Top

മലയാള സിനിമയിലെ ബൗദ്ധിക ചര്‍ച്ചകളില്‍ സ്ഥാനമില്ലാതെ പോയ ഹിറ്റ് മേക്കര്‍

മലയാള സിനിമയിലെ ബൗദ്ധിക ചര്‍ച്ചകളില്‍ സ്ഥാനമില്ലാതെ പോയ ഹിറ്റ് മേക്കര്‍
മാസ്, കൂള്‍ എന്നൊക്കെയുള്ള ആഘോഷ വാക്കുകളുടെ കടന്നുവരവിനും ദശാബ്ദങ്ങള്‍ക്കു മുന്നെയാണ്ഓരോ ദിവസവും മൂന്നും നാലും സിനിമകള്‍ സംവിധാനം ചെയ്യാന്‍ ഐ.വി ശശി ഓടി നടന്നത്. അതൊക്കെ ഹിറ്റ് ചാര്‍ട്ടിലങ്ങനെ നിറഞ്ഞു നിന്നത്. മികച്ച സംവിധായകന്‍ പത്മരാജനാണോ ഭരതനാണോ എന്ന ബൗദ്ധിക ലോകം ആഞ്ഞു ചര്‍ച്ച ചെയ്യുന്നതിനിടയില്‍ ആണ് ഐ.വി ശശി സിനിമകളില്‍ ഒരാള്‍ക്കൂട്ടം പ്രതിരോധവുമായി ഓടിയത്. ഗവേഷണ പ്രബന്ധങ്ങളിലും മാര്‍ക്കറ്റിങ്ങ് കോടികണക്കുകളിലും സ്ഥാനമില്ലാതെ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് മേക്കര്‍ മരണപ്പെട്ടപ്പോഴാണ് ഇതൊക്കെ ഓര്‍ക്കുന്നത്. അങ്ങനെയൊരു കൂട്ടം മറവികളുടെ കൂട്ടി ശേഖരത്തെയാണല്ലോ നമ്മള്‍ ചരിത്രമെന്നു വിളിക്കുന്നത്.

സൃഷ്ടിച്ച താരശരീരങ്ങളുടെ പേരില്‍ ഒരുപാട് രാഷ്ട്രീയ ശരി വിമര്‍ശനങ്ങള്‍ നേരിട്ട സംവിധായകനായിരുന്നു ഐ.വി.ശശി. ഇവിടത്തെ ചാരുകസേരയിലിരുന്ന മംഗലശേരി നീലകണ്ഠന്‍ ആണത്തത്തിന്റെ വര്‍ദ്ധിതോര്‍ജവുമായി വന്ന ഇന്‍സ്‌പെക്ടര്‍ ബല്‍റാം ഒക്കെ ഉണ്ടാക്കിയ ആഘോഷങ്ങള്‍ അതിന്റെ തുടര്‍ച്ചകള്‍ ഒക്കെ അത്തരം വിമര്‍ശനങ്ങളുടെ സ്വഭാവികമായ കാരണവുമായി. പക്ഷെ ആ ശരികളുടെ അപ്പുറം ക്രാഫ്റ്റിന്റെ പരാജയപ്പെടും മുന്‍പ് പ്രതിരോധിച്ച സ്ത്രീ കഥാപാത്രങ്ങളുടെ ഒക്കെ വലിയൊരു ക്യാന്‍വാസ് കാണാം. പോപ്പുലര്‍ ഫിലിം മേക്കിങ്ങിന്റെ പാഠശാലകളായിരുന്നു ആ സിനിമകള്‍. അതേ സ്‌കൂളില്‍ വന്ന സിനിമകള്‍ പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും വികലാനുകരണങ്ങള്‍ മാത്രമായി മാറുന്നത് അതുകൊണ്ടാണ്.സ്ഥിരം ഫോര്‍മുലകളുടെ തുടക്കത്തിന്റെ കഥകളാണ് ഐ.വി ശശിയുടെ അത്തരം സിനിമകള്‍ക്കു പറയാനുള്ളത്. യോജിപ്പിന്റെയും വിയോജിപ്പിന്റേയും തലങ്ങള്‍ക്ക്ചര്‍ച്ചകള്‍ക്ക് നിരന്തര പാഠങ്ങളാകുന്നത് ഈ തുടക്കങ്ങള്‍ മാത്രമാണ്, പിന്നീട് വന്നവയൊക്കെ അതുപോലെയാവാന്‍ ശ്രമിച്ച് പരാജയപ്പെട്ടു കൊണ്ടേയിരുന്നു.

