UPDATES

സിനിമ

മോശം സംവിധായകനാണെങ്കില്‍ ആസിഫ് അലിയുടെ പ്രകടനവും മോശമാകും: മന്ദാരം സംവിധായകന്‍ സംസാരിക്കുന്നു

താന്‍ നേരിട്ടനുഭവിച്ചിട്ടുള്ള കാര്യങ്ങളാണ് സിനിമയിലേക്ക് പകര്‍ത്തിയിരിക്കുന്നതെന്നും വിജേഷ് വിജയ്

അനു ചന്ദ്ര

അനു ചന്ദ്ര

നവാഗതനായ വിജേഷ് വിജയ് സംവിധാനം ചെയ്ത ആസിഫ് അലി നായകനായ ഏറ്റവും പുതിയ ചിത്രമാണ് മന്ദാരം. പ്രണയത്തിന്റെ പുതിയ നിര്‍വചനങ്ങള്‍ തേടിയുള്ള യാത്രകളുടെ കഥ പറയുന്ന മന്ദാരത്തിന്റെ വിശേഷങ്ങള്‍ സംവിധായാകന്‍ വിജേഷ് വിജയ് മാധ്യമ പ്രവര്‍ത്തക അനു ചന്ദ്രയുമായി പങ്കുവയ്ക്കുന്നു.

മന്ദാരം റിലീസ് ചെയ്തു കഴിഞ്ഞിരിക്കുന്നു. പ്രേക്ഷക പ്രതികരണം?

നമുക്ക് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരില്‍ നിന്നെല്ലാം തന്നെ നല്ല തരത്തിലുള്ള പ്രതികരണങ്ങള്‍ തന്നെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമ ഇറങ്ങുന്നതിനു മുന്‍പ് നമുക്ക് ഒരു ആശങ്കയുണ്ടായിരുന്നു, ഈ സിനിമ കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്നതാണോ എന്ന കാര്യത്തില്‍. പക്ഷേ കുടുംബ പ്രേക്ഷകരില്‍ നിന്ന് എല്ലാം നല്ല അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബിരുദധാരിയായ താങ്കള്‍ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥിയായ രാജേഷിന്റെ കഥ മന്ദാരത്തിലൂടെ പറയാന്‍ ശ്രമിക്കുമ്പോള്‍ അതൊരു തരത്തില്‍ ഒരു സ്വയം ആവിഷ്‌കാരം കൂടിയല്ലേ?

തീര്‍ച്ചയായും നമ്മള്‍ കണ്ടിട്ടുള്ളതും അല്ലെങ്കില്‍ നമ്മള്‍ അറിഞ്ഞിട്ടുള്ളതുമായ കാര്യങ്ങള്‍ തന്നെയേ ഈ സിനിമയ്ക്കകത്തും കൊണ്ടുവരുന്നുള്ളു. ഈ സിനിമയുടെ തിരക്കഥ എഴുതിയത് തിരക്കഥാകൃത്ത് സജാസ് ആണ്. സജാസ് എന്റെ വളരെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. എന്റെ സ്വഭാവങ്ങളെല്ലാം വളരെ വ്യക്തമായി അറിയുന്ന ഒരാള്‍. ആ നിലയ്ക്ക് എവിടെയെങ്കിലുമൊക്കെയായി എന്നെ, ചില പകര്‍ത്തലുകള്‍ സജാസില്‍ നിന്നും സംഭവിച്ചിരിക്കണം. പിന്നെ ഞാന്‍ ഒരു പ്രണയകഥ ചെയ്യാനുള്ള കാരണം എന്താണെന്ന് ചോദിച്ചാല്‍, ഒരു സംഭവം സ്‌ക്രീനിലേക്ക് കൊണ്ടുവരണമെങ്കില്‍ തീര്‍ച്ചയായും അത്തരം ചില അനുഭവങ്ങള്‍ നമ്മള്‍ക്കും വേണമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഇപ്പോഴത്തെ നിലയ്ക്ക് എന്റെ പ്രായവും, താല്‍പര്യവും എല്ലാം അനുസരിച്ച് ഈ ഒരു ജോര്‍ണറില്‍ ഉള്ള സിനിമ ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

