TopTop

ജോജു ചെയ്തത് മ്ലേച്ഛമെന്ന് പറഞ്ഞ് ലാല്‍ നിരസിച്ച കഥാപാത്രം, നിമിഷയുടെ സൗന്ദര്യം അവരുടെ ടാലന്റാണ്; ചോലയെക്കുറിച്ച് സനല്‍ കുമാര്‍ ശശീധരന്‍/അഭിമുഖം

ജോജു ചെയ്തത് മ്ലേച്ഛമെന്ന് പറഞ്ഞ് ലാല്‍ നിരസിച്ച കഥാപാത്രം, നിമിഷയുടെ സൗന്ദര്യം അവരുടെ ടാലന്റാണ്; ചോലയെക്കുറിച്ച് സനല്‍ കുമാര്‍ ശശീധരന്‍/അഭിമുഖം
ഒഴിവുദിവസത്തെ കളി, എസ് ദുർഗ എന്നീ സിനിമകൾക്ക് ശേഷം സനൽകുമാർ ശശിധരന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ചോല. സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹമായ ചിത്രം കൂടിയാണ് ചോല. സനൽകുമാര്‍ ശശീധരന് ജൂറിയുടെ പ്രത്യേക പരാമര്‍ശവും, ചോലയിലെ അഭിനയത്തെ കൂടി പരിഗണിച്ച് നിമിഷ വിജയനെ മികച്ച നടിയായും ജോജു ജോര്‍ജിനെ മികച്ച സ്വഭാവ നടനായും തെരഞ്ഞെടുത്തു. റിലീസിങ്ങിന് തയ്യാറായി ഇരിക്കുന്ന 'ചോല'യുടെ വിശേഷങ്ങൾ
അനു ചന്ദ്ര
യുമായി പങ്കുവയ്ക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ.


എസ് ദുർഗ രാജ്യാന്തര തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ടിട്ടും അർഹിക്കുന്ന തരത്തിലുള്ള പുരസ്കാരം കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ലഭിച്ചില്ല എന്ന പരാമർശം ഉണ്ടായിരുന്നു. ആ നിലയ്ക്ക് ചോല എന്ന സിനിമയ്ക്ക് ലഭിച്ച അംഗീകാരത്തെ എങ്ങനെ കാണുന്നു?

അർഹിക്കുന്ന അവാർഡ് ഒന്നും ചോലയ്ക്കും കിട്ടിയിട്ടില്ല. അത് സിനിമ തീയേറ്ററില്‍ വരുന്ന സമയത്ത് പ്രേക്ഷകർക്ക് കണ്ട് മനസ്സിലാക്കാവുന്ന കാര്യമേയുള്ളൂ. പിന്നെ നിമിഷയുടെ കാര്യത്തിൽ തീർച്ചയായും അവർക്ക് അംഗീകാരം ലഭിക്കേണ്ട തരത്തിലുള്ള പ്രകടനമാണ് അതില്‍ കാഴ്ചവച്ചത്. വളരെ സങ്കീർണമായിട്ടുള്ള കഥാപാത്രമാണ് അവരുടേത്. ഇടക്കാലത്ത് ഇത്രയും സങ്കീർണ്ണമായ ഒരു കഥാപാത്രം മലയാള സിനിമയിൽ വന്നിട്ടുണ്ടോ എന്ന് പോലും എനിക്ക് സംശയമാണ്. അത്രയ്ക്കും സങ്കീർണമാണ് ചോലയിൽ അവർ ചെയ്ത കഥാപാത്രം. 15 വയസ്സിന് താഴെയുള്ള ഒരു കുട്ടിയുടെ കഥാപാത്രമാണ് നിമിഷ ഇതിൽ ചെയ്തിരിക്കുന്നത്. സ്ത്രീകഥാപാത്രത്തിനു വളരെ പ്രാധാന്യമുള്ള ഒരു സിനിമയാണിത്. അതിലെ നായിക എന്ന നിലയിൽ അവർക്ക് അർഹമായ അവാർഡ് തന്നെയാണ് കൊടുത്തിരിക്കുന്നത്.

എന്താണ് ചോല?

നമ്മുടെ നാട്ടിൽ എപ്പോഴും നടന്നുകൊണ്ടിരിക്കുന്ന, എപ്പോൾ പത്രമെടുത്താലും കണ്ടു കൊണ്ടിരിക്കുന്ന ഒരു സംഗതിയാണ് പെണ്‍കുട്ടികള്‍ക്ക് നേരിടേണ്ടിവരുന്ന ലൈംഗിക അതിക്രമങ്ങൾ. പെൺകുട്ടികളെ വളർത്തിയെടുക്കുന്ന പരിസരങ്ങൾ എല്ലാം അതിനെ ബാധിക്കാറുണ്ട്. പുരുഷനുവേണ്ടി പാകപ്പെടുത്തിയാണ് ഇവിടെ പെൺകുട്ടികളെ വീടുകളിൽ വളർത്തിയെടുക്കുന്നത് പോലും. ഒരു പെൺകുട്ടി ജനിച്ചുവീഴുന്നത് മുതൽ അച്ഛനുമമ്മയും അവളെ വളർത്തിക്കൊണ്ടു വരുന്നത് പോലും വിവാഹം കഴിപ്പിക്കുക എന്ന 'ആത്യന്തികമായ' ലക്ഷ്യം വച്ചുകൊണ്ടാണ്. വിവാഹം കഴിപ്പിക്കുന്നത് വരെയും എന്തോ ഒരു നിധി സൂക്ഷിക്കുന്നത് പോലെയാണ് ആ പെൺകുട്ടിയെ കൊണ്ടുനടക്കുന്നത്. അത്തരത്തിൽ പുരുഷനുവേണ്ടി പാകപ്പെടുത്തിയെടുക്കുന്നതിന്റെ പ്രശ്നങ്ങളും അതുണ്ടാക്കുന്ന മാനസിക പ്രശ്നങ്ങളും ഒക്കെയാണ് സിനിമ പറയുന്നത്.