ലെറ്റ് ഇറ്റ് ബി ദ ലാസ്റ്റ് ടൈം... എന്ന അങ്ങാടിയിലെ ഹിറ്റ് ഡയലോഗ് ഞാനടക്കം പലര്‍ക്കും ജയനെ അനുകരിച്ച മിമിക്രികാരില്‍ നിന്ന് കേട്ടാണ് ആദ്യം പരിചയം. പക്ഷെ തീയേറ്ററില്‍ നിന്ന് ആവേശത്തോടെ ഒരു തലമുറ ആ ഡയലോഗിന് കയ്യടിച്ചിരുന്നു. ഇപ്പോള്‍ കാണുന്ന ആസക്തി നിറഞ്ഞ, പാഠപുസ്തക നായകന്മാരുടെ കൈയ്യടികളേക്കാള്‍ ഒച്ചത്തില്‍ തന്നെ... മലയാള സിനിമ കണ്ട ഏറ്റവുമാദ്യത്തെ ആക്ഷന്‍ ഹീറോ ജയന്റെ കരിയറിലെ ഏറ്റവും മികച്ച വേഷമായിരുന്നു അത്. ഗുരു, ഈറ്റ, അലാവുദ്ദീനും അത്ഭുത വിളക്കും ഒക്കെ കമല്‍ഹാസന്റെ ആദ്യകാല നായക ഹിറ്റുകളാണ്. അലാവുദ്ദീനും അത്ഭുത വിളക്കും രജനീകാന്തിന്റെ നായക വേഷം കൊണ്ടും ശ്രദ്ധേയമായിരുന്നു. ദേവാസുരം മോഹന്‍ലാലിന്റെ കരിയറില്‍ ചെയ്ത മാജിക്കും ചെറുതല്ല. നടനില്‍ നിന്ന് വില കൂടിയ താരശരീരമാക്കി അയാളെ മാറ്റുന്നതില്‍ ആ സിനിമ വഹിച്ച പങ്ക് ചെറുതല്ല. 'ഇനിയെങ്കിലും' അതു പോലെ തന്നെ മോഹന്‍ലാലിനെ വില്ലന്‍ ക്ലീഷേകളില്‍ നിന്ന് നായകന്മാരില്‍ ഒരാളായി വളര്‍ത്തിയ സിനിമയായിരുന്നു. തൃഷ്ണ, ആവനാഴി, 1921 ഒക്കെ മമ്മൂട്ടി എന്ന നടന്റെയും താരത്തിന്റെയും വളര്‍ച്ചയില്‍ വഹിച്ച പങ്ക് ഒരുപാടു വലുതാണ്. ഇങ്ങനെ ഒരു പാടു നടന്മാരേയും താരങ്ങളെയും സൃഷ്ടിക്കുന്നതില്‍ സുപ്രധാന സ്ഥാനം വഹിച്ച സംവിധായകനാണ് ഐ.വി ശശി. ഒരു നടനില്‍ നിന്നും താരത്തിലേക്കുള്ള ദൂരം വ്യക്തമായി അറിയുന്ന ആ ദൂരത്തെ ആവശ്യത്തിന് വലിച്ചു നീട്ടിയും വെട്ടിക്കുറച്ചും ഇവിടെ നിന്നിരുന്ന ഒരാള്‍.മലയാളത്തിലെ രണ്ടാമത്തെ അഡല്‍റ്റ്‌സ് ഓണ്‍ലി സിനിമയാണ് അവളുടെ രാവുകള്‍. സീമ എന്ന ഹിറ്റ് നായികയുടെ വരവ്, ഷര്‍ട്ട് ഇട്ട അവരുടെ പ്രശസ്ത പോസ്റ്റര്‍ ചിത്രം, സിനിമയുടെ പേരിനും തീമിനുമുള്ള ഇക്കിളി സ്വഭാവം ഇവയിലൊതുങ്ങി പലപ്പോഴും മലയാളിയുടെ ആ സിനിമയെക്കുറിച്ചുള്ള ചര്‍ച്ച. പതിമൂന്നു വയസു മുതല്‍ ലൈംഗിക ചൂഷണത്തിന് ഇരയായ പിന്നീട് ലൈംഗികത്തൊഴിലാളിയായി മാറേണ്ടി വന്ന ഒരു സ്ത്രീയുടെ കഥയാണ് ആസിനിമ. ഒരുപാട് വിവാദങ്ങളും തുടര്‍ ചര്‍ച്ചകളും ഉണ്ടായ ഒരു സിനിമയാണത്. സദാചാര ദാരിദ്യ കരച്ചിലുകള്‍ ഇന്നത്തോളം ശക്തമായിരുന്നില്ല അന്ന്. അവളുടെ പ്രണയം വിവാഹത്തിലെത്തുന്നതുംപ്രണയിയോടും അമ്മയോടുമൊപ്പം സ്വന്തം ഇഷ്ടപ്രകാരമല്ലാതെ ചെയ്തു വന്ന ലൈംഗികത്തൊഴില്‍ ഉപേക്ഷിച്ച് ജീവിക്കാന്‍ തുടങ്ങിയിടത്താണ് സിനിമ അവസാനിച്ചത്. സിനിമ ഉപയോഗിച്ച കച്ചവട സാധ്യതകളും പ്രശ്‌നവത്കരിക്കപ്പെട്ടു. വിവാഹം എന്നത് ഒരു സ്ത്രീയുടെ ആവിഷ്‌കാരത്തിന്റെ അവസാന വാക്കാണോ എന്ന ചോദ്യവും ഉയര്‍ന്നു. പക്ഷെ മലയാള സിനിമ പിന്നീട് ആ കാര്യത്തില്‍ നടന്ന പുറകിലോട്ടുള്ള ഓട്ടം മതിയാവും ആ സിനിമ ചെയ്ത വലിയ വിപ്ലവമെന്തെന്നറിയാന്‍.... ബലാല്‍ഭോഗം മാനഭംഗമാണെന്നാണ് ഏറ്റവും പുതിയ സിനിമകള്‍ വരെ പറയുന്നത്. കുളത്തില്‍ ചാടി ചാവുന്ന, കല്യാണം മുടങ്ങുന്ന വലിയൊരു പെണ്ണപരാധമാണ് സിനിമകള്‍ക്കത്. നായകനേറെയും വില്ലന്റെയും പ്രതികാര നടപടി വരെയാണ് സിനിമകള്‍ക്കത്. ഒന്നു തൊട്ടാല്‍ നശിക്കുന്ന എന്തോ ആണ് പെണ്ണ് സിനിമയില്‍. നിന്നെ ഞാന്‍ പ്രസവിപ്പിക്കും എന്നൊക്കെയാണ് നായകന്‍ നായികയുടെ അഹങ്കാരത്തെ വെല്ലുവിളിക്കാറ്. അപ്പോഴാണ് വര്‍ഷങ്ങളായി ലൈംഗികത്തൊഴില്‍ ചെയ്തവള്‍ സ്വന്തം പ്രണയത്തെ തിരഞ്ഞെടുക്കുന്നത്. മഴയത്ത് ഭ്രമിപ്പിക്കുന്ന സുന്ദരശരീരമോ സ്വയം ചങ്ങലക്കണ്ണിയായി നായകനെ നിസഹായയായി യാത്രയാക്കുന്നവളോ നല്‍കുന്ന സുരക്ഷിത കാല്‍പ്പനിക കാഴ്ചാനുഭവം ഒരിക്കലും ആ സിനിമ തരില്ല. ഇന്നാണെങ്കില്‍ നായികയുടെ ഫേസ് ബുക്ക് പേജിലെ അശ്ലീല തെറി വിളികളുമായി സെന്‍സര്‍ ബോര്‍ഡിന് മുന്നില്‍ കുരുങ്ങി കിടക്കുമായിരുന്നു ഈ സിനിമ. നമ്മള്‍ നടക്കുന്നതു പിറകിലേക്കാണെന്നു പഠിപ്പിക്കാനും ഇങ്ങനെ ചില സിനിമകള്‍ വേണം. ഇണയും അതുപോലെ സ്വാതന്ത്ര്യത്തിലും സ്വാസ്ഥ്യത്തിലും അപ്രതീക്ഷിതമായെത്തിയ അവിടെ ഒന്നിച്ചു വളരുന്ന രണ്ടു കുട്ടികളുടെ കഥയാണ്. ഏ പടം എന്ന ലേബലില്‍ അതും ചുരുങ്ങി.

