TopTop
Begin typing your search above and press return to search.

അതേ, ലെനിന്‍ രാജേന്ദ്രന്‍ അന്നേ ന്യൂ ജനറേഷനായിരുന്നു; 'പ്രേംനസീറിനെ കാണ്‍മാനില്ല' എന്തുകൊണ്ട് എന്റെ പ്രിയ ചിത്രമാണ്...

അതേ, ലെനിന്‍ രാജേന്ദ്രന്‍ അന്നേ ന്യൂ ജനറേഷനായിരുന്നു; പ്രേംനസീറിനെ കാണ്‍മാനില്ല എന്തുകൊണ്ട് എന്റെ പ്രിയ ചിത്രമാണ്...

അടൂരും അരവിന്ദനും അടക്കി വാണ സമാന്തര സിനിമയുടെ അരികുകളിലൂടെയായിരുന്നു ലെനിന്‍ രാജേന്ദ്രന്റെ സഞ്ചാരം. കലയ്ക്കും കച്ചവടത്തിനും ഇടയില്‍ മധ്യവര്‍ത്തി സിനിമ എന്നു പേരുമിട്ട് മലയാള സിനിമ നിരൂപകരും ചരിത്രകാരന്‍മാരും ചില സിനിമാക്കാരെ അടയാളപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അക്കൂട്ടത്തില്‍ ഒരാളായിരുന്നു ലെനിന്‍. പൂന ഫിലിം ഇന്‍സിറ്റ്യൂട്ടില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി എത്തിയ കെ ജി ജോര്‍ജ്ജ്, പത്മരാജന്‍, ഭരതന്‍, മോഹന്‍ തുടങ്ങിയവരെയൊക്കെയാണ് ഈ ഗണത്തില്‍ പെട്ട മറ്റുള്ളവര്‍. കച്ചവട സിനിമയുടെ വ്യവാസായ സാധ്യതകള്‍ നിര്‍മ്മാണത്തിലും വിപണനത്തിലും സൌന്ദര്യ ശാസ്ത്രത്തിലും ഉപയോഗിക്കുകയും എന്നാല്‍ മനുഷ്യജീവിതത്തെ അതിന്‍റെ എല്ലാ സങ്കീര്‍ണ്ണതകളോടെയും ആവിഷ്ക്കരിക്കുകയും ചെയ്ത സംവിധായകരാണ് ഇവരൊക്കെ. സ്വപ്നാടനവും (കെ ജി ജോര്‍ജ്ജ്), ഒരിടത്തൊരു ഫയല്‍വാനും (പത്മരാജന്‍) വേനലും (ലെനിന്‍ രാജേന്ദ്രന്‍) ചാട്ടയും (ഭരതന്‍) രണ്ടു പെണ്‍കുട്ടികളു (മോഹന്‍)മൊക്കെ മലയാളി കൊണ്ടാടി. പത്മരാജനും ഭരതനും സിനിമയില്‍ നിന്നും ജീവിതത്തില്‍ നിന്നും കൂടൊഴിഞ്ഞപ്പോള്‍ കെ ജി ജോര്‍ജ്ജും മോഹനും പുതിയ സിനിമാ ശീലങ്ങളില്‍ പിടിച്ച് നില്‍ക്കാനാവാതെ നിശബ്ദരായി. അപ്പോഴും പിടിച്ചുനിന്നത് ലെനിന്‍ മാത്രമാണ്. 1981ല്‍ വേനലിലൂടെ ആരംഭിച്ച സംവിധായക ജീവിതം 2016ല്‍ പുറത്തിറങ്ങിയ ഇടവപ്പാതി വരെ തുടര്‍ന്നു. 15 ചിത്രങ്ങള്‍. സിനിമാ വ്യവസായത്തിന്റെ വലിയ പിന്തുണയില്ലാത്ത ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം 15 എന്നത് വലിയ നംബര്‍ തന്നെയാണ്.

ലെനിന്‍ രാജേന്ദ്രന്‍ സിനിമയെടുത്ത് തുടങ്ങിയ കാലത്ത് സിനിമ കാണാന്‍ തുടങ്ങിയ ഒരാളെന്ന നിലയില്‍ എന്റെ കാഴ്ചാനുഭവങ്ങളെ അടയാളപ്പെടുത്തിയ അഞ്ചു ലെനിന്‍ സിനിമകളെ കുറിച്ചാണ് ഇവിടെ കുറിക്കുന്നത്.

