TopTop
Begin typing your search above and press return to search.

'ജനശത്രു'ക്കള്‍ ഉണ്ടാകുന്നത് എങ്ങനെ? നുണകള്‍ നിര്‍മ്മിക്കപ്പെടുന്നതെങ്ങനെ? ഒരു സത്യജിത് റേ അന്വേഷണം

ജനശത്രുക്കള്‍ ഉണ്ടാകുന്നത് എങ്ങനെ? നുണകള്‍ നിര്‍മ്മിക്കപ്പെടുന്നതെങ്ങനെ? ഒരു സത്യജിത് റേ അന്വേഷണം

ഇബ്സന്‍റെ 'എനിമി ഓഫ് ദ പീപ്പിള്‍' എന്ന നാടകത്തെ ആധാരമാക്കി സത്യജിത് റേ സംവിധാനം ചെയ്ത ചിത്രമാണ് ഗണശത്രു (1989). അവസാന ഫീച്ചര്‍ സിനിമയായ അഗാന്‍തുക്കിന് (Agantuk - 1990) മുമ്പായി സത്യജിത് റേ എടുത്ത സിനിമ. ഗണശത്രുവിന്റെ മലയാളം ജനശത്രു എന്നാണ്. വ്യാജ പ്രചാരണങ്ങളും പ്രൊപ്പഗാണ്ടകളും എങ്ങനെയാണ് വേഗത്തില്‍ സാമൂഹ്യ സ്വീകാര്യത നേടുന്നത് എന്നും ജനകീയ പ്രശ്‌നങ്ങള്‍ തുറന്നുകാട്ടുന്നവരും പരിഹാരങ്ങള്‍ക്ക് ശ്രമിക്കുന്നവരും എങ്ങനെയാണ് ജനശത്രുക്കളായി മാറുന്നത് എന്നുമാണ് സിനിമ പറയുന്നത്.

പശ്ചിമ ബംഗാളിലെ ഒരു ചെറു നഗരമായ ചന്ദിപ്പൂരില്‍ മഞ്ഞപ്പിത്തം അടക്കമുള്ള രോഗങ്ങള്‍ വ്യാപകമായി പ്രത്യക്ഷപ്പെടുന്നു. ഒരു ചെറിയ വിനോദ സഞ്ചാര കേന്ദ്രമായി രൂപാന്തരപ്പെട്ടിരിക്കുന്ന ചന്ദിപ്പൂരിന്‍റെ പ്രധാന വരുമാന സ്രോതസ് നഗരത്തിലെ ക്ഷേത്രമാണ്. അമ്പലത്തില്‍ നിന്നുള്ള 'വിശുദ്ധ' ജലമാണ് രോഗ കാരണമെന്ന് വിശദമായ പരിശോധനായുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ അശോക്‌ ഗുപ്ത കണ്ടെത്തുന്നു. വിശുദ്ധ ജലമായി അറിയപ്പെടുന്ന അഴുക്കുവെള്ളം കുടിച്ച ഭക്തജനങ്ങള്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നതെന്ന് ഗുപ്തക്ക് ബോദ്ധ്യമാകുന്നു. രോഗം പടർന്നു വലിയ പകർച്ച വ്യാധി ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ഡോക്ടർ ഗുപ്ത. അതെ സമയം അശോക്‌ ഗുപ്തയുടെ കണ്ടെത്തലുകള്‍ സ്ഥാപിത താല്‍പര്യക്കാരെ അസ്വസ്ഥരാക്കുന്നു. അമ്പലത്തിലെ ജലവിതരണ സംവിധാനം പുനര്‍നിര്‍മ്മിക്കുക എന്ന നിര്‍ദ്ദേശം അവര്‍ക്ക് സ്വീകാര്യമല്ല. അതിനായി അമ്പലം അടച്ചിടെന്ടി വരുന്നതിനെ തുടര്‍ന്നുണ്ടാകുന്ന വരുമാന നഷ്ടമാണ് അവരെ അസ്വസ്ഥരാക്കുന്നത്. അധികാരം നേടുന്നതിനുള്ള ഏറ്റവും ശക്തമായ രാഷ്ട്രീയ ആയുധമായി 21ാം നൂറ്റാണ്ടിലും മതം തുടരുന്ന സമൂഹങ്ങളുടെ ദുരവസ്ഥ കൂടിയാണ് ഗണശത്രു പറയുന്നത്.