പ്രണയ പരാജയങ്ങളുടെ യാത്രയ്‌ക്കൊടുവില്‍ കൊടുമുടികള്‍ കയറി കൈലാസത്തിലെത്തുന്ന നായാകന്റെയാണല്ലോ കഥ. ആ നിലക്ക് താങ്കളുടെയും, സഹപ്രവര്‍ത്തകരുടെയും യാത്ര അനുഭവങ്ങളെക്കുറിച്ച്?

വാസ്തവത്തില്‍ എന്റെ വലിയ ആഗ്രഹമാണ് കൈലാസത്തില്‍ പോകുക എന്നത്. എനിക്ക് ട്രാവല്‍ ചെയ്യാന്‍ വളരെ ഇഷ്ടമാണ്. അങ്ങനെ ഒരു സ്ഥലത്തും അടങ്ങി ഇരിക്കുന്ന പ്രകൃതക്കാരനല്ല ഞാന്‍. അഥവ അടങ്ങിയിരിക്കേണ്ട സാഹചര്യം ഉണ്ടാവണമെങ്കില്‍ ഒന്നെങ്കില്‍ സിനിമ കാണണം, അല്ലെങ്കില്‍ ബുക്ക് വായിച്ചിരിക്കണം. അല്ലാതെ മറ്റൊരിടത്തും ഞാനെങ്ങനെ അടങ്ങിയിരിക്കില്ല. തീര്‍ച്ചയായും ഉള്ളിന്റെയുള്ളില്‍ ഒരു യാത്ര എന്ന് പറയുന്ന സംഭവം പണ്ടുതൊട്ടേ ഉണ്ട്. യാത്രയോട് എനിക്ക് അത്രമാത്രം താല്‍പര്യമാണ്. നമ്മള്‍ മാനസികമായ ചില സംഘര്‍ഷങ്ങള്‍ നേരിടുന്ന സമയത്ത് ഒരു യാത്ര പോയി കഴിഞ്ഞാല്‍ അത്തരം പ്രശ്‌നങ്ങളെ തരണം ചെയ്യാന്‍ സാധിക്കുമെന്നു തന്നെ കരുതുന്ന ആളാണ് ഞാന്‍. അങ്ങനെ യാത്രകള്‍ ചെയ്തു കൊണ്ട് ഷൂട്ട് ചെയ്തപ്പോള്‍ വളരെ നല്ല എക്‌സ്പീരിയന്‍സ് തന്നെയാണ് ഉണ്ടായത്. ചിത്രത്തിലെ കടലാഴം എന്ന സോങ്ങ് നമ്മള്‍ ഷൂട്ട് ചെയ്തത് ഫുള്‍ ഹരിദ്വാറില്‍ ആണ്. ഹരിദ്വാര്‍ അമ്പലത്തിന്റെ ഗംഗാ നദിയാണ് ആ കാണുന്ന നദി. ഹരിദ്വാര്‍ അമ്പലത്തിന്റെ ഉള്ളിലാണ് ആ ഷൂട്ട് നടന്നത്. ഞാന്‍ പണ്ട് എവിടെയൊക്കെയോ വായിച്ചിട്ടുണ്ട് നമ്മള്‍ ചില തീര്‍ഥാടന കേന്ദ്രങ്ങളില്‍ പോകണമെന്ന് ആഗ്രഹിച്ചാലും അത് എളുപ്പത്തില്‍ സാധിച്ചെന്നുവരില്ല. തൃശൂര്‍ ഉള്ള ഒരാള്‍ ഗുരുവായൂരില്‍ പോയി പ്രാര്‍ത്ഥിക്കണമെന്ന് വിചാരിച്ചാലും അതൊന്നും പെട്ടെന്ന് സാധിച്ചെന്ന് ചിലപ്പോള്‍ വരില്ല. എല്ലാത്തിനും തീര്‍ച്ചയായും അതിന്റേതായ സമയമുണ്ട്. അതുപോലെയാണ് ഇതില്‍ ആസിഫിന്റെ കഥാപാത്രത്തിലൂടെയുള്ള യാത്രയിലും പറയാന്‍ ശ്രമിക്കുന്നത്.