മീനമാസത്തിലെ സൂര്യന്‍

വയനാട്ടിലെ ഒരു അള്ളിമൂലയില്‍ നിന്നുള്ള ഒരു കുട്ടി എറണാകുളത്ത് വെച്ചു കണ്ട സിനിമ എന്ന ഓര്‍മ്മയുടെ തിളക്കമുണ്ട് മീനമാസത്തിലെ സൂര്യന്. മായാതെ നില്‍ക്കുന്ന ആദ്യ തീയറ്റര്‍ സിനിമാ കാഴ്ച. അതിനു മുന്പും സിനിമകള്‍ തിയറ്ററില്‍ പോയി കണ്ടിട്ടുണ്ടെങ്കിലും ആദ്യ ഓര്‍മ്മ മീനമാസത്തിലെ സൂര്യനാണ് എന്നത് എന്നെ പലപ്പോഴും വിസ്മയിച്ച സംഗതിയാണ്. 1985ല്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു സ്കൂള്‍ വിനോദ യാത്രയ്ക്കിടയില്‍ എറണാകുളം സരിത, സവിത, സംഗീത തിയറ്ററുകളില്‍ ഒന്നില്‍ വെച്ചാണ് ഈ കാഴ്ച. പിന്നീട് പല തവണ ഈ സിനിമ ടെലിവിഷനില്‍ കാണുകയും പല ദൃശ്യങ്ങളും ഓര്‍മ്മയില്‍ കണ്ടുകണ്ട് പതിഞ്ഞെങ്കിലും ജയിലഴികള്‍ക്കപ്പുറത്തുനിന്നു ഉയര്‍ന്ന അന്ന് കേട്ട ഇങ്ക്വിലാബ് സിന്ദാബാദ് ഇപ്പൊഴും മനസില്‍ മുഴങ്ങുന്നുണ്ട്.

പിന്നീട് എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കയ്യൂരിനെ കുറിച്ചുള്ള നിരഞ്ജനയുടെ കന്നഡ നോവലിന്റെ മലയാള പരിഭാഷയായ ''ചിരസ്മരണകള്‍' വായിച്ചു ആവേശം കൊണ്ടപ്പോഴും കയ്യൂര്‍ വിപ്ലവത്തിന്റെ ഓര്‍മ്മചിത്രമായി ‘മീനമാസത്തിലെ സൂര്യന്‍’ തെളിഞ്ഞു നിന്നു. അപ്പുവിനും ചിരുകണ്ടനും അബൂബക്കറിനും വേണു നാഗവള്ളിയുടെയും വിജയ് മേനോന്റെയും മുരളിയുടെയും രൂപമായിരുന്നു.

കാഞ്ഞങ്ങാട് നെഹ്രു കോളേജിലെ പ്രീഡിഗ്രി പഠനകാലത്ത് കയ്യൂര്‍ കേസിലെ പ്രായ പൂര്‍ത്തിയാകാത്ത വിപ്ലവകാരി ചൂരിക്കാടന്‍ കൃഷ്ണന്‍ നായരുടെ നീലേശ്വരത്തെ സ്റ്റുഡിയോയ്ക്ക് മുന്‍പിലൂടെ പലവട്ടം ഞാന്‍ നടന്നു. സ്റ്റുഡിയോയ്ക്കകത്തിരിക്കുന്ന വൃദ്ധനായ ആ മനുഷ്യനെ പാളി നോക്കുമ്പോഴും മീന മാസത്തിലെ സൂര്യന്‍ തെളിഞ്ഞു വന്നു. 1993ല്‍ നീലേശ്വരത്ത് നിന്നും പയ്യന്നൂരിലേക്ക് പോകുമ്പോള്‍ മാറിക്കേറിയ ഒരു ബസിലൂടെ ഞാന്‍ കയ്യൂരിന്റെ വിപ്ലവമണ്ണിലൂടെ കടന്നു പോയി. അപ്പോഴും കമ്യൂണിസ്റ്റ് വിപ്ലവ സിനിമയുടെ ത്രസിക്കുന്ന ഓര്‍മ്മ എന്നെ വന്നു മൂടി. പിന്നീട് പലവട്ടം കാര്യങ്കോട് പുഴ കടന്നുപോകുമ്പോള്‍ ആ ഓര്‍മ്മ വെള്ളിവെളിച്ചമായി എന്റെ ഉള്ളിലൂടെ കടന്നുപോയി.