ടി. ദാമോദരന്‍ ഐ.വി ശശി കോമ്പിനേഷന്‍ മലയാള സിനിമയിലെ ഏറ്റവും മികച്ച ഒന്നാണ്. തിരക്കഥയും സംവിധാനവും പരസ്പരം മത്സരിച്ച് പ്രേക്ഷകരിലേക്ക് എത്തും പോലെയാണ് ഇവരുടെ സിനിമകള്‍ കണ്ടാല്‍ തോന്നുക. തുഷാരം, അര്‍ഹത, തടാകം, അഹിംസ, വാര്‍ത്ത, അങ്ങാടി, ആവനാഴി, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, ഇന്നല്ലെങ്കില്‍ നാളെ, ഇനിയെങ്കിലും തുടങ്ങി ബല്‍റാം വേര്‍സസ് താരാദാസ് വരെ ഇരുപത്തഞ്ചിലേറെ സിനിമകളില്‍ ഇവര്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചു. മിക്കതും സൂപ്പര്‍ ഹിറ്റുകളും നിരൂപക ശ്രദ്ധ നേടിയതുമായ സിനിമകളാണ്. മിക്ക സിനിമകളും സംസാരിച്ചത് അടിസ്ഥാന ജനവിഭാഗത്തിന്റെ പ്രശ്‌നങ്ങളെ കുറിച്ചാണ്. പിന്നീട് ഇതു വരെ അങ്ങനൊരു സ്വപ്ന ജോടി മലയാളത്തിലുണ്ടായിട്ടില്ല. പല നടീനടന്മാരുടെയും അഭിനയ സാധ്യതയും താരനിര്‍മിതിയും ഈ പറഞ്ഞ സിനിമകളില്‍ നിന്നു തുടങ്ങിയതാണ്. 80 കള്‍ പോപ്പുലര്‍ മലയാള സിനിമയുടെ ഗോള്‍ഡന്‍ എറ ഒക്കെയായി വാഴ്ത്തപ്പെടുന്നതിന്റെ ഒരു പ്രധാന കാരണം ഇവരാണ്. തൃഷ്ണയും ഉയരങ്ങളിലും എം.ടി യുമായി ചേര്‍ന്ന് സൃഷ്ടിച്ച സിനിമകള്‍. രണ്ടും യഥാക്രമം മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ നടന്മാരുടെ അഭിനയ ജീവിതത്തിലെ പ്രധാന സിനിമകളാണ്. ഐ.വി ശശി പത്മരാജന്‍ കോമ്പിനേഷനും പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടിരുന്നു.വാടകക്കൊരു ഹൃദയവും ഇതാ ഇവിടെ വരെയും മനുഷ്യ ബന്ധങ്ങളുടെ തീവ്ര വൈകാരിക തുടര്‍ച്ചകളുടെ കഥ പറയുന്ന സിനിമകള്‍ പ്രേക്ഷകര്‍ ഇവരില്‍ നിന്നു കാണാനാഗ്രഹിച്ചു. തീവ്രമായ പ്രതികാരത്തിന്റെ കൂടി കഥകളായിരുന്നു അവ. കാണാമറയത്ത് പോലൊരു പ്രണയ കഥയും ഈ ജോഡിയില്‍ നിന്നുണ്ടായി. ശോഭനയും റഹ്മാനും മമ്മൂട്ടിയും മധുരക്കിനാവിന്‍ ലഹരിയുമെല്ലാം ആ തലമുറയുടെ ഗൃഹാതുരതയാണ്.