വ്യത്യസ്തമായ പല ലുക്കുകളിലായി വരുന്ന ഒരു കഥാപാത്രത്തെ ആസിഫ് അലിയെ ഏല്‍പ്പിക്കുക എന്നത് എത്രമാത്രം വിശ്വസനീയമായിരുന്നു?

ആസിഫിന്റെ കയ്യില്‍ ഏതു കഥാപാത്രവും ഭംഗിയായും സുരക്ഷിതമായും നില്‍ക്കുമെന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല. കാരണം ആസിഫ് അലി ഒരു ഡയറക്ടര്‍ ആക്ടറാണ്. ഡയറക്ടര്‍ മോശമാണെങ്കില്‍ ആസിഫിന്റെ കൈയില്‍ നിന്ന് വരുന്നതും വളരെ മോശമായ പ്രകടനമായിരിക്കും. ഡയറക്ടര്‍ നല്ലതാണെങ്കില്‍ പുള്ളിയെ കൊണ്ട് ഡയറക്ടര്‍ ഉദ്ദേശിക്കുന്നത് ചെയ്‌തെടുക്കാന്‍ പറ്റും. പുതിയൊരു സംവിധായകന് പോലും വളരെ കംഫര്‍ട്ടായി സിനിമ ചെയ്യാന്‍ പറ്റുന്ന ഒരാളാണ് അയാള്‍. സ്‌ക്രീനില്‍ കാണുമ്പോള്‍ ആസിഫിന്റെ ഭാഗങ്ങളെല്ലാം വളരെ ഭംഗിയായി ചെയ്തു എന്ന് തോന്നുന്നുണ്ടെങ്കില്‍ അതിനുള്ള കാരണം ഒരു ഡയറക്ടര്‍ എന്ന നിലയില്‍ എനിക്ക് അയാള്‍ തന്നിട്ടുള്ള ഒരു കംഫര്‍ട്ട് സോണ്‍ ആണ്.

നസ്രിയയുമായി സാദൃശ്യം തോന്നുന്ന വര്‍ഷ ബൊല്ലമ്മ ചിത്രത്തിലെ ഒരു നായികയായി എത്തുമ്പോള്‍ അതൊരു കൗതുകം ആണല്ലോ?

തുടക്കം മുതലേ നമ്മുടെ ലിസ്റ്റില്‍ വര്‍ഷ ചെയ്യുന്ന കഥാപാത്രം ചെയ്യുവാനായി ഒരുപാടുപേര്‍ ഉണ്ടായിരുന്നുവെങ്കിലും ഒരു പുതിയ നായികയെ കണ്ടെത്തണമെന്ന് നമ്മള്‍ തീരുമാനിച്ചപ്പോഴാണ് വര്‍ഷയുടെ പടം നമുക്ക് ഒരാള്‍ കാണിച്ചുതരുന്നത്. വര്‍ഷയുടെ ഡബ്‌സ്മാഷ് നമ്മള്‍ മുന്‍പേ കണ്ടിട്ടുണ്ടെങ്കിലും ഒരു സിനിമയില്‍ വര്‍ഷയെ കൊണ്ടുവരണമെന്നൊന്നും നമ്മള്‍ ചിന്തിച്ചിട്ടേ ഇല്ലായിരുന്നു. അങ്ങനെ കുഴപ്പമില്ലാതെ പെര്‍ഫോം ചെയ്യും എന്ന് തോന്നി. മാത്രമല്ല നമുക്ക് അല്പം ക്യൂട്ട്‌നസ് ഒക്കെ വേണമായിരുന്നു ആ കഥാപാത്രത്തിന്. അങ്ങനെ എല്ലാ നിലയ്ക്കും ആ കഥാപാത്രം ചെയ്യാന്‍ വര്‍ഷ അനുയോജ്യമാണെന്ന് തോന്നി. അങ്ങനെ അവരെ സമീപിച്ചു.