ജോജു ജോർജ് ചെയ്യുന്ന കഥാപാത്രത്തെ കുറിച്ച്?

ഈ സിനിമയ്ക്കകത്തു പ്രധാനമായും മൂന്ന് കഥാപാത്രങ്ങളേയുള്ളൂ. ആ മൂന്നു കഥാപാത്രങ്ങളും വളരെ സങ്കീർണമാണ്. ജോജു ഇതിൽ ചെയ്യുന്നത് അദ്ദേഹം ഇതുവരേയും ചെയ്തിട്ടില്ലാത്ത രീതിയിൽ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ്. ആ കഥാപാത്രത്തെ ഉൾക്കൊള്ളുവാനും ആ കഥാപാത്രമാകുവാനും അത്ര എളുപ്പമൊന്നുമല്ല. വളരെയധികം കഥാപാത്രത്തെ മനസിലാക്കിയാൽ മാത്രമേ ഒരു നടന് അത് നന്നായി ചെയ്യാൻ സാധിക്കൂ. ജോജുവിന്റെ ബാക്കിയുള്ള സിനിമകളെല്ലാം അപേക്ഷിച്ച് ഇതിലെ മാനറിസങ്ങൾ എല്ലാം വ്യത്യസ്തമാണ്. അദ്ദേഹം അത് ഭംഗിയായി അവതരിപ്പിച്ചു.

സ്റ്റേറ്റ് അവാർഡ് കരസ്ഥമാക്കിയ നിമിഷയുടെ ഭാവപകർച്ചകൾ എത്തരത്തിലായിരുന്നു?

മുന്നേ പറഞ്ഞല്ലോ, ഒട്ടും എളുപ്പമല്ല ഈ മൂന്ന് കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്. ഒന്നാമത്തെ കാര്യം ഇതൊരു മൈൻഡ് ഗെയിം ആണ്. വളരെ പെട്ടെന്ന്, നമ്മൾ പ്രതീക്ഷിക്കുന്നതല്ലാത്ത ചില സാഹചര്യങ്ങളിലൂടെ കടന്നു പോകേണ്ടി വരികയും, അതുവരെ ഉണ്ടായിരുന്ന സകല ചിന്തകളെയും മാറ്റി മറിക്കുകയും ചെയ്യുന്ന തരത്തിലുള്ള കഥാതന്തുവും ആണ് ഉള്ളത്. അതുകൊണ്ടുതന്നെ നിമിഷയ്ക്ക് വളരെയധികം വെല്ലുവിളി തന്നെയായിരുന്നു ആ കഥാപാത്രം ചെയ്യുക എന്നത്. പക്ഷേ വളരെ നന്നായി തന്നെ നിമിഷ അത് ചെയ്തു.

Also Read: “മന്ത്രി പേര് പ്രഖ്യാപിക്കുന്നത് കേട്ടപ്പോൾ ശരിക്കും ബ്ലാങ്ക് ആയിപ്പോയി”; നിമിഷ സജയന്‍/അഭിമുഖം

തന്റെ സിനിമയിലെ നായകനോടൊപ്പം അഭിനയിക്കാനുള്ള സൗന്ദര്യം നിമിഷയ്ക്കില്ലെന്ന ഫാന്‍ അസോസിയേഷന്‍കാരുടേയും, ചില ആരാധകരുടേയും അപക്വമായ അഭിപ്രായത്തെ കുറിച്ച് മംഗല്യം തന്തുനാനേന സിനിമയുടെ സംവിധായക സൗമ്യ സദാനന്ദൻ തുറന്ന് പറഞ്ഞത് വിവാദമായിരുന്നു. ഇതിനെക്കുറിച്ച്‌ എന്താണ് അഭിപ്രായം?

