TopTop
Begin typing your search above and press return to search.

വയലന്‍സും ക്രൈമും ഒഴിവാക്കി ഒരു മനുഷ്യന്റെ ചരിത്രം എഴുതാന്‍ കഴിയില്ല: എ കെ സാജന്‍/ അഭിമുഖം

വയലന്‍സും ക്രൈമും ഒഴിവാക്കി ഒരു മനുഷ്യന്റെ ചരിത്രം എഴുതാന്‍ കഴിയില്ല:  എ കെ സാജന്‍/ അഭിമുഖം

മലയാളത്തിലെ എണ്ണം പറഞ്ഞ തിരകഥാകൃത്തുക്കളിൽ മുൻപന്തിയിൽ നിൽക്കുന്ന പേരാണ് എ കെ സാജൻ. കാമ്പുളള കഥകളും മുൾമനയിൽ നിർത്തുന്ന കഥാസന്ദർഭങ്ങളും എ കെ സാജൻ സിനിമകളുടെ മുഖമുദ്രയാണ്. 25 വർഷത്തെ സിനിമാജീവിതത്തിനിടയിൽ അദ്ദേഹം പരീക്ഷിക്കാത്ത തരം സിനിമകൾ ഇല്ല, തമാശയും പ്രണയവും രാഷ്ട്രീയവും ആക്ഷനും കുറ്റാന്വേഷണവും എല്ലാം വഴങ്ങുന്ന ഒരു എഴുത്തുകാരൻ ആണെന്ന്‌ തെളിയിച്ചിട്ടുള്ള അദ്ദേഹം സ്റ്റോപ്പ് വയലൻസിലൂടെ സംവിധായകൻ ആയപ്പോൾ മലയാളികൾ കണ്ടത് അന്നുവരെ ശീലിച്ച ദൃശ്യഭാഷയിൽ നിന്നും വേറിട്ട തരത്തിലുളള കഥ പറച്ചിലും ക്രൈമും ഒക്കെ ആയിരുന്നു വെള്ളിത്തിരയിലെത്തിയത്. മൂന്ന്‌ വർഷത്തെ ഇടവേളയ്ക്ക് ശേഷം അദ്ദേഹം തന്റെ പുതിയ സിനിമയുമായി നമ്മുക്കിടയിലേക്ക് വരുമ്പോൾ കൂട്ടിനുള്ളത് പുതുതലമുറയിലെ ശ്രദ്ധേയരായ അഭിനേതാക്കളായ സിജു വിൽസണും ഷറഫുദീനും അനു സിത്താരയും ഒക്കെ ആണ്‌. നീയും ഞാനും എന്ന സിനിമയെ കുറിച്ചും തന്റെ സിനിമ ജീവിതത്തെ പറ്റിയും മനസ്സ്‌ തുറക്കുകയാണ് എ കെ സാജൻ.

സാധരണ ത്രില്ലർ സിനിമകളാണ്‌ എ കെ സാജനിൽ നിന്ന്‌ പ്രതീക്ഷിക്കാറ് ഇത്തവണ പക്ഷേ പ്രണയ കഥയാണ്‌,എന്താണ്‌ നീയും ഞാനും ?

ഒരു ത്രികോണ പ്രണയ കഥയാണ്‌ നീയും ഞാനും.നീയും ഞാനും എന്നുള്ളത് സാധാരണ രണ്ട്‌ പേർ തമ്മിലാണ് പറയുന്നത്‌,അതിൽ മൂന്നാമത് ഒരാളുടെ സ്പേസ് എന്താണെന്ന്‌ ആണ്‌ ഈ കഥ തിരയുന്നത്.ഒരു പൈങ്കിളി കഥ അല്ല ,ഇതിൽ പ്രണയം മാത്രമല്ല അൽപ്പം തമാശയും ത്രില്ലും ഒക്കെ ഉണ്ട്‌.

നമ്മുടെ സമൂഹത്തിൽ ഇന്ന്‌ പ്രണയങ്ങൾക്കും പ്രണയിക്കുന്നവർക്കും വലിയ തോതിലുള്ള വെല്ലുവിളികൾ ആണ്‌ നേരിടേണ്ടി വരുന്നത്‌, ഈ ഒരു സാഹചര്യത്തിൽ ഇത്തരം ഒരു പ്രണയ കഥയ്ക്ക്‌ അതിൽ എത്രത്തോളം സ്വാധീനം ഉണ്ട്‌ ?

