TopTop
Begin typing your search above and press return to search.

സലീം കുമാറിന്റെ ഡയലോഗ് കൊണ്ട് സിനിമ അവസാനിപ്പിക്കാതിരിക്കാന്‍ കാരണമുണ്ടായിരുന്നു; ക്വീന്‍ സംവിധായകന്‍ ഡിജോ ജോസ് ആന്റണി/ അഭിമുഖം

സലീം കുമാറിന്റെ ഡയലോഗ് കൊണ്ട് സിനിമ അവസാനിപ്പിക്കാതിരിക്കാന്‍ കാരണമുണ്ടായിരുന്നു; ക്വീന്‍ സംവിധായകന്‍ ഡിജോ ജോസ് ആന്റണി/ അഭിമുഖം

വലിയ ബഹളങ്ങളും അവകാശവാദങ്ങളുമില്ലാതെ വന്ന് മികച്ച നേട്ടമുണ്ടാക്കിയ കൊച്ചു 'വലിയ' ചിത്രമാണ് ക്വീന്‍. തികച്ചും പുതുമുഖ ചിത്രമായിരുന്നിട്ടും കൈകാര്യം ചെയ്ത പ്രമേയവും ആഖ്യാന ശൈലിയും തന്നെയാണ് ഈ ഡിജോ ജോസ് ആന്റണി ചിത്രത്തെ വേറിട്ട് നിര്‍ത്തുന്നത്. സമകാലിക വിഷയങ്ങളിലൂന്നിയ ക്യാമ്പസ് ചിത്രം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുമ്പോള്‍ കന്നി ചിത്രത്തെ കുറിച്ച് ഡിജോ ജോസ് ആന്റണി സംസാരിക്കുന്നു.

ക്വീന്‍ പ്രതീക്ഷിച്ചതിനെക്കാള്‍ വിജയത്തിലെത്തി നില്‍ക്കുന്നു... ഒരു സംവിധായകന് ലഭിക്കാവുന്ന ഏറ്റവും മികച്ച നേട്ടം... എന്തു തോന്നുന്നു?

സന്തോഷം... ഒരുപാട് സന്തോഷം... അതിലേറെ സന്തോഷം. എല്ലാവരെയും സന്തോഷിപ്പിക്കുക എന്നത് തന്നെയാണല്ലോ നമ്മുടെ ആഗ്രഹം. ചിത്രമെടുക്കാന്‍ ഒരുപാട് ബുദ്ധിമുട്ടി. അതുകൊണ്ട് തന്നെ വിജയത്തില്‍ സന്തോഷമുണ്ട്. ചിത്രം പരാജയപ്പെട്ടിരുന്നെങ്കില്‍ വിധി മറ്റൊന്നായേനെ.

ആദ്യ ചിത്രം എല്ലാ സംവിധായകരുടേയും ഒരു പരീക്ഷണമാണ്. പക്ഷെ അത് പുതുമുഖങ്ങളെ മാത്രം ഉള്‍ക്കൊള്ളിച്ചാകുമ്പോള്‍ റിസ്‌ക് കൂടുതലാണ്. എന്തായിരുന്നു അതിനുള്ള ധൈര്യം?

അത് സത്യമാണ്. പക്ഷെ ഒരു സിനിമ എടുക്കാനുള്ള ആഗ്രഹം. ആ കൊതി, അതായിരുന്നു ഈ ചിത്രമെടുക്കാനുള്ള ധൈര്യം. പുതുമുഖങ്ങളെ വെച്ച് സിനിമ ചെയ്യുന്നത് ഒരു വെല്ലുവിളിയാണ്. വേറെ ഒരു രീതിയിലും എനിക്ക് ഒരു സിനിമ ചെയ്യനാകുമായിരുന്നില്ല. പക്ഷെ എനിക്ക് ഒരു സിനിമ ചെയ്യണം, അത് ഇപ്പോള്‍ വേണം, ഇപ്പഴേ പറ്റൂ. ആ ആഗ്രഹവും ആവശ്യവും മനസിലാക്കിയാണ് പുതുമുഖങ്ങളെ വെച്ച് ഒരു സിനിമ എടുക്കുന്നത്. ഈ ചിത്രം വിജയമായപ്പോള്‍ അത് പലര്‍ക്കും ഒരു പ്രോത്സാഹനം ആകും എന്ന് കരുതുന്നു. പുതുമുഖങ്ങളെ വെച്ച് ഒരു സിനിമ ചെയ്യാന്‍ നിര്‍മ്മാതാക്കളും സംവിധായകരും എഴുത്തുകാരുമൊക്കെ മുന്നോട്ട് വരുമെന്ന് കരുതുന്നു.

