TopTop
Begin typing your search above and press return to search.

ആഷിഖ് നന്ദി, ആ ദൃശ്യം അവസാനത്തേക്ക് മാറ്റിവെച്ചതിന്

ആഷിഖ് നന്ദി, ആ ദൃശ്യം അവസാനത്തേക്ക് മാറ്റിവെച്ചതിന്

രോഗങ്ങൾ നായകൻമാരെ ഇല്ലാതാക്കും. പ്രത്യേകിച്ച് മരണത്തെ തൊട്ട് മാത്രം പിൻവാങ്ങുന്ന രോഗങ്ങൾ. ഒറ്റയ്ക്കൊറ്റയ്ക്ക് നേരിടാനാവാതെ നിപക്കാലം പോലെ മലയാളി പകച്ചുപോയ മറ്റൊരു സമീപകാല സന്ദർഭമുണ്ടാകില്ല. അത്ര ഭീതിതമായിരുന്നു ആ രോഗം.ശുചീകരണത്തൊഴിലാളിയും ആംബുലൻസ് ഡ്രൈവറും മുതൽ കളക്ടറും ആരോഗ്യമന്ത്രിയും വരെയുള്ള അനേക മനുഷ്യർ ഒറ്റയ്ക്കൊറ്റയ്ക്ക് നായകത്വത്തിലേക്കുയർന്ന് നിപയെ അതിജീവിച്ച കാലം. അതായിരുന്നു 2018. അതുകൊണ്ടാവാം സംവിധായകൻ പതിവുസിനിമകളിലെ നായകത്വത്തെ തന്റെ 'വൈറസി'ൽ നിന്ന് പൂർണമായും ഉപേക്ഷിച്ചത്. വൈറസിൽ നൻമയുടെ മനത്താങ്ങുമായി വരുന്ന ഓരോരുത്തരും നായകൻമാരാണ്. നായികമാരാണ്. അവർ ഓരോ നിമിഷത്തിലും ഒരിക്കൽ മരണത്തിനു മുന്നിൽനിന്ന് മുഖാമുഖം പോരാടിയവരുടെ പ്രതിരൂപങ്ങളാണ്. അവരാണ് അവർ മാത്രമാണ് നാമിന്ന് ജീവിക്കുന്നതിനുത്തരവാദികൾ. അവരോടുള്ള മലയാളിയുടെ കടപ്പാടാണ് ആഷിഖ് അബുവിലൂടെ, 'വൈറസി'ലൂടെ നിറവേറ്റപ്പെട്ടത്.

ഒരു സിനിമ കാണുമ്പോൾ തിയറ്ററിൽ അമ്മമാരോടൊപ്പം ഇരിക്കുന്ന ചെറിയ കുട്ടികളുടെ കരച്ചിൽ വരെ പൊതുവെ കാണികളിൽ അസ്വസ്ഥതയുണ്ടാകും. പക്ഷെ വൈറസ് കാണുമ്പോൾ അങ്ങനെയുമുണ്ടാകുന്നില്ലെന്ന് ശ്രദ്ധിച്ചിരുന്നു. കാരണം തനിക്കു ചുറ്റുമുണ്ടാകുന്ന ഏത് കരച്ചിലും കണ്ണീരും തന്റേതുകൂടിയാണെന്ന തോന്നലിൽ വൈറസിന്റെ കാണി കാഴ്ചയുടെ നിമിഷങ്ങളിൽത്തന്നെ ഉയരുന്നുണ്ട്. ഇത് തന്നെയാണ് ഏതൊരു സിനിമയ്ക്കും ചെയ്യാനുള്ളത്. അത് വൈറസിന്റെ ടീം അതിഗംഭീരമായിത്തന്നെ ചെയ്തു വെച്ചിട്ടുണ്ട്. കരുണയുടെ കൈകളിലാണ്, പ്രതിബദ്ധതയോടെയുള്ള ചുറ്റുമുള്ളവരുടെ നീക്കങ്ങളിലാണ് ഈ ലോകം കൂടുതൽക്കൂടുതൽ സൗന്ദര്യപ്പെടുന്നതെന്ന് കാണിച്ചുതരുന്ന ഒരു സിനിമ. തുടക്കത്തിലെ ആശുപത്രി കാഷ്വാലിറ്റി ദൃശ്യങ്ങൾ മുതൽ അവസാനം വരെ അതുണ്ട്.