പുതിയ കാലത്തെ പ്രണയവും പ്രശ്നങ്ങളും ഈ കഥയിൽ പറയുന്നുണ്ട്, പ്രണയിക്കാൻ സ്പേസ് ഇല്ലാത്തതും, പ്രണയം കുറ്റമായി പോകുന്ന ഒരു അവസ്ഥയെ കുറിച്ചുമൊക്കെ നമ്മൾ ചർച്ച ചെയ്യുന്നുണ്ട്. ഇത്തരം രാഷ്ട്രീയം സാഹചര്യങ്ങൾ ഉൾപ്പടെ സാധാരണ എന്റെ സിനിമകളിൽ കണ്ടുവരുന്ന എല്ലാ എലെമെന്റ്സും ഉള്ള സിനിമയാണ്‌ ഇത്‌. ശരിക്കും ഇന്നത്തെ കാലത്തെ സിനിമ, അതാണ്‌ നീയും ഞാനും.

പുതുതലമുറയിലെ ഒരു താരനിരയാണ് ഈ ചിത്രത്തിൽ, അതിനെ പറ്റി ?

അതിൽ ഏറ്റവും പ്രധാനപെട്ട കാര്യം ഇതിൽ ഒരു പ്രണയം പറയുന്നു എന്നുള്ളതുകൊണ്ടാ.പിന്നെ ഇതൊരു ചെറിയ ബഡ്‌ജറ്റിൽ ആലോചിച്ച സിനിമയാണ്‌ ,അപ്പോൾ വലിയ താരങ്ങളിലേക്ക്‌ പോകാനുള്ള ഒരു ക്യാൻവാസ്‌ ഇതിനില്ലായിരുന്നു.സിജു ആണ് ആദ്യം ഈ കഥയിലേക്ക് വരുന്നത്‌, സിജുവിലൂടെ ഷറഫിലേക്ക് എത്തി, പിന്നെ അനുവിലേക്ക് പോയി, അങ്ങനെ എല്ലാം ഒത്തുവരികയായിരുന്നു. പിന്നെ പുതിയ ആൾക്കാരെ വച്ച് പടം ചെയ്യാൻ എനിക്കിഷ്ടമാണ്, സ്റ്റോപ്പ് വയലൻസ് ചെയ്യുമ്പോ പ്രിത്വിരാജ് ഒരു പുതിയ ആളാ, പുതിയ ആൾക്കാരുടെ കൂടെ പടം ചെയ്യുമ്പോ അത് നമ്മളുടെ പ്രായം കുറയ്ക്കും, നമ്മുടെ ചിന്തകൾ ഉണർത്തും. എനിക്ക്‌ 55 വയസ്സായി, ഈ സിനിമയിലെ ഏറ്റവും വൃദ്ധൻ ഞാനാ, എന്റെ വാർദ്ധക്യത്തെ പോലും നമ്മൾ മറച്ചു വയ്ക്കുന്നത് അവരുടെ യൗവ്വനം കൊണ്ടാണ്. ഞാൻ വളർന്ന് വന്ന കാലം എഴുപതുകൾ ആണ്‌, അതിപ്പോ ഞാൻ എത്ര രൂപമാറ്റം വരുത്തിയാലും എനിക്ക്‌ ആ ഒരു മനസ്ഥിതി മാറാൻ പോണില്ല, അത്തരം കാലഘട്ടത്തിലുള്ള സിനിമകളും ചിന്തകളും ഒക്കെ ആയിരിക്കും നമ്മളെ സ്വാധീനിക്കുക. പുതിയ ആൾക്കാരെ വച്ച് കഥകൾ പറയുമ്പോഴും അതിൽ എന്റെ കാലഘട്ടത്തിന്റെ മുഹൂർത്തങ്ങൾ ഉണ്ടാവും, അതൊരു പരിധി വരെ നമുക്ക്‌ ഇവരെ വച്ച് മറയ്ക്കാൻ പറ്റും.

ഏറ്റവും കൂടുതൽ പ്രണയകഥകൾക്ക്‌ പശ്ചാത്തലമായ നാടാണ് കോഴിക്കോട്,അതേ മണ്ണിൽ നിന്ന്‌ തന്നെ നീയും ഞാനും പറയാൻ തിരഞ്ഞെടുത്തത്തിന്റെ കാരണം ?