വര്‍ഷങ്ങള്‍ക്ക് ശേഷം 1997ല്‍ മുഖ്യമന്ത്രിയായ ഇ കെ നായനാര്‍ തലശ്ശേരിയില്‍ ഉപതിരഞ്ഞെടുപ്പിന് മത്സരിക്കുമ്പോള്‍ കയ്യൂരിന്റെ വിപ്ലവ നായകന്‍ എന്നു ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ട് തിരഞ്ഞെടുപ്പ് പ്രചാരണ ഓഡിയോ കാസറ്റ് വില്‍ക്കുമ്പോഴും ലെനിന്റെ സിനിമ തന്നെ എന്നെ വന്നു പിടികൂടി. ഇന്ന് ലെനിന്‍ രാജേന്ദ്രന്‍ വിടവാങ്ങുമ്പോള്‍ എന്റെ മനസില്‍ ഇടം പിടിച്ച ആദ്യ സംവിധായകനാണ് വിട്ടു പോകുന്നത് എന്നത് വേദനയോടെ ഞാന്‍ തിരിച്ചറിയുന്നു.

പുരാവൃത്തം

നല്ല സിനിമകള്‍ക്ക് ഒരു ദൂരദര്‍ശന്‍ ജീവിതം ഉണ്ടായിരുന്നു ഒരു കാലത്ത്. ശനിയാഴ്ച 1 മണി. ശരിക്കും ഉച്ചപ്പടം. വയനാട്ടിലെ കാട്ടിക്കുളത്ത് ടിവിയുള്ള അപൂര്‍വ്വം വീടുകളില്‍ ഒന്നായ ഗോപിനാഥന്‍ മാഷിന്റെ വീട്ടില്‍ ഈ ഉച്ചപ്പടം കാണാന്‍ പലപ്പോഴും ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 90കളുടെ തുടക്കത്തിലോ മറ്റോ ആണെന്ന് തോന്നുന്നു, പുരാവൃത്തം കണ്ടത് ഈ കൂട്ടത്തിലാണ് എന്നാണ് ഓര്‍മ്മ. ജി അരവിന്ദന്റെ ബാലചന്ദ്രന്‍ ചുള്ളിക്കാട് അഭിനയിച്ച പോക്കുവെയിലും ടി വി ചന്ദ്രന്റെ ആലീസിന്റെ അന്വേഷണങ്ങളും അങ്ങനെ കണ്ട സിനിമകളാണ്.

കണ്ടു പരിചയിച്ച നായക രൂപമായിരുന്നില്ല ആ സിനിമയിലെ നായകന് എന്നതായിരുന്നു പുരാവൃത്തത്തെ ഓര്‍മ്മയില്‍ നിര്‍ത്തിയത്. പിന്നീട് മൂന്നോ നാലോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഓംപുരി എന്ന നടനെ പറ്റി അറിയുന്നതു തന്നെ. സാഹിത്യകാരന്‍ സി വി ബാലകൃഷ്ണന്റെ കഥയെ അടിസ്ഥാനമാക്കി ചെയ്ത സിനിമ മീനമാസത്തിലെ സൂര്യന്‍ പോലെ തന്നെ ജന്‍മിത്തത്തിനെതിരായ പോരാട്ടത്തിന്റെ കഥയാണ്. ഇവിടെ ഒരു പ്രസ്ഥാനമില്ലെന്ന് മാത്രം. പകരം രാമന്‍ എന്ന കൂടിയാന്‍റെ ഒറ്റയാന്‍ ചെറുത്തുനില്‍പ്പാണ്.

