TopTop
Begin typing your search above and press return to search.

തൊട്ടപ്പന്‍ പറയുന്നത് സ്നേഹത്തിന്റെ രാഷ്ട്രീയമാണ്; സംവിധായകൻ ഷാനവാസ് കെ. ബാവക്കുട്ടി/അഭിമുഖം

തൊട്ടപ്പന്‍ പറയുന്നത് സ്നേഹത്തിന്റെ രാഷ്ട്രീയമാണ്; സംവിധായകൻ ഷാനവാസ് കെ. ബാവക്കുട്ടി/അഭിമുഖം

2016ല്‍ ഷെയ്ന്‍ നിഗം, ശ്രുതി മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കിസ്മത്ത് എന്ന പ്രണയചിത്രം ഒരുക്കിയ സംവിധായകനാണ് ഷാനവാസ് കെ ബാവക്കുട്ടി. കിസ്മത്തിന് ശേഷം ഫ്രാൻസിസ് നൊറോണയുടെ തൊട്ടപ്പനെന്ന കഥയെ ആസ്പദമാക്കി അതേപേരിൽ വിനായകനെ കേന്ദ്ര കഥാപാത്രമാക്കി ചിത്രമൊരുക്കുകയാണ് ഷാനവാസ്. വിനായകനൊപ്പം ദിലീഷ് പോത്തൻ, റോഷന്‍ മാത്യു, മനോജ് കെ ജയന്‍, കൊച്ചുപ്രേമന്‍, പോളി വില്‍സണ്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തൊട്ടപ്പൻ എന്ന കഥ ഒരു സിനിമയുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന ഒന്നല്ലന്നും എല്ലാത്തരത്തിലുള്ള പ്രേക്ഷകർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു റൊമാന്റിക് ത്രില്ലർ ഡ്രാമയാണ് ചിത്രമെന്നും പറയുകയാണ് സംവിധായകൻ. തന്റെ പുതിയ ചിത്രമായ തൊട്ടപ്പനെ കുറിച്ചും ആദ്യ സിനിമ ചർച്ച ചെയ്ത രാഷ്ട്രീയത്തെ പറ്റിയും ഷാനവാസ് കെ ബാവകുട്ടി അഴിമുഖം പ്രതിനിധി റോജിന്‍ കെ. റോയിയുമായി സംസാരിക്കുന്നു.

തൊട്ടപ്പൻ സിനിമയാക്കാൻ പ്രേരിപ്പിച്ച കാരണം

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഫ്രാൻസിസ് നൊറോണയുടെ തൊട്ടപ്പനെന്ന കഥ വായിച്ചപ്പോൾ ഒരു കലാസ്വാദകൻ എന്ന നിലയിൽ കിട്ടിയ കഥാ ബീജമാണ് സിനിമയ്ക്ക് പ്രേരണയായ ഘടകം. വായിച്ച കഥയിൽ ഞാൻ കണ്ട സിനിമ രസകരമാകുമെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് തൊട്ടപ്പൻ സംഭവിക്കുന്നത്. അച്ഛനും മക്കളും തമ്മിലുള്ള ബന്ധമൊക്കെ ഒരുപാട് ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഒരു കള്ളൻ തന്റെ സുഹൃത്തിന്റെ മകളെ സ്വന്തം മകളേക്കാൾ ആഴത്തിൽ സ്നേഹിക്കുകയും അവൾക്കു വേണ്ട കരുതലും സംരക്ഷണവും നൽകുകയും ചെയ്യുന്നത് തൊട്ടപ്പൻ ചെയ്യാൻ എന്നെ പ്രേരിപ്പിച്ചു.

ഓരോ വായനക്കാരനും ഓരോ ലോകമാണ് തൊട്ടപ്പൻ

കഥ സിനിമയാക്കാനല്ല ശ്രമിച്ചിട്ടുള്ളത്, തൊട്ടപ്പൻ എന്ന കഥ ഒരു സിനിമയുടെ ബഡ്ജറ്റിൽ ഒതുങ്ങുന്നതുമല്ല. തൊട്ടപ്പൻ ഒരു വലിയ ലോകമാണ്. ഓരോ വായക്കാരനും ഓരോ ലോകമാണ് തൊട്ടപ്പൻ. കഥ വായിച്ചപ്പോൾ എനിക്ക് കിട്ടിയ തൊട്ടപ്പന്റെ ആത്മാവ് നഷ്ടപ്പെടാതെ പകർത്താനാണ് ശ്രമിച്ചിരിക്കുന്നത്. ഇതൊരു സ്വതന്ത്ര ചലത്രാവിഷ്കാരമാണ്. അതിനുള്ള പിന്തുണ കഥാകൃത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. അതിൽ തിരക്കഥാകൃത്ത് പി.എസ് റഫീഖിന്റെ പങ്കും വളരെ വലുതാണ്.