കോഴിക്കോട് മാത്രമല്ല, കണ്ണൂരും കട്ടപ്പനയും കന്യാകുമാരിയിലും തിരുവനന്തപുരത്തും അങ്ങനെ കേരളത്തിലെ എല്ലാ മുക്കും മൂലയിലും പ്രണയം ഉണ്ട്‌. ഇതിൽ കോഴിക്കോടിന് ഒരു ജനപ്രിയ സംഗീതത്തിന്റെ പശ്ചാത്തലം ഉണ്ട്‌, അതൊക്കെ കുറേകൂടി ആളുകളെ ഈ കഥയിലേക്ക്‌ കൊണ്ടുവരാൻ എളുപ്പമായിരിക്കും. പിന്നെയിതൊരു മുസ്‌ലിം പശ്ചാത്തലയത്തിലുള്ളൊരു കഥയാണ്‌,ഞാൻ ഒരു പെരിന്തൽമണ്ണ സ്വദേശി ആയതുകൊണ്ട്‌ എനിക്ക്‌ കൂടുതൽ അറിയുന്നത്‌ മലപ്പുറവും കോഴിക്കോടുമാണ്, അപ്പോൾ എനിക്ക്‌ കുറച്ചുകൂടി കഥ പറയാൻ എളുപ്പം ഉള്ള ഭാഷ കോഴിക്കോടാണ്.

ത്രില്ലർ സിനിമകളോട്‌ എന്നും കുറച്ചു കൂടുതൽ പ്രിയമുള്ള ആളാണ്‌ എ കെ സാജൻ, എന്തുകൊണ്ടാണ്‌ അങ്ങനെ ?

ത്രില്ലർ പാപമൊന്നുമല്ലലോ (ചിരി ). ഇപ്പോഴും എന്നെ വായനയിൽ ഏറ്റവും മോഹിപ്പിക്കുന്നത് ഡിറ്റക്റ്റീവ് നോവലുകളും ത്രില്ലറുകളും ഒക്കെയാണ്‌, നമ്മുടെ ഒരു മൈൻഡ് സെറ്റിങ്ങിന്റെ ഭാഗമാണ് അത്. ഞാൻ വായിക്കുന്ന പുസ്തകങ്ങളിലെ അത്തരം എലെമെന്റുകൾ ആയിരിക്കും എന്നെ കൂടുതൽ ആകർഷിക്കുക. പിന്നെ ആര് ഒരു കഥ എഴുതിയാലും അതിൽ ഒരു ത്രില്ലർ എലെമെന്റ് ഉണ്ടാകും , ഉമ്മാച്ചു എന്ന നോവലിൽ ഒരു അത്യുഗ്രൻ ക്രൈം ഉണ്ട്‌ അതുപൊലെ രാമായണത്തിലും മഹാഭാരതത്തിലും ബൈബിളിലും ഒക്കെ ത്രില്ലർ എലെമെന്റ്സ് ഉണ്ട്‌, വയലൻസ്‌ ഉണ്ട്‌. യേശുവിന്റെ കുരിശാരോഹണത്തിൽ ഒക്കെ ഭീകര വയലൻസ്‌ അല്ലേ, ഒരു മനുഷ്യനെ ജീവനോടെ ആണിയിൽ തറച്ച് നടത്തിച്ച് ചമ്മട്ടി കൊണ്ടടിച്ച് കുന്തം കൊണ്ട്‌ കുത്തി കൊല്ലുന്നതിൽ ഒക്കെ മാരകമായ വയലൻസാണ്. ഏറ്റവും വലിയ വയലൻസിന്റെ കർമഭൂമിയിലാണ് ഗീത ജനിച്ചത്‌ തന്നെ, മാസ് വയലൻസ്‌ ആണ്‌ അവിടെ നടക്കുന്നത്‌. അതുകൊണ്ട്‌ എനിക്ക്‌ പറയാനുള്ളത്‌ വയലൻസും ക്രൈമും ഒഴിവാക്കിയിട്ട്‌ നമുക്ക് സമൂഹത്തിലെ ഒരു മനുഷ്യന്റെ ചരിത്രം എഴുതാൻ കഴിയില്ല.

താങ്ങളുടെ സിനിമകളിൽ പറഞ്ഞിട്ടുള്ളത്‌ പോലത്തെ ക്രൈമുകൾക്ക്‌ ഇന്ന്‌ നമ്മുടെ സമൂഹത്തിൽ വളരെ അധികം സാധ്യതകൾ ഏറിയിരിക്കുകയാണ്,ഇത്തരം ഒരു സാഹചര്യത്തെ പറ്റി എന്താണ്‌ അഭിപ്രായം ?

