TopTop
Begin typing your search above and press return to search.

തിലകനോട് അമ്മ കാണിച്ച ചതിയുടെ തെളിവുകള്‍ കുടുംബാംഗങ്ങള്‍ പുറത്തുവിട്ടു

തിലകനോട് അമ്മ കാണിച്ച ചതിയുടെ തെളിവുകള്‍ കുടുംബാംഗങ്ങള്‍ പുറത്തുവിട്ടു

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നടന്‍ ദിലീപിനെതിരായ നടപടിക്ക് താര സംഘടനയായ 'അമ്മ' സമയം ചോദിക്കുന്നത് നടപടി വൈകിക്കാനെന്നതിന് തെളിവുകള്‍ പുറത്ത്. 2010ല്‍ മുതിര്‍ന്ന നടന്‍ തിലകനെ തിടുക്കപ്പെട്ട് പുറത്താക്കിയ സംഘടനയുടെ ഇരട്ടത്താപ്പാണ് പുറത്തുവന്നിരിക്കുന്നത്. ദി ന്യൂസ് മിനുറ്റ്‌സ് ആണ് സംഘടന തിലകനും തിലകന്‍ തിരിച്ചും അയച്ച കത്തുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

രേവതി, പത്മപ്രിയ, പാര്‍വതി എന്നീ നടികള്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള സംഘടനയുടെ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു. ഓഗസ്റ്റ് ഏഴിന് ഇവരുമായി ചര്‍ച്ച നടത്തിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി ദിലീപിനെ പുറത്താക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടാന്‍ 21 ദിവസത്തെ സമയം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലങ്കില്‍ ജനറല്‍ ബോഡിയില്‍ ഒരു വോട്ടെടുപ്പ് നടത്തണമെന്നും ഇവര്‍ വിശദീകരിക്കുന്നു. എന്നാല്‍ ഓഗസ്റ്റില്‍ കേരളത്തിലുണ്ടായ വെള്ളപ്പൊക്കം മൂലം എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം നീണ്ടുപോയിരുന്നു. ഇതിന് പിന്നാലെയാണ് ദിലീപ് വിഷയത്തിലെ തീരുമാനം വൈകിപ്പിക്കുന്നതിനായാണ് എഎംഎംഎ സമയം ചോദിച്ചിരിക്കുന്നതെന്നതിന്റെ തെളിവുകള്‍ ന്യൂസ് മിനുറ്റ്‌സിന് ലഭിച്ചത്. തിലകന്റെ കുടുംബാംഗങ്ങളാണ് ഈ തെളിവുകള്‍ നല്‍കിയതെന്നും വാര്‍ത്തയില്‍ പറയുന്നു.

അച്ചടക്ക സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് എഎംഎംഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി 2010 ഏപ്രില്‍ അഞ്ചിന് തിലകനെ പുറത്താക്കിയത്. എന്നാല്‍ ഒരു ജനറല്‍ ബോഡി മീറ്റിംഗ് പോലും വിളിച്ചു ചേര്‍ക്കാതെയും നിയമോപദേശം തേടാതെയുമായിരുന്നു ഈ നീക്കം. സംഘടനയും സൂപ്പര്‍താരങ്ങളും ചേര്‍ന്ന് മലയാള സിനിമ മേഖലയെ അടക്കിഭരിക്കുന്നതിനെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്ന വ്യക്തിയാണ് തിലകന്‍.

