TopTop
Begin typing your search above and press return to search.

ജനപ്രിയ നായകനു വേണ്ടി ജനപ്രിയ നായകനാല്‍ എഴുതപ്പെട്ട ഒരു തിരക്കഥ!

ജനപ്രിയ നായകനു വേണ്ടി ജനപ്രിയ നായകനാല്‍ എഴുതപ്പെട്ട ഒരു തിരക്കഥ!

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് 'അമ്മ' സംഘടനയില്‍ നിന്നും പുറത്താക്കപ്പെട്ട നടന്‍ ദിലീപ് സംഘടനയിലേക്ക് തിരികെ എത്തുമ്പോള്‍, അതൊരു തെറ്റ് തിരുത്തല്‍ നടപടി ആയാണ് അമ്മയിലെ പ്രമുഖര്‍ (ആണ്‍-പെണ്‍ അടക്കം) വ്യാഖ്യാനിക്കുന്നത്. ഇതേ സംഘടനയില്‍ തന്നെ അംഗവും മലയാള സിനിമയിലെ പ്രധാന താരങ്ങളില്‍ ഒരാളുമായിരുന്ന പെണ്‍കുട്ടി ആക്രമിക്കപ്പെട്ട കേസിലാണ് സംഘടനയില്‍ ആ സമയം ട്രഷറര്‍ ആയിരുന്ന ദിലീപിനെ അടിയന്തര എക്‌സിക്യൂട്ടീവ് കൂടി പുറത്താക്കാന്‍ തീരുമാനം എടുക്കുകയും ജനറല്‍ സെക്രട്ടറിയായിരുന്ന മമ്മൂട്ടി പുറത്താക്കല്‍ വിവരം മാധ്യമങ്ങളെ അറിയിക്കുന്നതും. മമ്മൂട്ടി ഈ വിവരം പ്രഖ്യാപിക്കുന്ന സമയം, കേസില്‍ പെണ്‍കുട്ടിയുടെ ഭാഗത്ത് ആദ്യം മുതല്‍ ശക്തമായ നിലപാടുകളുമായി നിലയുറപ്പിച്ചിരുന്ന യുവതാരങ്ങളില്‍ ചിലരായിരുന്നു ഒപ്പം. മമ്മൂട്ടിയെന്ന, മലയാള സിനിമയിലെ അതികായന്‍ ആണ് ദിലീപിനെ പുറത്താക്കുന്ന തീരുമാനത്തില്‍ പ്രധാന വേഷത്തില്‍ നിന്നതെങ്കില്‍ പോലും ആ നടപടിയില്‍ പരസ്യമായ എതിര്‍പ്പുമായി രംഗത്തു വന്നത് അമ്മ സംഘടനയിലെ പ്രമാണിമാരും മലയാള സിനിമയിലെ മുഖ്യന്മാരുമായിരുന്നു. ഒരുവേള മമ്മൂട്ടിയോടു പോലും അവര്‍ തങ്ങളുടെ ഈര്‍ഷ്യ പ്രകടിപ്പിച്ചു.

അമ്മ സംഘടനയുടെ ഭരണഘടനയനുസരിച്ചല്ല ദിലീപിനെ പുറത്താക്കിയതെന്നും നടനില്‍ നിന്നും വിശദീകരണം ചോദിക്കാതെയാണ് അയാള്‍ക്കെതിരേ നടപടിയെടുത്തതെന്നും ദിലീപ് അനുകൂലികള്‍ വാദിച്ചു. ഇരയായ പെണ്‍കുട്ടിക്കൊപ്പമെന്നു പറയുകയും വേട്ടക്കാരനുവേണ്ടി കൈമെയ്യ് മറന്ന് പ്രവര്‍ത്തിക്കുകയുമായിരുന്നു അവര്‍. ആ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ അവര്‍ വിചാരിച്ചതിനേക്കാള്‍ ഭംഗിയായി വിജയിച്ചിരിക്കുന്നത്.

പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന യോഗത്തില്‍ ദിലീപിനെ സംഘടനയിലേക്ക് തിരികെ കൊണ്ടുവരണമെന്ന ആവശ്യം ഉയരുകയും അതിന് അംഗീകാരം കിട്ടുകയും ചെയ്തു. അടുത്ത എക്‌സിക്യൂട്ടീവില്‍ ദിലീപിനെ ഔദ്യോഗികമായി സംഘടനയിലേക്ക് തിരികെ എടുക്കുന്ന പ്രഖ്യാപനം നടക്കുകയും ചെയ്യും. ദിലീപിനെ പുറത്താക്കിയ നടപടി ഭരണഘടനവിരുദ്ധമായിരുന്നുവെന്നും അതിനെതിരേ ദിലീപ് കോടതിയില്‍ പോയിരുന്നെങ്കില്‍ 'അമ്മ പെട്ടേനെ' എന്നുമാണ് നടന്‍ സിദ്ദീഖ് പറഞ്ഞത്. അതയാത്, ഇപ്പോള്‍ ദിലീപിനെ തിരിച്ചെടുക്കുന്ന നടപടി അമ്മ ചെയ്ത് തെറ്റ് തിരുത്തുക മാത്രമാണെന്ന്.

എന്നാല്‍ ആ തെറ്റ് തിരുത്തല്‍ വൃത്തിയായി എഴുതിയ ഒരു തിരക്കഥ പ്രകാരമാണ് നടന്നതെന്നത് മറ്റൊരു കാര്യം. ആകസ്മികമായോ സ്വാഭാവികമായോ സംഭവിച്ച നടപടികള്‍ അല്ല താരസംഘടനയില്‍ നടന്നിരിക്കുന്നത്. അത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥപ്രകാരം, നിശ്ചയിക്കപ്പെട്ട അഭിനേതാക്കളുടെ പ്രകടനങ്ങളിലൂടെയാണ് സംഭവിച്ചിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസ് വിചാരണ ആരംഭിക്കാനിരിക്കുകയാണ്. പൊലീസിന്റെ കുറ്റപത്രത്തില്‍ ദിലീപിനെതിരേ ശക്തമായ തെളിവുകള്‍ ഉണ്ടെങ്കിലും നിലവില്‍ അയാള്‍ അനുഭവിച്ച (റിമാന്‍ഡ് കാലത്തില്‍) ജയില്‍ വാസത്തിനപ്പുറം മറ്റൊരിക്കല്‍ കൂടി ജയിലിലേക്ക് പോകാതിരിക്കാന്‍ ഏതുശ്രമവും നടത്തും. പ്രതിഭാഗം വക്കീലിന്റെ മികവ് മാത്രം അതില്‍ പോര. കോടതിക്ക് തങ്ങള്‍ ശിക്ഷ വിധിക്കുന്നത് ഒരു സാധാരണക്കാരനെതിരെ അല്ലെന്നും സമൂഹത്തില്‍ സ്വാധീനവും സ്ഥാനവും ഉള്ള ഒരാള്‍ക്കെതിരേയാണെന്നും അവിടെ പാകപ്പിഴകള്‍ ഉണ്ടാകരുതെന്നും നീതിപ്രഖ്യാപനത്തില്‍ ഒരു അഡ്വാന്റേജ് കൊടുക്കാന്‍ അയാള്‍ക്ക് അര്‍ഹതയുണ്ടെന്നും തോന്നണം. കോടതിയെ സമൂഹത്തിലേക്ക് നോക്കാന്‍ ദിലീപ് ക്ഷണിക്കുകയും ചെയ്യും. അങ്ങനെയൊരു സന്ദര്‍ഭം മുന്‍കൂട്ടി കണ്ടു തന്നെ സാഹചര്യങ്ങള്‍ തനിക്ക് അനുകൂലമായി ഒരുക്കിയെടുക്കാനാണ് രാമലീല എന്ന സിനിമ തൊട്ട് അയാള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സിനിമയിലൂടെ ജനങ്ങളില്‍ തന്റെ പ്രതിച്ഛായ മാറ്റിയെടുക്കുന്നതുപോലെ തന്നെ പ്രധാനമാണ് സിനിമ മേഖലയില്‍ തനിക്ക് മുന്‍കാല സ്ഥാനം തിരിച്ചെടുക്കുന്നതും. അതിനുള്ള ഏറ്റവും വലിയ തടസ്സമായി നിന്ന അമ്മയില്‍ നിന്നും പുറത്താക്കപ്പെട്ടവന്‍ എന്ന അപമാനം മാറ്റിയെടുക്കണം. ആ കളിയാണ് ഇപ്പോള്‍ വിജയിച്ചത്.