നമ്മൾ വളരെ സുരകക്ഷിതരായി ജീവിക്കുന്നു എന്നത്‌ നമ്മുടെ ഒരു വിശ്വാസം മാത്രമാണ്‌,നമ്മൾ ആരും ഒട്ടും സേഫ് അല്ല, അതാണ് എന്നെ പേടിപ്പിക്കുന്ന കാര്യം. ഏത് നിമിഷവും മുമ്പിൽ വരുന്ന ഒരാൾക്ക്‌ ആളുമാറി എങ്കിലും നമ്മളെ കൊല്ലാം. അത്തരം ഒരു ദുഷ്കരമായ സാഹചര്യത്തിലാണ് നമ്മൾ ജീവിക്കുന്നത്‌. കാലം തന്നെ അതിനൊരു മറുപടി കണ്ടുപിടിക്കണം.

നമ്മുടെ ഇപ്പോഴത്തെ മലയാള സിനിമയുടെ വളർച്ചയെ 25 വർഷമായി മലയാള സിനിമയിൽ നിലനിൽക്കുന്ന ഒരാളെന്ന നിലയിൽ എങ്ങനെ വിലയിരുത്തുന്നു ?

മലയാള സിനിമ എന്നും മുന്നോട്ട്‌ ആണ്‌ പോയിട്ടുള്ളത്. നീലക്കുയിൽ അന്നത്തെ കാലത്തെ ഒരു പുതിയ സിനിമയാണ്‌. എല്ലാകാലത്തും ചെറുപ്പക്കാർ സിനിമയിൽ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്‌. ഇന്നത്തെ ആഷിഖ് അബൂനെയും ദിലീഷ്‌ പോത്തനെയും ലിജോനെയും ഒക്കെ ചിലപ്പോ ഒരു പതിനഞ്ചു വർഷം കഴിഞ്ഞ് അന്നത്തെ തലമുറ മറ്റൊരു ശശികുമാർ എന്നോ ഭരതൻ എന്നോ ഒക്കെ വാഴ്ത്തപ്പെടുത്തിയേക്കാം. സിനിമ മുന്നോട്ടാണ് പോകുന്നത്‌ മുഖങ്ങൾ മാറിക്കൊണ്ടിരിക്കും എന്നതേ ഉളളൂ , അതനുസരിച്ച് പുതിയ ആളുകൾ പ്രമേയങ്ങൾ പുതിയ ഭാവനയിൽ പറയും. സിനിമയിൽ മാത്രമല്ല അത്‌ രാഷ്ട്രീയത്തിലും സംഗീതത്തിലും സാഹിത്യത്തിലും ഒക്കെ ഈ മുന്നോട്ട് പോക്ക് ഉണ്ട്‌.നമുക്ക് ഒരിക്കലും അതിനെതിരെ മുഖം തിരിച്ച് നിൽക്കാൻ പറ്റില്ല,കാലത്തിനെ ആർക്കും പിടിച്ചു നിർത്താൻ കഴിയില്ല.