സ്വകാര്യ വ്യക്തിയുടെ ട്രസ്റ്റിനു കീഴിലുള്ള ക്ഷേത്രം നഗരസഭ ചെയർമാനും അശോക്‌ ഗുപ്തയുടെ അനുജനുമായ നിഷിത് ഗുപ്തയുടെ ആശയമാണ്. തങ്ങളുടെ സങ്കുചിത താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി യാഥാര്‍ത്ഥ്യം ജനങ്ങളിൽ നിന്ന് മറച്ചു വെക്കാനും സത്യം ജനങ്ങളെ അറിയിക്കാനുള്ള ഡോക്ടർ ഗുപ്തയുടെ നീക്കം ഏതു വിധേനയും പരാജയപ്പെടുത്താനും അവർ ആഗ്രഹിക്കുന്നു. അമ്പലത്തിലെ വിശുദ്ധ ജലം ഒരിക്കലും മലിനമാകില്ല എന്ന യുക്തിരഹിതമായ അന്ധവിശ്വാസം പൊതുജനങ്ങള്‍ക്കിടയില്‍ ദൃഢപ്പെടുത്തിയാണ് പ്രചാരണം മുന്നോട്ടു പോകുന്നത്.

ജനവാര്‍ത്ത എന്ന ചന്ദിപ്പൂരിലെ ഏക ദിനപ്പത്രത്തിന് ലബോറട്ടറി റിപ്പോട്ടിന്‍റെ അടിസ്ഥാനത്തിലുള്ള ലേഖനം ഗുപ്ത പ്രസിദ്ധീകരിക്കാന്‍ നല്‍കുന്നു. തുടക്കത്തില്‍ ലേഖനം പ്രസിദ്ധീകരിക്കാന്‍ തയ്യാറാകുന്നുണ്ടെങ്കിലും അവരുടെ കപട നിലപാടുകളും നിഷീത് ഗുപ്തയുടെ സമ്മര്‍ദ്ദവും കാരണം പിന്‍വലിയുന്നു. ഇതേ തുടര്‍ന്ന് അശോക്‌ ഗുപ്ത ഇത് സംബന്ധിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി വിശദീകരണ യോഗം വിളിക്കുന്നു. വിശദീകരണ യോഗവും എതിര്‍ ചേരിയില്‍ ഉള്ളവര്‍ ഹൈജാക്ക് ചെയ്യുകയാണ്. പൊതുജനാഭിപ്രായത്തെ അശോക്‌ ഗുപ്തക്ക് എതിരായി തിരിക്കാനും വിശ്വാസവുമായി ബന്ധപ്പെടുത്തി പ്രശ്നത്തെ വഴി തിരിച്ചുവിടുന്നതിലും നിഷീത് ഗുപ്തയും അനുകൂലികളും വിജയിക്കുന്നു. അശോക് ഗുപ്ത 'ജനശത്രു'വായി (ഗണശത്രു) മാറുന്നു. എന്നാൽ റോണന്‍റെ സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ യാഥാര്‍ത്ഥ്യം ജനങ്ങളില്‍ എത്തിക്കാനുള്ള പ്രചാരണം വിജയിക്കുന്നു.

