നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയും സ്വന്തമാക്കി വന്‍ വിജയത്തിലേക്ക് കുതിക്കുകയാണ് പരിയേറും പെരുമാള്‍ എന്ന തമിഴ് ചിത്രം. എന്നാല്‍ ചിത്രത്തിന്റെ സംവിധായകന്‍ മാരി സെല്‍വരാജ് പറയുന്നത്, തന്റെ കന്നി ചിത്രത്തിന്റെ വിജയം തനിക്ക് ഇപ്പോഴും ആസ്വദിക്കാന്‍ കഴിയുന്നില്ലെന്നാണ്. വല്ലാത്തൊരു ഭയമാണ് തന്നില്‍ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്നതെന്നും മാരി പറയുന്നു. ഇപ്പോള്‍ കടന്നു പോകുന്ന മാനസികാവസ്ഥയെക്കുറിച്ച് ഒരു അഭിമുഖത്തില്‍ മാരി പറയുന്നത് ഇപ്രകാരമാണ്;
ചിത്രം റിലീസ് ചെയ്തതോടെ ഒരു ഭയം എന്നില്‍ നിറഞ്ഞു. കാരണം പരിയേറും പെരുമാള്‍ പറഞ്ഞ വിഷയം തന്നെയാണ്. ഇതുപോലൊരു പടം ചെയ്താല്‍ എന്തും നേരിടാന്‍ തയ്യാറായിരിക്കണം എന്ന് പലരും പറഞ്ഞിരുന്നു. എന്റെ മൊബൈല്‍ ഓഫ് ചെയ്ത് വയ്ക്കാന്‍ ആലോചിച്ചു. ഫെയ്‌സ്ബുക്ക് ഡീ ആക്ടീവേറ്റ് ചെയ്യാനും ആലോചിച്ചു. എന്തു തരം പ്രതികരണമായിരിക്കും ഉണ്ടാവുക എന്നറിയില്ലല്ലോ! പക്ഷേ, ഞാന്‍ പ്രതീക്ഷിച്ചതല്ലായിരുന്നു നടന്നത്. സിനിമ കണ്ടവര്‍ എന്നെ വിളിച്ചു സംസാരിക്കുമ്പോള്‍ അവര്‍ പറയുന്നത് സിനിമയെക്കുറിച്ചായിരുന്നില്ല. ഓരോരുത്തരും പറയുന്നത് അവരവരെക്കുറിച്ചാണ്. അവരുടെ വികാരങ്ങളാണ്. അങ്ങനെയുള്ളവരോട് തിരിച്ച് എന്തു പറയണം എന്നറിയാത്ത അവസ്ഥയിലായി ഞാന്‍. ഇത് എന്റെ കഥയാണ്, എന്റെ ജാതിയെക്കുറിച്ചാണ് പറയുന്നത്, ഞാനും ജാതിയില്‍ താഴ്ന്നവനാണ്; ഇങ്ങനെയാണ് വിളിക്കുന്നവര്‍ പറയുന്നത്. അവര്‍ വല്ലാതെ വികാരം കൊണ്ട് സംസാരിക്കുന്നു. എനിക്ക് നിന്നെ കാണണം എന്നു പലരും പറയുന്നു. ഞാന്‍ എന്റെ ഈ ചെറിയ പ്രായത്തില്‍, അതിനുള്ളില്‍ ഉണ്ടായ അനുഭവത്തില്‍ നിന്നും പറഞ്ഞ ഒരു കഥ മാത്രമാണ് പരിയയേറും പെരുമാള്‍. പക്ഷേ, ആ കഥ വലിയ വലിയ ആളുകള്‍, ബഹുമാനിതരായ ആളുകള്‍; അവരുടെ അനുഭവങ്ങളോട് ചേര്‍ത്ത് പറയുമ്പോള്‍ ഭയമാണ് എനിക്ക് തോന്നിയത്. എനിക്ക് അതൊന്നും താങ്ങാന്‍ പറ്റുന്നില്ല. എന്റെ തലയില്‍ വലിയ കനം തൂങ്ങുകയാണ്. സാധാരണ ഒരു സിനിമയെക്കുറിച്ച് പറയാന്‍ വിളിക്കുമ്പോള്‍ വളരെ ഫ്രീയായി സംസാരിക്കാന്‍ കഴിയും. 