എൺപതുകളിൽ അങ്ങാടി എന്ന സിനിമ കണ്ട്‌ നമ്മൾ അത്ഭുതപ്പെട്ടു പോയിട്ടുണ്ട്‌, ഐ വി ശശിയും ദാമോദരൻ മാഷും ഒക്കെ അന്നത്തെ പുതുതലമുറയാണ്. അവളുടെ രാവുകളും ശരപഞ്ചരവും പെരുവഴിയമ്പലവും ഒക്കെ പരീക്ഷണങ്ങൾ തന്നെ ആയിരുന്നു, അപ്പോൾ പരീക്ഷണങ്ങൾ എന്നാണ്‌ മലയാള സിനിമയിൽ ഇല്ലാതിരുന്നിട്ടുള്ളത്‌. എല്ലാ കാലത്തും ചെറുപ്പക്കാർ സിനിമയിൽ അവരുടെ ദൗത്യം നിർവഹിച്ചിട്ടുണ്ട്. ഇന്നൊരു സിനിമ കാണാൻ തീയേറ്ററിൽ വരുന്ന പ്രേക്ഷകൻ വെറുമൊരു കാഴ്ചക്കാരൻ മാത്രമായിട്ടല്ല വരുന്നത്‌, അവന്റെയുള്ളിൽ തന്നെ ഒരു സംവിധായകനും തിരക്കഥാകൃത്തും നടനും ഒക്കെയായിട്ടാണ് അവൻ സിനിമ കാണുന്നത്‌,അവനെ തൃപ്തിപ്പെടുത്തുക എന്നത്‌ വലിയ ഒരു ചുമതല ആണ്‌.ചിലർ അതിൽ വിജയിക്കും,ചിലർ പരാജയപ്പെടും.അതുപൊലെ നമ്മുടെ വാണിജ്യ സിനിമകളിലും കലാമൂല്യമുള്ള കഥകളിലും ഒക്കെ ഒളിപ്പിച്ചു വച്ച ഒരു രാഷ്ട്രീയം ഉണ്ട്‌ എന്നും ,അത്‌ നമ്മുടെ മുന്നാംകിട സിനിമകളിൽ പോലും ഉണ്ടായിട്ടുണ്ട്‌.അതുകൊണ്ട്‌ ഒക്കെ തന്നെയാണ്‌ നമ്മുടെ സിനിമകൾ മറ്റുഭാഷ സിനിമകളിൽ നിന്നും വേറിട്ട്‌ നിൽക്കുന്നത് . നമുക്ക് അഭിമാനിക്കാം നമ്മുടെ സിനിമകൾ മോശമല്ല,നമ്മുടെ ചെറുപ്പക്കാരും മോശക്കാരല്ല,ഇനി വരാൻ പോകുന്ന ചെറുപ്പക്കാരും മോശക്കാരായിരിക്കില്ല.

സ്ത്രീവിരുദ്ധതയും വർണ്ണവിവേചനവും ഒക്കെ ഇന്ന്‌ ഒരു എഴുത്തുകാരന് മേൽ വന്നു വീഴുന്ന വിലങ്ങുതടികളായിരിക്കുന്നു, ഇതേ പറ്റി ഒരു എഴുത്തുകാരൻ എന്ന നിലയിൽ താങ്കളുടെ അഭിപ്രായം എന്താണ്‌ ?

എഴുത്തുകാരൻ എന്ന നിലയിൽ ഇന്ന്‌ നമ്മുടെ കൈയ്യിൽ കുറേ ചങ്ങലകൾ ഉണ്ട്‌.നമ്മൾ ഒരു സീൻ എഴുതുമ്പോഴും ഡയലോഗ് എഴുതുമ്പോഴും ഒരു 10 ചോദ്യങ്ങൾ വരുമെന്ന ബോധ്യത്തോടെ വേണം എഴുതാൻ.കുറേ ഒക്കെ ആലോചിച്ചാൽ അത്‌ നല്ലതാണ്‌,എന്നാൽ കുറേ ഒക്കെ അത്‌ ഭയം ഉണ്ടാക്കുന്നുണ്ട്.ഇപ്പോ ഈ ചോദ്യത്തിന്‌ തന്നെ ആ ഭയം ഉണ്ട്‌, അത്‌ നമ്മുടെ നാട്ടിൽ കുറേ സ്‌ത്രീകൾ ഉണ്ടാക്കി എടുത്തിട്ടുണ്ട്.അത്‌ മാത്രമല്ല ഇപ്പോ ടെക്നോളജി നമ്മൾ എഴുത്തുകാരെ ഒരുപാട്‌ കുഴപ്പിക്കുന്നുണ്ട്,ഒരു ക്രൈം സ്റ്റോറി ഒക്കെ എഴുതുമ്പോൾ ഏറ്റവും വലിയ പ്രശ്നം ഇന്ന്‌ കൈയ്യിൽ മൊബൈൽ ഉള്ളവർ എല്ലാം പോലീസുകാര് ആണെന്നുള്ളതാണ്‌. ഇതെല്ലാം ഒരു എഴുത്തുകാരന് വിശാലമായി ചിന്തിക്കാൻ തടയിടുകയാണ്.ഞാൻ ഇതിൽ കൗതുകത്തോടെ കാണുന്നത്‌ എന്താന്ന് വച്ചാൽ ഒരു 25 വർഷം കഴിഞ്ഞാൽ അന്നത്തെ ഒരു തിരക്കഥാകൃത്ത് എഴുതാൻ പോകുന്ന വിഷയം എന്താണെന്നുള്ളതാണ്.ചിലപ്പോ നമ്മൾ ഇപ്പോ ഈ കാണുന്നതിനെയൊക്കെ വിപ്ലവകരമായ രീതിയിൽ അവർ കൈകാര്യം ചെയ്യുമായിരിക്കും,ഇന്ന്‌ നമ്മൾ കാണുമ്പോൾ അയ്യേ എന്ന്‌ പറയുന്ന വിഷയങ്ങൾ അന്ന് സ്വീകാര്യമായേക്കാം.

