TopTop
Begin typing your search above and press return to search.

പദ്മകുമാര്‍, സജീവ് പിള്ളയോട് അല്‍പം മര്യാദയാകാം; ആ മനുഷ്യന്റെ 12 വര്‍ഷക്കാലത്തെ അധ്വാനത്തിന്റെ വിളവാണ് നിങ്ങള്‍ കൊയ്യാന്‍ പോകുന്നത്

പദ്മകുമാര്‍, സജീവ് പിള്ളയോട് അല്‍പം മര്യാദയാകാം; ആ മനുഷ്യന്റെ 12 വര്‍ഷക്കാലത്തെ അധ്വാനത്തിന്റെ വിളവാണ് നിങ്ങള്‍ കൊയ്യാന്‍ പോകുന്നത്

യുദ്ധത്തിലും പ്രേമത്തിലും വിജയിക്കാന്‍ എന്തു തന്ത്രവും പ്രയോഗിക്കാമെന്നു പറയാറുണ്ട്. സിനിമയും കൂടി ഇതില്‍ ചേര്‍ത്തു പറയണമെന്നാണ് അംബുജാക്ഷന്റെ ആവശ്യം. നെറികേടുകളുടെ ലോകം എന്നാണ് സിനിമ ഇന്‍ഡ്ട്രികളെ വിളിക്കുന്നത്. മേലോട്ടു കയറാന്‍ മറ്റൊരുത്തന്റെ തലയില്‍ ചവിട്ടണമെങ്കില്‍ അതും ചെയ്യണമെന്നാണ് രാഷ്ട്രീയക്കാരുടെ ലൈന്‍ എങ്കില്‍, തലയില്‍ ചവിട്ടുക മാത്രമല്ല, കാലില്‍ പിടിച്ച് വലിച്ചു താഴെയിടാനും സിനിമാക്കാര്‍ക്ക് യാതൊരു മടിയുമില്ല. രാഷ്ട്രീയക്കാരെക്കാള്‍ ഭംഗിയായി അവരത് ചെയ്യുന്നുമുണ്ട്.

എല്ലാവരേയുമെന്നപോലെ അംബുജാക്ഷനും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മാമാങ്കം. കേരളത്തിന്റെ പോരാട്ട ചരിത്രത്തിലെ ഒളിമങ്ങാത്ത ഓര്‍മയാണ് മാമാങ്കം. ആ ചരിത്രാവേശത്തെ ചലച്ചിത്രാവിഷ്‌കരമാക്കി, അതും മമ്മൂട്ടിയെന്ന നടന്റെ സാന്നിധ്യത്തോടെ അവതരിപ്പിക്കുന്നുവെന്നറിയുമ്പോള്‍ ആര്‍ക്കാണ് ആകാംക്ഷയും പ്രതീക്ഷകളും ഉണ്ടാകാത്തത്. സജീവ് പിള്ള എന്ന സംവിധായകനാണ് മാമാങ്കം ഒരുക്കുന്നതെന്ന് അറിഞ്ഞപ്പോള്‍, ഒരു പുതുമുഖത്തിന് ഇത്രവലിയൊരു പ്രൊജക്ട് സാക്ഷാത്കരിക്കാന്‍ സാധിക്കുമോ എന്ന ചെറുതല്ലാത്ത ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍ സജീവ് ഈയൊരു പ്രൊജക്ടിനു വേണ്ടി എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്നു വഴിയെ അറിഞ്ഞതോടെ ആശങ്കകള്‍ മാറി. ഏകദേശം പന്ത്രണ്ട് വര്‍ഷത്തോളം എടുത്ത് മാമാങ്കവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്തിയും പ്രദേശങ്ങളില്‍ താമസിച്ചും മറ്റുമാണ് സജീവ് പിള്ള സിനിമയ്ക്കായി തിരക്കഥ തയ്യാറാക്കിയത്. ഈ തിരക്കഥയെ കുറിച്ച് നിര്‍മാതാവ് വേണു കുന്നിപ്പിള്ളിയും സാക്ഷാല്‍ മമ്മൂട്ടിയുമൊക്കെ വാഴ്ത്തി പറയുന്നത് കൂടി കേട്ടപ്പോള്‍ പ്രതീക്ഷ ഇരട്ടിച്ചത് അംബൂജാക്ഷന്റെ മാത്രമല്ലല്ലോ! മാമാങ്കവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഓരോ വാര്‍ത്തകളും ആവേശത്തോടെയാണ് കേട്ടത്. പക്ഷേ, എല്ലാം തകിടം മറിഞ്ഞുപോയി. വാഴ്ത്തിയവര്‍ തന്നെ സജീവ് പിള്ളയെന്ന ചെറുപ്പക്കാരനെ വീഴ്ത്താന്‍ നോക്കി, അതു കണ്ടിട്ടും കാണാത്തപോലെ, ഒന്നു മിണ്ടാനില്ലാത്ത പോലെ മെഗാസ്റ്റാര്‍ മുഖം തിരിച്ചു. തനിക്കെതിരേ നടക്കുന്ന കളികള്‍ക്കെതിരേ ആ സംവിധായകന്‍ സിനിമ സംഘടനകളെ കണ്ടുനോക്കി. രക്ഷ കിട്ടിയില്ല. താന്‍പോലും അറിയാതെ തന്റെ സിനിമയില്‍ നിന്നും ഓരോരുത്തരെയായി ഒഴിവാക്കുന്നതും പകരക്കാരെ കൊണ്ടുവരുന്നതും അയാള്‍ക്ക് വാര്‍ത്തകളിലൂടെ അറിയേണ്ടി വന്നു. തന്റെ തന്നെ സ്ഥാനത്തിനു പോലും ഉറപ്പില്ലാത്ത അവസ്ഥയിലേക്ക് അയാള്‍ തള്ളിയിടപ്പെട്ടു. ഇപ്പോഴിതാ തന്റെ ജീവനു വരെ ഭീഷണിയുണ്ടെന്ന പരാതിയുമായി മുഖ്യമന്ത്രിയെ കണ്ടിരിക്കുകയാണ്.