അമ്മയുടെ പുതിയ ഭാരവാഹി തെരഞ്ഞെടുപ്പിലും ദിലീപിനെ തിരികെയെടുക്കാനുള്ള തീരുമാനത്തിനും പുറകില്‍ ഒരാളുടെ പിഴവില്ലാത്ത കളിയുണ്ട്; ദിലീപിന്റെ തന്നെ.

പുതിയ ഭാരവാഹികളില്‍ പ്രസിഡന്റ് ആയ മോഹന്‍ലാല്‍ ഒഴികെ ബാക്കിയെല്ലാവരും ദിലീപിന്റെ നോമിനികള്‍ ആണെന്നത് വ്യക്തം. ദിലീപ് തിരികെ സംഘടനയില്‍ എത്തുമ്പോള്‍ (ആ വരവ് തന്നെ ഒരു ഒന്നൊന്നര വരവായിരിക്കും. കാരണം, തിരിച്ചെടുക്കല്‍ അപേക്ഷ നല്‍കി, കാത്ത് നിന്നല്ല. ആനയും അമ്പാരിയുമൊരുക്കി, പുറത്താക്കിയവര്‍ തന്നെ സമസ്താപരാധവും പറഞ്ഞ് ക്ഷണിക്കപ്പെട്ടായിരിക്കും അയാള്‍ എത്തുന്നത്) അയാള്‍ ഒരു സാധാരണ മെംബറായി, സംഘടനയുടെ വിനീത വിധേയനായി ഒതുങ്ങി നില്‍ക്കും. പക്ഷേ, സംഘടനയുടെ ചരട് അയാളുടെ കൈയിലായിരിക്കുമെന്നു മാത്രം. മോഹന്‍ലാല്‍ അയാളുടെ പ്രഖ്യാപിത നിലപാട് തന്നെ ഇവിടെയും തുടരും. എക്‌സിക്യൂട്ടീവും സംഘടനയിലെ ഭൂരിഭാഗം അംഗങ്ങളും ദിലീപിനെ പിന്തുണയ്ക്കുമ്പോള്‍ ദിലീപിന് തനിക്ക് ഒരിടനേരം നഷ്ടപ്പെട്ട പഴയ പ്രതാപം തിരിച്ചെടുക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല.

ഊര്‍മിള ഉണ്ണി, കുക്കു പരമേശ്വരന്‍ തുടങ്ങിയ വനിത പ്രതിനിധികള്‍ ദിലീപിന്റെ തിരിച്ചു വരവിന് വേണ്ടി ശക്തമായ വാദമാണ് ഉയര്‍ത്തിയതെന്നു കാണാം. സ്ത്രീ ശബ്ദങ്ങള്‍ ദിലീപിനു വേണ്ടി ഉയരുന്നതും എക്‌സിക്യൂട്ടീവില്‍ കൂടുതല്‍ വനിതകള്‍ വരുന്നതുമൊക്കെ സ്വാഭാവികമല്ല. അതും തിരക്കഥ പ്രകാരം തന്നെ. ഇവര്‍ക്കൊക്കെ ഇനിയുള്ള പ്രധാന ജോലി ദിലീപിന്റെ അപദാനങ്ങള്‍ പാടി, അയാളെ വാഴ്ത്തപ്പെട്ടവനും ഇരയാക്കപ്പെട്ടവനുമാക്കിയെടുക്കുകയാണ്.