അതെ, അതിജീവനത്തിനായുള്ള ഇലയനക്കങ്ങൾക്കു പോലും കാതു കൊടുക്കുന്ന മനുഷ്യരെയുണ്ടാക്കുക. അവരാണ് ഭൂമിയുടെ കാവൽ. കാതൽ. അവരെക്കുറിച്ചാണ് ഈ സിനിമ പറഞ്ഞുവെക്കുന്നത്. അത്തരം ഒരു മനോഹരമായ ദൃശ്യത്തിലാണ് 'വൈറസ് ' അവസാനിക്കുന്നതും. ജാനകിക്കാട് റോഡിലൂടെ ബൈക്കിൽ പോകുന്ന സക്കറിയ തനിക്കുമുന്നിൽ നിസ്സഹായതയോടെ പിടയുന്ന ഒരു വവ്വാൽക്കുഞ്ഞിനെ കയ്യിലെടുത്ത് ഒരു മരപ്പൊത്തിൽ വെക്കുന്ന ആ ഒറ്റ ദൃശ്യത്തിലുണ്ട് വൈറസിന്റെ ഈ ജൈവരാഷ്ട്രീയം. നോൺലീനിയറായി കഥ പറഞ്ഞുപോയി ഒടുക്കം നിപയ്ക്ക് കാരണമായെന്ന് വിശ്വസിക്കുന്ന ആ വവ്വാൽക്കുഞ്ഞുങ്ങളൊന്നിനെ അതിജീവിക്കാൻ സഹായിക്കുന്ന ആ ദൃശ്യം അവസാനത്തിലേക്ക് മാറ്റിവെച്ചതിന് നന്ദിയുണ്ട് ആഷിഖ്. കാരണം മരണത്തിനിടയിലെവിടെയെങ്കിലും ആ ദൃശ്യം തിരുകിവെച്ചിരുന്നെങ്കിൽ സിനിമ ഇത്രമാത്രം ഉയർന്നു നിൽക്കില്ലായിരുന്നു. അതെ,മനുഷ്യർക്കും മൃഗങ്ങൾക്കും പക്ഷികൾക്കുമെല്ലാമിടമുള്ള വീടുകളുള്ള സിനിമയാണിത്. സഹജീവനത്തിലൂടെ അതിജീവനം സാധ്യമാകുന്ന ലോകത്തെ മുന്നിൽ വെച്ച് പിൻവാങ്ങുന്ന വൈറസിന്റെ ഈ സ്നേഹ രാഷ്ട്രീയം തീർച്ചയായും കാഴ്ചയിൽ വൈറലാകേണ്ടതുണ്ട്.

നിപയെക്കുറിച്ചുള്ള സിനിമ ലിനിയെക്കുറിച്ചുള്ള സിനിമയാകുമെന്ന് കരുതിയിരുന്നു. നിപക്കാലത്തെ വലിയ സങ്കടങ്ങളിലൊന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്സ് ലിനിയുടെ മരണമായിരുന്നു. ആതുരസേവനത്തിനിടെ പതുക്കെപ്പതുക്കെ ജീവൻ ത്യജിച്ച ആ മാലാഖയുടെ ജീവിതം മാത്രമാക്കി സിനിമയെ മാറ്റാതിരുന്നതും മറ്റൊരു നിലയിൽ വൈറസിനെ ഉയർത്തിയിട്ടുണ്ട്. അതുകൊണ്ടാണ് ഒരേ സമയം ഇത് ഒരു ദേശത്തിന്റെയും കാലത്തിന്റെയും മുഴുവൻ കഥയായി മാറിയത്. മരണത്തിന്റെ കശാപ്പുശാലയിൽ എല്ലാവരും ബലിയാവുമ്പോൾ ഒറ്റയൊറ്റ സങ്കടങ്ങളെ മാത്രം ദൃശ്യങ്ങളുടെ കേന്ദ്രമാക്കാൻ സംവിധായകൻ മുതിരുന്നില്ലല്ലോ. അതാണ് ഈ സിനിമയുടെ മറ്റൊരു രാഷ്ട്രീയം. അതിനാണ് ഒരു വലിയ കയ്യടി.

എന്തായാലും ഭയം നക്കിത്തുടച്ച നാടുകളെ, വീടുകളെ, മനുഷ്യരെ, അവരുടെ കഥകളും ജീവിതങ്ങളുംകൂടി പങ്കുവെച്ച് വൈകാരിക ലോകത്തെ തീവ്രമാക്കുന്നതിൽ ആഷിഖും ടീമും ഞെട്ടിച്ചിട്ടുണ്ട്.

നിപയെക്കുറിച്ചുള്ള സിനിമ ഡോക്യുഫിക്ഷനായിപ്പോകുമെന്ന മുൻവിധികൾക്കു മുന്നിലൂടെ ഏഴു ശിരസ്സുകളിൽ കിരീടമണിയിച്ച് കൊമ്പും കുളമ്പും തുമ്പിയുമുള്ള ഫിക്ഷനാക്കി മലയാളസിനിമയെ നടത്തിക്കാനുള്ള ഭാവനാ ലോകങ്ങൾക്ക് ടീം 'വൈറസി'ന് അഭിനന്ദനങ്ങൾ.

*ഫേസ്ബുക്ക് പോസ്റ്റ്

Read More: എല്ലാമറിയാം, എന്നിട്ടും കാണികള്‍ എന്തുകൊണ്ട് ശ്വാസമടക്കിപിടിച്ച് വൈറസ് കാണുന്നു? മെയ്ക്കിംഗിലെ ആഷിക് അബു മാജിക്


Next Story

Related Stories