ഇതൊക്കെ എല്ലാവരും അറിഞ്ഞിട്ടുള്ള കാര്യമായിരിക്കും. അംബുജാക്ഷനെ രോഷം കൊള്ളിച്ചത് മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ മാത്രമല്ല. നെറികേട് എന്നും അധാര്‍മികമെന്നും തോന്നിയ മറ്റൊന്നാണ്. 25 ദിവസത്തോളം ചിത്രീകരണത്തിന്റെ ഭാഗമായിരുന്ന നടനും ഛായാഗ്രാഹകന്‍ ഉള്‍പ്പെടെയുള്ള ചില സങ്കേതികപ്രവര്‍ത്തകരും പൊടുന്നനെ ഒഴിവാക്കപ്പെട്ടതും സംവിധായകന്റെ സ്ഥാനത്തു നിന്നും സജീവ് പിള്ളയെ നീക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത വന്നതും കൊണ്ട് നിര്‍മാതാവുമായി ബന്ധപ്പെട്ട ചിലരെ സമീപിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടിയ മറുപടി; പറഞ്ഞു വിട്ടവരെല്ലാം കഴിവില്ലാത്തവര്‍ ആണെന്നതായിരുന്നു. സംവിധായകനെ മാറ്റുന്നതും അയാളും കഴിവില്ലാത്തവന്‍ ആയതുകൊണ്ടാണെന്ന്! പന്ത്രണ്ടു വര്‍ഷത്തോളം കഷ്ടപ്പെട്ട് ഒരു വിഷയത്തെ കുറിച്ച് ആഴത്തില്‍ പഠിച്ച് പ്രിന്റഡ് തിരക്കഥ തയ്യാറാക്കി അത് വച്ച് ഒരു ഷെഡ്യൂള്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമാണ് സജീവ് പിള്ളയ്ക്ക് കഴിവില്ലെന്നു കണ്ടെത്തിയത്! പക്ഷേ എന്തുകൊണ്ടോ സജീവിനെ പൂര്‍ണമായി ഒഴിവാക്കി വിടാന്‍ നിര്‍മാതാവിനും കൂട്ടര്‍ക്കും കഴിയാതെ വന്നതുകൊണ്ട് പകരമൊരു തന്ത്രം പയറ്റി. എം പദ്മകുമാറിനെ ചീഫ് അസോസിയേറ്റ് ആക്കി കൊണ്ടുവന്നു. ഇവിടെയാണ് സിനിമയിലെ നെറികേടിനെയും അധാര്‍മികതയേയും കുറിച്ച് അംബുജാക്ഷന് വീണ്ടും പറയേണ്ടി വരുന്നത്.

