TopTop
Begin typing your search above and press return to search.

അലന്‍സിയറിനെക്കുറിച്ച് തുറന്നു പറഞ്ഞത് തെറ്റായിപ്പോയെന്ന് തോന്നിയിട്ടില്ല; ദിവ്യ ഗോപിനാഥ് /അഭിമുഖം

അലന്‍സിയറിനെക്കുറിച്ച് തുറന്നു പറഞ്ഞത് തെറ്റായിപ്പോയെന്ന് തോന്നിയിട്ടില്ല; ദിവ്യ ഗോപിനാഥ് /അഭിമുഖം

ലോകത്താകമാനം മീ ടൂ തരംഗം വലിയ തോതില്‍ വ്യാപിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു മലയാള സിനിമ ഇന്‍ഡസ്ട്രിയില്‍ നടന്‍ അലന്‍സിയറിന് എതിരെ മീ ടൂ വെളിപ്പെടുത്തലുമായി ചലച്ചിത്ര നടി ദിവ്യ ഗോപിനാഥ് രംഗത്ത് എത്തുന്നത്. വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്ക് വഴി തെളിയിച്ച ദിവ്യയുടെ തുറന്നു പറച്ചില്‍ നടന്നിട്ട് ഒന്നര മാസം പിന്നിടുമ്പോള്‍ ദിവ്യക്ക് പറയാനുള്ള കാര്യങ്ങള്‍ അഴിമുഖത്തോട് പങ്ക് വയ്ക്കുകയാണ്.

ലോകം മുഴുവന്‍ നടക്കുന്ന ഒരു മുന്നേറ്റമായ മീടൂ ക്യാമ്പയിന്റെ ഭാഗമായി തീര്‍ന്ന ഒരാളാണ് താങ്കള്‍. എങ്ങനെ വിലയിരുത്തുന്നു?

ലോകത്താകമാനം മീടൂ ക്യാംപെയിന്റെ മുന്നേറ്റം നടന്നു കൊണ്ടിരിക്കുമ്പോള്‍, സിനിമ ഇന്‍ഡസ്ട്രിയില്‍ ആയാലും അതിനു പുറത്തായാലും സ്ത്രീകളെ അത് ഒരു തരത്തില്‍ മാനസികമായി ശക്തരാക്കി എന്ന് തന്നെ ആണ് ഞാന്‍ വിശ്വസിക്കുന്നത്. ഒറ്റപ്പെടില്ല എന്നുള്ള ചിന്താധാരയില്‍ നിന്നായിരിക്കണം, ഒരു സ്ത്രീയെങ്കില്‍ ഒരു സ്ത്രീ, ഇത്തരം ഒരു തുറന്ന് പറച്ചില്‍ നടത്തുന്നതിനോ, സ്വന്തം ഇടത്തിന്റെ അവകാശത്തെ ആവശ്യപ്പെടുന്നതിനോ മുന്നിട്ടിറങ്ങാന്‍ തയാറാകുന്നു എങ്കില്‍ അത് തീര്‍ച്ചയായും മീടൂ ക്യാമ്പയിനിന്റ ശക്തി കൊണ്ട് തന്നെയാണ്.

എന്നാല്‍ മീടൂ ക്യാംപെയ്ന്‍ വന്നത് കൊണ്ട് ഇപ്പോള്‍ സംസാരിക്കാം എന്ന രീതിയില്‍ ഒരു തുറന്നു പറച്ചില്‍ നടത്തിയ ആളല്ല ഞാന്‍. എന്റെ സര്‍ക്കിളില്‍ ഷെയര്‍ ചെയ്യാന്‍ പറ്റുന്ന ആളുകളോട് ഇതിനെ കുറിച്ച് ഞാന്‍ ആ സമയങ്ങളില്‍ സംസാരിച്ചിരുന്നു. എന്നെ മാത്രം ബാധിക്കുന്ന പ്രശ്‌നം എന്നതിന് അപ്പുറത്തോട്ട് ഒരു ഇന്‍ഡസ്ട്രിയെ അല്ലെങ്കില്‍ സൊസൈറ്റിയെ മൊത്തത്തില്‍ ബാധിക്കുന്ന പ്രശ്‌നം എന്ന രീതിയില്‍ കണ്ടു കൊണ്ട് അത് തുറന്ന് സംസാരിക്കാന്‍ നമ്മള്‍ ധൈര്യം കാണിച്ചാലേ ചില ആവര്‍ത്തനങ്ങള്‍ ഇവിടെ സ്ത്രീകള്‍ക്ക് നേരെ സംഭവിക്കാതിരിക്കുകയുള്ളൂ എന്ന കൃത്യമായ ബോധ്യത്തില്‍ നിന്നാണ് ഞാന്‍ ആ വിഷയത്തെ കൈകാര്യം ചെയ്തത്. സര്‍വ്വംസഹയായ സ്ത്രീകളുടെ കാലമൊക്കെ മാറി. എല്ലാ അവകാശങ്ങളോടെയും ജീവിക്കാന്‍ ഉള്ള സാഹചര്യവും അതിനുള്ള മനക്കരുത്തുമാണ് ഇവിടെ ഇനി സ്ത്രീകള്‍ക്കാവശ്യം.

