TopTop
Begin typing your search above and press return to search.

സത്യന്‍ അന്തിക്കാട്/അഭിമുഖം: പുതുതലമുറയില്‍ എല്ലാ അർത്ഥത്തിലും പൂർണനായ നടനാണ്‌ ഫഹദ് ഫാസില്‍

സത്യന്‍ അന്തിക്കാട്/അഭിമുഖം: പുതുതലമുറയില്‍ എല്ലാ അർത്ഥത്തിലും പൂർണനായ നടനാണ്‌ ഫഹദ് ഫാസില്‍

കുടുംബ പ്രേക്ഷകർ എന്നും നെഞ്ചോട്‌ ചേർത്ത് വച്ചിട്ടുള്ള ഒന്നാണ്‌ സത്യൻ അന്തിക്കാട് എന്ന പേരും അദ്ദേഹത്തിൻ്റെ സിനിമകളും. കുറുക്കന്റെ കല്യാണം മുതൽ ഞാൻ പ്രകാശൻ വരെയുളള മുപ്പത്തിയാറ്‌ വർഷങ്ങൾക്കിടയിൽ ടി പി ബാലഗോപാലനിലും, നാടോടിക്കാറ്റിലും, സന്ദേശത്തിലും, വീണ്ടും ചില വീട്ടുകാര്യങ്ങളിലും ഒക്കെ മലയാളികൾ കണ്ടത്‌ തങ്ങളുടെ തന്നെ ദൈനംദിന ജീവിതത്തിലെ കുറ്റങ്ങളും, സന്തോഷങ്ങളും, കുശുമ്പും, മടിയും പ്രണയവും ഒക്കെ കൊച്ചുകൊച്ചു നർമ്മങ്ങളിലൂടെ വിമർശിക്കുന്നതാണ്. അതിൽ തന്നെ ശ്രീനിവാസനുമായി ഒന്നിച്ചപ്പോഴൊക്കെ സത്യൻ അന്തിക്കാട് സൃഷ്ടിച്ചത്‌ കാലങ്ങൾ എത്രപോയാലും പഴമയുടെ പൊടിപടലങ്ങൾ ഒരു തരി പോലും വീഴാത്ത എന്നെന്നും നിലനിൽക്കുന്ന കാമ്പുളള സിനിമകൾ ആയിരുന്നു.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയ്ക്ക് ശേഷം നീണ്ട 16 വർഷങ്ങളുടെ ഇടവേള കഴിഞ്ഞ് വീണ്ടും ശ്രീനിവാസനുമായി അദ്ദേഹം കൈകോർക്കുമ്പോൾ നായകനാവാൻ തിരഞ്ഞെടുത്തത് മലയാള സിനിമയിലെ പുതുതലമുറയിൽ ഒരു ചിരിയിലൂടെയും കണ്ണുകളിലൂടെയും ഒക്കെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച് വിസ്മയിപ്പിക്കുന്ന ഫഹദ്‌ ഫാസിലിനെയാണ്‌. ഞാൻ പ്രകാശനെയും തന്റെ സിനിമകളുടെ നിലനിൽപ്പിന്നെയും ഒക്കെ പറ്റി മനസ്സ്‌ തുറക്കുകയാണ് സത്യൻ അന്തിക്കാട്

ഞാൻ പ്രകാശനെ പറ്റി ?

ഇന്നിൽ നിന്നുകൊണ്ട്‌ നമ്മുടെ സമൂഹത്തെ നോക്കിക്കാണുന്ന സിനിമയാണ്‌ ഞാൻ പ്രകാശൻ. ഗസറ്റിൽ അപേക്ഷ കൊടുത്ത്‌ പി ആർ ആകാശ് എന്ന്‌ പേരുമാറ്റിയ, പഠിച്ച ജോലി ചെയ്യാൻ ദുരഭിമാനം സമ്മതിക്കാത്ത, സ്വന്തം കാര്യം നേടാൻ എന്ത്‌ പ്രവർത്തിയും ചെയ്യുന്ന പ്രകാശന്റെ കഥ. ഇന്നത്തെ കേരളസമൂഹത്തിനെ ഹാസ്യാത്മകമായി വിമർശിക്കുന്ന ഒരു സിനിമ ആണ്‌.