ഈ തിരക്കഥ നടപ്പാക്കാന്‍ പ്ലാന്‍ എയും ബിയും കൈയില്‍ വച്ചു തന്നെയാണ് ദിലീപ് സംഘം രംഗത്തു വന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റൊരു പേര് കൂടി വന്നാല്‍ ഒരു മത്സരം നടത്താനും അതില്‍ പങ്കാളികളാകാനും സിദ്ദിഖും മുകേഷും ഗണേഷുമൊക്കെ തയ്യാറെടുത്തിരുന്നു. എന്നാല്‍ തമ്മില്‍ തമ്മില്‍ മത്സരം ഉണ്ടായി ഈ സംഘടന തകരരുതെന്ന് ആഗ്രഹിച്ചവര്‍ ഒത്തു തീര്‍പ്പിന് വഴങ്ങിയതോടെ എല്ലാം അവര്‍ക്ക് അനുകൂലമായി. നമ്മള്‍ എല്ലാവരും കൂടി ഉണ്ടാക്കിയ സംഘടന ഇല്ലാതാക്കരുതെന്ന അഭ്യര്‍ത്ഥന മമ്മൂട്ടിയില്‍ നിന്നുണ്ടായെന്നും കേള്‍ക്കുന്നു. ഇതോടെയാണ് സമവായത്തിലൂടെയെന്നപോലെ ഇപ്പോഴത്തെ ഭാരവാഹികള്‍ തെരഞ്ഞെടുക്കപ്പെടുന്നതും.

മോഹന്‍ലാല്‍ പ്രസിഡന്റ് ആകുന്നില്ലെങ്കില്‍ തീര്‍ച്ചയായും മത്സരം ഉണ്ടാകുമായിരുന്നു. ഗണേഷ് അടക്കം ചിലര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമായിരുന്നു. പ്രത്വിരാജ് അടക്കമുള്ള യുവതാരങ്ങള്‍ എതിരാളികളാകും. അങ്ങനെയൊരു മത്സരം ഉണ്ടായാല്‍ അമ്മ പിളരാന്‍ വരെ സാധ്യതയുണ്ടായിരുന്നു. മാത്രമല്ല, ഈ മത്സരം സിനിമയിലേക്കും വ്യാപിക്കും. പലരും ഒരുമിച്ച് അഭിനയിക്കാന്‍ മടിക്കും. സിനിമകള്‍ മുടങ്ങും. മത്സരം ഉണ്ടായാല്‍ ആരും ജയിക്കുമെന്നത് വ്യക്തമാണല്ലോ, അവര്‍ ഇപ്പോള്‍ നടത്തുന്നതിനേക്കാള്‍ ശക്തമായി തങ്ങളുടെ എതിരാളികള്‍ക്കെതിരേ പക വീട്ടും. രമ്യ നമ്പീശനും റിമ കല്ലിങ്കിലുമൊക്കെ ഇപ്പോള്‍ നേരിടുന്ന അവസ്ഥ ഉദാഹരണമായി നമ്മുടെ മുന്നിലുണ്ടല്ലോ!