യമഹ ആര്‍ എക്‌സ് 100 ബൈക്കും ബുള്ളറ്റുമൊക്കെ അനായാസം പായിക്കുന്ന ഒരു കഥാപാത്രത്തിലേക്ക് അനാര്‍ക്കലി മരയ്ക്കാര്‍ എങ്ങനെ എത്തി?

അനാര്‍ക്കലി ചെയുന്ന കഥാപാത്രത്തിനായി നമ്മള്‍ കുറെ ഒഡീഷന്‍സ് നടത്തിയിരുന്നു. കഥാപാത്രത്തിന് ചേരുന്ന രൂപമുള്ള ഒരുപാട് പേരുണ്ട്. പക്ഷേ അതില്‍ പലര്‍ക്കും ബൈക്ക് പോയിട്ട് സൈക്കിള്‍ പോലും ഓടിക്കാന്‍ അറിയാത്ത അവസ്ഥയാ യിരുന്നു. പക്ഷേ പഠിപ്പിച്ചു എടുക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം നമുക്ക് ഓടിക്കേണ്ട റോഡെല്ലാം അല്പം സാഹസികമായ ഇടങ്ങളാണ് എന്നത് തന്നെ. അങ്ങനെ നമ്മള്‍ ഒരു നായികയെ കണ്ടെത്താനാകാതെ വിഷമിക്കുന്ന സമയത്ത് നമ്മുടെ മേക്കപ്പ് മാന്‍ ആണ് അനാര്‍ക്കലിയെ പറ്റുമോ എന്നു ചോദിച്ചു പടം കാണിച്ചു തരുന്നത്. ആ പടം എനിക്കിഷ്ടപ്പെട്ടു, അവരുടെ മറ്റ് സിനിമകളും എനിക്കിഷ്ടമായിരുന്നു. അങ്ങനെ അവരെ കാണാന്‍ പോയി കഥ പറഞ്ഞു. കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍ ആണ് അറിയുന്നത് അവര്‍ 15 വയസ്സു മുതല്‍ ബുള്ളറ്റ് ഓടിച്ചു തുടങ്ങിയിട്ടുണ്ടെന്ന്. അങ്ങനെ അവരെ കൊണ്ട് ആ കഥാപാത്രം ചെയ്യിപ്പിച്ചെടുത്തു.

നവാഗതനായ താങ്കള്‍ സിനിമയിലേക്കെത്തിയ വഴികള്‍?

എല്ലാവരെയും പോലെ സിനിമ ചെയ്യണമെന്നും സംവിധായകനാകണമെന്നും ആഗ്രഹിച്ചു. ചെറുപ്പംതൊട്ടേ ഞാന്‍ സിനിമകള്‍ ഇഷ്ടപ്പെടുന്ന, സിനിമകള്‍ കാണുന്ന ആളാണ്. പഠിക്കാന്‍ ഒക്കെ പുറകിലായിരുന്നു. സിനിമ മാത്രമായിരുന്നു മനസ്സില്‍. അച്ഛന്‍ വലിയ സപ്പോര്‍ട്ട് ആയിരുന്നു. സ്വാഭാവികമായും ഒരുപാട് ഡയറക്ടര്‍മാരുടെ പുറകെ അവസരം ചോദിച്ചു നടന്നു. ചെറിയ ചെറിയ വര്‍ക്കുകളില്‍ പങ്കാളിയായി. അസിസ്റ്റന്റ് ഡയറക്ടര്‍ ആയി.അങ്ങനെയങ്ങനെ വര്‍ക്ക് ചെയ്തു ഇവിടെയെത്തി.

കാലം തെറ്റി പൂത്ത മന്ദാരം

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