TopTop

മുറിവുകളിലൂടെ പ്രണയത്തെ അടയാളപ്പെടുത്തുന്ന ഈട

മുറിവുകളിലൂടെ പ്രണയത്തെ അടയാളപ്പെടുത്തുന്ന ഈട
പ്രശസ്ത എഡിറ്റര്‍ അജിത് കുമാറിന്റെ ആദ്യ സംവിധാന സംരംഭമാണ് ഈട. ഈട എന്ന വടക്കന്‍ മലബാറിലെ ഈണമുള്ള വാക്കാണ് സിനിമയെ പ്രേക്ഷകര്‍ ശ്രദ്ധിക്കാനുള്ള ആദ്യ കാരണം. വളരെ ചെറിയ കാലത്തിനിടയില്‍ അഭിനയം കൊണ്ട് ശ്രദ്ധേയരായ ഷെയ്ന്‍ നിഗവും നിമിഷ സജയനും പ്രധാന റോളിലെത്തുന്നു എന്നതാണ് സിനിമയെ സംബന്ധിച്ച മറ്റൊരു കൗതുകം. മണികണ്ഠന്‍ ആചാരിയും പി ബാലചന്ദ്രനും സുരഭി ലക്ഷ്മിയും അലന്‍സിയറും രാജേഷ് ശര്‍മയുമൊക്കെയാണ് മറ്റു പ്രധാന റോളുകളില്‍. ഒരു പ്രണയ കഥ എന്നതിലുപരി കൂടുതലൊന്നും ഈടയെ പറ്റി പ്രിവ്യൂ വരെ അധികമാരും അറിഞ്ഞിരുന്നില്ല.

കണ്ണൂരിലെ ഒരു ഹര്‍ത്താല്‍ ദിനത്തില്‍ തുടങ്ങി മറ്റൊരു ഹര്‍ത്താല്‍ ദിനത്തില്‍ അവസാനിക്കുന്ന ഒരു പ്രണയകഥയാണ് ഈട. കമ്യൂണിസ്റ്റ് പാര്‍ട്ടി കുടുംബാംഗമാണ് ഐശ്വര്യ(നിമിഷ). സംഘ് പരിവാര്‍ (ബി.ജെ.പി) പശ്ചാത്തലമുള്ള കുടുംബത്തിലെ അംഗമാണ് ആനന്ദ് (ഷെയ്ന്‍ നിഗം). രണ്ടു പേരും മൈസൂരില്‍ പഠന-ജോലി ആവശ്യങ്ങളുമായി മാറി താമസിക്കുന്നവര്‍. ഇവര്‍ക്കിടയില്‍ സംഭവിക്കുന്ന ആഴമുള്ള ഇഴയടുപ്പത്തിന്റെ കഥയാണ് ഈട. ഇതിനിടയില്‍ ആ നാടിന്റെ കുടിപ്പകയുടെ, ചരിത്ര വര്‍ത്തമാനങ്ങളുടെ കൂടെ കഥ പറയുന്നുണ്ട് ഈട. പ്രണയവും രാഷ്ട്രീയവും വേറിട്ട ഇടങ്ങളല്ല എന്നു പറഞ്ഞുവച്ചു കൊണ്ടാണ് ഈട തുടങ്ങിയവ സാനിക്കുന്നത്.

കണ്ണൂര്‍ എന്ന നാടിനെ അക്രമ രാഷ്ട്രീയത്തിന്റെ നാട് എന്ന് ചുരുക്കിയെഴുതിയിട്ട് കാലങ്ങള്‍ കുറെയായി. ഇങ്ങനെയൊരു വിളിക്കു പിന്നില്‍ തീര്‍ച്ചയായും സ്ഥാപിത താത്പര്യങ്ങളും മുന്‍വിധികളും ഉണ്ടാവാം. മറ്റു ജില്ലകളിലെ കണക്കുകള്‍ കൊണ്ട് ഈ വാദത്തെ ഖണ്ഡിച്ചു കളയാനുമാവും. പക്ഷെ ഈ സ്ഥിതിവിവര കണക്കുകള്‍ക്കിടയില്‍ കണ്ണൂര്‍ പൊതു സമൂഹത്തിനു നല്‍കുന്ന ഒരു ചിത്രമുണ്ട്. വളരെ വയലന്റായ കുടിപ്പകയുടെ കക്ഷി രാഷ്ട്രീയ ചിത്രം. അവിടെ നടന്ന/ നടന്നു കൊണ്ടിരിക്കുന്ന അരുംകൊലയുടെ സ്ഥിതി വിവരക്കണക്കുകള്‍ ഭീതിദമാണ്. ഈ കണക്കുകള്‍ക്കു പിന്നിലെ കാരണങ്ങളിലേക്ക് മന:ശാസ്ത്രത്തിലേക്ക് ഒക്കെയുള്ള റിയലിസ്റ്റിക്ക് ആയ എത്തിനോട്ടമാണ് ഈട.

