Top

രാഹുൽ റിജി നായർ അത്ര ചില്ലറക്കാരനല്ല; പക്ഷേ, സാധ്യതകളൊരുപാടുണ്ടായിരുന്നിട്ടും ഡാകിനി വേണ്ടത്ര കലങ്ങിയില്ല

രാഹുൽ റിജി നായർ അത്ര ചില്ലറക്കാരനല്ല; പക്ഷേ, സാധ്യതകളൊരുപാടുണ്ടായിരുന്നിട്ടും ഡാകിനി വേണ്ടത്ര കലങ്ങിയില്ല
ഡാകിനി എന്ന പേര് സൂചിപ്പിക്കുന്നത് വജ്രയാനബുദ്ധമതത്തിലെ ഒരു ദുഷ്ടാത്മാവിനെയാണ്. ഹിന്ദുപുരാണങ്ങൾ പ്രകാരവും ഡാകിനിമാർ ഡാർക്ക് സീനിന്റെ ആളുകൾ തന്നെ. ബാലരമ വായിച്ചുവളർന്ന മലയാളികൾക്ക് മായാവിയുടെ എതിരാളിയായ ദുർമന്ത്രവാദിനി എന്ന നിലയിലാണ് ഡാകിനിയെ പരിചയം. എന്നാൽ രാഹുൽ റിജി നായർ എന്ന സംവിധായകൻ നാലു മുത്തശ്ശിമാരെ "നായക" സ്ഥാനത്ത് അവരോധിച്ചുകൊണ്ട് നടത്തുന്ന ധീരമായ സിനിമാ പരീക്ഷണത്തിന് 'ഡാകിനി' എന്ന് ശീർഷകം നൽകിയിരിക്കുന്നതാവട്ടെ തീർത്തും പോസിറ്റീവ് ആയിട്ടാണ്.

രാഹുൽ റിജി നായർ അത്ര ചില്ലറക്കാരനല്ല. കഴിഞ്ഞ വർഷം മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിയ ഒറ്റമുറിവെളിച്ചത്തിന്റെ സംവിധായകൻ ആണ്. വേറെയും മൂന്ന് സ്റ്റേറ്റ് അവാർഡുകൾ ലഭിച്ചു എന്നതിലുപരി ഒരു മികച്ച ദൃശ്യാനുഭവമായിരുന്നു ഒറ്റമുറി വെളിച്ചം. ആദ്യചിത്രത്തിൽ നിന്ന് തീർത്തും വിഭിന്നമായ ഒരു ഴോണറുമായാണ് രാഹുൽ ഡാകിനിയെ മുന്നോട്ട് വെക്കുന്നത്. മികച്ച ഒരു ശ്രമം എന്ന നിലയിലും അതിനായി കാണിച്ച ധീരതയുടെ പേരിലും ഡാകിനി അഭിനന്ദനം അർഹിക്കുന്നു എങ്കിലും സിനിമ എന്ന നിലയിൽ അത് ഒരുപാട് പരിമിതികളെ തുറന്ന് പ്രകടിപ്പിക്കുന്നുണ്ട്.

പൗളി വിൽസൺ, സേതുലക്ഷ്മി, സരസ ബാലുശേരി, സാവിത്രി ശ്രീധർ എന്നിവരാണ് പടത്തിലെ ഡാകിനിമാർ. തൊട്ടടുത്ത ഫ്ലാറ്റുകളിൽ താമസിക്കുന്ന അവർ ഇച്ചിരി അലമ്പാണ്. വാർധക്യമായി എന്നത് അംഗീകരിക്കാൻ മടിയാണ്. അവർക്കിടയിൽ ലുട്ടാപ്പിയുടെ റോളിൽ അജു വർഗീസ് ഉണ്ട്. അതിലൊരാൾക്ക് കൗമാരത്തിൽ വഴി പിരിഞ്ഞ പ്രണയവുമായി അലൻസിയർ കുട്ടൻ പിള്ളയായി വരുന്നു. കൊടൂരനായ വില്ലൻ മായൻ (ചെമ്പൻ) ചില ഹവാല ഇടപാടുകളുടെ പേരിൽ കുട്ടൻ പിള്ളയെ തട്ടിക്കൊണ്ടുപോവുന്നു. മുത്തശ്ശിമാർ കോമിക്ബുക്ക് അല്ലെങ്കിൽ സ്പൂഫ് മട്ടിൽ വില്ലനെ തകർത്ത് നെരപ്പാക്കുന്നു. വിജയം നേടുന്നു . അതാണ് ആകെമൊത്തം ടോട്ടൽ പറഞ്ഞാൽ പടം.