ഏതാണ്ട് ഒന്നര മാസമായി മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയിട്ട്. ഇപ്പോള്‍ തീരുമാനത്തെ കുറിച്ച് എന്ത് തോന്നുന്നു?

ആ തീരുമാനത്തില്‍ ഞാന്‍ ചെയ്തത് ശരികേടായി എന്ന തോന്നല്‍ ഒന്നും എനിക്കില്ല. ചിലപ്പോള്‍ അലന്‍സിയര്‍ എന്ന നടനില്‍ നിന്നും മറ്റൊരു തരത്തിലുള്ള പ്രതികരണമാണ് ലഭിച്ചത് എങ്കില്‍ എനിക്ക് തോന്നിയേക്കാമായിരുന്നു, അയ്യോ വേണ്ടായിരുന്നു എന്ന്. അല്ലാതെ തെറ്റായി പോയി എന്ന തോന്നല്‍ ഒന്നും ഇല്ല. അദ്ദേഹത്തിന്റെ കുടുംബത്തെ പറ്റി ആലോചിക്കാറുണ്ട്. എന്നിരുന്നാലും ഈ പ്രശ്നത്തിന്റെ ഗൗരവം മുന്നില്‍ക്കണ്ട് മറ്റെന്ത് പ്രതിസന്ധികള്‍ വന്നാലും ഇത്തരം തുറന്ന് പറച്ചിലുകള്‍ നടത്തുകയും, ഇത്തരം സാഹചര്യങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യണം എന്നുള്ളത് നമ്മുടെ കൂടി കടമയാണ്. തെറ്റുകള്‍ തിരുത്തുക എന്നത് അവര്‍ ചിന്തിക്കേണ്ട അടുത്ത കാര്യമാണ്. അത് തന്നെയാണ് എന്റെ ആവശ്യവും. പിന്നെ സോഷ്യല്‍ മീഡിയ ആക്രമണമോ നെഗറ്റീവ് ശക്തികളോ ഒന്നും ഇതിന്റെ പേരില്‍ എന്നെ ബാധിച്ചിട്ടില്ല. വളരെ പോസിറ്റീവ് ആയ രീതിയില്‍ തന്നെയാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ആളുകളും എന്നെ സമീപിച്ചത്.

മീടൂ വെളിപ്പെടുത്തലിന്റെ വിശ്വാസ്യത എപ്പോഴെങ്കിലും പൊതു സമൂഹത്തില്‍ നിന്നും ചോദ്യം ചെയ്യപ്പെട്ടിരുന്നോ?

ഞാന്‍ ആദ്യം എന്റെ പേര് വെളിപ്പെടുത്താതെ മീടൂ പറയുമ്പോള്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു, അദ്ദേഹത്തെ പോലെ പൊതുസമൂഹത്തില്‍ സാമൂഹിക പ്രതിബദ്ധതയോടെ ഇടപെടലുകള്‍ നടത്തുന്ന, നാടക പ്രവര്‍ത്തകന്റെ രീതിയില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്ന ഒരാളെ മോശം രീതിയില്‍ ചിത്രീകരിക്കാന്‍ വേണ്ടി മന:പൂര്‍വം കെട്ടിച്ചമച്ച ഒരു കഥ മാത്രമാണ് എന്നുള്ള രീതിയില്‍... അതുകൊണ്ടാണ് എന്റെ ഐഡന്‍ന്റിറ്റി വെളിപ്പെടുത്തി ഞാന്‍ മുന്‍പോട്ട് വരാന്‍ കാരണം. മുന്‍പോട്ട് വന്നതിന് ശേഷം ഒരു 10 ശതമാനം പേര്‍ എപ്പോഴും ചോദ്യം ചെയ്യാന്‍ എന്ന നിലയില്‍ തന്നെ നിലനിന്നിരുന്നു. പക്ഷേ ഞാന്‍ ആ ഒരു 10 ശതമാനം ആളുകളിലേക്ക് പോകാതെ പോസിറ്റീവായ 90 ശതമാനം ആളുകളില്‍ തന്നെ നിന്നു.