ഞാൻ പ്രകാശന് വേണ്ടി കാത്തിരുന്നത് നമ്മുടെ കുടുംബപ്രേക്ഷകരെക്കാൾ യുവതലമുറയാണ്, എന്തുകൊണ്ടാണ്‌ അങ്ങനെ?

ഫഹദ്‌ ഫാസിൽ എന്ന ഒരു നടൻ ഉണ്ടെന്നുള്ളതാണ് അതിനു കാരണം. അയാളെ അത്രത്തോളം അവർ ഇഷ്ടപെടുന്നു. പിന്നെ ഞാനും ശ്രീനിവാസനും ഒന്നിച്ചപ്പോഴൊക്കെ ഉണ്ടായ നല്ല സിനിമകളോടുള്ള ഇഷ്ടം. അപ്പോൾ ഞങ്ങൾ മൂന്ന്‌ പേരും ഒന്നിക്കുന്ന ഒരു സിനിമ വരുമ്പോൾ അത്‌ നന്നാവുമെന്നുള്ള അവരുടെ ഒരു പ്രതീക്ഷ ഉണ്ട്‌. അത്‌ കാത്തുസൂക്ഷിക്കാൻ കഴിഞ്ഞു എന്നുള്ളതിൽ സന്തോഷം. പിന്നെ ഏറ്റവും പ്രധാനപ്പെട്ട കാരണം എന്താണെന്ന്‌ വച്ചാൽ ഇത്‌ 2018-ലെ ഒരു ചെറുപ്പക്കാരന്റെ കഥയാണ്‌, ഒരു പഴങ്കഥ അല്ല. ഈ തലമുറയിലെ ഒരു ചെറുപ്പക്കാരന്റെ കാഴ്ചപ്പാടിലൂടെ സഞ്ചരിക്കുന്ന, അയാളിൽ ഉണ്ടാവുന്ന മാറ്റങ്ങളാണ് ഈ സിനിമ. അല്ലതെ ഞാനും ശ്രീനിവാസനും മുൻപ്‌ പറഞ്ഞിട്ടുള്ള ഇടത്തരക്കാരുടെ കഥ അല്ല. ഇത്‌ ഈ കാലഘട്ടത്തിന്റെ കഥയാണ്. അതാവാം ചെറുപ്പക്കാർക്കിടയിലും ഈ സിനിമയ്ക്ക് ഇത്ര സ്വീകാര്യത ലഭിച്ചത്.

കഴിഞ്ഞ പതിനാറ്‌ വർഷങ്ങളിലെ മലയാള സിനിമയുടെ മാറ്റം സത്യൻ അന്തിക്കാടിന്റെയും ശ്രീനിവാസന്റെയും കഥപറച്ചിലിനെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്‌ ?

പതിനാറ്‌ വർഷങ്ങൾ കൊണ്ട്‌ സിനിമയ്ക്ക് ഒരുപാട്‌ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്‌. ഞങ്ങൾ ഒരു പ്രേക്ഷകരായി ആ മാറ്റത്തെ മാറിനിന്ന് കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഞാനും ശ്രീനിവാസനും മലയാളത്തിലെ പുതിയതായി ഇറങ്ങുന്ന എല്ലാ സിനിമകളും കാണുന്ന ആൾക്കാരാണ്‌. ശരിക്കും നമ്മുടെ പുതിയ തലമുറയിലെ മിടുക്കരായ സംവിധായകരുടെ ആരാധകൻ ആണ്‌ ഞാൻ. സുഡാനി ഫ്രം നൈജീരിയ എന്ന സിനിമ കണ്ട്‌ ഞാൻ അത്ഭുതപ്പെട്ട് പോയിട്ടുണ്ട് ,