ഇത്തരമൊരു സിനിമ എടുക്കുന്നത് മലയാളത്തിൽ ഒരു സാഹസമാണ്. പക്ഷെ അതിന് മുന്നിട്ടിറങ്ങുമ്പോൾ രാഹുൽ സ്ക്രിപ്റ്റിൽ വേണ്ടത്ര വർക്കൗട്ട് ചെയ്തില്ല. സ്പൂഫ് എന്ന നിലയിൽ ഡാകിനി ചിലയിടങ്ങളിൽ നന്നായി രസിപ്പിക്കുന്നുണ്ട് എങ്കിലും പലയിടത്തും കോമഡിക്കായുള്ള ശ്രമങ്ങൾ ഫലവത്താകാതെ പോവുന്നു. ആദ്യപാതിയിൽ നല്ലൊരു ഭാഗവും ഇതിനുദാഹരണമാണ്. ഫ്ലാറ്റിലെ സീനുകളും കുട്ടാപ്പിയുടെ ഫോട്ടോസ്റ്റാറ്റ് കടയും അവിടെ വരുന്ന വിദ്യാർത്ഥികളും അധ്യാപകനുമൊക്കെ കാലഘട്ടത്തിന് ഒട്ടും നിരക്കുന്നില്ല. ആദ്യപാതിയൊന്ന് സഹിഷ്ണുതയെടുത്ത് അതിജീവിച്ചു കിട്ടിയാൽ സെക്കന്റ് ഹാഫ് എത്രയോ കിടുവാണ്. ചിലയിടത്തൊക്കെ ഗംഭീരമെന്നുവരെ തോന്നിപ്പോവും. തിരക്കഥാവിഭാഗവും കൈകാര്യം ചെയ്തിരിക്കുന്നത് രാഹുൽ തന്നെ ആയതുകൊണ്ട് മികവുകളും പരാധീനതയും ടിയാന് അവകാശപ്പെട്ടത് തന്നെ.

ഡാകിനിമാരിൽ പ്രകടനം കൊണ്ട് ബഹുദൂരം മുന്നിൽ നിൽക്കുന്നത് പോളിച്ചേച്ചിയുടെ മേരിക്കുട്ടി തന്നെ. സുഡാനി ഫ്രം നൈജീരിയയിൽ തകർത്തുവാരിയ സരസ ബാലുശേരി, സാവിത്രി ശ്രീധർ ടീമിനെയും എല്ലാ പടങ്ങളിലും തിളങ്ങാറുള്ള സേതുലക്ഷ്മിചേച്ചിയെയും അവർ നിഷ്പ്രഭരാക്കിക്കളഞ്ഞു. വർക്ക് ഷോപ്പ് സീനുകളൊക്കെ പാഴായിരുന്നെങ്കിലും പൂർവകാലപ്രണയം തിരിച്ചുകിട്ടുന്ന അവിവാഹിതയായ വൃദ്ധയുടെ മനോവികാരങ്ങളും ആവേശവും അവരുടെ ഉടലിൽ ഉടനീളമുണ്ടായിരുന്നു. കാമുകനായ അലൻസിയർ പോലും അവരുടെ മുന്നിൽ പതറുന്നത് കാണാം. (ദിവ്യയുടെ മീറ്റൂ വെളിപ്പെടുത്തൽ മനസിൽ കരടായി കിടക്കുന്നതുകൊണ്ട് എനിക്ക് തോന്നിയതാണോ എന്തോ.)

ചെമ്പൻ വിനോദിന്റെ മായൻ എന്ന ഹെവി അവതാരവും ഗോപിസുന്ദറിന്റെ കർണകഠോരമെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ബീജിയെമ്മും ആണ് പടത്തെ വാച്ചബിൾ ആയി നിലനിർത്തുന്ന മറ്റ് രണ്ടുഘടകങ്ങൾ. ശബ്ദഘോഷങ്ങൾ ഇഷ്ടപ്പെടാത്തവർക്ക് അരോചകമായിത്തോന്നാമെങ്കിലും പടത്തിന്റെ സ്പൂഫ് സ്വഭാവത്തിന് ബലമേകാൻ അതുവഹിക്കുന്ന പങ്ക് ചില്ലറയൊന്നുമല്ല. അലക്സ് ജെ പുളിക്കൻ എന്ന ഛായാഗ്രാഹകന്റെ റോളും നിർണായകമാണ്. ഓപ്പണിംഗ് സീൻ ഉൾപ്പടെ മായൻ ഉള്ള സീനുകളിലൊക്കെ ഏറ്റവും മികച്ചൊരു ആക്ഷൻ പടത്തെയും വെല്ലുന്ന ഫ്രെയിമുകളാണ് ഡാകിനിയ്ക്ക്. ആക്ഷൻ സിനിമയെടുത്ത് വിജയിക്കാൻ കാലിബറുള്ള സംവിധായകനാണ് രാഹുൽ എന്ന് തെളിയിക്കുന്ന ഭാഗങ്ങള്‍ കൂടിയാണ് ഇത്.

ഡാകിനിയിലെ നെഗറ്റീവുകളും പോസിറ്റീവുകളും ഉൾക്കൊണ്ട് അടുത്തുതന്നെ ഒരു മികച്ച ആക്ഷൻ സിനിമ ഒരുക്കാൻ രാഹുലിന് കഴിയുമെന്ന് പ്രതീക്ഷിക്കാം നമുക്ക്. സിനിമ തീരുമ്പോൾ സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച പിന്നണിപ്രവർത്തകരെയെല്ലാം വലുപ്പച്ചെറുപ്പമില്ലാതെ ഫോട്ടോ സഹിതം വൻ പ്രാധാന്യത്തോടെ സ്ക്രീനിൽ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത് ഒരു പുതുമയുള്ള സംഭവമായി. ഒരു മികച്ച ടീം ലീഡർക്ക് മാത്രമേ അത് സാധിക്കൂ.. അതിനെ അഭിനന്ദിക്കാതെ തരമില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/cinema-dakini-director-interview-with-anu-chandra/

https://www.azhimukham.com/cinema-ottamuri-velicham-director-rahul-riji-nair-interview-veena/

https://www.azhimukham.com/cinema-review-of-ottamurivelicham-best-film-of-the-year-writes-aparna/

Next Story

Related Stories