വിട്ടുവീഴ്ച്ചയെന്ന് പറയുന്നത് മസാല ചേർക്കലല്ല

തൊട്ടപ്പൻ പറയുന്നത് സ്നേഹത്തിന്റെ രാഷ്ട്രീയമാണ്. മനുഷ്യന്മാരുടെ സൗഹൃദത്തിന്റെ ആഴം, സത്യസന്ധത എന്നിവയൊക്കെയാണ് തൊട്ടപ്പൻ. കഥ നടക്കുന്ന ഭൂമികയിലെ പച്ചയായ മനുഷ്യ ജീവിതങ്ങളുടെ ദൃശ്യവിഷ്ക്കരമാണ് ഈ ചിത്രം. സിനിമ പ്രേക്ഷകർ കാണണമെന്നുണ്ടെങ്കിൽ അതിൽ പ്രേക്ഷകർക്ക് ഇഷ്ടപെടുന്ന ഘടകങ്ങൾ കൂടി കൂട്ടി ചേർക്കണം. അപ്പോൾ ചില വിട്ടുവീഴ്ചകൾ ആവശ്യമായി വരും. എന്റെ സിനിമയെ സംബന്ധിച്ച് ആ വിട്ടുവീഴ്ചയെന്ന് പറയുന്നത് കേവലം മസാല ചേർക്കലല്ല.

എല്ലാ സിനിമകളും ചർച്ച ചെയ്യപ്പെടണമെന്നില്ല, അങ്ങനെ വാശിപിടക്കാനുമാകില്ല. സിനിമ ചെയ്യുന്നത് ആളുകൾക്ക് ഇഷ്ടപ്പെടാൻ വേണ്ടിയാണ്. പ്രേക്ഷകരുമായി സംസാരിക്കുന്നവയിരിക്കണം സിനിമ. എല്ലാത്തരത്തിലുള്ള പ്രേക്ഷകർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു റൊമാന്റിക് ത്രില്ലർ ഡ്രാമയാണ് തൊട്ടപ്പൻ.

തൊട്ടപ്പനാര് എന്ന ചോദ്യത്തിനുത്തരം വിനായകൻ മാത്രം

തൊട്ടപ്പൻ എന്ന കഥ സിനിമയാക്കാൻ തീരുമാനിച്ചപ്പോൾ തന്നെ തൊട്ടപ്പൻ ആര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളു; അത് വിനായകനാണ്. സിനിമ മികച്ചതാകാനുള്ള ഒരു ടൂൾ അഭിനേതാക്കളാണ്. ആ നിലയിൽ ഒരു 'പെർഫെക്റ്റ് കാസ്റ്റിംഗ്' തന്നെയാണ് വിനായകൻ. അദ്ദേഹത്തിന് നൂറു ശതമാനം തൊട്ടപ്പനായി മാറാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് അദ്ദേഹത്തിന്റേത്, അത് സിനിമ കാണുമ്പോൾ പ്രേക്ഷകർക്ക് ബോധ്യമാകും. ഇന്ത്യൻ സിനിമയ്ക്ക് മമ്മൂട്ടിയേയും മോഹൻലാലിനെയും പോലെ ഒരുപാട് മികച്ച നടന്മാരെ സംഭാവന ചെയ്യാൻ മലയാള സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ആ ഗണത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നതിൽ മികച്ച നടൻ തന്നെയാണ് വിനായകൻ. അദ്ദേഹത്തിന്റെ ഈ.മൗ.യൗ, കമ്മട്ടിപ്പാടം എന്നീ സിനിമകളിലെ പ്രകടനം അതിന് ഉദാഹരണമാണ്.

