TopTop
Begin typing your search above and press return to search.

തിരക്കഥയിലേക്ക് കടക്കും മുമ്പ് എനിക്ക് ഇന്ദ്രന്‍സ് ചേട്ടന്റെ ഉറപ്പ് വേണമായിരുന്നു; വി സി അഭിലാഷ്/ അഭിമുഖം

തിരക്കഥയിലേക്ക് കടക്കും മുമ്പ് എനിക്ക് ഇന്ദ്രന്‍സ് ചേട്ടന്റെ ഉറപ്പ് വേണമായിരുന്നു;  വി സി അഭിലാഷ്/ അഭിമുഖം
'ആളൊരുക്കം', ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി കൊടുത്ത ചിത്രം. ഓട്ടന്‍തുള്ളല്‍ കലാകാരനായ പപ്പു പിഷാരടി മകനെ തേടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. വസ്ത്രാലങ്കാര മേഖലയിലൂടെ സിനിമയിലെത്തിയ ഇന്ദ്രന്‍സിനായി പപ്പു പിഷാരടിയെ സൃഷ്ടിച്ചത് നവാഗത സംവിധായകനായ വി സി അഭിലാഷാണ്. കഥാപാത്രത്തിനായി ഇന്ദ്രന്‍സിനെ കണ്ടെത്തിയതും ചിത്രത്തിന്റെ വിശേഷങ്ങളുമായി വി സി അഭിലാഷ്...

ആളൊരുക്കം എന്ന സിനിമ ?
ആളൊരുക്കം ഒരു സ്വപ്‌നമായിരുന്നു. പപ്പു പിഷാരടിയിലൂടെ ഒരു വലിയ ആശയം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ആളൊരുക്കം.

ഓഫ്ബീറ്റ് മൂവി ആണോ ആളൊരുക്കം? ഈ തെരഞ്ഞെടുപ്പിന് പിന്നില്‍...
ആളൊരുക്കം ഓഫ്ബീറ്റ് മൂവി അല്ല. ഇതൊരു കൊമേഷ്യല്‍ സിനിമയാണ്. ഈ സിനിമയില്‍ പപ്പു പിഷാരടിയെ അവതിരിപ്പിച്ച ഇന്ദ്രന്‍സിന് അവാര്‍ഡ് കിട്ടി എന്നത് ശരിയാണ്. അനിവാര്യമായ നിശബ്ദതകള്‍ ചില ഇടങ്ങളില്‍ ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട്, അനാവശ്യ ബഹളങ്ങള്‍ ഒഴിവാക്കിയിട്ടുമുണ്ട് എന്നതിനപ്പുറം ചിത്രം ഒരിക്കലും അവാര്‍ഡ് സിനിമ അല്ല. ഈ പേര് ചിലരെയെങ്കിലും തെറ്റിദ്ധരിക്കാന്‍ ഇടയായിട്ടുണ്ട്. മറ്റ് ഭാഷകളില്‍ ആണെങ്കില്‍ ഒരു പക്ഷെ ഈ പ്രശ്‌നം ഉണ്ടാകില്ല. ഞാന്‍ പറയുകയാണെങ്കില്‍, 80 കളില്‍ കെ ജി ജോര്‍ജ്, പത്മരാജന്‍, ഐവി ശശി, ഭരതന്‍ ഒക്കെ ചെയ്ത പോലെയുള്ള മധ്യവര്‍ത്തി സിനിമകളുടെ ഒരു സംസ്‌കാരമുള്ള ചിത്രമാണ് ഇത്. പിന്നെ സിനിമയില്‍ തരം ഒരു തരംതിരിവ് മാത്രമേ ഉള്ളൂ. അത് നല്ല സിനിമകളും ചീത്ത സിനിമകളും ആണ്. ആ വിലയിരുത്തല്‍ നടത്തേണ്ടത് പ്രേക്ഷകരാണ്.

ആളൊരുക്കം എന്ന പേരിന് പിന്നില്‍?
മലയാളം നിഘണ്ടുവില്‍ ഇല്ലാത്ത വാക്കാണ് ആളൊരുക്കം. ആള്‍ ഒരുങ്ങുന്നു എന്നൊക്കെ നമ്മള്‍ സാധാരണ പറയുന്നത് പോലെ. പക്ഷെ ഞാന്‍ ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് മനസിന്റെ തിരിച്ചറിവ് എന്ന അര്‍ത്ഥത്തിലാണ്. അല്ലെങ്കില്‍ തിരിച്ചറിവിലേക്ക് എത്തുന്ന എന്ന അര്‍ത്ഥത്തില്‍. അത് ചിത്രം കണ്ട ശേഷം മാത്രമേ പൂര്‍ണമായും മനസിലാകൂ. ചിത്രം കണ്ടിറങ്ങുമ്പോള്‍ തീര്‍ച്ചയായും ഓരോരുത്തരും ചിത്രത്തിന് ഇതിലും യോജിക്കുന്ന പേര് ഇല്ല എന്ന് തന്നെ പറയും.