നവാഗത സംവിധായകന് നിര്‍മ്മാതാവിനെ കിട്ടാന്‍ ബുദ്ധിമുട്ടുണ്ട് ?

തീര്‍ച്ചയായും. വലിയ ബുദ്ധിമുട്ടുണ്ട് നവാഗതര്‍ക്ക് നിര്‍മ്മാതാക്കളെ കിട്ടാന്‍. പുതുമുഖ സംവിധായകന്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ തന്നെ സിനിമ ചെയ്യരുതെന്ന് നിര്‍മ്മാതാക്കളോട് പറയാന്‍ നൂറ് പേരുണ്ട്. ഈ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് സിനിമ മേഖലയുമായി വലിയ ബന്ധം പോലും ഇല്ല. എന്നിട്ട് പോലും അത്തരം ശ്രമങ്ങളുണ്ടായി . പക്ഷെ ക്വീന്‍ മനസിന്റെ നന്മ കൊണ്ട് സംഭവിച്ച ചിത്രമാണ്. നിര്‍മ്മാതാക്കള്‍ എന്നെ വിശ്വസിച്ചു, നല്ലൊരു സിനിമയായിരിക്കണമെന്ന് അവരും ആഗ്രഹിച്ചു.

ചിത്രത്തിന്റെ തിരക്കഥ?

തിരക്കഥാകൃത്തുകള്‍ രണ്ടുപേരും എന്റെ സുഹൃത്തുക്കളാണ്. നേരത്തെ പരിചയമുണ്ട്. ഒന്നു രണ്ട് കഥയുമായി ഞങ്ങള്‍ ചില ആര്‍ട്ടിസ്റ്റുകളെ സമീപിച്ചു. ചിലരെ കാണാന്‍ പോലും പറ്റിയില്ല. അതിന് ശേഷമാണ് ക്വീനിന്റെ ഒരു വണ്‍ ലൈന്‍ അവര്‍ (ഷാരിസ് മുഹമ്മദ്, ഷെഫിന്‍ ജോസഫ്) പറയുന്നത്. അത് പിന്നെ ഞങ്ങളെല്ലാവരും കൂടിയിരുന്ന് ഒരു കഥയും തിരക്കഥയും ഒക്കെ ആക്കി മാറ്റുകയായിരുന്നു. പിന്നെ എങ്ങനെയെങ്കിലും സിനിമയാക്കണമെന്ന വാശിയായി. സിനിമ ആക്കിയാല്‍ മാത്രം പോരാ, വിജയപ്പിക്കണമെന്നും വലിയ ആഗ്രഹമായിരുന്നു. എല്ലാം ദൈവാനുഗ്രഹം. ആഗ്രഹിച്ച പോലെ ചിത്രം വിജയമായി.

ട്രയിലറും പോസ്റ്ററും ചെയ്ത രീതി വെച്ച് നോക്കുമ്പോള്‍ ചിത്രം നമ്മള്‍ കണ്ട് പഴകിയ സബ്ജക്ട് പോലെ തോന്നിയിരുന്നു. എന്തുകൊണ്ടാണ് അത്തരം ഒരു ട്രീറ്റ്‌മെന്റ് ട്രെയിലറിനും പോസ്റ്ററിനും നല്‍കിയത് ?