ഒരു കുഞ്ഞ് വിഷയത്തിൽ നിന്ന്‌ ഒരു നല്ല സിനിമ ഉണ്ടാക്കിയിട്ടുണ്ട് സക്കറിയ. അതുപോലെ ദിലീഷ്‌ പോത്തൻ ആയാലും, ശ്യാം പുഷ്കരൻ ആയാലും, ലിജോ ജോസ് പല്ലിശ്ശേരിയും ഒക്കെ അവരുടെ സിനിമകളിലൂടെ എന്നെ അതിശയിപ്പിച്ച സംവിധായകരാണ്. നമ്മൾ ഇവരിൽ നിന്നും മാറിനിൽക്കുകയല്ല, പുതിയ തലമുറയുടെ കൂടെത്തന്നെ ഞാനും ശ്രീനിവാസനും സഞ്ചരിക്കുന്നുണ്ട്. ഇന്നത്തെ പ്രേക്ഷകർ വളരെ ബുദ്ധിയുള്ളവരാണ്. ഞാൻ എപ്പോഴും ഒരു സിനിമയുമായി വരുമ്പോൾ ചിന്തിക്കുന്നത് എന്നേക്കാൾ വിവരവും ബോധവും ഉള്ള ആളുകളുടെ മുന്നിലേക്കാണ് അത്‌ കൊണ്ടുവരുന്നത് എന്നാണ്‌. ആ ബോധ്യത്തോടെയാണ്‌ ഞാൻ ഇവിടെ നിൽക്കുന്നത്. പുതിയ തലമുറയിൽ നിന്നും അവരുടെ സിനിമകളിൽ നിന്നും നമുക്ക് കുറേ പഠിക്കാനുണ്ട്.

അയ്മനം സിദ്ധാർത്ഥനിൽ നിന്നും പ്രകാശനിലേക്കുള്ള ഫഹദിന്റെ ഒരു പരകായപ്രവേശത്തെ പറ്റി എന്താണ്‌ പറയാനുള്ളത്‌ ?

അതിലെ ഏറ്റവും വലിയ അത്ഭുതം എന്താണെന്ന്‌ വച്ചാൽ ഒരു വ്യക്തി എന്ന നിലയിൽ ഫഹദ്‌ ഫാസിലിന്റെ ജീവിതവും സിദ്ധാർത്ഥന്റെ ജീവിതവും പ്രകാശന്റെ ജീവിതവും വെവ്വേറെയാണ്‌. ഫഹദ്‌ ഫാസിൽ എന്ന ഒരു വ്യക്തി മറ്റൊരാളാണ്. അയാൾ ഫാസിലിന്റെ മകനായി ജനിക്കുകയും അമേരിക്കയിൽ പോയി പഠിക്കുകയും ഒക്കെ ചെയ്ത ഒരു യുവാവാണ്. അയ്മനം സിദ്ധാർത്ഥൻ നാട്ടിൽ പോസ്റ്റർ അടിച്ചു നടക്കുന്ന ഒരു ലോക്കൽ നേതാവാണ്. വളരെ പെട്ടന്നാണ് പുള്ളി ആ കഥാപാത്രത്തിലേക്ക് മാറുന്നത്‌. നമുക്ക്‌ കാണുമ്പോൾ തോന്നും ഇയാൾ വർഷങ്ങളായി ഇവിടെയുള്ള ആളാണെന്ന്. അതുപോലെ തന്നെ മറ്റൊരു കഥാപാത്രമാണ്‌ പ്രകാശനും. നടൻ എന്ന നിലയിൽ ഓരൊ സിനിമ കഴിയുമ്പോഴും ഫഹദ്‌ വളർന്നുകൊണ്ടിരിക്കുകയാണ്. അയ്മനം സിദ്ധാർത്ഥനെ അവതരിപ്പിച്ച അതേ കണ്ണും മൂക്കും കയ്യും കാലും കൊണ്ട്‌ തന്നെയാണ്‌ അയാൾ പ്രകാശനെയും അവതരിപ്പിച്ചിരിക്കുന്നതും. പക്ഷേ പുള്ളീടെ ആ പ്രകടനത്തിലൂടെ അയാൾ പ്രകാശനെ വേറെ ആളാക്കി മാറ്റും. കൈവിരൽ തുമ്പ്‌ പോലും ഉപയോഗിക്കുന്ന ആളാണ്‌ മോഹൻലാൽ എന്നത്‌ പോലെ, പുതുതലമുറയിൽ എല്ലാ അർത്ഥത്തിലും പൂർണമായ ഒരു നടൻ എന്നാണ്‌ ഫഹദിനെ വിളിക്കേണ്ടത്‌.