മതകാര്യങ്ങളില്‍ പൊതുവേ താല്‍പര്യമില്ലാത്ത ഡോക്ടര്‍ അശോക്‌ ഗുപ്തയെ പൊതുജനശത്രുവാക്കി ചിത്രീകരിക്കാനുള്ള നിഷീത് ഗുപ്തയുടെയും കൂടെയുള്ളവരുടെയും ശ്രമങ്ങള്‍, അവരുടെ കുത്സിത പ്രചാരണ തന്ത്രങ്ങള്‍ തുടങ്ങിയവ ഗണശത്രുവിനെ ഒരു ശക്തമായ രാഷ്ട്രീയ ചിത്രമാക്കി മാറ്റുന്നുണ്ട്. മതവിശ്വാസികള്‍ക്കെതിരായ നിരീശ്വരവാദിയുടെ അജണ്ടയായി അശോക് ഗുപ്തയുടെ ഇടപെടല്‍ ചിത്രീകരിക്കുന്നു. മതം, വിശ്വാസം തുടങ്ങിയ വലിയ രാഷ്ട്രീയ ആയുധങ്ങള്‍ എങ്ങനെയാണ് ജനകീയ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിലും ജനങ്ങളുടെ യഥാര്‍ത്ഥ പൊതു താല്‍പര്യങ്ങളെ അട്ടിമറിക്കുന്നതിലും പങ്കു വഹിക്കുന്നത് എന്നതിന്‍റെയും ചിത്രീകരണമാണ് ഗണശത്രു. സങ്കുചിത രാഷ്ട്രീയ വ്യവഹാരങ്ങള്‍ക്കിടയില്‍ ജനകീയ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒറ്റപ്പെട്ട ശബ്ദങ്ങളെ ദുര്‍ബലമാക്കുന്നതിനായി ഭരണവര്‍ഗവും പലപ്പോഴും മാധ്യമങ്ങളും പിന്തുടരുന്ന നെറികെട്ട പ്രചാരണ തന്ത്രങ്ങളും ഇവിടെ കാണാം.

ജനകീയ പ്രശ്‌നങ്ങളില്‍ മാധ്യമങ്ങളുടെ നിലപാടുകളും കോര്‍പ്പറേറ്റ് അജണ്ടകള്‍ക്ക് ജനസ്വീകാര്യത നേടിക്കൊടുക്കുന്നതിലും യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കുന്നതിലും മുഖ്യധാര മാധ്യമങ്ങള്‍ വഹിക്കുന്ന പങ്കും പ്രശ്‌നവത്കരിക്കുന്നുണ്ട് ഗണശത്രു. ജനവാര്‍ത്ത എന്ന പത്രം ഈ കോര്‍പ്പറേറ്റ് അജണ്ടക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധത കാണിക്കുകയാണ്. ഡോ.അശോക് ഗുപ്തയുടെ ലേഖനങ്ങള്‍ ജനവാര്‍ത്തയ്ക്ക് ഒരു ഘട്ടം വരെ ആവശ്യമുണ്ട്. ക്ഷേത്രത്തിലെ മലിനജലം കുടിക്കുന്നതാണ് മഞ്ഞപ്പിത്തം പടരാന്‍ കാരണമെന്ന് കണ്ടെത്തുകയും അറ്റകുറ്റപ്പണി നടത്തി, ജലവിതരണ സംവിധാനം ശുദ്ധീകരിക്കുന്നത് വരെ ക്ഷേത്രം അടച്ചിടണമെന്ന് അശോക് ഗുപ്ത നിര്‍ദ്ദേശിക്കുകയും ചെയ്യുന്നത് വരെ. പരിസ്ഥിതി, പൊതുജനാരോഗ്യം തുടങ്ങിയവയെ എല്ലാം അപകടത്തിലാക്കി മുന്നേറുന്ന നിയോലിബറല്‍ കോര്‍പ്പറേറ്റ് അജണ്ടയുടെ വിശുദ്ധ കേന്ദ്രമാണ് ചന്ദിപ്പൂരിലെ ക്ഷേത്രം. ചന്ദിപ്പൂരിലെ ഒരേയൊരു ദിനപ്പത്രമാണ് ജനവാര്‍ത്ത എന്നാണ് പറയുന്നത്. അപ്പോള്‍ ജനവാര്‍ത്ത നടത്തുന്ന സത്യത്തിന്റെ തമസ്‌കരണവും മറിച്ചുള്ള പ്രചാരണങ്ങളും ഉണ്ടാക്കുന്ന സ്വാധീനം ഊഹിക്കാവുന്നതാണ്.