ഞാന്‍ ആവശ്യപ്പെട്ടതാണ് അങ്ങനെ ചെയ്യാന്‍. കാരണം എനിക്ക് ഈ ചിത്രം മാര്‍ക്കറ്റ് ചെയ്യണമായിരുന്നു. അതിന് വേണ്ടി ട്രെയിലറില്‍ ചില കാര്യങ്ങള്‍ ഉള്‍പ്പെടുത്തി എന്നതും വസ്തുതയാണ്. പുതുമുഖങ്ങളെ വെച്ച് ഒരു നവാഗത സംവിധായകന്‍ ഒരു ചിത്രം ചെയ്യുമ്പോള്‍ ഇത്തരം ചില വെല്ലുവിളികള്‍ കൂടിയുണ്ട്. പക്ഷെ ട്രയിലര്‍ ശ്രദ്ധിക്കപ്പെട്ടു. 3.8 മില്ല്യണ്‍ വ്യൂവേഴസ് ഉണ്ടായി. യൂ ടൂബില്‍ പുലിമുരുകന് താഴെ മലയാളത്തിലെ മോസ്റ്റ് വാണ്ടണ്ട് ട്രയിലറാണ് ക്വീനിന്റെത്. അത് തന്ന ആത്മവിശ്വാസം ചെറുതല്ല. എനിക്ക് മാത്രമല്ല നിര്‍മ്മാതാക്കള്‍ക്കും. സലീം കുമാറിനെയും ശ്രീജിത്ത് രവിയെയും ട്രയിലറില്‍ കാണിക്കേണ്ട കാര്യമുണ്ടെന്ന് തോന്നിയില്ല. കാരണം ഈ ചിത്രം ആദ്യം കാണാന്‍ വരുന്നത് യൂത്ത് ആയിരിക്കും. പിന്നീടാണ് അത് കുടുംബ പ്രേക്ഷകരിലേക്ക് എത്തുക. അതുകൊണ്ട് തന്നെ യൂത്തിനെ ആകര്‍ഷിക്കുന്ന രീതിയില്‍ ട്രയിലര്‍ ഒരുക്കി. അവര്‍ തീയേറ്ററില്‍ വന്നു ചിത്രം കണ്ടു. നല്ല അഭിപ്രായം കുടുംബ പ്രേക്ഷകരിലേക്ക് എത്തി, അങ്ങനെയാണ് സിനിമ വിജയിക്കുന്നത്. ചിത്രം ഇടവേള വരെ ഒരു രീതിയിലും ഇടവേളയ്ക്ക് ശേഷം മറ്റൊരു സിനിമയുമായിട്ടാണ് നമ്മുക്ക് തോന്നുക. അത് കുറെ കൂടി പെണ്‍കുട്ടികള്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും മനസില്‍ തട്ടുന്ന ഭാഗമാണ്. അത് അവര്‍ തീയേറ്ററില്‍ വന്ന് തന്നെ കാണട്ടെയെന്ന് ചിന്തിച്ചത് കൊണ്ടാണ് അവയൊന്നും ട്രയിലറില്‍ ഉള്‍പ്പെടുത്താതെയിരുന്നത്.

സലീം കുമാറിന്റെയും ശ്രീജിത്ത് രവിയുടേയും വേഷങ്ങളെ കുറിച്ച്?

സാധാരണക്കാരന്റെ പ്രശ്‌നം ഒരു സാധാരണക്കാരന്‍ പറയുന്നതാണ് പ്രേക്ഷകന് കുറച്ച് കൂടി ഇഷ്ടപ്പെടുക എന്നതാണ് എന്റെയൊരു വിലയിരുത്തല്‍. അതൊരു സൂപ്പര്‍ സ്റ്റാര്‍ പറഞ്ഞിട്ട് കാര്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. നമ്മുടെ പ്രശ്‌നം നമുക്കിടയില്‍ നിന്ന് ഒരാള്‍ പറയുന്നത് പോലെ തോന്നണം. അതിന് ഏറ്റവും യോജിക്കുന്നത് സലീം കുമാറായിരുന്നു. മാത്രമല്ല സലീം കുമാര്‍ ട്രോളുകളുടെ രാജാവാണ്. അദ്ദേഹം സീരിയസ് ആയി ഒരു കാര്യം പറയുമ്പോഴും പ്രേക്ഷകര്‍ അത് ഉള്‍ക്കൊള്ളുമെന്ന് തോന്നി. തോന്നല്‍ തെറ്റിയില്ല. കഥ പറഞ്ഞപ്പോള്‍ തന്നെ സലീമേട്ടന്‍ സമ്മതിക്കുകയും ചെയ്തു.

ശ്രീജിത്തേട്ടന്‍ ഇത്തരം മെയ്ക്ക് ഓവറില്‍ ആദ്യമായിട്ടാണ് ഒരു കഥാപാത്രം ചെയ്യുന്നത്. അദ്ദേഹത്തിന് ചെറിയ പേടിയുണ്ടായിരുന്നു. ഈ പിള്ളേര് എന്താ ചെയ്യാന്‍ പോകുന്നെയെന്ന്. പക്ഷെ ചിത്രീകരണം തുടങ്ങിയപ്പോള്‍ കംഫര്‍ട്ടബിള്‍ ആയി. സിനിമ കണ്ടപ്പോഴും ഹാപ്പിയായി.

http://www.azhimukham.com/film-malayalam-movie-queen-review-by-aparna/

നേരിട്ട വലിയ വെല്ലുവിളി ?