സംഘടനയെ അപകീര്‍ത്തിപ്പെടുത്തിയും അംഗങ്ങളുടെ വികാരങ്ങള്‍ മുറിവേല്‍പ്പിച്ചും തിലകന്‍ നുണ പ്രചരണം നടത്തുന്നുവെന്നാണ് ആരോപിക്കപ്പെട്ടത്. ഈ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ 2010 ഫെബ്രുവരി 10ന് അന്നത്തെ സംഘടന സെക്രട്ടറി ഇടവേള ബാബു അദ്ദേഹത്തിന് കത്തയച്ചിരുന്നു. 'സംഘടനയെ പരസ്യമായി അപമാനിച്ചതിന് താങ്കള്‍ മാപ്പ് പറയണമെന്ന് 2010 ഫെബ്രുവരി ഒമ്പതിന് കൊച്ചി അബ്ബാദ് പ്ലാസയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു' എന്നാണ് ഈ കത്തില്‍ പറഞ്ഞിരിക്കുന്നത്. സംഘടനയെ പരസ്യമായോ മാധ്യമങ്ങള്‍ക്ക് മുന്നിലോ വിമര്‍ശിക്കുന്നത് സംഘടന നിയമപ്രകാരം അച്ചടക്ക ലംഘനമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

ഫെബ്രുവരി 17ന് സംഘടനയ്ക്ക് തിലകനയച്ച മറുപടി കത്തും മകള്‍ സോണിയ ന്യൂസ് മിനുറ്റ്‌സിന് കൈമാറിയിട്ടുണ്ട്. എപ്പോള്‍, എവിടെവച്ച്, ആരെ അപമാനിച്ചുവെന്ന് ഇടവേള ബാബുവിന്റെ കത്തില്‍ വ്യക്തമല്ലെന്നാണ് ഇതില്‍ തിലകന്‍ പറഞ്ഞിരിക്കുന്നത്. കൂടാതെ ക്രിസ്ത്യന്‍ ബ്രദേഴ്‌സ് ഉള്‍പ്പെടെ വിവിധ ചിത്രങ്ങളില്‍ നിന്നും അഡ്വാന്‍സ് നല്‍കിയ ശേഷം പോലും തന്നെ ഒഴിവാക്കാന്‍ നിര്‍മ്മാതാക്കളെ നിര്‍ബന്ധിച്ച ഫെഫ്ക നേതാവിനെതിരെ സംഘടന നിശബ്ദത പാലിച്ചതും തിലകന്‍ ചൂണ്ടിക്കാട്ടുന്നു. ജനപ്രിയ താരങ്ങളുടെ ആരാധകരില്‍ നിന്നും തനിക്ക് ഭീഷണി സന്ദേശവും ഫോണ്‍ വിളികളും വന്നപ്പോഴും സംഘടന എവിടെയായിരുന്നുവെന്നും തിലകന്‍ ചോദിക്കുന്നു.

എഎംഎംഎയുടെ ലക്ഷ്യം അംഗങ്ങളുടെ അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കുകയെന്നതാണെന്നാണ് ബൈലോയില്‍ പറയുന്നത്. എന്നാല്‍ അതിനുള്ള കഴിവ് സംഘടനയ്ക്കില്ലെന്നതാണ് സത്യമെന്നും തിലകന്‍ വിമര്‍ശിക്കുന്നുണ്ട്. ഫെബ്രുവരി 19ന് സംഘടനയുടെ അച്ചടക്ക സമിതി തിലകന് വീണ്ടും കത്തയച്ചിരുന്നു. മാര്‍ച്ച് 1ന് തിരുവനന്തപുരത്തെ എഎംഎംഎയുടെ ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഈ കത്തെന്നും എന്നാല്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്ന മറ്റ് പരിപാടികള്‍ കാരണം അദ്ദേഹത്തിന് അത് സാധിച്ചില്ലെന്നും മകള്‍ സോണിയ ന്യൂസ് മിനുറ്റ്‌സിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