അതേസമയം സാംസ്‌കാരിക പ്രവര്‍ത്തകനായ റോണന്‍ തുടങ്ങിയ പ്രസിദ്ധീകരണത്തിന്റെ രാഷ്ട്രീയ ചായ്വ് എന്താണ് - Left or Right എന്ന് കച്ചവടക്കാരനായ നിഷീത് അന്വേഷിക്കുന്നുണ്ട്. ഭൂരിഭാഗം മാധ്യമങ്ങളും ഇക്കാലത്ത് ഇടതുപക്ഷ നിലപാട് പുലര്‍ത്തുന്നു എന്നാണ് റോണന്റെ അഭിപ്രായം. റോണന്റെ ഈ വാദത്തിന് ചരിത്രപരമായ സാധുതയില്ലെങ്കിലും മാധ്യമങ്ങളുടെ രാഷ്ട്രീയത്തിലുള്ള നിഷീതിന്റെ കോര്‍്പ്പറേറ്റ് താല്‍പര്യം വ്യക്തമാണ്. റോണന്റെ പത്രത്തിന്റെ കോപ്പി നിഷീത് ആവശ്യപ്പെടുന്നുണ്ട്. നിഷീതിന്റെ ഇത്തരം അന്വേഷണങ്ങള്‍ റോണനെ അസ്വസ്ഥനാക്കുന്നുണ്ട്. അശോകിന്റെ സത്യസന്ധമായ പൊതുജീവതത്തോടുള്ള അസഹിഷ്ണുത നിഷീത് പല തരത്തില്‍ പ്രകടിപ്പിക്കുന്നുണ്ട്. അശോകിന്റെ ചികിത്സ ഫലിക്കാത്തത് കൊണ്ട് താന്‍ ദഹനസംബന്ധമായ പ്രശ്‌നത്തിന് പ്രകൃതി ചികിത്സയുടെ വഴി തേടിയെന്ന് പരിഹാസപൂര്‍വം നിഷീത് പറയുന്നുണ്ട്.

താന്‍ അശോകിനെ പോലെ അവിശ്വാസിയല്ലെന്നും മതവിശ്വാസിയാണെന്നും അഭിമാനപൂര്‍വം പറയുന്ന നിഷീത് പ്രാര്‍ത്ഥന മൂലം അസുഖം മാറിയതായും അവകാശപ്പെടുന്നു. നിഷീത് പ്രത്യക്ഷത്തില്‍ മത, വിശ്വാസ ചിഹ്നങ്ങളൊന്നും കൊണ്ടുനടക്കാത്ത നാഗരിക വേഷധാരിയാണ്. എന്നാല്‍ അയാള്‍ മതത്തേയും വിശ്വാസങ്ങളേയും അതിസമര്‍ത്ഥമായി വിപണനം ചെയ്യുന്ന വ്യവസായി ആണെന്ന് തുടക്കം മുതല്‍ ഒടുക്കം വരെ വെളിവാക്കുന്നുണ്ട്. നിങ്ങള്‍ ക്ഷേത്രത്തില്‍ പോകാറുണ്ടോ എന്ന് അശോക് ഗുപ്തയുടെ വിശ്വാസിയായ ഭാര്യ ചോദിക്കുമ്പോള്‍ ഒട്ടും വിശ്വസനീയമല്ലാത്തതും വിശ്വാസത്തിന്റെ സമര്‍ത്ഥമായ വിപണനവുമായി ബന്ധപ്പെട്ടതുമായ മറുപടിയാണ് അയാളുടെ വാക്കുകളിലും ശരീരഭാഷയിലുമുള്ളത്. അശോക് ഗുപ്തയുടെ ആശുപത്രിയില്‍ ആവശ്യത്തിന് മരുന്ന് സപ്ലൈ ചെയ്യപ്പെടുന്നുണ്ടോ എന്നറിയാന്‍ ഭാര്‍ഗവ ട്രസ്റ്റിന് താല്‍പര്യമുണ്ട് എന്നാണ് എന്ന നിഷീത് ഗുപ്ത പറയുന്നത്. അത് പ്രശ്‌നമല്ലെന്നും ജലമലിനീകരണമാണ് തന്നെ അസ്വസ്ഥനാക്കുന്നതെന്നും ഡോക്ടര്‍ മറുപടി നല്‍കുന്നു.