സിനിമ തന്നെ വലിയ വെല്ലുവിളിയായിരുന്നു. എന്നെ സംബന്ധിച്ച് ഇതൊരു ബാഹുബലി ആയിരുന്നു. 15 സിനിമ ചെയ്ത ടെന്‍ഷന്‍ ഈ സിനിമ കൊണ്ട് ഞാന്‍ അനുഭവിച്ചു. കാരണം മുഴുവന്‍ പുതുമുഖങ്ങള്‍, നമ്മള്‍ക്കും വലിയ പരിചയമില്ല. എന്നിട്ടും ഞാന്‍ ആദ്യം ചിത്രീകരിച്ചത് ഏറ്റവും നിര്‍ണായകമായ ക്ലൈമാക്‌സ് സീനാണ്. കാരണം സിനിമ മുഴുവനായി എന്റെ മനസില്‍ ഇല്ലെങ്കില്‍ ആ ചിത്രം വിജയിക്കില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. പിന്നെ ഈ 8 പയ്യന്‍മാര്‍. സിനിമ കണ്ടിറങ്ങുന്ന എല്ലാവരുടേയും മനസില്‍ അവര്‍ ഉണ്ടാകേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. ഒരു നായകനും അയാള്‍ക്ക് പിന്നില്‍ നിഴല്‍ പോലെ ബാക്കിയുള്ളവരും എന്ന രീതിയോട് എനിക്ക് യോജിപ്പില്ല. എല്ലാവര്‍ക്കും പ്രാധാന്യം ഉണ്ടാവണം. അതുകൊണ്ട് വളരെ ശ്രദ്ധിച്ചാണ് ചെയ്തത് . അവസാനത്തെ കോടതി സീനില്‍ സലീം കുമാറിന്റെ ഡയലോഗോടെ വേണമെങ്കില്‍ എനിക്ക് ചിത്രം അവസാനിപ്പിക്കാമായിരുന്നു. പക്ഷെ അങ്ങനെ ചെയ്താല്‍ അത് സലീം കുമാര്‍ ചിത്രമായി മാറുമായിരുന്നു. പക്ഷെ ഇത് ക്വീനിന്റെ കഥയാണ്. അപ്പോള്‍ അവരിലേക്ക് എത്തിച്ച് അവസാനിപ്പിക്കണം എന്ന ആഗ്രഹം എന്റെതായിരുന്നു. അതൊരു ഉത്തരവാദിത്വം കൂടിയായിരുന്നു. അങ്ങനെ ചെയ്യുമ്പോഴെ സംവിധായകന്‍ എന്ന നിലയില്‍ ആ വിജയത്തില്‍ എനിക്കും പങ്ക് അവകാശപ്പെടാനാകൂ.

വിജയ രഹസ്യം ?

സമൂഹം പറയാന്‍ ആഗ്രഹിക്കുന്ന, പ്രതികരിക്കണമെന്ന് കരുതുന്ന കാര്യങ്ങള്‍ , ഒരുപാട് പേര്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യങ്ങള്‍, ഒപ്പം കാലഘട്ടം ആവശ്യപ്പെടുന്ന സിനിമ. പിന്നെ ആദ്യം മുതലുള്ള പള്‍സ് അവസാനം വരെ നിലനിര്‍ത്താനായി എന്നതും വിജയത്തിന് കാരണമായി എന്ന് തോന്നുന്നു.

സിനിമ മേഖലയില്‍ നിന്നുള്ള ആരെങ്കിലും ചിത്രം കണ്ടിട്ട് വിളിച്ചോ?

സംവിധായകന്‍ ജിബു ജേക്കബ് ഉള്‍പ്പെടെ കുറെ പേര്‍ വിളിച്ചു അഭിനന്ദിച്ചു. പിന്നെ ഒരുപാട് പേര്‍ക്ക് തിരക്ക് മൂലം ചിത്രം കാണാനായിട്ടില്ല.

http://www.azhimukham.com/film-queen-movie-raises-questions-on-girls-freedom-writes-subeesh/


Next Story

Related Stories