രണ്ട് സിനിമ സംഘടനകള്‍ തമ്മില്‍ ഉള്ള ആശയ സംഘട്ടനം നടക്കുന്നതിനിടയിലാണ് സിനിമാരംഗത്ത് നിന്നും താങ്കളുടെ മീടൂ വെളിപ്പെടുത്തല്‍ വരുന്നത്. ഇത് സിനിമ ജീവിതത്തെ ബാധിച്ചോ?

ഞാന്‍ സിനിമയില്‍ തുടക്കമായിട്ടെ ഒള്ളു. എന്റെ അഞ്ചു സിനിമകള്‍ കഴിഞ്ഞിട്ടേയുള്ളൂ. ഒരു നിശ്ചിത സമയം വച്ച് എനിക്ക് സിനിമകള്‍ വരാറുണ്ട്, സംസാരിക്കാറുണ്ട്. ആഭാസം കഴിഞ്ഞ ശേഷം രക്തസാക്ഷ്യം എന്ന സിനിമ ഞാന്‍ ചെയ്തു. അത് റിലീസ് ചെയ്യാന്‍ പോകുന്നു. ഇപ്പോള്‍ ആഷിഖ് അബു സാറിന്റെ 'വയറസ്'-ലേക്ക് വിളി വന്നിട്ടുണ്ട്. ആഭാസം വന്നതിന് ശേഷം എനിക്ക് എന്തെങ്കിലും ഒക്കെ അവസരങ്ങള്‍ വരും എന്ന് തന്നെയായിരുന്നു ഞാന്‍ കരുതിയിരുന്നത്. പക്ഷെ അക്കാലം മുതല്‍ WCC-യുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നത് കൊണ്ടാണോ അവസരങ്ങള്‍ ഇല്ലാത്തത് എന്നൊന്നും എനിക്കറിയില്ല. ഈ രംഗത്ത് തന്നെ നല്ല നല്ല കഥാപാത്രങ്ങള്‍ ചെയ്തു മുന്‍പോട്ട് പോണം എന്നാണ് ആഗ്രഹം. അത്‌കൊണ്ട് പരിശ്രമങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും.

കുറ്റാരോപിതനായ അലന്‍സിയറിന്റെ നിലവിലെ നിലപാടിനെ കുറിച്ച് ഏതെങ്കിലും വിധേനയുള്ള അറിവ് ഉണ്ടോ?

ഒരറിവും ഇല്ല. ആകെ ഉള്ള അറിവ് അദ്ദേഹം ന്യൂസില്‍ വന്ന് ആരോപണം പകുതി സമ്മതിക്കുന്നു, പകുതി നിഷേധിക്കുന്നു എന്ന രീതിയില്‍ ഉള്ള ഒരു സ്റ്റേറ്റ്മെന്റ് പറഞ്ഞിരുന്നു എന്നതാണ്. അതിലപ്പുറം ഞാന്‍ ആ വ്യക്തിയെ കോണ്ടാക്ട് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. ഞങ്ങളുടെ കുറച്ചു കോമണ്‍ ഫ്രണ്ടിനെ പുള്ളി വിളിച്ചിരുന്നു എന്നൊക്കെ അറിഞ്ഞിരുന്നു. അതല്ലാതെ ഒരു അറിവും ഇല്ല.

മീടൂ എങ്ങനെയാണ് ജാഗ്രതാ നിര്‍ദേശം ആയി തീരുന്നത്?

എനിക്ക് തോന്നുന്നത് മീടൂ വന്നതിന് ശേഷം, ഒരാളിലേക്കുള്ള ശരീരികമായോ വൈകരികപരമായോ ഉള്ള കടന്നുകയറ്റത്തെ, ഭയത്തോടെ അതിന്റ തുടര്‍പ്രശ്‌നങ്ങളെ ജാഗ്രതയോടെ നോക്കിക്കണ്ട് അതില്‍ നിന്നും പിന്തിരിയാന്‍ ഉള്ള സാഹചര്യം ഇവിടെ ഉണ്ടാക്കി കഴിഞ്ഞു എന്നാണ്.

https://www.azhimukham.com/movie-metoo-against-alencier/

https://www.azhimukham.com/movies-more-allegations-against-alencier-ley-lopez/

https://www.azhimukham.com/news-update-me-to-against-actor-alencier-actress-facebook-live/

https://www.azhimukham.com/movies-alencier-on-divya-gopinaths-allegations/

https://www.azhimukham.com/movies-aashiq-abu-against-alencier/

https://www.azhimukham.com/cinema-indian-movie-miss-lovely-a-review-by-joby-varghese/

https://www.azhimukham.com/cinema-27-down-awtar-krishna-kaul/


Next Story

Related Stories