മമ്മൂട്ടിയെപ്പോലെ തന്നെ, സംഘടന തകരരുതെന്ന ആഗ്രഹത്തിലാണ് മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതെന്നും അറിയുന്നു. മത്സരം ഒഴിവാക്കാനായി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ മോഹന്‍ലാല്‍ തയ്യാറാകുമ്പോള്‍ അദ്ദേഹത്തിന്റെ മനസില്‍ സംഘടനയുടെ നിലനില്‍പ്പിനെക്കുറിച്ചും മലയാള സിനിമയില്‍ തങ്ങള്‍ക്ക് പിന്നാലെ വളര്‍ന്നു വരുന്ന പ്രണവ്, ദുല്‍ഖര്‍ തുടങ്ങിയവരുടെ ഭാവിയെക്കുറിച്ചുമുള്ള ആശങ്കകളും ഉണ്ടായിരിക്കണം. പുതിയ തലമുറയ്ക്ക് ഇപ്പോഴുണ്ടായിരിക്കുന്ന പ്രതിസന്ധിയുടെ തിരിച്ചടി നേരിടേണ്ടി വരരുതെന്ന ആഗ്രഹം മോഹന്‍ലാലിന്റെ സ്ഥാനാരോഹണത്തിനു പിന്നില്‍ ഉണ്ട്. ഇതോടെ ഇന്നസെന്റും മമ്മൂട്ടിയും ഇടപെടുകയും ഒരു സമവായം ഉണ്ടാക്കുകയുമായിരുന്നു. മോഹന്‍ലാല്‍ പ്രസിഡന്റ് ആകട്ടെയെന്നും ബാക്കിയുള്ളവര്‍ നിങ്ങളുടെ ഇഷ്ടപ്രകാരം ആയിക്കോളാനുമായിരുന്നു ആ സമവായത്തിലെ നിബന്ധന. ഇതിനൊപ്പം ഒരു നിര്‍ദേശം കൂടി ഉയര്‍ന്നത് ജനറല്‍ സെക്രട്ടറിയായി മമ്മൂട്ടി തുടരട്ടെ എന്നായിരുന്നു. എന്നാല്‍ 'ഞാന്‍ ഇല്ല' എന്നു പറഞ്ഞ് മമ്മൂട്ടി ഒഴിവാകുകയായിരുന്നുവത്രേ. അതേ തുടര്‍ന്നാണ് ഇടവേള ബാബു ജനറല്‍ സെക്രട്ടറിയായി വരുന്നത്. ഇടവേളയെ ജനറല്‍ സെക്രട്ടറിയാക്കുന്നതില്‍ ഭൂരിഭാഗത്തിനും താത്പര്യമില്ലായിരുന്നുവെങ്കിലും അയാള്‍ ആ സ്ഥാനത്തേക്ക് വന്നതാണ് ദീലീപിന്റെ കരുത്ത്.

ഒരു കാര്യം കൂടി വ്യക്തമാണ്. ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് തുടര്‍ന്നതുപോലെ ഒരു ദീര്‍ഘകാല പ്രസിഡന്റായി മോഹന്‍ലാല്‍ മാറില്ല. തന്റെ കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ അദ്ദേഹം മാറും. അവിടെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി എത്തുക ദിലീപ് ആയിരിക്കുമെന്നതിലും വലിയ അത്ഭുതമൊന്നും വേണ്ട.

പുതിയ സംഭവവികാസങ്ങളോടെ ഒരു കാര്യം തെളിഞ്ഞു. മലയാള സിനിമ ലോകത്ത് ഇനി ദിലീപ് വിരുദ്ധ ചേരി എന്നൊന്നുണ്ടാകില്ല. ആ പെണ്‍കുട്ടിക്ക് നീതി തേടുന്നവര്‍ പോലും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഒതുങ്ങി നില്‍ക്കും. ഒരാള്‍ പോലും വ്യക്തിപരമായ അഭിപ്രായങ്ങളുമായി പുറത്തു വരില്ല. വിമന്‍ കളക്ടീവിന്റെ ഫെയ്‌സ്ബപക്ക് പേജില്‍ ഓരോ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടേക്കാം. സംഘടനയുടെ അഭിപ്രായം, വ്യക്തിപരമല്ല എന്നു പറഞ്ഞ് ഓരോരുത്തര്‍ക്കും ഒഴിവാകുകയും ചെയ്യാം.

അതുകൊണ്ട് ദിലീപ് അമ്മയില്‍ തിരിച്ചു വന്നതിനെ കുറിച്ച് വലിയ ചര്‍ച്ചകളൊന്നും വേണ്ട. ഇനി കാത്തിരിപ്പ് ഒരു കാര്യത്തില്‍ മാത്രം ഒതുക്കാം. കോടതിയില്‍ നിന്നും ആ പെണ്‍കുട്ടിക്ക് നീതി കിട്ടുമോ എന്നതില്‍.

http://www.azhimukham.com/offbeat-two-confessions-writes-saju/

http://www.azhimukham.com/cinema-amma-organization-on-actess-abusing-case/

http://www.azhimukham.com/facebook-diary-amma-decision-to-revoke-dileeps-expulsion-criticised-sreekanthpk/

http://www.azhimukham.com/news-update-aashiq-abu-against-amma/

http://www.azhimukham.com/film-amma-mazhavil-show-skit-against-wcc-criticised-ribinkareem/


Next Story

Related Stories