ഹരിനാരായണന്‍ എസ്.

കാഴ്ചപ്പാട്

Guest Column

ഹരിനാരായണന്‍ എസ്.

ട്രെന്‍ഡിങ്ങ്

നിലവാരമില്ലായ്മ അലങ്കാരമാവുമ്പോള്‍; IFFI ഗോവ ഇന്ത്യന്‍ സിനിമയോട് ചെയ്യുന്നത്

ബിജെപി സര്‍ക്കാര്‍ നടത്തുന്ന ചലച്ചിത്ര മേളയാണ് ഗോവയിലേതെന്ന് കാണികളെ മറക്കാതെ ഓര്‍മിപ്പിക്കാന്‍ ഇഫി അധികൃതര്‍ ശ്രദ്ധാലുക്കളാണ്

ഒരു ചലച്ചിത്രമേള ആത്യന്തികമായി വിജയമാവുന്നത്, മികച്ച സിനിമകള്‍ കണ്ടെത്താനും, അവ കൂടുതല്‍ കാണികളിലേക്കെത്തിക്കാനും പ്രതിബദ്ധരായ സംഘാടകരുള്ളത് കൊണ്ടാണെന്നു കാണാം. ഈ മാനദണ്ഡമുപയോഗിച്ച് വിശകലനം ചെയ്‌താല്‍, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി, പ്രത്യേകിച്ചും എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിനു ശേഷമുള്ള ഇന്ത്യയുടെ സ്വന്തം ചലച്ചിത്ര മേളയായ IFFI (ഇഫി), നിലവാരത്തകര്‍ച്ചയാലും ഡെലഗേറ്റ്സിനോടുള്ള നിഷേധാത്മകമായ മനോഭാവത്താലും കുപ്രസിദ്ധിയാര്‍ജിച്ച് വരികയാണ്. രണ്ടു വര്‍ഷം മുന്‍പ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ തലപ്പത്ത് ഗജേന്ദ്ര ചൗഹാനെ അവരോധിച്ചതിലെ പ്രതിഷേധം ഫെസ്റ്റിവല്‍ വേദിയില്‍ സമാധാനപരമായി പ്രകടിപ്പിച്ച അവിടുത്തെ വിദ്യാര്‍ത്ഥികളെ പോലീസിനെ വിട്ട് വലിച്ചിഴച്ച് കൊണ്ടുപോയതും, തുടര്‍ന്ന് പൂനെയിലെ വിദ്യാര്‍ത്ഥികളുടെ തിരഞ്ഞെടുക്കപ്പെട്ട സൃഷ്ടികള്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാറുള്ള പതിവ് അവസാനിപ്പിച്ചതും ഈ അധികാരികള്‍ മേളയെ എങ്ങനെ സമീപിക്കുന്നു എന്നതിന്‍റെ കൃത്യമായ ഉദാഹരണമായിരുന്നു. വ്യത്യസ്ത ചിന്തകളുടെയും, സംസ്കാരങ്ങളുടെയും ജിവിതരീതികളുടെയും പ്രത്യയശാസ്ത്രങ്ങളുടെയുമെല്ലാം ഒത്തുചേരലാണ് ഓരോ ചലച്ചിത്രോത്സവങ്ങളും. നിരവധിയായ ആശയങ്ങളുടെ ഇത്തരം കൂടിച്ചേരലിനെക്കാള്‍ IFFI അധികൃതര്‍ ആഗ്രഹിക്കുന്നത് അച്ചടക്കം മുഖമുദ്രയായ ഒരു ചലച്ചിത്രമേളയും അനുസരിക്കാന്‍ മാത്രം ശീലിക്കപ്പെട്ട ഒരു കാണിസമൂഹവുമാണ്. കഴിഞ്ഞ ദിവസം കൊടിയിറങ്ങിയ 2018 IFFI-യും, മുന്‍വര്‍ഷങ്ങളിലെപ്പോലെ തികച്ചും അനിലഭഷണീയമായ മാതൃകയില്‍ തന്നെയാണ് സംഘടിക്കപ്പെട്ടത്.

പ്രേക്ഷകവിരുദ്ധ നയങ്ങളുടെ മേള

പല തരത്തിലുള്ള ഫ്രിസ്കിംഗ് (frisking), ശരീരപരിശോധനകള്‍ തുടങ്ങിയവ താണ്ടിക്കൊണ്ടാണ് ഓരോ കാണിയും തീയേറ്ററിനകത്തേക്കെത്തുന്നത്. ATS (Anti Terrorism Squad), തണ്ടര്‍ ഫോഴ്സ് എന്നിവര്‍ പൂര്‍ണ സുരക്ഷാചുമതല ഏറ്റെടുത്തിട്ടുള്ളതിനാല്‍, ആഘോഷങ്ങളുടെ ഒരു വേദി എന്നതിനേക്കാള്‍, കര്‍ശന പരിശോധനകളുടെ ഭയം തളംകെട്ടി നില്‍ക്കുന്ന അന്തരീക്ഷമാണ് ഇഫി.