ഇത്തവണ സത്യൻ അന്തിക്കാടിന്റെ സിനിമയുടെ പിന്നണിയിൽ ചില പുതിയ പേരുകളുടെ സാന്നിധ്യം ഉണ്ട്‌, അതിനെക്കുറിച്ച് ?

അതൊരു ബ്ലെൻഡ് ആണ്‌. അതായത്‌ എന്നോടൊപ്പം ശ്രീനിവാസൻ എന്ന എഴുത്തുകാരൻ, എസ്‌ കുമാർ എന്ന വളരെ സീനിയറായ ഒരു ക്യാമറാമാൻ, ഫഹദ്‌ ഫാസിൽ എന്ന പുതിയ തലമുറയിലെ ഒരു നടൻ, ഷാൻ റഹ്മാൻ എന്ന പുതിയ തലമുറയിലെ പ്രതിഭാധനനായ സംഗീത സംവിധായകൻ, നിഖില എന്ന പുതിയ കാലത്തെ നായിക അങ്ങനെ രണ്ട് തലമുറകൾ കൂടിചേർന്നുള്ള ഒരു ബ്ലെൻഡ് ആണ്‌ ഈ സിനിമ.

ഇപ്പോഴത്തെ ആൾക്കാർക്ക് ഇഷ്ടം ഷാൻ റഹ്മാനെയാണ്‌, എന്നാൽ അയാളെ ഇട്ടേക്കാം എന്ന്‌ കരുതി ചെയ്തതല്ല. ഷാൻ റഹ്‌മാൻ എന്ന കലാകാരന്റെ ടാലന്റ് കണ്ടിട്ട്‌, ഫഹദ്‌ ഫാസിലിന്റെ ടാലന്റ് കണ്ടിട്ട്‌, ആ ടാലന്റ് ഉപയോഗിക്കുകയാണ് ചെയ്തിട്ടുള്ളത്. ഈ സിനിമയിൽ ഒരുപാട്‌ പുതുമുഖങ്ങൾ അഭിനയിച്ചിട്ടുണ്ട്. അവരെല്ലാവരും തന്നെ മികച്ച പ്രകടനം തന്നെ കാഴ്ചവച്ചിട്ടുണ്ട്. അതുപോലെ ഈ സിനിമ സിങ്ക് സൗണ്ട് ആണ്‌. ഒരു മെയിൻസ്ട്രീം ഡയലോഗ് ഓറിയന്റഡ് ആയിട്ടുള്ള സിനിമയിൽ സിങ്ക്‌ യൂസ് ചെയ്യുമ്പോൾ അത് കുറച്ചുകൂടി യാഥാർഥ്യത്തോട് ചേർന്ന്‌ നിൽക്കും. പുതിയ അഭിനേതാക്കൾ ഒക്കെ ഇത്ര നല്ലതായി തോന്നിയത്‌ സിങ്ക് സൗണ്ട് ആയതുകൊണ്ടാണ്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിൽ നിന്ന്‌ പഠിച്ചിറങ്ങിയ അനിൽ രാധാകൃഷ്ണൻ എന്ന മലയാളിയാണ് സിങ്ക് സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. അങ്ങനെ ഈ സിനിമയ്ക്ക് ആവശ്യമുള്ളവരെയാണ്‌ പഴയ ആൾക്കാരായാലും പുതിയ ആൾക്കാരായാലും തിരഞ്ഞെടുത്തിരിക്കുന്നത്.