രാഷ്ട്രീയത്തില്‍ പകയുണ്ടാക്കുന്ന കുറെ മിഥ്യാഭിമാന സങ്കല്‍പ്പങ്ങളുടെ കാലങ്ങളായുള്ള അടിച്ചേല്‍പ്പിക്കലുകള്‍ ചില ഇടങ്ങളില്‍ സംഭവിക്കുന്നുണ്ട്. ആ തുടര്‍ച്ചകളില്‍ നിന്നാണ് അക്രമ രാഷ്ട്രീയം എന്നു നാം വിളിക്കുന്ന ഈ കൂട്ട ആക്രമണങ്ങളുണ്ടാകുന്നത്. ഈ മിഥ്യാഭിമാനത്തിനു പല തലങ്ങളില്‍ ഇരകളാവുന്ന പല തലമുറകളെപ്പറ്റി ഈട സംസാരിക്കുന്നു. ആണത്തത്തിന്റെ അടയാളമായി രാഷ്ട്രീയ പക പോക്കലിനെ പറ്റി പറഞ്ഞു പഠിപ്പിക്കുന്നു. ആണുങ്ങളായാല്‍ വെട്ടണം, നായയായല്ല നരിയായാണ് ജീവിക്കേണ്ടത് എന്നൊക്കെയുള്ള ബോധ്യങ്ങളാണ് പല തലമുറകളെ നയിക്കുന്നത്. പ്രായോഗിക രാഷ്ട്രീയ പാഠം ദൂരെ നിന്ന് പഠിപ്പിച്ച് നടക്കുന്ന സുധാകരന്‍ സിനിമയിലെ ഏറ്റവും റിയലിസ്റ്റിക്ക് ആയ കഥാപാത്രമാണ്. ആറു വയസില്‍ കുറുവടി കൊടുക്കുന്ന, വന്ദേമാതരം എന്നുറക്കെ പറയാന്‍ കുട്ടികളെ പഠിപ്പിക്കുന്ന, തങ്ങളുടെ വളര്‍ച്ചയെ പറ്റി ഊറ്റം കൊള്ളുന്ന സ്വാമി, ബലിദാനിയാവുന്നത് അന്തസായി കാണുന്ന പ്രവര്‍ത്തകന്‍ ഒക്കെ ടിപ്പിക്കല്‍ കഥാപാത്രങ്ങളാണ്.സ്വാമിയുടെ കന്നഡ മലയാളം, വി.എസ് അച്യുതാനന്ദന്റെ ചിത്രമുള്ള ചെറിയ വീട്ടില്‍ താമസിക്കുന്ന വികലാംഗനും ബഹിഷ്‌കൃതനുമായ 'പഴയ' പാര്‍ട്ടി പ്രവര്‍ത്തകന്‍, ഉപേന്ദ്രന്റെ കയ്യിലെ കട്ടി കൂടിയ ചരട്, ഐശ്വര്യയുടെ വീട്ടിലെ കൈരളി ചാനലിന്റെയും ആനന്ദിന്റ വീട്ടിലെ അതീന്ദ്രിയ ശക്തി യന്ത്രത്തിന്റെയും വിദൂര കാഴ്ചകള്‍, ആയുധ പരിശീലന ദൃശ്യങ്ങള്‍, താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയെ നാഗരിക പരിസരത്ത് കണ്ട് ഭയപ്പാട് മറച്ചു വക്കാന്‍ കഴിയാത്ത സുധാകരന്‍... ഡീറ്റേയിലിങ്ങിലൂടെയും കൂടെയാണ് ഈട കഥ പറയുന്നത്. ആ ഡീറ്റേലിങ്ങിനു പക്ഷെ കൃത്രിമ സിമ്പലിസത്തിന്റെ മടുപ്പിക്കുന്ന ഏകതാനത ഇല്ല. സംവിധായകന്‍ എഡിറ്ററായതിന്റെയും സംവിധായകന്‍ തന്നെ എഡിറ്റു ചെയ്തതിന്റെയും ഗുണം സിനിമയിലുടനീളം തെളിഞ്ഞു കാണാം.