സിനിമയെ കുറിച്ചുള്ള വലിയ ഒരു പാഠമാണ് പുരാവൃത്തം പകര്‍ന്നു നല്‍കിയത്. ചോക്ലേറ്റ് കുട്ടപ്പന്‍മാര്‍ മരം ചുറ്റി നടത്തുന്ന പ്രേമ കാഴ്ചകളല്ലാതെയുള്ള സിനിമകളും ഇറങ്ങുന്നുണ്ട് എന്ന തിരിച്ചറിവ്. അത്തരം സിനിമകള്‍ തേടിപ്പോകാനുള്ള പ്രചോദനം തന്ന ആദ്യ ചിത്രങ്ങളില്‍ ഒന്നാണ് പുരാവൃത്തം. കഴിഞ്ഞ ഇരുപതില്‍ അധികം വര്‍ഷമായി കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രതിനിധിയായി ആ തേടല്‍ ഇപ്പൊഴും തുടരുന്നു.

വചനം

നല്ല സിനിമകളുടെ ദൂരദര്‍ശന്‍ കാലം എന്നെ എടുത്തെറിഞ്ഞത് വി എച്ച് എസ് കാസറ്റുകളുടെ ലോകത്താണ്. ഡിഗ്രി പഠനകാലത്ത് തലശ്ശേരി ലോഗന്‍സ് റോഡിലെ ഡിംഗ് ഡോംഗ് കാസറ്റ് ലൈബ്രറിയില്‍ നിന്നും ഇത്തരം സിനിമകളുടെ കാസറ്റ് തിരഞ്ഞുപിടിച്ചു നെട്ടൂരുള്ള അമ്മയുടെ വീട്ടിലെ വീഡിയോ കാസറ്റ് പ്ലയറില്‍ ഇട്ടു കാണല്‍ ശീലമായി. അവിടെയുള്ള അമ്മായിയുടെ ഭാഷയില്‍ പറഞ്ഞാല്‍ എല്ലാ ആഴ്ചയും അവാര്‍ഡ് സിനിമയുടെ കാസറ്റുമായി വരുന്ന ജുബ്ബായിട്ട ബുദ്ധിജീവി. കസിന്‍സെല്ലാം നല്ല ഉറക്കത്തിലാവുന്ന പാതിരാവില്‍ ഈ പടങ്ങള്‍ കാണാന്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചിലപ്പോള്‍ അര്‍ദ്ധരാത്രിയില്‍ നടുമുറിയില്‍ വെളിച്ചം കണ്ടു എത്തിനോക്കുന്ന അമ്മമ്മയും.

എന്റെ വി എച്ച് എസ് കാഴ്ചാനുഭവങ്ങളില്‍ ഒന്നാണ് വചനം. ജയറാമും സുരേഷ് ഗോപിയും സിതാരയും ചാരുഹാസനുമൊക്കെ അസ്വസ്ഥമായ അനുഭവമായി കുറെക്കാലം പിന്തുടര്‍ന്നു. ഉള്ളിലെ ഈശ്വരവിശ്വസം ഇല്ലായ്മയും ആള്‍ദൈവങ്ങളോടുള്ള വെറുപ്പും ഒക്കെ കൂടിച്ചേര്‍ന്നു ആ കാലത്ത് കണ്ട ഏറ്റവും മികച്ച രാഷ്ട്രീയ സിനിമകളില്‍ ഒന്നായി വചനം എനിക്കു പ്രിയപ്പെട്ടതായി.

തലശ്ശേരി ബ്രണ്ണന്‍ കാമ്പസിലെ എസ് എഫ് ഐ-യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ രാക്കൂട്ടങ്ങളില്‍ സഖാക്കളായ സിജുവും ഞങ്ങള്‍ സ്നേഹത്തോടെ എ എന്‍ പി എന്നുവിളിക്കുന്ന അകാലത്തില്‍ ഒരു ജനുവരി 10നു വിട്ടുപിരിഞ്ഞ എ എന്‍ പ്രദീപനുമൊക്കെ വചനത്തിലെ 'നീര്‍മിഴി പീലിയില്‍' പാടി കോളേജ് ജീവിതത്തിനു കാല്‍പ്പനിക ചാരുത പകര്‍ന്നു. പ്രണയിനിയും പിന്നീട് ജീവിത സഖിയുമായ പെണ്‍കുട്ടിയുടെ പുസ്തകത്താളില്‍ ഞാന്‍ ഇങ്ങനെ എഴുതിവെച്ചു, "നീര്‍ മിഴി പീലിയില്‍ നീര്‍മണി തുളുമ്പി നീയെന്നരികില്‍ നിന്നു, കണ്ണുനീര്‍ തുടക്കാതെ ഒന്നും പറയാതെ, നിന്നൂ ഞാനുമൊരു അന്യനെ പോല്‍ വെറും അന്യനെ പോല്‍..."