സന്ദേശവും നാടോടിക്കാറ്റും വീണ്ടും ചില വീട്ടുകാര്യങ്ങളും ഒക്കെ എത്ര വർഷം കഴിഞ്ഞാലും നിലനിൽക്കണം എന്ന് അന്നേ തീരുമാനിച്ച് ചെയ്ത സിനിമകളാണോ ?

ഒരിക്കലും അല്ല. സന്ദേശം ചെയ്യുന്ന സമയത്ത് ഞാനും ശ്രീനിവാസനും ആഗ്രഹിച്ചത് ആ റിലീസ് ചെയ്യുന്ന സമയത്ത് അതൊന്ന് ക്ലിക്ക് ആവണം എന്ന്‌ മാത്രമാണ്‌. അത്‌ കാലങ്ങൾക്ക്‌ അപ്പുറത്തേക്ക്‌ നിലനിൽക്കാനുള്ള കാരണം നമ്മുടെ രാഷ്ടീയ രംഗം അന്നത്തേതിൽ നിന്ന്‌ ഒരിഞ്ചുപോലും മാറിയില്ല എന്നുള്ളതുകൊണ്ടാണ്. ഇന്നും ഒരു ഹർത്താൽ നടക്കണം എങ്കിൽ നമുക്ക് ഒരു രക്തസാക്ഷിയെ കിട്ടണം, ഇന്നും നമുക്ക് തോറ്റാൽ അതിന്റെ കാരണം കണ്ടുപിടിക്കാൻ താത്വികമായ അവലോകനം നടത്തണം. നേരെ മറിച്ച് നമ്മുടെ രാഷ്ടീയ രംഗം ടോട്ടലി മാറിയിരുന്നെങ്കിൽ ആ സിനിമ ഔട്ട്ഡേറ്റഡ് ആയേനെ. ഞങ്ങൾ സത്യമായിട്ടും ആ കാലത്ത് രക്ഷപെടാൻ വേണ്ടി മാത്രം എടുത്തിട്ടുള്ള സിനിമയാണത്. വരവേൽപ്പ് ആയാലും സന്ദേശം ആയാലും നാടോടിക്കാറ്റായാലും ഒറ്റ സംഗതിയെ ഉളളൂ. ആ ചെയ്യുന്നതിൽ ഒരല്പം പോലും മായം ചേർക്കാതെ വളരെ സിൻസിയർ ആയിട്ടാണ്‌ ആ വിഷയങ്ങൾ ഞങ്ങൾ പറഞ്ഞിട്ടുള്ളത്‌. അതുകൊണ്ടാവാം അതൊക്കെ കാലങ്ങൾക്ക് ഇപ്പുറവും നിലനിൽക്കുന്ന സിനിമകൾ ആയത്‌.

മലയാളികളുടെ കുറ്റങ്ങളും കുറവുകളും ഒക്കെയാണ് ഏറ്റവും കൂടുതൽ താങ്കൾ ആക്ഷേപഹാസ്യത്തിലൂടെ പറഞ്ഞിട്ടുള്ളത്. അങ്ങനെ വിമർശിക്കപ്പെടേണ്ടവർ ആണോ മലയാളികൾ ?

നമുക്ക്‌ മലയാളികളെയല്ലേ അറിയൂ. വിമർശിക്കപ്പെടേണ്ടവർ എന്നല്ല വിമർശിക്കപ്പെടേണ്ടേ പലതും മലയാളികൾക്ക് ചുറ്റുമുണ്ട്. അതിനോട് റിയാക്റ്റ് ചെയ്യാൻ നമുക്ക് കൊടിപിടിക്കാൻ പറ്റില്ല. നമുക്ക് പറ്റുന്നത് നമ്മുടെ സിനിമകളിലൂടെ നമ്മൾ എല്ലാം മനസ്സിലാക്കുന്നുണ്ട് എന്നവരെ ബോധ്യപ്പെടുത്തുക എന്നത് മാത്രമാണ്‌. എനിക്ക്‌ തോന്നുന്നു, മലയാളികൾ കുറച്ചുകൂടി രാഷ്ട്രീയ ബോധം ഉള്ളവരാണ്. നമ്മൾ പറയുന്ന നർമ്മം മനസ്സിലാക്കാൻ അവർക്കേ കഴിയൂ എന്നുള്ളതാണ്‌ സത്യം.