പിന്നീട് മാര്‍ച്ച് 15ന് അന്നത്തെ ജനറല്‍ സെക്രട്ടറിയായിരുന്ന മോഹന്‍ലാല്‍ തിലകന്‍ വിവിധ മാധ്യമങ്ങളില്‍ സംഘടനയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ അക്കമിട്ട് നിരത്തിയും ഒരു കത്ത് അയച്ചു. സംഘടനയെക്കുറിച്ചും മലയാലളത്തിലെ സൂപ്പര്‍താരങ്ങളെക്കുറിച്ചും തിലകന്‍ പത്രങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളാണ് അതില്‍ പരാമര്‍ശിച്ചിരുന്നത്. കൂടാതെ തിലകന്‍ നടത്തിയ പ്രസ്താവനകള്‍ തെറ്റാണെന്നും സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും അച്ചടക്ക സമിതി കണ്ടെത്തിയതായി ലാലിന്റെ കത്തില്‍ പറയുന്നു. അംഗത്വത്തില്‍ നിന്നും പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള ഗൗരവകരമായ ശിക്ഷയാണ് സമിതി നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും ഈ കത്തില്‍ പറഞ്ഞിട്ടുണ്ട്. അംഗത്വം റദ്ദാക്കാതിരിക്കണമെങ്കില്‍ ഏഴ് ദിവസത്തിനകം തൃപ്തികരമായ കാരണം കാണിക്കല്‍ വിശദീകരണം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നു. അതില്‍ പരാജയപ്പെട്ടാല്‍ അംഗത്വം റദ്ദാക്കുന്നതിനെക്കുറിച്ച് താങ്കള്‍ക്ക് യാതൊന്നും പറയാനില്ലെന്ന് കണക്കാക്കുമെന്നാണ് കത്തില്‍ പറയുന്നത്.

ഏപ്രില്‍ ആദ്യവാരം നടന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും അച്ചടക്ക സമിതിയുടെയും യോഗത്തില്‍ തിലകന്‍ പങ്കെടുത്തതായി സോണിയ പറയുന്നു. എന്നാല്‍ ഈ യോഗത്തില്‍ തിലകന് പറയാനുള്ളത് കേള്‍ക്കാന്‍ ഒരു അംഗവും തയ്യാറായില്ല. കൂടാതെ തനിക്ക് പ്രീയപ്പെട്ട ഒരു നടന്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോകാന്‍ തന്നോട് ആവശ്യപ്പെട്ടതായും അച്ഛന്‍ പറഞ്ഞിട്ടുണ്ടെന്ന് സോണിയ പറയുന്നു. പിന്നീട് ന്യൂസ് ചാനലുകളിലൂടെയാണ് തിലകനെ സംഘടനയില്‍ നിന്നും പുറത്താക്കിയത് തങ്ങള്‍ അറിഞ്ഞത്. ഔദ്യോഗികമായി ഒരു കത്തോ അറിയിപ്പോ ഒന്നും ഇതുസംബന്ധിച്ച് തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും സോണിയ വ്യക്തമാക്കുന്നു.

തിലകനെതിരെ നടപടിയെടുക്കാന്‍ സംഘടനാ ഭാരവാഹികള്‍ കാണിച്ച തിടുക്കം പരിശോധിക്കുമ്പോള്‍ ദിലീപിനെ സംരക്ഷിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്ന് മനസിലാകും. ഗുരുതര സ്വഭാവമുള്ള ഒരു ക്രിമിനല്‍ കേസില്‍ പ്രതിയായിട്ടും അതിന്റെ പേരില്‍ ഇരയായ നടിയുള്‍പ്പെടെ നാല് നടിമാര്‍ സംഘടനയില്‍ നിന്നും രാജിവച്ചിട്ടും ദിലീപിനെതിരായ നടപടി ഒഴിവാക്കാനോ താമസിപ്പിക്കാനോ ഒക്കെയാണ് സംഘടന ശ്രമിക്കുന്നതെന്നും ന്യൂസ് മിനുറ്റ്‌സിന്റെ വാര്‍ത്തയില്‍ പറയുന്നു.

https://www.azhimukham.com/newsupdates-major-ravi-on-franco-mulakkal-case/

https://www.azhimukham.com/trending-rima-kallingal-replay-to-mamtha-mohandas-on-her-controversial-statements-on-actress-attacking/

https://www.azhimukham.com/news-update-actress-attack-case-action-against-dileep-women-members-file-new-letter-to-amma/

Next Story

Related Stories