പ്രാന്തൻ കണ്ടലിൻ എന്ന ഹിറ്റ് പാട്ടിനെക്കുറിച്ച്, പാട്ട് പിറന്ന വഴിയെക്കുറിച്ച്

രാജീവ് രവിയുമായുള്ള സൗഹൃദമാണ് അൻവർ അലി എന്ന എഴുത്തുകാരനിലേക്ക് എന്നെ എത്തിക്കുന്നത്. എന്റെ ആദ്യ സിനിമയിലും അദ്ദേഹം ഉണ്ടായിരുന്നു. കടമ്മക്കുടി, ആലപ്പുഴ എന്നീ പ്രദേശങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ആ പ്രദേശത്തെ മനുഷ്യരുടെ ഭാഷയും അവരുടെ ജീവിതവുമൊക്കെ പാട്ടിൽ അദ്ദേഹം കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. ഗാനത്തിൽ ഉപയോഗിച്ചിട്ടുള്ള പ്രാന്തൻ കണ്ടൽ, ചക്കര കണ്ടൽ എന്നുള്ള പ്രയോഗങ്ങളെല്ലാം മനപൂർവം ഉൾപ്പെടുത്തിയിട്ടുള്ളതാണ്. കണ്ടൽ എന്താണെന്ന് അറിയാത്തൊരു തലമുറയ്ക്ക് ഈ വരികളും ഇമേജുകളും അതേക്കുറിച്ച് അറിയാനുള്ള ഒരു പ്രേരണയാകുമെന്ന ഒരു ലളിതമായ ചിന്തയും അതോടൊപ്പമുണ്ട്. സാധാരണക്കാരന്റെ ചിന്തകളും ജീവിതവും പ്രകൃതിയെയും സമൂഹത്തെയുമൊക്കെ ഉൾപ്പെടുത്താനുമുള്ള ശ്രമം വിജയിച്ചു എന്നാണ് വിശ്വാസം.

കിസ്മത്ത് ക്രൂരമായൊരു തുറന്ന് പറച്ചിലാണ്

മതം മനുഷ്യനെ കലാപത്തിനോ കലഹത്തിനോ പ്രേരിപ്പിക്കുന്നില്ല. എല്ലാ മതങ്ങളും നിലകൊള്ളുന്നത് സ്നേഹത്തിനും മനുഷ്യ നന്മക്കും വേണ്ടിയാണ്. പ്രചാരകരാണ് മതത്തെ തെറ്റായി വ്യാഖ്യാനിക്കുന്നത്. പൊന്നാനി നഗരസഭാ കൗൺസിലറായിരുന്ന സമയത്ത് പോലീസ് സ്റ്റേഷനിലെ നിരന്തര സംഭങ്ങളാണ് കിസ്മത്തിന് ആധാരം. സ്നേഹമില്ലാതാകുമ്പോഴാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാവുന്നത്. പക്ഷെ കിസ്മത്തിന് ശേഷവും കെവിനിലൂടെ അത്തരം സംഭവങ്ങൾ ആവർത്തിക്കുന്നു. ഞാൻ ജനിച്ചത് പൊന്നാനിയിലാണ്, കോട്ടയത്താണ് ഞാൻ ജനിച്ചിരുന്നതെങ്കിൽ കിസ്മത്ത് നടക്കുക ക്രിസ്ത്യൻ പശ്ചാത്തലത്തിലായിരിക്കും. മതം ഏതായാലും ആളുകളുടെ പ്രശ്നമായിട്ടാണ് ഞാൻ അതിനെ കാണാൻ ശ്രമിക്കുന്നത്. ഒരു സിനിമകൊണ്ട് മാത്രം മാറ്റം സാധ്യമാകില്ല. പക്ഷെ ആരുടെയെങ്കിലും മനസ്സിലേക്ക് ഈ സാഹചര്യങ്ങൾ എത്തിക്കാനായിരുന്നു കിസ്മത്തിലൂടെ എന്റെ ശ്രമം.

കിസ്മത് ഇറങ്ങിയതിനു ശേഷം എന്നെയൊരു മതമേലധ്യക്ഷന്മാരും വിളിച്ചിട്ടില്ല. കിസ്മത്ത് ക്രൂരമായൊരു തുറന്നുപറച്ചിൽ ആയിരുന്നെന്ന് അവരും ഉൾക്കൊണ്ടിട്ടുണ്ടാകാം. രണ്ടു മനുഷ്യന്മാർ ഹൃദയം കൊണ്ടാണ് പ്രണയിക്കുന്നത്. തലച്ചോറുകൊണ്ട് പ്രണയിക്കുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ലവ് ജിഹാദ് പോലുള്ള ആരോപണങ്ങൾ കൊണ്ട് നടക്കുന്നവർക്ക് പ്രത്യേക രാഷ്ട്രീയമുണ്ട്. മനുഷ്യന്മാർ തമ്മിൽ വേണ്ടത് സ്നേഹമാണ്. അതില്ലാത്തത് കൊണ്ടാണ് പൊട്ടിത്തെറികളും സംഘർഷങ്ങളും ഉണ്ടാകുന്നത്. മനസ്സിൽ സ്നേഹമുള്ളവർക്ക് ലവ് ജിഹാദാകാൻ പറ്റില്ല. മനസ്സിൽ സ്നേഹമുള്ളവർക്ക് അവരുടെ മതത്തെ പറ്റി മാത്രം സംസാരിക്കാനുമാകില്ല. സ്നേഹമില്ലാതാകുന്നതാണ് ലോകത്തിന്റെ കുഴപ്പം.
Next Story

Related Stories