കോക്കേഴ്സ് ഫിലിംസ് എന്ന മലയാളത്തിലെ ഏറ്റവും പ്രശസ്തമായ നിർമ്മാണ കമ്പനിയുമായി പ്രവർത്തിച്ചതിനെ പറ്റി ?

സിയാദിക്കയെ എനിക്ക്‌ സിനിമയിൽ വരുന്ന കാലം മുന്നേ അറിയാം.എന്റെ ഗുരുവായ എസ്‌ എൻ സ്വാമിയുടെ അടുത്ത സുഹൃത്താണ് സിയാദിക്ക.പണ്ട്‌ എറണാകുളത്തെ അവരുടെ മൈമൂൺ ലുലു തീയേറ്ററിൽ വച്ച് ഞാൻ സിയാദിക്കയെ പരിചയപ്പെട്ടിട്ടുണ്ട് ,പക്ഷേ അന്ന് ഞാൻ കരുതിയില്ല പത്തിരുപത് വർഷം കഴിഞ്ഞ് ഞാൻ അദ്ദേഹവുമായി സിനിമ ചെയ്യുമെന്ന്‌.അങ്ങനെ ഫേമസ് ആയ ഒരു ബാനറിൽ സിനിമ ചെയ്യണമെന്ന് പറയുമ്പോൾ എനിക്കുള്ളൊരു സന്തോഷം എന്തെന്നാൽ ഇത്തരം പഴയ ബാനറുകൾ തിരിച്ചു വരണം എന്ന്‌ ആഗ്രഹിക്കുന്ന ആളാണ്‌ ഞാൻ കാരണം അവർ തീയേറ്റർ എക്‌സ്‌പീരിയൻസ് കൂടെ ഉള്ളവരാണ്,ഒരു പ്രേക്ഷകന്റെ പൾസ്‌ എന്താണെന്ന്‌ അവർക്ക്‌ അറിയാം.അതൊരു സിനിമയ്ക്ക് നന്നായി ഗുണം ചെയ്യും.

ഒരു മുഴുനീള ഹ്യൂമർ സിനിമ എ കെ സാജനിൽ നിന്നും വന്നിട്ടില്ല ,എന്തുകൊണ്ടാണ്‌ ?

വിഷയം കണ്ടുപിടിക്കുന്നതിൽ ഉള്ള പ്രശ്നമാണ് കാരണം.ഹ്യൂമറിൽ തന്നെ പല തരത്തിലുളള പരീക്ഷണങ്ങൾ നടന്നിട്ടുണ്ട്,അതിനെ എങ്ങനെ മാറ്റിപിടിക്കണം എന്ന ഒരു ആലോചന ഉണ്ട്‌.എനിക്കിഷ്ടമാണ് ഹ്യൂമർ ചെയ്യാൻ,അതുകൊണ്ട് പുതിയ നിയമത്തിലും നീയും ഞാനിലും ഒക്കെ ചെറിയ തമാശകൾ ഒക്കെ പരീക്ഷിച്ചിട്ടുണ്ട് . ഒരു മുഴുനീള ഹാസ്യചിത്രം എന്നതിന്‌ പകരം വളരെ ലൈറ്റ് മോമെന്റഡ് ആയിട്ടുള്ള തരം സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം,അങ്ങനെ സംഭവിക്കട്ടെ.

നീയും ഞാനും കാണാൻ തീയേറ്ററിൽ വരുന്ന പ്രേക്ഷകരോട്‌ എന്താണ്‌ പറയാനുള്ളത്‌ ?

കേവലം ഒരു സാധാ പൈങ്കിളി ലവ് സ്റ്റോറി ആവില്ല ഈ ചിത്രം എന്ന്‌ മാത്രമാണ്‌ എനിക്ക്‌ പറയാൻ ഉള്ളത്‌.

അടുത്ത പ്രോജക്റ്റ് ?

മമ്മൂക്കയെ വച്ച് ചെയ്യാൻ പറ്റുന്ന ഒരു വിഷയം ആണ്‌ മനസ്സിൽ ഉള്ളത്‌,അതും ഒരു ത്രില്ലർ ആണ്‌.എപ്പോ സംഭവിക്കും എന്നറിയില്ല .


Next Story

Related Stories