ദൈവത്തിന്റെ വികൃതികള്‍

പ്രീഡിഗ്രി കാലത്താണ് എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിലും ദൈവത്തിന്റെ വികൃതികളും വായിക്കുന്നത്. ജനിച്ചത് മയ്യഴിയുടെ തൊട്ടടുത്തായിട്ടും മുകുന്ദന്‍ വരച്ചിട്ട ആ ഭ്രമാത്മക ലോകം നേരില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ദൈവത്തിന്റെ വികൃതികള്‍ക്ക് ദൃശ്യ ഭാഷ നല്‍കി ലെനിന്‍ ആ അനുഭവം പകര്‍ന്നു തന്നു എന്നതാണു ദൈവത്തിന്റെ വികൃതികളെ പ്രിയ ചിത്രങ്ങളില്‍ ഒന്നാക്കുന്നത്.

മീനമാസത്തിലെ സൂര്യന് ശേഷം തിയറ്ററില്‍ പോയി കാണുന്ന ലെനിന്‍ രാജേന്ദ്രന്റെ സിനിമയാണ് ദൈവത്തിന്റെ വികൃതികള്‍. തലശ്ശേരിയില്‍ ചിത്രവാണി തിയറ്ററില്‍ ആണെന്നാണ് ഓര്‍മ്മ. അല്‍ഫോണ്‍സച്ചന്റെ ഒരിയ്ക്കലും അവസാനിക്കില്ല എന്നു തോന്നിക്കുന്ന ദേശ നടത്തങ്ങളില്‍ ചില ഭാഗങ്ങള്‍ ചിത്രീകരിച്ച തലശ്ശേരി കോട്ട സിനിമ കാണുന്ന തിയറ്ററില്‍ നിന്നും 500 മീറ്റര്‍ അകലെ മാത്രം ആണെന്നതും അന്നത്തെ കൌതുകമായി.

ദൈവത്തിന്റെ വികൃതികള്‍ എന്നു പറയുമ്പോള്‍ ഇപ്പൊഴും മുഴങ്ങിക്കേല്‍ക്കുന്നത് പ്രൊഫ വി. മധുസൂദനന്‍ നായര്‍ ആലപിച്ച ഇരുളില്‍ മഹാനിദ്രയില്‍ എന്ന കവിതയാണ്. പിന്നീട് ആ കവിതയുടെ ദൃശ്യങ്ങളില്‍ അല്‍ഫോണ്‍സാച്ചന്‍ നടന്നു പോകുന്ന തലശ്ശേരി കോട്ടയുടെ ഇടനാഴികളിലൂടെ ഞാന്‍ പലവട്ടം നടന്നു പോയി. ഒരു ദേശത്തോടുള്ള ഒരു മനുഷ്യന്റെ പ്രണയം കവിയുടെ ആര്‍ദ്ര ശബ്ദത്തിലൂടെ കേരളത്തിലെ യുവാക്കള്‍ നെഞ്ചേറ്റി. മറ്റൊരു പ്രണയഗാനമായി.

എന്റെ ഗൌരവമായ സിനിമ കാണലിന് തുടക്കമിട്ട മലയാള കലാഗ്രാമം ഫിലിം സൊസെറ്റി മയ്യഴിയിലായിരുന്നു എന്നതും മറ്റൊരു യാദൃശ്ചികതയാവാം. അവിടെ വെച്ചാണ് ആദ്യമായി ഫെല്ലിനിയെയും ബര്ഗ്മാനെയും ഹെര്‍സോഗിനെയും ഗൊദാര്‍ദിനെയും തര്‍ക്കോവ്സ്കിയെയുമൊക്കെ ഞാന്‍ പരിചയപ്പെടുന്നത്.