96, രാക്ഷസന്‍ തുടങ്ങിയ സിനിമകളെ കുറിച്ച് ഒരു ചായ കുടിച്ചുകൊണ്ടോ, കിടന്നു കൊണ്ടോ സംസാരിക്കാം. പക്ഷേ, പരിയേറും പെരുമാളെക്കുറിച്ച് അങ്ങനെ സംസാരിക്കാന്‍ പറ്റുന്നില്ല. മറുവശത്ത് ഉള്ളവര്‍ വികാരപരമായാണ് സംസാരിക്കുന്നത്, അവര്‍ എങ്ങനെ മാറുമെന്ന് അറിയില്ല. അവരെന്താണ് പറയാന്‍ പോകുന്നതെന്ന് അറിയില്ല. രാമനാഥപുരത്ത് നിന്നും ഒരാള്‍ വിളിക്കുന്നു, ആ നാടിന്റെ മൊത്തം കാര്യങ്ങളാണ് പറയുന്നത്, തഞ്ചാവൂരില്‍ നിന്നും വിളിക്കുന്നയാള്‍ക്കും പറയാന്‍ ഒരുപാട് കാര്യങ്ങളാണ് ഉള്ളത്. പ്രൊഫസര്‍മാര്‍ വിളിക്കുന്നു, ഐഎഎസ്സുകാര്‍ വിളിക്കുന്നു. ഞാന്‍ പഠനം പാതിവഴിയില്‍ നിര്‍ത്തിയവനാണ്. ആ എന്നോടാണ് ഐഎഎസ് ഓഫിസര്‍ സംസാരിക്കുന്നത്. നിന്നെ ഒന്നു കെട്ടിപ്പിടിക്കണം എന്നു പറയുന്നത്. എനിക്ക് ഫോണ്‍ എടുക്കാന്‍ തന്നെ ഭയമായി. ഭാര്യ വിളിച്ചാല്‍ പോലും ഞാന്‍ ഫോണ്‍ എടുക്കാതായി. തിരക്കാണെന്നു മറ്റുള്ളവരെ തോന്നിപ്പിച്ചിട്ട് വീട്ടില്‍ മുറിയടിച്ച് ഇരുന്നു. ഒരു പാട് കോളുകള്‍ അറ്റന്‍ഡ് ചെയ്തില്ല. എടുത്ത കോളുകളില്‍ പലതും സംസാരം പെട്ടെന്ന് അവസാനിപ്പിച്ചു. ഇതൊന്നും ആരെയും അപമാനിക്കാന്‍ വേണ്ടിയല്ല, ഞാന്‍ മാറിയിട്ടുമല്ല. എനിക്ക് അവരോടൊക്കെ എന്താ പറയേണ്ടതെന്ന് അറിയില്ലാഞ്ഞിട്ടാണ്. സിനിമ ആയി ആരും ഒന്നും പറയുന്നില്ല, അവര്‍ അവരുടെ വിഷമം, അനുഭവങ്ങള്‍ ഒക്കെയാണ് പറയുന്നത്. പരിയേറും പെരുമാള്‍ വലിയ വിജയമാകുമ്പോഴും എനിക്ക് ഇപ്പോഴും ആ വിജയം ആസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ല.
മാരി സെല്‍വരാജ് തന്റെ മാനസികാവസ്ഥ വിവരിച്ചു കഴിയുമ്പോള്‍ ഒപ്പമുണ്ടായിരുന്ന സംവിധായകന്‍ ലെനിന്‍ ഭാരതി മാരിയോട് പറയുന്നത് ഇപ്രകാരമാണ്; മാരി, ആ സിനിമ കാണുന്ന ഓരോരുത്തര്‍ക്കും പരിയന്റെ വേദന അവരുടെ വേദനയായി തോന്നുന്നതാണ് ആ സിനിമയുടെ വിജയം!
https://www.azhimukham.com/film-i-was-looked-at-as-a-proponent-of-doom-by-my-family-says-pariyerum-perumal-director-mari-selvaraj/
https://www.azhimukham.com/film-must-come-down-strongly-tamil-cinema-that-glorify-caste-superiority-says-actor-siddharth/
https://www.azhimukham.com/film-96-director-prem-kumar-react-story-theft-controversy/