എന്നെ സംബന്ധിച്ച് ഒരാളുടെ സൗന്ദര്യം എന്നത് അയാളുടെ ടാലൻറ് ആണ്. നിമിഷ തീർച്ചയായും നല്ല ടാലന്റ് ഉള്ള ഒരു നടിയാണ്. അവരുടെ സൗന്ദര്യം എന്നത് അവരുടെ ടാലന്റ് ആണ്, അവരുടെ എനർജിയാണ്. അതു തന്നെയാണ് അവരെ ഞാൻ എൻറെ സിനിമയിലേക്ക് കാസ്റ്റ് ചെയ്യാൻ കാരണം. അതല്ലാതെ മേക്കപ്പ്‌ ഇട്ട് മുഖം മിനുക്കി എടുത്ത ആളെയല്ല എനിക്ക് ആവശ്യം. ഇതിനകത്ത് ആർക്കും മേക്കപ്പില്ല. എല്ലാവരും സ്ക്രീനിൽ ജീവിച്ചിരിക്കുകയാണ്. ജോജു ചെയ്യുന്ന ഇതേ കഥാപാത്രം ചെയ്യാനായി ഒരിക്കൽ ഞാൻ നടൻ ലാലിനെ (സിദ്ധിഖ്-ലാൽ) സമീപിച്ചു. കഥ കേട്ടപ്പോൾ അദ്ദേഹം പറഞ്ഞത് ഇത്തരം മ്ലേച്ഛമായ കഥാപാത്രം ചെയ്യാനാണോ നിങ്ങൾ എന്നെ സമീപിച്ചത്, നിങ്ങൾക്കിത് എന്നെ വെച്ച് എങ്ങനെ ആലോചിക്കാൻ സാധിച്ചു എന്നാണ്. ഒടുവിൽ അത് ചെയ്യാൻ പറ്റില്ല എന്ന് എന്നെ പറഞ്ഞയയ്ക്കുകയാണ് ചെയ്തത്. അത് വളരെ കാലങ്ങൾക്ക് മുൻപാണ്. ഞാൻ അതൊരു കഥാപാത്രം മാത്രമാണെന്ന് പറഞ്ഞിട്ടും അദ്ദേഹത്തിന് അത് ഉൾക്കൊള്ളാൻ പറ്റിയില്ല. അദ്ദേഹം പറഞ്ഞത് തനിക്ക് ആലോചിക്കാൻ വയ്യ എന്നാണ്. അപ്പോൾ ഞാൻ സ്ക്രിപ്റ്റിനെ പറ്റി അഭിപ്രായം എന്താണെന്ന് ചോദിച്ചു. അതു കേട്ട ആൾ മറുപടി തന്നത് ഇങ്ങനെയാണ്; നിങ്ങൾ എന്നെ ഇങ്ങനെ ആലോചിച്ച സ്ഥിതിക്ക് എനിക്ക് അഭിപ്രായം പോലും പറയാൻ ഇല്ല എന്നാണ്. ആ രീതിയിലാണ് നമ്മുടെ ആക്ടേഴ്സ് കഥാപാത്രങ്ങളെ സമീപിക്കുന്നത്. അതുവെച്ചു നോക്കുമ്പോൾ ജോജുവിനോട് ഈ കഥാപാത്രം പറയുമ്പോൾ അദ്ദേഹം വളരെ എക്സൈറ്റഡ് ആയി ഉടൻ തന്നെ ചെയ്യാമെന്നേറ്റു. നിമിഷയും അതു പോലെയാണ്. ഇവരുടെയൊക്കെ സൗന്ദര്യം എന്നു പറയുന്നത് ഇവർ ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥമായ സ്വയം സമർപ്പണമാണ്.

നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെ.വി മണികണ്ഠന്റ തിരക്കഥയെക്കുറിച്ച്?

ഈ സിനിമയെ കുറിച്ച് ആദ്യം ചർച്ച നടക്കുന്ന കാലത്ത് മണികണ്ഠൻ നോവലിസ്റ്റുമായിട്ടില്ല, ഞാൻ സിനിമക്കാരനുമായിട്ടില്ല. 8-10 വർഷം മുൻപാണ് ഇത് എഴുതുന്നത്. പിന്നെ സിനിമ ചെയ്യുന്ന സമയത്ത് ഞാൻ സ്ക്രിപ്റ്റ് നോക്കാറില്ല. സ്‌ക്രിപ്റ്റ് അപ്പോൾ എനിക്ക് വെറും ഒരു ഇൻസ്ട്രുമെന്റ് മാത്രമാണ്. മണികണ്ഠൻ എന്നുപറയുന്നത് മനുഷ്യമനസ്സുകളെ വേറൊരു രീതിയിൽ വായിക്കാൻ കഴിയുന്ന മനുഷ്യനാണ്. വളരെ സൈക്കിക്ക് ആയ അവസ്ഥകളിലൂടെ പോകുന്ന കഥാതന്തുവിനെ ഉപയോഗിക്കാൻ അതുകൊണ്ടു തന്നെ സാധിച്ചു.

ഒരു സമാന്തര പ്രദർശനത്തിലൂടെ ആയിരിക്കുമോ ചോല തിയേറ്ററുകളിൽ എത്തിക്കുന്നത്?

അല്ല. ചോല തീയേറ്ററുകളിൽ വരും. തമിഴിലും മലയാളത്തിലുമായിട്ടാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. രണ്ട് ഭാഷകളിലും ഒരേ ദിവസം വലിയ രീതിയിൽ റിലീസ് ചെയ്യും.

Next Story

Related Stories