ജോസഫ് എന്ന സിനിമയുടെ വിജയം മാറ്റിവച്ച് എം പദ്മകുമാര്‍ എന്ന സംവിധായകന്റെ പേര് എങ്ങനെയാണ് സിനിമയുമായി ബന്ധപ്പെട്ട് ചര്‍ച്ചയാകുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ? പദ്മകുമാര്‍ ഒരു നല്ല സംവിധായകനാണ്. ബ്ലോക്ബസ്റ്ററുകളൊന്നും ഇല്ലെങ്കിലും ചെയ്തവയില്‍ കുറച്ചു നല്ല സിനിമകളുണ്ട്. ജോസഫിനു ശേഷം അദ്ദേഹത്തില്‍ നിന്നും അടുത്തൊരു മികച്ച സിനിമ പ്രതീക്ഷിച്ചിരിക്കുമ്പോള്‍ തന്നെ ചില ധാര്‍മികതകള്‍ ഈ സിനിമാക്കാരനെ ഓര്‍മിപ്പിക്കേണ്ടി വരുകയാണ്. ഹരിഹരന്‍, ഐ വി ശശി, തുളസിദാസ്, ജോഷി, ഷാജി കൈലാസ്, രഞ്ജിത്ത് എന്നിവര്‍ക്കൊപ്പമെല്ലാം സംവിധാന സഹായി പ്രവര്‍ത്തിച്ച് സിനിമയില്‍ ഏറെ പ്രവര്‍ത്തി പരിചയമുള്ള ഒരാള്‍. അങ്ങനെയൊരാള്‍ക്ക് തീര്‍ച്ചയായും സിനിമയില്‍ നടക്കുന്ന ഉപചാപങ്ങളും ഒഴിവാക്കലുകളും അപമാനങ്ങളും അവഗണനകളുമൊക്കെ നേരിട്ടും അല്ലാതെയും അറിയാമെന്നു വിശ്വസിക്കാം. എങ്കില്‍ മാമാങ്കത്തിന്റെ ചീഫ് അസോസിയേറ്റ് എന്ന നിലയില്‍ അവസരം കിട്ടിയ പദ്മകുമാര്‍ ചെയ്യേണ്ടതും പറയേണ്ടതുമായ ചില മര്യാദകളുണ്ടായിരുന്നു. സംവിധാന സഹായികളായി മാത്രം കരിയര്‍ അവസാനിപ്പിച്ച ചിലരെ കുറിച്ച് അംബുജാക്ഷന് അറിയാം. സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്ത് അത് വിജയിച്ചില്ലെങ്കില്‍ അസോഷ്യേറ്റ് ആയും സ്ഥാനം കിട്ടില്ല, സംവിധായകനായി അടുത്ത പ്രൊജക്ടും കിട്ടില്ല എന്ന ഭയം കൊണ്ടു നടന്നവര്‍. ആ ഭയത്തിന് ബലമേകാന്‍ പല ഉദാഹരണങ്ങളും ഉണ്ടായിട്ടുമുണ്ട്. പേരും പ്രശസ്തിയും കിട്ടില്ലെങ്കിലും സംവിധാന സഹായി വരുമാനം ഉണ്ടാക്കി തരുന്ന ജോലിയാണ്. ഇവിടുത്തെ പല സംവിധായകരും സിനിമ ചെയ്യുന്നത് ഇത്തരം സഹായികളുടെ സഹായത്തോടെയാണെന്നതും സത്യമാണ്. ഇത്തരം പ്രതിഭകളില്‍പ്പെട്ടൊരാളാണ് പദ്മകുമാറും. അയാള്‍ സംവിധായകനായി മാറിയിട്ടും കോ ഡയറക്ടറും ചീഫ് അസോഷ്യേറ്റും ആയി സിനിമയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതൊന്നുമൊരു കുറ്റമല്ല. പക്ഷേ, കുറ്റമായി മാറുന്ന ചില സാഹചര്യങ്ങളുണ്ട്. അങ്ങനെയൊന്നാണ് മാമാങ്കത്തിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്.