മലയാള സിനിമയില്‍ ഒരു പക്ഷെ ആദ്യമായി ഗേ ബന്ധം ചര്‍ച്ചയായ സിനിമയായിരുന്നു 'ഇന്നല്ലെങ്കില്‍ നാളെ'. മലയാളത്തിലെ ഏറ്റവും ശക്തമായ ഫെമിനിസ്റ്റ് സിനിമയും അതാവും. ഉണ്ണിമേരി എന്ന നടിയെ മാദക ശരീരമെന്ന രീതിയിലല്ലാതെ നടി എന്ന രീതിയില്‍ ഏറ്റവും നന്നായി ഉപയോഗിച്ച സിനിമയും ആണ് ഇന്നല്ലെങ്കില്‍ നാളെ. ആ കാലത്തിന്റെ നാടകീയതയ്ക്കുള്ളില്‍ നിന്ന് ശക്തമായ ക്രാഫ്റ്റ് ആവുന്നു ആ സിനിമ. മങ്ങിത്തുടങ്ങിയ റീല്‍ ആയി ആ സിനിമ മാറി എന്നറിയുന്നു. തമിഴില്‍ ഐ.വി ശശി തന്നെ സംവിധാനം ചെയ്ത 'ഒരേ വാനം ഒരേ ഭൂമി'യുടെ മലയാളം റീമേക്കാണ് ഏഴാം കടലിനക്കരെ. വടക്കേ അമേരിക്കന്‍ കാഴ്ചകളും നയാഗ്ര വെള്ളച്ചാട്ടത്തിനു സമീപത്തു നിന്നുള്ള 'സുരലോക ജലധാര' എന്ന പാട്ടും ഒക്കെയുണ്ടാക്കിയ കൗതുകത്തിനപ്പുറം ആ സിനിമ സംസാരിക്കുന്നത് ഒരു തൊഴില്‍ പ്രശ്‌നത്തെപ്പറ്റിയാണ്. കോഴിക്കോട് നഗരത്തെയും ആ നഗരത്തിന്റെ സൂക്ഷ്മമായ യാഥാര്‍ഥ്യങ്ങളെയും കൂടി അടയാളപ്പെടുത്തുന്നുണ്ട് അങ്ങാടിയും അവളുടെ രാവുകളുമൊക്കെ. ദേശിയ പുരസ്‌കാരം നേടിയ ആരൂഢവും സംസ്ഥാന പുരസ്‌കാരം നേടിയ മൃഗയയും ആള്‍ക്കൂട്ടത്തില്‍ തനിയെയുമെല്ലാം മറ്റു വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത സിനിമകളാണ്. 1921 മലബാര്‍ കലാപത്തിന്റെ കഥ പറയുന്ന സിനിമയാണ്. ചരിത്ര ഇതിഹാസ സിനിമകള്‍ രാജാക്കന്മാരുടെ വലിയ ഹീറോകളുടെ വീരേതിഹാസം പറഞ്ഞപ്പോഴാണ് അദ്ദേഹം ഇങ്ങനെയൊരു പരീക്ഷണത്തിന് ധൈര്യപ്പെടുന്നത്. വാര്‍ത്ത, അര്‍ഹത, അടിമകള്‍ ഉടമകള്‍, ഇനിയെങ്കിലും, അവസാനമില്ലാത്ത ഹിറ്റുകളുടെ തീമുകളുടെ മേക്കിങ്ങിന്റെ നീണ്ട ഒരു ഫ്രെയിമാണ് അദ്ദേഹത്തിന്റെ കരിയര്‍.ഒരാള്‍ക്കൂട്ടം ഓടിയെത്തുന്നതും മോഹന്‍ലാലും മമ്മൂട്ടിയുമെല്ലാം സ്വന്തം കരിയര്‍ ഭദ്രമാക്കുന്നതും തുടക്കവും ഒതുക്കവും ഒടുക്കവുമുള്ള ഒരു സിനിമതീരുന്നതുമൊക്കെയാവാം ഭൂരിഭാഗത്തിന്റെയും ഐ വി ശശിയോര്‍മ. കടും ചുവപ്പു നിറത്തില്‍ ഏഷ്യാനെറ്റ് പ്രേക്ഷകരിലേക്കെത്തിച്ച ആ സിനിമകള്‍ ഇപ്പോഴുണ്ടാവാറില്ല. സിനിമകളില്‍ അതിനു ശേഷം ആള്‍ക്കൂട്ടം ഓടി വന്നു പ്രതിഷേധിച്ചിട്ടില്ല. ഹിറ്റുകള്‍ ഉണ്ടാകുന്നതല്ല, ഉണ്ടാക്കുന്നതാണ് എന്ന പുതിയ താര സിനിമാ മലയാള സമവാക്യവും അതിന്റെ അടിമകളും ഐ.വി ശശിയെ പോലൊരു സംവിധായകനെ അര്‍ഹിക്കുന്നില്ല. പക്ഷെ നാല്‍പ്പതിലേറെ കൊല്ലം മുന്നേ ഓല മേഞ്ഞ ഒരു ടാക്കീസില്‍ ജയന്‍ പറയും വീ മേ ബി പുവര്‍ ....കാണികള്‍ എണീറ്റു നിന്നു കയ്യടിക്കും. ആ കയ്യടിക്കു പക്ഷെ ഒരു താര സംഘടനയുടെയും പണക്കൊഴുപ്പില്‍ ആളെ കൂട്ടി ബഹളത്തിന്റെ മുരടിപ്പുണ്ടാവില്ല.

Next Story

Related Stories