പപ്പു പിഷാരടിയായി ഇന്ദ്രന്‍സിനെ കണ്ടെത്തിയത് എങ്ങനെയാണ്?
ഏകദേശം ആറു വര്‍ഷം മുമ്പാണ് മനസില്‍ ഇങ്ങനെ ഒരു ആശയം തോന്നുന്നത്. പിന്നീട് സിനിമ ചെയ്യാം എന്നൊരു ഘട്ടത്തില്‍ ആദ്യം മനസില്‍ വന്നത് ഇന്ദ്രന്‍സ് ചേട്ടനാണ്. കഥയിലേക്കും തിരക്കഥയിലേക്കുമൊക്കെ കടക്കണമെങ്കില്‍ ഇന്ദ്രന്‍സ് ചേട്ടന്‍ അഭിനയിക്കും എന്നൊരു ഉറപ്പ് വേണമായിരുന്നു. അങ്ങനെ പോയി കഥ പറഞ്ഞു. കഥ കേട്ടയുടന്‍ ചെയ്യാമെന്ന് സമ്മതിച്ചു. പക്ഷെ ഒരു ഓട്ടന്‍തുള്ളല്‍ കലാകാരാന്‍ എന്ന നിലയ്ക്ക് ആ കഥാപാത്രത്തിന് വേണ്ടി ചില മുന്നൊരുക്കങ്ങള്‍ നടത്തേണ്ടിയിരുന്നു. അതിനുള്ള സൗകര്യങ്ങള്‍ ചെയ്തു. അങ്ങനെയാണ് പപ്പു പിഷാരടി ഇന്ദ്രന്‍സിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. പാതി, അമീബ, മണ്‍ട്രോതുരത്ത് തുടങ്ങിയ സിനിമകളൊക്കെ മികച്ച ചിത്രങ്ങളായിരുന്നു. പക്ഷെ അവയ്‌ക്കൊന്നും പുരസ്‌കാരങ്ങള്‍ ലഭിച്ചില്ല . ഇവയൊക്കെ പ്രതിഭകളെ അടയാളപ്പെടുത്തിയ ചിത്രമാണ്. എന്നാല്‍ ഇവയൊന്നും വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല എന്നാണ് തോന്നുന്നത്.

http://www.azhimukham.com/cinema-indrans-an-actor-and-a-good-person-rakeshsanal/

ഇന്ദ്രന്‍സിന് പുരസ്‌കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നോ?
സംസ്ഥാന പുരസ്‌കാരം അല്ലെങ്കില്‍ ദേശിയ പുരസ്‌കാരം എന്ന രീതിയില്‍ അല്ലെങ്കിലും ചര്‍ച്ച ചെയ്യപ്പെടും, അംഗീകരിക്കപ്പെടും എന്ന് ബോധ്യം ഉണ്ടായിരുന്നു. മേക് അപ്പ് പലപ്പോഴും നാഷണല്‍ അവാര്‍ഡ് ലഭിക്കും എന്ന് പോലും പറഞ്ഞിരുന്നു. നാഷണല്‍ അവാര്‍ഡ് അല്ലെങ്കിലും സംസ്ഥാന പുരസ്‌കാരം ലഭിച്ചതില്‍ വലിയ സന്തോഷമുണ്ട്. അത് തീര്‍ച്ചയായും ഇന്ദ്രന്‍സ് എന്ന അസാധാരണ പ്രതിഭയ്ക്ക് അര്‍ഹതപ്പെട്ടതാണ്, കഴിവിനുളള അംഗീകാരമാണ്.