ചന്ദിപ്പൂരിന്റെ വികസനത്തിനായി നിഷീതും ഭാര്‍ഗവ ട്രസ്റ്റും ചെയ്യുന്ന കനപ്പെട്ട സംഭാവനകളെക്കുറിച്ച് ഒരു ഘട്ടം വരെ ഡോ.ഗുപ്തക്ക് സംശയങ്ങളൊന്നുമുണ്ടായികരുന്നില്ല. നിഷീത് ഒരു യാഥാസ്ഥിതികനാണെന്നും തങ്ങള്‍ക്കിടയില്‍ വലിയ അഭിപ്രായ ഭിന്നതകളുണ്ട് ന്നെ് പറയുമ്പോളും നിഷീതിന്റെ കാര്യപ്രാപ്തിയില്‍ അയാള്‍ക്ക് വിശ്വാസമാണ്. ബംഗാളിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായി ഈ ചെറു ടൗണ്‍ വളരുന്നതിലും ഗുപ്തയ്ക്ക് സന്തോഷമേയുള്ളൂ. ക്ഷേത്രത്തിലെ വിശുദ്ധജലമാണ് രോഗകാരണമെന്ന് കണ്ടെത്തുമ്പോളും, മുനിസിപ്പാലിറ്റി ചെയര്‍മാനായ അനുജന്‍ അതില്‍ ഉചിതമായ നടപടി എടുക്കുമെന്നാണ് ഡോ.ഗുപ്്ത വിശ്വസിക്കുന്നത്.

വാര്‍ത്തകളുടെ നെഗറ്റീവ് സ്വഭാവം, പോസിറ്റീവ് ന്യൂസ് വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെ പറ്റിയെല്ലാം ഭരണ നേതൃത്വങ്ങളും കോര്‍പ്പറേറ്റ് മാധ്യമങ്ങളും വാചാലരാകാരുണ്ട്. ജനവാര്‍ത്ത എഡിറ്ററായ ഹരിദാസ് ബക്ഷിക്കും നിഷീത് ഗുപ്തക്കും അശോകിനോട് പറയാനുള്ളത് പോസിറ്റീവ് ആയ നിരീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലേഖനങ്ങളുടെ ആവശ്യകതയെ പറ്റിയാണ്. എന്തുകൊണ്ട ചന്ദിപ്പൂരിലെ സാംസ്‌കാരികോത്സവങ്ങളെ പറ്റി എഴുതാതെ മ്ഞ്ഞപ്പിത്തത്തെക്കുറിച്ച് നിരന്തരം എഴുതി ആളുകളെ അ്‌സ്വസ്ഥരാക്കുന്നു എന്നാണ് ചോദ്യങ്ങളിലൊന്ന്. ഭരണകൂടത്തിനും അതിനെ നിയന്ത്രിക്കുന്ന വിപണി താല്‍പര്യങ്ങള്‍ക്കും അലോസരമുണ്ടാക്കാതിരിക്കുക എന്നതാണ് സന്ദേശം.

വാര്‍ത്തകള്‍ക്ക് 'പോസിറ്റീവ്' സമീപനം ഉണ്ടാവുക എന്ന ആവശ്യം പ്രത്യക്ഷത്തില്‍ ഉദ്ദേശശുദ്ധിയോടെ അവതരിപ്പിക്കുന്നതായി തോന്നാമെങ്കിലും ഇത് മുന്നോട്ട് വയ്ക്കുന്നത് വിപണിയും അത് നിയന്ത്രിക്കുന്ന സമ്പദ് വ്യവസ്ഥയും കോര്‍പ്പറേറ്റ് നിയന്ത്രിത ഭരണകൂടങ്ങളുമാണ്. ഈ രാജ്യത്തെ ഒരു ജഡ്ജിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട നിര്‍ണായക വെളിപ്പെടുത്തലുകള്‍ ഒരു മാധ്യമം പുറത്തുകൊണ്ടുവരുമ്പോള്‍ മറ്റ് മാധ്യമങ്ങള്‍ ഭരണകക്ഷിയുടെ അധ്യക്ഷന്‍ തമിഴും ബംഗാളിയും ശാസ്ത്രീയ സംഗീതവും പഠിക്കുന്നതിനെ പറ്റി റിപ്പോര്‍ട്ട് ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച് വായനക്കാരന് മുമ്പില്‍ വിളമ്പുന്ന മാധ്യമ സംസ്‌കാരത്തിന്റെ ്പ്രതിനിധിയാണ് ഹരിദാസ് ബക്ഷി. നമ്മള്‍ വച്ച അജണ്ടയില്‍ എല്ലാവരും വന്ന് വീണ്ു എന്ന് അവകാശപ്പെടുന്ന രാഷ്ട്രീയത്തിന്റെ പ്രതിനിധിയാണ് നിഷീത് ഗുപ്ത.