ഒടിയന്‍ വിവാദത്തില്‍ നിന്നും മാമാങ്കത്തില്‍ എത്തുമ്പോള്‍ പദ്മകുമറിനോട് പറയാനുള്ളത്; ചില മര്യാദകളൊക്കെ താങ്കള്‍ക്ക് സജീവ് പിള്ളയോട് കാണിക്കാമായിരുന്നുവെന്നാണ്. താങ്കള്‍ ആ ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ആയിരിക്കാം. പക്ഷേ സംവിധായകന്‍ ഇപ്പോഴും സജീവ് തന്നെയാണ്. രേഖാമൂലം അയാളെ മാറ്റിയിട്ടില്ല. ചിലപ്പോള്‍ അതിനു നിര്‍മാതാവിന് സാധിക്കുമായിരിക്കും. സജീവ് ഒപ്പിട്ടിരിക്കുന്ന കരാര്‍ പ്രകാരം. അങ്ങനെ നടന്നാല്‍ ചീഫ് അസോസിയേറ്റ് എന്ന സ്ഥാനത്തു നിന്നും കോ ഡയറക്ടറോ അതോ പൂര്‍ണമായി ആ സ്ഥാനമോ പദ്മകുമാറിന് കിട്ടുകയും ചെയ്യാം. അതു താങ്കളെ സന്തോഷിപ്പിക്കുമെങ്കില്‍ തീര്‍ച്ചയായും ഒരൊറ്റുകാരന്റെ മനസോടെയാകണം നിങ്ങളതിന് തയ്യാറാവുക. പന്ത്രണ്ടു വര്‍ഷക്കാലം ഒരു മനുഷ്യന്‍ നടത്തിയ അധ്വാനത്തിന്റെ വിളവാണ് നിങ്ങള്‍ കൊയ്യാന്‍ പോകുന്നത്. വേണു കുന്നപ്പിള്ളി എന്ന നിര്‍മാതാവിന് എല്ലാം ബിസിനസ് ആയിരിക്കാം. ഒരു സിനിമ എന്ന ലക്ഷ്യം മാത്രമായിരിക്കണമെന്നുമില്ല ഉള്ളത്. അതുകൊണ്ട് തന്നെ ഒരു കലാകാരന്റെ വേദനയോ കഷ്ടപ്പാടോ അവഗണിക്കപ്പെടും. പക്ഷേ, എം പദ്മകുമാര്‍ വെറും കച്ചവടക്കാരന്‍ മാത്രമല്ല. അതതുകൊണ്ട് സജീവ് പിള്ളയെ അവഗണിക്കാനും വഞ്ചിക്കാനും നിങ്ങള്‍ തയ്യാറാകരുത്. ലൊക്കേഷനില്‍ വന്നു കഴിഞ്ഞപ്പോഴാണ് എനിക്കീ സിനിമയില്‍ ഇനി സ്ഥാനമില്ലെന്ന് അറിഞ്ഞത് എന്നു വേദനയോടെ പറഞ്ഞ എത്രപേരെ കേട്ടിട്ടുണ്ട്. അതേ അവസ്ഥയാണ് സജീവ് പിള്ളയ്ക്കും. ആ വേദന തിരിച്ചറിയാതെ പോകുന്നത് ഏത് എത്തിക്‌സ് പറഞ്ഞ് ന്യായീകരിക്കാന്‍ കഴിയും?

തന്റെ ജീവിതത്തിലെ നല്ലൊരു ഭാഗം ഈ സിനിമയെന്ന സ്വപ്‌നത്തിനുവേണ്ടി അധ്വാനിച്ച സജീവ് പിള്ള തന്റെ ജീവനു വേണ്ടി യാചിച്ചു നടക്കേണ്ട ഗതിയിലെത്തിയിരിക്കുകയാണ്. അന്യനല്ല, സഹപ്രവര്‍ത്തകനാണ് അതെന്നോര്‍ക്കണം. ആരൊക്കെ പറഞ്ഞാലും ഏതു കരാര്‍ കാണിച്ചാലും മാമാങ്കം സജീവിന്റെ സിനിമയാണ്. അയാളാണതന്റെ കാരണക്കാരന്‍. എന്നിട്ട് ഇപ്പോഴിതാ തന്റെ സിനിമയുടെ രണ്ടാംഘട്ട ഷെഡ്യൂള്‍ ആരംഭിച്ചതുപോലും അയാള്‍ അറിഞ്ഞിട്ടില്ല. കണ്ണവം കാട്ടില്‍ ഷൂട്ടിംഗ് നടത്തുന്ന പദ്മകുമാര്‍ സജീവിന്റെ ആ ഗതികേടിനെ കുറിച്ച് ചിന്തിച്ചോ? ഒരു വാക്ക് വിളിച്ചു പറയാന്‍ തോന്നിയോ? പണവും പേരും കൊതിച്ചപ്പോള്‍ കലയിലെ നേരിനെ മറന്നു കളയുകയാണോ ചെയ്തത്. ഒരു വാക്ക് കൊണ്ടെങ്കിലും സജീവിനൊരു പിന്തുണ കൊടുക്കാന്‍ തോന്നാതിരുന്നത് എത്ര നീചമാണ്. സജീവ് ഒരുക്കിയിട്ട നിലമാണ് വരമ്പത്ത് നിന്നും കൊയ്യിക്കുന്നതെന്ന ബോധം പദ്മകുമാറിന് ഉണ്ടാവണം. ഇല്ലെങ്കില്‍ നാളെയതൊരു കുറ്റബോധമായി മാറും. സിനിമ കൂടുതലും പറഞ്ഞിരിക്കുന്നത് വാണവരുടെയല്ല, വീണവരുടെ ചരിത്രമാണ്. ഇതൊരു ഓര്‍മപ്പെടുത്തലായി കാണാം.


Next Story

Related Stories