IFFK-യുടെ നടത്തിപ്പ് സംബന്ധിച്ച് തുടക്കത്തില്‍ നിലനിന്നിരുന്ന ആശയക്കുഴപ്പം മൂലം, സ്ഥിരം IFFK കാണികളായ വലിയൊരു കൂട്ടം മലയാളികള്‍ ഇത്തവണ ഗോവയിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ വലിയ പ്രേക്ഷക പങ്കാളിത്തമുണ്ടായത് സംഘാടകരെ അങ്കലാപ്പിലാക്കുകയു, ഒഴിവാക്കാമായിരുന്ന നിരവധി പിഴവുകളിലൂടെ ഫെസ്റ്റിവല്‍ സ്വയം പരിഹാസ്യമാവുകയുമായിരുന്നു. ടിക്കറ്റ് ബുക്ക്‌ ചെയ്തവര്‍ക്കും, ചെയ്യാത്തവര്‍ക്കുമായി രണ്ട് വരികള്‍ നിലവിലുള്ളതാണ് ഇഫിയിലെ പതിവ് രീതി. ക്യൂവിന്‍റെ നീളം കൂടുമ്പോള്‍, പലപ്പോഴും നേരത്തെ തന്നെ കാണികളെ പ്രവേശിപ്പിച്ചാണ് തിരക്ക് നിയന്ത്രിക്കാറ്. ഇത്തവണ കാന്‍ ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ ‘ഷോപ്പ്ലിഫ്റ്റെ’ഴ്സും (Shoplifters), ഡെന്മാര്‍ക്ക്‌ ചിത്രം ‘ദി ഗില്‍റ്റി’ യും (The Guilty) പ്രദര്‍ശിപ്പിച്ച വേദികളില്‍ ടിക്കറ്റ് ബുക്ക്‌ ചെയ്തവരെ കയറ്റാന്‍ വൈകുകയും, തുടര്‍ന്ന് റിസര്‍വ് ചെയ്തവര്‍ക്ക് പോലും അകത്തെത്താന്‍ സാധിക്കാതിരിക്കുകയുമായിരുന്നു. കാണികള്‍ പ്രതിഷേധമുയര്‍ത്തിയപ്പോള്‍, അത് ഗൗരവപൂര്‍വ്വം പരിഗണിക്കാതെ, പ്രതിഷേധക്കാരെ പുച്ഛിക്കുന്ന സമീപനമാണ് അധികൃതര്‍ കൈക്കൊണ്ടത്. സംവിധായകന്‍ കെ.എം കമലിനോട് തട്ടിക്കയറുകയും, മലയാളികളാണ് പ്രശ്നങ്ങളുണ്ടാക്കുന്നതെന്ന് പരസ്യമായി വിളിച്ചു പറയുകയും ചെയ്തതിലൂടെ, ഇഫി അതിന്‍റെ രാഷ്ട്രീയമുഖവും വ്യക്തമാക്കുകയുണ്ടായി. വെള്ളം പോലും തീയേറ്ററിനകത്തേക്ക് കൊണ്ടുപോവാന്‍ അനുവദിക്കാത്ത തരം ഡ്രാക്കോണിയന്‍ രീതികളാണ് ഗോവന്‍ മേളയുടെ മറ്റൊരു സവിശേഷത. ഐനോക്സ് തീയേറ്ററിനകത്തെ കുപ്പിക്ക് അന്‍പത് രൂപ വിലവരുന്ന വെള്ളം അകത്തുകയറ്റാന്‍ അനുവദിക്കുന്നുണ്ട് എന്നതും ഇതിനോട് കൂട്ടിവായിക്കണം.

നിലവാരമില്ലായ്മ അലങ്കാരമാവുമ്പോള്‍

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നിലവാരത്തകര്‍ച്ചയുടെ പുതിയ ആഴങ്ങള്‍ ഇഫി കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ബാഹുബലി പോലത്തെ ചിത്രങ്ങള്‍ Contemporary Indian Cinema വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചും സ്വയം കൊമാളിവേഷം കെട്ടുകയായിരുന്നു ഗോവയിലെ ഇന്ത്യന്‍ മേള. സാമാന്യ ബോധമുള്ള ഏതൊരു സിനിമാപ്രേമിയെയും ഞെട്ടിക്കും വണ്ണമുള്ള പാക്കേജുകളും സെഷനുകകളുമായിരുന്നു 2018 ന്‍റെ പ്രത്യേകത. കേരളത്തിന്‍റെ ചലച്ചിത്രമേളയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നായ, ഗൗരവമേറിയ ഓപ്പണ്‍ ഫോറവും ചര്‍ച്ചകളും ഇഫി പണ്ടേ കൈയൊഴിഞ്ഞതാണ്. ഇത്തവണത്തെ ഒരു സെഷന്‍ ചര്‍ച്ച കപൂര്‍ കുടുംബത്തിലെ അംഗങ്ങള്‍ ഒരുമിച്ചിരുന്നായിരുന്നെങ്കില്‍, മറ്റൊന്നില്‍ ബോളിവുഡ് മസാല സിനിമകളുടെ സംവിധായകനായിരുന്ന ഡേവിഡ് ധവാനും, മകന്‍ വരുണ്‍ ധവാനുമൊരുമിച്ചായിരുന്നു കാണികളെ അഭിസംബോധന ചെയ്തത്! ഇന്ത്യന്‍ പനോരമയില്‍ ‘ടൈഗര്‍ സിന്ദാ ഹേ’യും, ‘പദ്മാവ’തും , ‘പൂമര’വും ഇടം നേടിയത് കൂടി കണക്കിലെടുത്താല്‍, ഏതു തരം സിനിമയ്ക്കും സിനിമാക്കാര്‍ക്കുമായാണ് ഇന്ത്യയുടെ പ്രഥമ ചലച്ചിത്ര മേള നിലകൊള്ളുന്നത് എന്ന് മനസിലാക്കാനാവും.

സിനിമയെ ഗൗരവപൂര്‍വ്വം സമീപിക്കാത്ത ഒരാള്‍ക്കൂട്ടമാണ് ഇഫിയെ പൂര്‍ണമായും നിയന്ത്രിക്കുന്നത്. ഇവര്‍ക്ക് നല്ല സിനിമകള്‍ കൂടുതല്‍ പ്രേക്ഷകരിലേക്കെത്തിക്കണമെന്നോ, മേളയിലൂടെ ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയ്ക്ക് ഗുണപരമായ സംഭാവനകള്‍ നല്‍കണമെന്നോ തെല്ലും ആഗ്രഹമില്ല. ലോക സിനിമാഭൂപടത്തില്‍ ഇന്ത്യയെ നാണം കെടുത്തും വിധമുള്ള സംഘാടനത്തിന്‍റെ നാണംകേട്ട മറ്റൊരധ്യായമാണ് അമേരിക്കന്‍ സംവിധായകനായ മാത്യൂ വില്‍ഡറുടെ Regarding the Case of Joan of Arc എന്ന സിനിമയുടെ പ്രദര്‍ശനത്തിന് മുന്‍പായി പനാജിയിലെ കലാ അക്കാദമി തീയേറ്ററിലുണ്ടായത്. അവിടെ സന്നിഹിതനായ സംവിധായകനേയും, നടീനടന്മാരെയും പരിചയപ്പെടുത്താനും, ആദരിക്കാനും വേദിയിലെത്തിയ ഫെസ്റ്റിവല്‍ ഡയറക്റ്റര്‍ ചൈതന്യ പ്രസാദ്‌, അമേരിക്കന്‍ സംഗീതജ്ഞനായ മാത്യൂ വില്‍ഡറെക്കുറിച്ച് ലഘു പ്രഭാഷണം തന്നെ നടത്തി. ഒടുവില്‍ ആ വ്യക്തി താനല്ലെന്നും, ഫെസ്റ്റിവല്‍ ഡയറക്റ്റര്‍ക്ക് ആളുമാറിപ്പോയെന്നും ‘ഡോഗ് ഈറ്റ് ഡോഗ്’, ‘ലുക്കിംഗ് ഗ്ലാസ്’ തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായ അദ്ദേഹത്തിന് വിളിച്ചു പറയേണ്ടി വരികയായിരുന്നു! ഫെസ്റ്റിവല്‍ ബുക്കിലും ചിത്രത്തിന്‍റെ വിവരങ്ങളോടൊപ്പം സംഗീതജ്ഞനായ മാത്യൂ വില്‍ഡറുടെ വിവരങ്ങളാണ് നല്‍കിരിക്കുന്നത് എന്നതാണ് മറ്റൊരു തമാശ. ഇത്രയും ലാഘവത്തോടെ നടത്തപ്പെടുന്ന പരിപാടിയായി, ഒരുകാലത്ത് ലോകത്തെ എണ്ണപ്പെട്ട ചലച്ചിത്ര മേളകളിലൊന്നായിരുന്ന ഇഫിയെ മാറ്റിത്തീര്‍ക്കാന്‍ സംഘാടകര്‍ക്കായി എന്നതാണ് വാസ്തവം.

ബിജെപി സര്‍ക്കാര്‍ നടത്തുന്ന ചലച്ചിത്ര മേളയാണിതെന്ന് കാണികളെ മറക്കാതെ ഓര്‍മിപ്പിക്കാന്‍ ഇഫി അധികൃതര്‍ ശ്രദ്ധാലുക്കളാണ്. സിനിമാപ്രദര്‍ശനത്തിനു മുന്‍പായി ദേശീയ ഗാനം നിര്‍ബന്ധമായും കേള്‍പ്പിക്കാനുള്ള നിയമത്തില്‍ ഭേദഗതി വന്നെങ്കിലും, 2018 ഇഫി അധികൃതര്‍ അതറിയാത്ത മട്ടായിരുന്നു. വിദേശികളുള്‍പ്പടെ ദിവസേന നാലും, അഞ്ചും തവണ എഴുന്നേറ്റു നില്‍ക്കുന്ന കാഴ്ചയായിരുന്നു ഇത്തവണ. കലാ അക്കാദമിയില്‍ പുട്ടിനു പീര പോലെ ഓരോ തവണയും ദേശീയ ഗാനത്തിനു ശേഷം ഭാരത്‌ മാതാ കി വിളികളും വന്ദേ മാതരവും കേള്‍ക്കാമായിരുന്നു. ഫെസ്റ്റിവല്‍ വേദിയില്‍ ഒരു സ്റ്റാളിട്ട്, പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് ഗീര്‍വാണങ്ങള്‍ ഉറക്കെ കേള്‍പ്പിക്കുകയും, അതിന്‍റെ സി.ഡി കള്‍ വില്‍ക്കുകയും ചെയ്യുന്നതായിരുന്നു മറ്റൊരു പുത്തന്‍ കാഴ്ച. ഒരു ചലച്ചിത്രോത്സവത്തിലാണെന്ന് കാണികള്‍ മറന്നു പോവുന്ന ഇത്തരം നിരവധി സന്ദര്‍ഭങ്ങള്‍ കൂടി ഇഫി 2018 സമ്മാനിക്കുകയുണ്ടായി. നിലവാരമുള്ള ലോകസിനിമകളാണ് കുറച്ചെങ്കിലും IFFI-യുടെ മുഖം രക്ഷിക്കുന്നത്. രൂപത്തിലും, നടത്തിപ്പിലും മനോഭാവത്തിലും ഒരു ചലച്ചിത്ര മേള എന്തായിരിക്കണമെന്ന് ഗോവയ്ക്ക് തിരുവനന്തപുരത്ത് നിന്ന് ഒരുപാടു പാഠങ്ങള്‍ പഠിക്കാനുണ്ട്. തത്സ്ഥിതി തുടര്‍ന്നാല്‍ വൈകാതെ തന്നെ ഇതൊരു ടൂറിസം മേള മാത്രമായി മാറുന്ന കാഴ്ചയാവും കാലം അവശേഷിപ്പിക്കുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഗോവ ചലച്ചിത്ര മേളയ്ക്കിടെ സംഘര്‍ഷം; വംശീയാധിക്ഷേപത്തിനെതിരെ പരാതി നല്‍കി മലയാളികള്‍

ബേണിംഗ്; പൊതുധാരണകളെ തിരസ്കരിക്കുന്ന വാരാണസിയുടെ അക കാഴ്ചകള്‍- വി എസ് സനോജ്/അഭിമുഖം

“എടാ ഈശിയേ…” എന്ന് ലിജോയെ നീട്ടി വിളിക്കാന്‍ കൈനകരി തങ്കരാജ് ഇന്നലെ കൊതിച്ചിരുന്നു

ഗോവ ചലച്ചിത്ര മേളയില്‍ ചെമ്പന്‍ വിനോദ് മികച്ച നടന്‍; ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകന്‍

ഹരിനാരായണന്‍ എസ്.

ഹരിനാരായണന്‍ എസ്.

അസി. പ്രൊഫസര്‍, എന്‍എസ്എസ് കോളേജ് ഒറ്റപ്പാലം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