഡ്രൻസ് പാർക്കിന്റെ ഒന്നാം പകുതി മുന്നോട്ടു പോകുന്നത്. കൗണ്ടർ സംഭാഷണങ്ങൾ ആണ് ഇവിടെ പ്രധാന ടാക്റ്റിക്സ്. വിഷ്ണു ഉണ്ണിക്കൃഷ്ണന്റെയും ഷറഫുദ്ദീൻറെയും വളരെ ഫ്ലെക്സിബിൾ ആയ അഭിനയത്തിനും ശരീര ചലനങ്ങൾക്കും ഇടയിൽ ധ്രുവന്റെ മസിലു പിടിത്തം ചില ഇടങ്ങളിൽ വല്ലാതെ പ്രകടമായിരുന്നു. ഇത് ചില സ്വാഭാവിക നർമങ്ങളെ ബാധിച്ചിട്ടുണ്ട്. രണ്ടാം പകുതിയിൽ നടക്കുന്നത് തികച്ചും പ്രതീക്ഷിക്കപ്പെടുന്ന സംഭവങ്ങളാണ്. നായകന്മാരുടെ മാനസാന്തരം മുതൽ വില്ലന്മാരെ ഒതുക്കുന്നത് വരെ എല്ലാം പല സിനിമകളിൽ ആയി പല കാലത്തു നമ്മൾ കണ്ട രീതികളിലൂടെ ആണ്. അത് കാണികൾ സ്വീകരിക്കുമോ എന്ന് അറിയില്ല. ചിലപ്പോൾ രണ്ടാം പകുതിക്കൊടുവിൽ കണ്ട നീള കൂടുതൽ ചിലപ്പോൾ സിനിമയുടെ വിജയത്തിന് വില്ലൻ ആയേക്കാം. കണ്ടു ഓർമയിൽ നിൽക്കുന്ന കോമഡികൾ കുറവാണെന്നു തോന്നി. കഥാഗതിയിൽ യുക്തിയുടെ അഭാവം ഉടനീളം ഉള്ള പോലെ തോന്നി. ഒരു പുതുമയും ഇല്ലാത്ത കഥ എന്നോ ആ പഴയ ബോംബ് കഥ എന്നോ ഒക്കെ ചുരുക്കാം എങ്കിലും കണ്ടു ചിരിച്ചും ചിരിക്കാതെയും ഒക്കെ മറന്നു പോകുന്ന സിനിമകൾ എത്ര പേരുടെ ഉത്സവകാല ചോയ്സ് ആണെന്നത് അനുസരിച്ചിരിക്കും ഈ സിനിമയുടെയും വിജയ സാധ്യത.

Read More: ‘ഡീ നീ ആകെ തടിച്ചല്ലോ’, ‘അളിയാ മൊത്തം കഷണ്ടിയായല്ലോ’; മുഖമടച്ചൊരു അടിയാണ് തമാശ


Next Story

Related Stories