ക്ഷേത്രം ചിത്രീകരിക്കുന്ന ഒരു രംഗം മാത്രമാണ് ചിത്രത്തില്‍ ഔട്ട്‌ ഡോര്‍ ആയി ഉള്ളത്. ബാക്കിയെല്ലാം ഇന്‍ഡോര്‍ ചിത്രീകരണമാണ്. ഇബ്സന്‍റെ നാടകം ആധാരമാക്കി എടുത്ത ഗണശത്രുവിനും നാടകത്തിന്‍റെ പ്രകടമായ സ്വാധീനമുണ്ട്. സൗമിത്ര ചാറ്റര്‍ജി കേന്ദ്ര കഥാപാത്രമായ ഡോക്ടർ അശോക്‌ ഗുപ്തയാകുമ്പോൾ, ധൃതിമാന്‍ ചാറ്റര്‍ജി നിഷീത് ഗുപ്തയെ അവതരിപ്പിക്കുന്നു. ദീപാങ്കര്‍ ഡേയ്, മമത ശങ്കര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രകടമായ തീയറ്റര്‍ സ്വഭാവം കാരണം കാര്യമായ ക്യാമറ ചലനങ്ങളും ആവശ്യമായി വരുന്നില്ല. അതേസമയം നാടകത്തിന്റെ അതിഭാവുകത്വം കഥാപാത്രങ്ങളുടെ പെരുമാറ്റത്തില്‍ പരമാവധി ഒഴിവാക്കാനും ചലച്ചിത്ര സാക്ഷാത്കാരത്തിന് ഉതകും വിധം കഥാപാത്രങ്ങളെ പുനസൃഷ്ടിക്കാനും സത്യജിത് റേയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അഡാപ്‌റ്റേഷന് വലിയ സാധ്യതയുള്ള ശക്തമായ പ്രമേയം തന്നെയാണ് ചിത്രത്തിന്‍റെ കരുത്ത്.

നുണ പ്രചാരണങ്ങളും പ്രൊപ്പഗാണ്ടകളും അതിവേഗം പ്രചരിക്കുകയും വിശ്വസിക്കപ്പെടുകയും തുറന്നുകാട്ടലുകളിലൂടെ തകര്‍ക്കപ്പെടുകയും വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുകയുമെല്ലാം ചെയ്യുന്ന സോഷ്യല്‍മീഡിയ കാലത്തും ജനശത്രുക്കള്‍ ധാരാളമായി സൃഷ്ടിക്കപ്പെടുന്നുണ്ട്. ആള്‍ക്കൂട്ട മനശാസ്ത്രത്തിനും സങ്കുചിത സാമ്പത്തിക, രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും അപ്പുറത്ത് യുക്തിബോധവും സത്യസന്ധതയും മുറുകെപ്പിടിക്കുന്ന, ഉറച്ച ബോദ്ധ്യത്തോടെ അപ്രിയ സത്യങ്ങള്‍ ഉറക്കെ വിളിച്ചു പറയുന്ന അശോക്‌ ഗുപ്തമാരെ ചരിത്രത്തില്‍ ഉടനീളം കാണാം. ഇബ്‌സന്റെ ജനശത്രു കാല, ദേശ, ഭാഷാന്തരങ്ങള്‍ക്ക് അതീതമായി നിരന്തരം പുനസൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.


Next Story

Related Stories