സന്ദേശം എന്ന സിനിമ ഇറങ്ങി ഇരുപത്തിയേഴ് വർഷങ്ങൾക്കിപ്പുറവും അതിന്റെ കാലികപ്രസക്തി നിലനിൽക്കുന്ന ഈ നാട്ടിൽ ജിവിക്കുന്ന ഒരു സാധാരണ മലയാളി എന്ന നിലയിൽ എങ്ങനെ നോക്കിക്കാണുന്നു കേരളത്തിന്റെ ഈ രാഷ്ട്രീയ സാഹചര്യത്തെ?

സന്ദേശം എന്ന സിനിമ എടുത്ത കാലത്തേക്കാൾ മോശമാണ് ഇപ്പോഴത്തെ കേരളത്തിന്റെ അവസ്ഥ. സന്ദേശത്തിൽ അഴിമതി ഒരു വിഷയം ആയിരുന്നില്ല, ഇന്ന്‌ അഴിമതി എന്നത്‌ നമ്മുടെ കണ്ണിന്റെ മുന്നിൽ വലിയ ഒരു അലങ്കാരമായി മാറി. അഴിമതി നടത്തുന്നവൻ മാന്യനായി മാറുന്ന ഒരവസ്ഥയാണ് ഇന്ന്‌ നമ്മുടെ നാട്ടിൽ. ശരിക്കും രാഷ്ട്രീയം എന്ന്‌ പറയുന്നത്‌ ജനങ്ങളെ സേവിക്കുകയാണ്‌ എന്നതിന്‌ പകരം ചില ഗ്രൂപ്പുകൾ അധികാരത്തിൽ കേറണം എന്നുള്ള സമവാക്യത്തിലേക്ക് മാറി എന്നുള്ളതാണ്‌ സത്യം. ഇപ്പോൾ ഒരു ഹർത്താലിന് കടകൾ പൂട്ടുന്നതും, ജനങ്ങൾ പുറത്തിറങ്ങാത്തതും ആ രാഷ്ട്രീയ പാർട്ടിയെ അനുകൂലിച്ചിട്ടല്ല, മറിച്ച് പേടിച്ചിട്ടാണ്. അത്‌ മുതലെടുക്കുന്ന ഒരവസ്ഥ ഇവിടെ ഉണ്ടാവുന്നുണ്ട്‌. ജനങ്ങളെ സേവിക്കുന്നതിൽ അഴിമതി ഇല്ലാതാവണം എങ്കിൽ, അന്തസ്സുള്ള, തറവാടിത്തമുള്ള, വിദ്യാസമ്പന്നരായ ചെറുപ്പക്കാർ രാഷ്ട്രീയത്തിലേക്ക് വരണം. നല്ലൊരു യുവത്വം കേരളത്തിന്റെ രാഷ്ട്രീയം ഏറ്റെടുക്കട്ടെ, അതിന്‌ ഏത് പാർട്ടി എന്ന്‌ നോക്കേണ്ട കാര്യമില്ല. യുവാക്കളുടെ കൈകളിലേക്ക്‌ അധികാരം ഏൽപ്പിക്കാൻ നമ്മുടെ ജനങ്ങളും ഭരണാധികാരികളും തയാറാവട്ടെ എന്ന്‌ ഞാൻ പ്രതീഷിക്കുന്നു.

https://www.azhimukham.com/cinema-sathyan-anthikkadu-fahad-faasil-film-njan-prakashan-review-by-safiya/


Next Story

Related Stories