സിനിമയിൽ നടന്മാരുടെ പ്രകടനത്തിന് മാത്രം ആണ് പ്രാധാന്യമെന്നും അവരുടെ വ്യക്തി ജീവിതം വിഷയമല്ലെന്നും സംവിധായകൻ രഞ്ജിത്ത്. സിനിമാക്കാരുടെ വ്യക്തിജീവിതവും അവരുടെ സംഘടനാ നിലപാടുകളും പ്രേക്ഷകരെ സിനിമയിൽ നിന്ന് അകറ്റി നിർത്തുമോ എന്ന ചോദ്യത്തിന് ചിത്രഭൂമിക്കു നൽകിയ സ്വകാര്യ അഭിമുഖത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. നടൻ ജഗതി ശ്രീകുമാർ വിവാദങ്ങളിൽ അകപ്പെട്ടപ്പോഴും അദ്ദേഹത്തിന്റെ പ്രകടനത്തിലെ നർമം പ്രേക്ഷകർ ആസ്വദിക്കാതിരുന്നിട്ടില്ല. രഞ്ജിത്ത് പറഞ്ഞു.
"ഇന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട നടന്മാരാണ് സഞ്ജയ് ദത്തും, സൽമാൻ ഖാനും. ഞാനവരുടെ ചിത്രങ്ങൾ തിയേറ്ററിൽ കാണാൻ ഇരിക്കുമ്പോൾ നായകൻ ജീവിതത്തിൽ ആയുധക്കേസിൽ പ്രതിയാണെന്നോ, കുറ്റവാളിയെന്നോ, ജയിലിൽ കിടന്ന ആളാണെന്നോ എന്നൊന്നും ചിന്തിക്കാറില്ല. നടന്റെ പ്രകടനം കാണാനിരിക്കുന്ന എനിക്ക് അയാളുടെ വ്യക്തിജീവിതം വിഷയമല്ല." രഞ്ജിത്ത് പറഞ്ഞു.
വെള്ളിത്തിരയ്ക്കു പുറത്തുള്ള സിനിമാക്കാരുടെ ജീവിതം നിയമ വ്യവസ്ഥയ്ക്കുള്ളിലുള്ളതാണ്. അതിനകത്ത് ഇടപെടാൻ പോലീസും.കോടതിയുമെല്ലാമുണ്ടല്ലോ, അദ്ദേഹം ചോദിച്ചു.
താര സംഘടനയായ എ എം എം എ,- ഡബ്ലിയു സി സി അഭിപ്രായ വ്യത്യാസങ്ങൾ ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ മലയാള സിനിമയിലെ സീനിയർ സംവിധായകൻ എന്ന നിലയിൽ രഞ്ജിത്തിന്റെ അഭിപ്രായ പ്രകടനങ്ങൾ ചർച്ചയാകാൻ സാധ്യത ഉണ്ട്. നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനാവുകയും, ജയിലിലകപ്പെടുകയും ചെയ്ത ദിലീപിനെ താര സംഘടനയിൽ നിന്ന് വൻ പ്രതിഷേധങ്ങൾക്കൊടുവിൽ ആണ് മാറ്റി നിർത്തപ്പെട്ടത്. ഇതിനിടെ ദിലീപിന്റെ സിനിമകൾക്കെതിരെയും പരസ്യമായി ചിലർ ബഹിഷ്ക്കരണാഹ്വാനവും നടത്തിയിരുന്നു.
"വ്യക്തി ജീവിതത്തിൽ എത്രയോ സംശുദ്ധ വിശുദ്ധ ജന്മങ്ങളുണ്ട്. അങ്ങനെയാണെങ്കിലും അത്തരക്കാർ സ്‌ക്രീനിൽ പരാജയ ജന്മങ്ങളാണെങ്കിൽ അയാളുടെ ജീവിതത്തിന്റെ നന്മയും, മേന്മയും കൊണ്ടുമെല്ലാം പ്രേക്ഷകൻ കയ്യടിക്കണമെന്നില്ല. ഇവ രണ്ടും രണ്ടായി തന്നെ കാണണം." രഞ്ജിത്ത് തുടർന്നു.
മോഹൻലാൽ രഞ്ജിത്ത് ടീമിന്റെ ഏറ്റവും പുതിയ ചിത്രം 'ഡ്രാമ' കേരള പിറവി ദിനത്തിൽ തിയ്യേറ്ററുകളിലെത്തും. ഗൗരവമായൊരു വിഷയത്തെ കൗതുകത്തോടെയും, തമാശ കലർത്തിയും അവതരിപ്പിക്കാനാണ് ഡ്രാമയിൽ ശ്രമിച്ചിരിക്കുന്നതെന്നു രഞ്ജിത്ത് പറഞ്ഞു. ഫ്ളക്സിബിളായി അഭിനയിച്ചു രസിപ്പിച്ച് പ്രേക്ഷകരെ രസിപ്പിക്കുന്ന ആ പഴയ ലാലിനെ തിരിച്ചു കൊണ്ട് വരാൻ ആണ് ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ശേഷം മോഹൻലാലിനെ നായകനാക്കി രഞ്ജിത് സംവിധാനം ചെയുന്ന ഡ്രാമയിൽ ലാലിനെ കൂടാതെ സുരേഷ് കൃഷ്ണ, മുരളി മേനോന്‍, സുബി മേനോന്‍, സുബി സുരേഷ്, സംവിധായകരായ ശ്യാമ പ്രസാദ്, ദിലീഷ് പോത്തൻ, ജോണി ആന്റണി എന്നിവരും അഭിനയിക്കുന്നു. അളഗപ്പനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ലണ്ടനാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. വർണചിത്ര ഗൂഡ്‌ലൈൻ പ്രൊഡക്ഷന്സിന്റെയും, ലില്ലിപാഡ് മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ എം കെ നാസറും, മഹാ സുബൈറും ചേർന്നാണ് ഈ മോഹൻലാൽ ചിത്രം നിർമ്മിക്കുന്നത്.
കടപ്പാട് : ചിത്രഭൂമി (മാതൃഭൂമി)
https://www.azhimukham.com/trending-wcc-create-history-in-film-industry-cultural-space-kerala-raseena-writes/
https://www.azhimukham.com/cinema-kpac-lalitha-dont-forget-your-past-when-you-neglect-wcc-members/
https://www.azhimukham.com/cinema-revathy-against-mohanlal/
https://www.azhimukham.com/video-malayalm-film-news-mohanlal-starring-drama-second-teaser-watch-video/
https://www.azhimukham.com/cinema-dileep-b-unnikrishnan-movie-title-look-released/