വളരെ സ്വാഭാവികതയോടെ സിനിമയെ മുന്നോട്ട് നയിക്കുന്ന പ്രണയത്തിലാണ് ഈടയുടെ ഭംഗി. വിപ്ലവവും ധീരവുമൊക്കെ ആകുന്നുണ്ടെങ്കിലും സ്വാഭാവികമായ ഒഴുക്കാണ് പ്രണയത്തിന്റേത്. എനിക്ക് നിന്നെ ഇഷ്ടമാണ് എന്ന വളരെ തുറസായ ലളിതമായ പറച്ചിലിലൂടെ പലതിനെയും ഐശ്വര്യയുടെ കഥാപാത്രം ശക്തമായി തന്നെ മറികടക്കുന്നുണ്ട്. മറികടക്കാന്‍ നോക്കിയിട്ടും നിലനില്‍പ്പിന്റെ അതിജീവനത്തിന്റെ ഭാഗമായി പ്രണയം അവരെ വിഴുങ്ങുന്നു. ഇതിനെയൊക്കെ ചെറിയ നിത്യ ജീവിത സന്ദര്‍ഭങ്ങളില്‍ കൂടി സിനിമ അടയാളപ്പെടുത്തുന്നു. പ്രണയത്തിനു വേണ്ടി ആലപ്പുഴയില്‍ നിന്നു വന്നവളും ഉപേന്ദ്രനു പുളിയിഞ്ചി കൊടുത്തയക്കുന്നവളും ഒക്കെ ചേര്‍ന്നാണ് നായിക നായകന്മാരുടെ കൂടെ ചേര്‍ന്ന് ഈടയിലെ പ്രണയം അടയാളപ്പെടുത്തുന്നത്. അറുത്തു മുറിച്ചു കളയുന്തോറും ആഴത്തില്‍ മുറിപ്പെടുത്തുന്ന ഒന്നാണ് ഈടയില്‍ പ്രണയം.

ദൂരെ പറിച്ചു നടപ്പെടുന്ന ഏറ്റവും പുതിയ തലമുറയെ അടയാളപ്പെടുത്തുന്നത് ആരാഷ്ട്രീയമായി തോന്നാം. പക്ഷെ അത്തരം കുറേ പേര്‍ കൂടി ചേര്‍ന്നതാണ് ഒരു നാടിന്റെ അടയാളപ്പെടുത്തല്‍. വളരെ സുരക്ഷിതമായ ഒരു പക്ഷം പിടിക്കലിന്റെ സാധ്യതകള്‍ ഒരുപാടുണ്ടായിട്ടും അതിനൊന്നും മുതിരാത്ത സംവിധായകന്റെ ധൈര്യം കൂടിയാണ് ഈടയെ വേറിട്ട ഒരു അനുഭവമാക്കുന്നത്. കക്ഷി രാഷ്ട്രീയ വക്താക്കള്‍ ഈ സിനിമയെ എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടറിയാം. വടക്കന്‍ മലബാറിലെ ഓടിട്ട പഴയ രണ്ടു നില വീടുകള്‍ക്കു ഒരു പ്രത്യേക ഘടനയുണ്ട്. ആ നാടിന്റെ പച്ചപ്പ്, ഊടുവഴികള്‍ ഒക്കെ അതുപോലെ സിനിമയിലുണ്ട്. ലാന്റ് സ്‌കേപ്പിങ്ങില്‍ കൂടിയാണ് സിനിമയുടെ പൂര്‍ണത. അങ്ങനെയൊക്കെ കൂടിയാണ് സിനിമകള്‍ റിയലിസ്റ്റിക്ക് ആവുന്നത്. അഭിനയിക്കുന്നവരുടെയെല്ലാം ഭംഗിയുള്ള പെരുമാറ്റം കൊണ്ട് ഈടയെ അടയാളപ്പെടുത്താമെങ്കിലും ഒറ്റ സിനിമയിലെ നായികാനുഭവം മാത്രമുള്ള നിമിഷയുടെ സിനിമ ആണിത്.

പിരിയുന്തോറും ആഴം കൂടുന്ന പ്രണയത്തിലൂടെ ഒരു നാടിന്റെ അത്ര സുഖകരമല്ലാത്ത മുറിവുകളെ, പലപ്പോഴും തിരിച്ച് ആ മുറിവുകളിലൂടെ ഒരു പ്രണയത്തെ അടയാളപ്പെടുത്തിയാണ് ഈട 2018 ന്റെ സിനിമാത്തുടക്കം ഭംഗിയുള്ളതാക്കുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories