TopTop
Begin typing your search above and press return to search.

മിസ്‌ ലവ്ലി ഒരു വെറും ഇന്ത്യന്‍ സിനിമ മാത്രമല്ല, ചരിത്രവും ഭരണകൂടവും ലൈംഗികതയും ജീവിതവുമാണത്

മിസ്‌ ലവ്ലി ഒരു വെറും ഇന്ത്യന്‍ സിനിമ മാത്രമല്ല, ചരിത്രവും ഭരണകൂടവും ലൈംഗികതയും ജീവിതവുമാണത്

2012 കാൻ ഫിലിം ഫെസ്റ്റിവലിൽ Un Certain Regard-ൽ മത്സരിച്ച ഇന്ത്യയിൽ നിന്നുള്ള സ്വതന്ത്ര (Independent) സിനിമയാണ് Miss Lovely. സ്വതന്ത്ര സിനിമകളുടെ ഇന്ത്യൻ ചരിത്രത്തിലെ മികച്ച വർഷമായിരുന്നു 2013. 2000-ത്തോടെയൊക്കെ സാന്നിദ്ധ്യമറിയിച്ചെങ്കിലും, ദേശീയ അവാർഡ് നിർണ്ണയങ്ങളിലൊക്കെ അസ്പൃശ്യതയുടെ അപകർഷതയുമായി കുനിഞ്ഞ ശിരസ്സോടെ മാറ്റിനിർത്തപ്പെട്ടവരായിരുന്നു indie സിനിമ കൂട്ടായ്മ. എന്നാൽ 2013-ലെ നാഷണൽ അവാർഡ് ജൂറിയുടെ തീരുമാനങ്ങൾ, മുൻനിരയിലേയ്ക്ക് അഭിമാനത്തോടെ കടന്നിരിക്കാൻ അവർക്ക് കരുത്തേകി. ആനന്ദ് ഗാന്ധിയുടെ Ship of Theseus മികച്ച ചിത്രമായും അഷിം അലുവാലിയയുടെ Miss Lovely സിനിമയ്ക്കുള്ള സ്പെഷ്യൽ ജൂറി അവാർഡിനും തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ സഹനടിക്കും പ്രൊഡക്ഷൻ ഡിസൈനിനുമുള്ള പുരസ്ക്കാരങ്ങളും യഥാക്രമം ഈ ചിത്രങ്ങൾ നേടുകയുണ്ടായി. 2015 മാറ്റി നിർത്തിയാൽ പിന്നീടുള്ള വർഷങ്ങളും സ്വതന്ത്ര സിനിമകളുടെ വിജയത്തിന്റേതായി. 2014-ൽ Chaitanya Tamhane-യുടെ മറാത്തി ചിത്രം Court, 2016-ൽ Sumitra Bhave, Sunil Sukthankar എന്നിവരുടെ മറാത്തി ചിത്രം Kaasav, 2017-ൽ റിമ ദാസിന്റെ അസ്സമീസ് ചിത്രം Village Rock Stars എന്നിങ്ങനെ അത് നീളുന്നു. ആ ശ്രേണിയിലെ ശ്രദ്ധേയമായ നേട്ടം കൈവരിച്ച ചിത്രമാണ് സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത സെക്സി ദുർഗ്ഗ. 2017 ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ റോട്ടർഡാമിലെ Hivos Tiger, അർമേനിയയിലെ Yeravan ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ Golden Apricot, മെക്സിക്കോയിലെ Guanajuato ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം എന്നിവയടക്കം ഇരുപതിലധികം അന്താരാഷ്ട്ര മേളകളിൽ ഈ മലയാള ചിത്രം പ്രദർശിപ്പിക്കപ്പെട്ടു.

യഥാർത്ഥത്തിൽ, ഇന്ത്യൻ സമാന്തര സിനിമ പ്രസ്ഥാനത്തിന്റെ ആദ്യത്തെ അന്തർദ്ദേശീയ അംഗീകാരം, 1946-ലെ ആദ്യ കാൻ ഫെസ്റ്റിവലിൽ ചേതൻ ആനന്ദിന്റെ Neecha Nagar-ന്റെ Grand Prix നേട്ടത്തിലൂടെയായിരുന്നു. പിന്നീട് സത്യജിത്ത് റേ വരവറിയിച്ച വർഷങ്ങളായിരുന്നു. 1956-ലെ കാനിൽ മികച്ച Human Document അവാർഡ് പഥേർ പാഞ്ചലിയും 1957-ലെ വെനീസ് ചലച്ചിത്ര മേളയിൽ ഗോൾഡൻ ലയൺ, ന്യൂ സിനിമ അവാർഡ്, ഫിപ്രസി പ്രൈസ് എന്നീ മൂന്ന് പുരസ്കാരങ്ങൾ നേടിയ അപരാജിതോയും 1965-ലെ ബെർലിൻ ചലച്ചിത്രോത്സവത്തിൽ Silver Bear നേടിയ ചാരുലതയുമെല്ലാം ഇന്ത്യൻ സമാന്തര സിനിമയുടെ വളർച്ചയെ ലോകത്തെ അറിയിക്കുകയായിരുന്നു. പിന്നീടങ്ങോട്ട് റേയുടെ നേട്ടങ്ങളിൽ നിന്നും അദ്ദേഹത്തിന്റെ സിനിമകളിൽ നിന്നും ഊർജ്ജമുൾക്കൊണ്ട നിരവധി ചലച്ചിത്രകാരന്മാർ, അവരവരുടെ പ്രാദേശിക ഭാഷകളിലൊരുക്കിയ നിരവധി ചിത്രങ്ങളിലൂടെ ആ പ്രസ്ഥാനം ഭാരതമൊട്ടുക്ക് വളരുകയും ശക്തിപ്പെടുകയും ചെയ്തു. നിരവധി പതിറ്റാണ്ടുകൾ അനുസ്യൂതം തുടർന്ന ഈ പ്രസ്ഥാനം നിരവധി ഫിലിം സൊസൈറ്റികളെ സൃഷ്ടിക്കുകയും, സിനിമ കാണലിന് കേവല വിനോദത്തിനുമപ്പുറം ബൗദ്ധിക-സൈദ്ധാന്തികങ്ങളുടെ ഒരു തലം കൂടിയുണ്ടെന്ന് വെളിപ്പെടുത്തുകയും ചെയ്തു. എന്നാൽ 1990-കളോടെ സാന്നിദ്ധ്യം മാത്രമായി ചുരുങ്ങിപ്പോയെങ്കിലും പിന്നീട്, ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ ഉദയത്തോടെ പതിയെ പതിയെ ഉയർത്തെഴുന്നേല്‍പ്പിന്റെ പാതയിലേയ്ക്കെത്തി ഈ പ്രസ്ഥാനം.

2012-ലെ Miss Lovely എന്ന ചിത്രത്തെക്കുറിച്ചോർക്കാൻ പ്രേരിതമായത് Indie പ്രസ്ഥാനമോ ആ ചരിത്രത്തിൽ ഈ ചിത്രത്തിന്റെ സ്ഥാനമോ അല്ല. മറിച്ച്, 2018 നവംബറോടെ ഇന്ത്യയിൽ നടപ്പിലാക്കിയ അശ്ലീല സൈറ്റുകളുടെ നിരോധനമാണ്. പോൺ സൈറ്റുകൾക്ക് മുമ്പുണ്ടായിരുന്ന രതിചിത്രങ്ങളിലെ ജീവിതം കാണിച്ച് തന്ന ചിത്രമായിരുന്നു Miss Lovely.

ഇന്ത്യയിലെ ചലച്ചിത്ര വ്യവസായത്തിന്റെ തലസ്ഥാനമായി മുംബൈയെ കാണാം. ബോളിവുഡ് എന്ന ഓമനപ്പേരുള്ള, കച്ചവട ഹിന്ദി സിനിമയുടെ കേന്ദ്രം. നിറപ്പകിട്ടിന്റേയും ഗ്ലാമറിന്റേയും ആഘോഷങ്ങളുടേയും സിനിമാ കാഴ്ചകൾക്ക് കീഴെ, ദുർഗന്ധം വമിക്കുന്ന, നിറപ്പകിട്ടില്ലാത്ത, ആരുമറിയാത്ത സി ഗ്രേഡ് സിനിമാ ലോകത്തിന്റെ കഥ പറയുന്നു മിസ് ലൗലിയിൽ. എൺപതുകളാണ് സിനിമയുടെ കഥാപരിസരം. ഭീതിക്കും വയലൻസിനുമൊപ്പം ചേർക്കപ്പെടുന്ന ലൈംഗിക രംഗങ്ങൾ കോർത്തിണക്കിയ സി ഗ്രേഡ് ഹൊറർ സിനിമകൾ. എല്ലാ കഥയുടെയും പശ്ചാത്തലം ഒന്ന് തന്നെ. രാത്രിയിൽ, വിജനതയിൽ ബ്രേക്ക് ഡൗണാകുന്ന നായകന്റെ കാർ. അതിനടുത്ത് തന്നെ ഒരു ബംഗ്ലാവുണ്ടാകുമെന്നത് തീർച്ചയാണ്. അത് ആളൊഴിഞ്ഞതാകാതെ തരമില്ല. വാതിൽ തുറന്ന് അകത്ത് പ്രവേശിയ്ക്കുന്ന നായകനെ വരവേല്ക്കുന്ന മദാലസയായ നായികയും തുടർന്ന് അവർ തമ്മിലുണ്ടാകുന്ന വേഴ്ചയും ഒടുവിൽ ഭൂത-പ്രേത കോലാഹലങ്ങളോടെ ഹൊറർ സീനുകളും. ഇത്തരം ചിത്രങ്ങളുടെ പിന്നാമ്പുറങ്ങളിലൂടെയാണ് മിസ്സ് ലൗലിയുടെ സഞ്ചാരം.

യഥാർത്ഥത്തിൽ ഇത്തരം സിനിമകളെക്കുറിച്ചുള്ള ഡോക്യുമെന്ററി ആയിരുന്നു അസിം അലുവാലിയയുടെ ലക്ഷ്യം. എന്നാൽ അധോലോകത്തിന്റെ ഭീഷണി, അദ്ദേഹത്തെ സംഭവങ്ങളുടെ യഥാർത്ഥ ലോകത്തിൽ നിന്ന് ഫീച്ചർ സിനിമയുടെ ഫിക്ഷനിലേയ്ക്കെത്തിച്ചേരാൻ പ്രേരിപ്പിച്ചു. അത് കൊണ്ട് തന്നെയാവണം ഡോക്യുഫിക്ഷൻ കലർന്ന neo noir ആയി Miss Lovely രൂപാന്തരീകരിച്ചത്. കാസ്റ്റിങ്, ഷൂട്ടിങ്, ഡിസ്ട്രിബ്യൂഷൻ, തിയറ്ററിലെ പ്രൊജക്ഷൻ, കാണികൾ എന്നിങ്ങനെ തുടങ്ങി സെലിബ്രേഷൻ പാർട്ടി വരെ എത്തിച്ചേരുന്ന ഒരു ഫിലിം മേക്കിങ് പ്രോസസ്സിലൂടെ ഈ ചിത്രം കടന്ന് പോകുന്നുണ്ട്. അതൊന്നും തന്നെ ഡോക്യുമെന്റേഷന്റെ ഭാഗമായി വരുന്ന വെറും പറഞ്ഞ് പോകലുകൾക്കുമുപരി, അതിനിടയിലെ ചതിയുടേയും വഞ്ചനയുടേയും വാഗ്ദാനത്തിന്റേയും നിരാസത്തിന്റേയും ചൂഷണത്തിന്റേയും മുതലെടുപ്പുകളുടേയും കൂട്ടിക്കൊടുക്കലുകളുടേയും വഴങ്ങലുകളുടേയും ഭീഷണികളുടേയും അനുനയങ്ങളുടേയും കൊലകളുടേയും ആത്മഹത്യകളുടേയും കീഴ്പ്പെടുത്തലുകളുടേയും നിരാകരണങ്ങളുടേയും പിൻവലിയലുകളുടേയും ഒറ്റപ്പെടലുകളുടേയും ഒരുപാട് ഒരുപാട് സന്ദർഭങ്ങളിലൂടെ കടന്ന് പോകുന്നു.

നവാസുദ്ദീൻ സിദ്ദിഖി, നിഹാരിക സിംഗ്, അനിൽ ജോർജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. പൊതുവെ stylized ആയ അഭിനയരീതിയോട് ആഭിമുഖ്യമുള്ള സിദ്ധിഖി, വളരെ റിയലിസ്റ്റിക്ക് ആയ അഭിനയത്തിലൂടെയാണ് Sonu Duggal എന്ന കഥാപാത്രത്തെ ആവിഷ്കരിച്ചിരിക്കുന്നത്.

ലൈംഗികതയെ സമീപിക്കുന്ന ഇന്ത്യൻ പുരുഷന്റെ ഇരട്ടമുഖം ഈ ചിത്രത്തിൽ കാണാം. തിയേറ്ററിന്റെ വെളിച്ചത്തിൽ വേണ്ടുവോളം ആസ്വദിക്കുകയും പുറത്തെ വെളിച്ചത്തിൽ മാന്യതയുടേയും സദാചാരത്തിന്റേയും കുപ്പായമിടുകയും ചെയ്യുന്ന ആൾക്കൂട്ടത്തെ മിസ്സ് ലൗലിയിൽ കാണാം. അതേ ആൾക്കൂട്ടമാണ് അറസ്റ്റ് ചെയ്യപ്പെട്ട ആർട്ടിസ്റ്റുകൾക്ക് നേരെ കൂവിയും അട്ടഹസിച്ചും ഓടിയടുക്കുന്നത്.

ഇൻറർനെറ്റിന്റെ വരവോടെ ഇത്തരം സിനിമകൾ പാടേ നിലച്ച് പോയി. ആ സ്ഥാനം ക്രമേണ പോൺ സൈറ്റുകൾ കരസ്ഥമാക്കി. ലൈംഗികാതിക്രമണങ്ങൾക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി നവംബർ 2018-ഓടെ ഇന്ത്യയിൽ പോൺ സൈറ്റുകൾ നിരോധിച്ചു. ഇതിന് മുമ്പ് 2015-ൽ ഇത്തരമൊരു നിരോധനം നടപ്പിലാക്കിയിരുന്നുവെങ്കിലും എതിർപ്പുകളുടെ മലവെള്ളപ്പാച്ചിലിൽ അതെല്ലാം ഒഴുകിപ്പോയി.

നിയന്ത്രണങ്ങൾക്കും നിരോധനങ്ങൾക്കും മനുഷ്യനിലെ ആസക്തിയേയും സ്വാതന്ത്ര്യത്തേയും കടപഴുക്കി കളയാനാകുമായിരുന്നുവെങ്കിൽ, വിജനമായ, നഷ്ട ആകാശത്തെ നോക്കി നെടുവീർപ്പിടുന്ന കൂട്ടമായേനെ പക്ഷികൾ. എന്നാൽ, പക്ഷികൾ പറന്ന് കൊണ്ടേയിരിക്കുകയും ആകാശം വിജനതയെ കൈയ്യൊഴിയുകയും ചെയ്തിരിക്കുന്നു. അതിനുമൊപ്പം തന്നെ, ചരിത്രത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളാത്ത ഭരണകൂടങ്ങൾ, നിരോധനങ്ങളുടെ മുൾവേലികൾ നമുക്ക് ചുറ്റും കെട്ടിപ്പൊക്കിക്കൊണ്ടേയിരിക്കുകയും ചെയ്യുന്നു. ആ മുൾവേലികൾ പൊളിക്കേണ്ട സാഹസത്തിനായി, മനുഷ്യപ്രയത്നത്തിന്റെ വിയർപ്പോ ബുദ്ധിയോ അല്പമെങ്കിലും ഉപയോഗിക്കേണ്ടതുണ്ടെന്ന ചിന്ത പോലും അനാവശ്യകതയുടേതാകുന്നു. എന്തെന്നാൽ, കെട്ടിപ്പൊക്കിയ മുൾവേലികളുടെ ലംബ-തിരശ്ചീനതകൾ, പ്രായോഗികതയുടെ അശാസ്ത്രീയതയിൽ കാലത്തെ അതിജീവിക്കാതെ തകർന്നടിഞ്ഞ് പോകുമെന്നുള്ള ഉറപ്പ് പലപ്പോഴും തെളിയിച്ചിട്ടുള്ളത് കാലം തന്നെയാണ് എന്നതിനാൽ.

https://www.azhimukham.com/cinemanews-actress-model-former-missindia-metoo-sexual-harassment-allegation/


Next Story

Related Stories