ചിത്രത്തിന് പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നോ?
ഒരിക്കലുമില്ല. ആളൊരുക്കത്തിന് പുരസ്‌കാരം ആഗ്രഹിച്ചിരുന്നില്ല എന്നതാണ് വാസ്തവം. ടെക്‌നിക്കല്‍ സൈഡിലൊക്കെ ചെറിയ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. കിട്ടിയിരുന്നേല്‍ സന്തോഷിക്കുമായിരുന്നു. മികച്ച ചിത്രമെന്ന പുരസ്‌കാരം ലഭിക്കാനുള്ളതൊന്നും ഈ ചിത്രത്തിലില്ല. പക്ഷെ ചിത്രം തീയേറ്ററില്‍ വിജയിക്കും. നിര്‍മ്മാതാവിന് മുടക്കിയ പണം തിരിച്ച് കിട്ടും. മാത്രമല്ല, അവാര്‍ഡ് സിനിമയുടെ സംവിധായകനെന്ന നിലയില്‍ അറിയപ്പെടാനും ഇഷ്ടപ്പെടുന്നില്ല. കലാമൂല്ല്യമുള്ള നല്ല സിനിമകള്‍ ചെയ്യാനാണ് ആഗ്രഹിക്കുന്നത്.മാധ്യമപ്രവര്‍ത്തന മേഖലയില്‍ നിന്ന് എങ്ങനെയാണ് സിനിമയിലേക്ക് എത്തുന്നത്?
മാധ്യമ പ്രവര്‍ത്തകന്‍ സിനിമയിലേക്ക് വന്നതല്ല. സിനിമ സ്വപ്‌നം കണ്ട് നടന്ന ഒരാള്‍ ഇടയില്‍ മാധ്യമപ്രവര്‍ത്തകനായതാണ്. ഡിഗ്രി വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്ത ഒരാള്‍ ജീവിതത്തില്‍ ഏറ്റെടുത്ത വെല്ലുവിളിയായിരുന്നു മാധ്യമപ്രവര്‍ത്തനം. അത് നന്നായി ചെയ്യാനായി എന്ന് തന്നെയാണ് വിശ്വാസം. അങ്ങനെ സിനിമ സ്വപ്‌നം കണ്ട് നടന്നയാള്‍ അവസരം വന്നപ്പോള്‍ സിനിമയിലേക്ക് എത്തിയതാണ്. പക്ഷെ ആളൊരുക്കത്തിലേക്ക് എത്തിയത് ഈ കഥയെയും എന്നെയും വിശ്വസിച്ച് എനിക്ക് പിന്നില്‍ ഒരു കൂട്ടം സുഹൃത്തുക്കള്‍ അണിനിരന്നപ്പോഴാണ്. അവരായിരുന്നു എന്റെ ശക്തി.

മാധ്യമ പ്രവര്‍ത്തകര്‍ കൂടുതലായി സിനിമയിലേക്ക് വരുന്നു, മാത്രമല്ല അടുത്തിടെ ഇറങ്ങിയ മിക്ക ചിത്രങ്ങളും വിജയവുമാണ്, ഉദ്ദാഹരണം, പ്രജേഷ് സെന്‍, സജീവ് പാഴൂര്‍, വിമല്‍...

പലരും സിനിമ സ്വപ്‌നം കണ്ട് ഈ മേഖലയിലേക്ക് എത്തിയവരാണ്. ഈ ചിത്രങ്ങളുടെ ഒക്കെ വിജയത്തിന് പിന്നില്‍ രണ്ട് ഘടകങ്ങളാകും പ്രധാനമായും ഉണ്ടാവുക. ഒന്ന് അനുഭവങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍ ഒരുപാട് ജീവിതങ്ങളെ അടുത്തറിഞ്ഞവരായിരിക്കും. ആ അനുഭവം ഒരു മുതല്‍ക്കൂട്ടാണ്. രണ്ട് മേഖലയെ കുറിച്ച് നല്ല ധാരണയുണ്ടാകും. പിന്നെ മാധ്യമപ്രവര്‍ത്തകര്‍ക്ക് കുറച്ച് കൂടി അനായാസമായി കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനാകും എന്ന് തോന്നുന്നു. അതൊക്കെ ആവാം കാരണങ്ങള്‍.

സിനിമയില്‍ വി സി അഭിലാഷ് എന്ന സംവിധായകന്റെ ആഗ്രഹം?
ഏതെങ്കിലും പ്രത്യേക ജോണറിലുള്ള സിനിമകള്‍ ചെയ്യുന്ന ഒരു സംവിധായകനായി അറിയപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവാര്‍ഡ് സിനിമകളുടെ സംവിധായകനാകാനും ഇഷ്ടപ്പെടുന്നില്ല. നല്ല കലാമൂല്ല്യമുളള വാണിജ്യ സിനിമകള്‍ ചെയ്യാനാണ് താല്‍പര്യം. പിന്നെ പുരസ്‌കാരം തരേണ്ടത് പ്രേക്ഷകരാണ്, അവരുടെ അംഗീകാരമാണ് ഏറ്റവും വലിയ പുരസ്‌കാരം എന്നും വിശ്വസിക്കുന്നു.

ആളൊരുക്കം പ്രദര്‍ശനത്തിന്?
മാര്‍ച്ച് 23 ചിത്രം തീയേറ്ററില്‍ എത്തും. ചിത്രം പ്രേക്ഷകര്‍ ഏറ്റെടുക്കും എന്ന് തന്നെയാണ് പ്രതീക്ഷ.
Next Story

Related Stories