പ്രേംനസീറിനെ കാണ്‍മാനില്ല

ലെനിന്‍ സിനിമ കാഴ്ചകളുടെ ക്രോണോളജിയില്‍ അവസാനം കണ്ട സിനിമകളില്‍ ഒന്നാണ് പ്രേംനസീറിനെ കാണ്‍മാനില്ല. 1983ല്‍ ഇറങ്ങിയ ചിത്രം കാണുന്നത് 25 വര്‍ഷങ്ങള്‍ക്ക് ശേഷം. തിരുവനന്തപുരത്തെ കവടിയാറുള്ള ചോയിസ് എന്ന വീഡിയോ ഷോപ്പില്‍ നിന്നു തിരഞ്ഞുപിടിച്ചു കണ്ടെത്താറുള്ള മലയാള സമാന്തര സിനിമകളുടെ വി സി ഡികളില്‍ ഒന്നായിട്ടായിരുന്നു പ്രേംനസീറിനെ കാണ്‍മാനില്ല എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.

പ്രേംനസീര്‍ സൂപ്പര്‍ സ്റ്റാര്‍ പ്രേം നസീര്‍ ആയി തന്നെയാണ് ഈ ചിത്രത്തില്‍ അഭിനയിച്ചത്. (അന്നത്തെ കാലത്തെ ഒരു സൂപ്പര്‍ താരം ലെനിനെ പോലെ താരതമ്യേന പുതുമുഖമായ ഒരു സംവിധായകന്റെ പരീക്ഷണ ചിത്രത്തില്‍ അഭിനയിച്ചു എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നതാണ്.)

വിജയ് മേനോന്‍, ശ്രീനിവാസന്‍, മണിയന്‍പിള്ള രാജു എന്നിവര്‍ അവതരിപ്പിക്കുന്ന മൂന്നു യുവാക്കള്‍ സൂപ്പര്‍ താരമായ പ്രേംനസീറിനെ തട്ടിക്കൊണ്ടു പോകുന്നതാണ് സിനിമയുടെ പ്രമേയം. നക്സല്‍ വിപ്ലവ പരാജയവും തൊഴിലില്ലായ്മയുമൊക്കെ ചേര്‍ന്ന് സൃഷ്ടിച്ച രാഷ്ടീയ സാമൂഹ്യ അരക്ഷിതത്വത്തെയാണ് ഈ യുവാക്കള്‍ പ്രതിനിധീകരിക്കുന്നത്. തങ്ങള്‍ തട്ടിക്കൊണ്ടുവന്ന നടനോട് ഇവര്‍ മാന്യമായിട്ടാണ് പെരുമാറുന്നത്. പ്രേംനസീറിനും യുവാക്കളോട് അനുതാപമാണ്. എന്നാല്‍ ഭരണകൂടം ഈ യുവാക്കളെ നേരിട്ടത് ഹിംസാത്മകമായിട്ടായിരുന്നു.

യഥാര്‍ഥത്തില്‍ ഇന്ന് മേനി നടിക്കുന്ന പല ന്യൂ ജനറേഷന്‍ സംവിധായകരെക്കാളും ന്യൂ ജനറേഷനായി ചിന്തിച്ച സംവിധായകനാണ് ലെനിന്‍ എന്നു തെളിയിക്കുന്ന സിനിമയായിരുന്നു പ്രേംനസീറിനെ കാണ്‍മാനില്ല. ഞാന്‍ ഈ സിനിമ കണ്ട് നാലു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാള സിനിമയില്‍ ന്യൂ ജനറേഷന് തുടക്കം കുറിച്ചു എന്നവകാശപ്പെടുന്ന രാജേഷ് പിള്ളയുടെ ട്രാഫിക് ഇറങ്ങുന്നത്. അതായത് പ്രേംനസീറിനെ കാണ്‍മാനില്ല എന്ന ചിത്രം ഇറങ്ങിയിട്ട് കാല്‍ നൂറ്റാണ്ടിന് ശേഷം. അതേ, ലെനിന്‍ രാജേന്ദ്രന്‍ അന്നേ ന്യൂ ജനറേഷനായിരുന്നു.

https://www.azhimukham.com/trending-g-p-ramachandran-remembering-lenin-rajendaran-and-his-movies/


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories