TopTop
Begin typing your search above and press return to search.

നീലി വരുന്നു, മംമ്ത മോഹന്‍ദാസിലൂടെ; ഒരു ഹ്യൂമര്‍-ത്രില്ലര്‍-ഹൊറര്‍/ അൽത്താഫ് റഹ്‌മാൻ-അഭിമുഖം

നീലി വരുന്നു, മംമ്ത മോഹന്‍ദാസിലൂടെ; ഒരു ഹ്യൂമര്‍-ത്രില്ലര്‍-ഹൊറര്‍/ അൽത്താഫ് റഹ്‌മാൻ-അഭിമുഖം

മംമ്ത മോഹൻദാസിനെ നായികയാക്കി അൽത്താഫ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് നീലി. ഹൊററിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞു പോകുന്ന നീലിയിൽ നായകനാകുന്നത് അനൂപ്‌ മേനോനാണ്. ചിത്രത്തിന്റെ വിശേഷങ്ങൾ സംവിധായകൻ അൽത്താഫ് റഹ്മാൻ അനു ചന്ദ്രയുമായി പങ്കു വയ്ക്കുന്നു.

നീലിക്ക് കള്ളിയങ്കാട്ടു നീലിയെന്ന മിത്തുമായുള്ള ബന്ധം?

കള്ളിയങ്കാട്ട് നീലിയെന്ന മിത്തുമായി ഈ സിനിമയ്ക്ക്‌ യാതൊരുവിധത്തിലുള്ള ബന്ധവുമില്ല എന്നതാണ് വാസ്തവം. കളിയങ്കാട് എന്നു പറയുന്ന ഗ്രാമത്തിൽ നടക്കുന്ന കഥയാണ് നമ്മൾ പറയുന്നത്. ഇതിൽ നമ്മൾ വേറെ ഒരു നീലിയെപ്പറ്റിയാണ് പറയുന്നത്. പിന്നെ എന്തുകൊണ്ട് നീലി എന്ന പേരു തന്നെ നമ്മൾ കൃത്യമായി തിരഞ്ഞെടുത്തു എന്ന കാര്യത്തിൽ ഒരു സസ്പെൻസ് ഉണ്ട്. അത് ഇപ്പോൾ പറയാൻ പറ്റില്ല.

ഒരു ഹൊറർ സിനിമയിലെ നായികയായി മംമ്തയെ കൊണ്ട് വരുമ്പോൾ എത്ര മാത്രം പ്രതീക്ഷ തരുന്നുണ്ട് അവർ?

മംമ്ത ഇതിൽ ചെയ്യുന്ന കഥാപാത്രത്തിന്റെ പേര് ലക്ഷ്മി എന്നാണ്. അവർ ഒരു സ്പീച്ച് തെറാപ്പിസ്റ്റ് ആണ്. ലക്ഷ്മി വളരെ ബോൾഡ് ആയിട്ടുള്ള ഒരു കഥാപാത്രമാണ്. മലയാളത്തിൽ നിലവിലെ ഏതെങ്കിലും സീനിയർ ആയിട്ടുള്ള നായിക തന്നെ വേണം ഇതിലെ പ്രധാന കഥാപാത്രമായ ലക്ഷ്മിയെ ചെയ്യാൻ എന്നു തന്നെയായിരുന്നു നമ്മുടെ തിരകഥാകൃത്തുകളുടെ തുടക്കത്തിലേ ഉള്ള ചിന്ത. ആ നിലയ്ക്ക് നമ്മുടെ ഫസ്റ്റ് ഓപ്ഷൻ തന്നെയായിരുന്നു മംമ്ത. അങ്ങനെ നമ്മൾ മംമ്തയോട് കഥ പറഞ്ഞു. അവർ ആ കഥാപാത്രം ഏറ്റെടുത്തു ചെയ്യാൻ തയ്യാറാവുകയും ചെയ്തു.

പതിവ് ഹൊറർ ഫിലിമിൽ നിന്നും നീലി എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്?

അതായത് പക്കാ ഒരു ഹൊറർ ഫിലിം അല്ല നീലി എന്നതാണ് പ്രധാന കാര്യം. ഹൊറർ, ഹ്യൂമർ, ത്രില്ലർ എന്നീ ഗണത്തിൽ ഉൾപ്പെടുത്താവുന്ന സിനിമ എന്നതിലുപരി ഒരു അമ്മ - മകൾ ആത്മബന്ധം കൂടി ഇതിൽ നമ്മൾ പറയുന്നുണ്ട്. അതിന്റെ ഒരു എക്സ്ട്രീം ആണ് ആ സിനിമ. നിങ്ങൾ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരവും അതുതന്നെയാണ്. പതിവ് ഹൊറർ സിനിമയിൽ നിന്നും നീലി വ്യത്യസ്തപ്പെട്ടിരിക്കുന്നത് ഇങ്ങനെയാണ് എന്നത്.

അനൂപ് മേനോൻ-മംമ്ത ജോഡികളിലേക്ക് വരാനുള്ള കാരണം?

അനൂപ്‌ മേനോനും മംമ്തയും ഇതിൽ ജോഡികളല്ല. അനൂപ് മേനോൻ ചെയ്യുന്ന കഥാപാത്രം ഇതിൽ ഒരു പാരാനോർമൽ ഇൻവെസ്റ്റിഗേറ്ററാണ്. ആ കഥാപാത്രം പ്രേതങ്ങളെ കണ്ടെത്തുകയും അതിനെ പറ്റി പഠനം നടത്തുകയും ചെയ്യുന്ന ഒരു കഥാപാത്രമാണ്. അല്ലാതെ അനൂപ് ചെയ്യുന്ന കഥാപാത്രം മംമ്ത ചെയുന്ന കഥാപാത്രത്തിന്റെ നായകൻ ഒന്നുമല്ല. അവർ ഒരു പ്രത്യേക സാഹചര്യത്തിൽ കണ്ടു മുട്ടുന്നവരാണ്. ഒരു ലക്ഷ്യം ഇവരെ ഒന്നിപ്പിക്കുന്നു. അതു പോലെ ബാബുരാജ്, കള്ളൻ പ്രഭാകരൻ എന്ന കഥാപാത്രം ചെയ്യുന്നുണ്ട്. അത് പോലെ മറിമായം ശ്രീകുമാർ, ജലാൽ എന്ന കഥാപാത്രം ചെയ്യുന്നുണ്ട്. ഇവരുടെ ഹ്യൂമർ ട്രാക്കിൽ കൂടിയാണ് കഥ പോകുന്നത്. അതുപോലെ തന്നെ അനൂപ്‌ മേനോൻ ചെയുന്ന കഥാപാത്രത്തിൻറെ അടുത്ത സുഹൃത്തായി സിനിൽ സൈനുദ്ദീൻ വരുന്നു. പുള്ളി ഒരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആണ്. അങ്ങനെ ഒരു ബന്ധവുമില്ലാത്ത കുറച്ചു പേർ ഒരുലക്ഷ്യത്തിനായി ഒന്നുചേരുകയും, ആ ലക്ഷ്യം നേടുന്നതുമാണ് ചിത്രം പറയുന്നത്.

സംവിധായകൻ കമലിനൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചപ്പോൾ ഉള്ള അനുഭവം?

അതിനെക്കുറിച്ചൊന്നും നമുക്ക് അത്ര പെട്ടെന്ന് ഒറ്റവാക്കിൽ പറഞ്ഞു തീർക്കാനാവില്ല എന്നതാണ് സത്യം. വാസ്തവത്തിൽ ഒരു സിനിമ ചെയ്യാനുള്ള ആത്മവിശ്വാസം കിട്ടുന്നത് തന്നെ ഇത്തരം ലെജൻഡ്സിന്റെ കൂടെ വർക്ക് ചെയ്തപ്പോൾ ലഭിച്ച അനുഭവങ്ങളും അറിവുകളും തന്നെയാണ്. എനിക്ക് സിനിമയുമായി മറ്റു ബന്ധങ്ങൾ ഒന്നും ഇല്ല. അതായത്‌ സിനിമാ പാരമ്പര്യം ഒന്നും അവകാശപ്പെടാൻ ഇല്ല. എന്നിട്ടും ഇവരുടെ കൂടെ വർക്ക് ചെയ്യാനുള്ള സാഹചര്യവും ഭാഗ്യവുമുണ്ടായത് ഞാൻ സംവിധാനം ചെയ്ത 'തോർത്ത്' എന്ന ഷോർട്ട് ഫിലിം വൈറലായതോടു കൂടിയാണ്. ആ ഷോർട്ട് ഫിലിം വൈറലാകുമ്പോൾ ഞാൻ ഫെഫ്ക സംഘടനയിലെ അംഗമായിരുന്നു. ആ സമയത്ത് ഫെഫ്ക എന്നെ ആദരിക്കുകയുണ്ടായി. ആ ചടങ്ങിൽ വച്ച് ഫെഫ്കയുടെ ഒരു സമ്മാനം മമ്മൂക്കയാണ് എനിക്ക് തരുന്നത്. അതിലൂടെയാണ് എനിക്ക് ജോഷി സാറിനൊപ്പവും കമൽ സാറിനൊപ്പവും എല്ലാം വർക്ക് ചെയ്യാനുള്ള ഒരു ഭാഗ്യം ലഭിക്കുന്നത്. അതിൻറെ എല്ലാ നിമിത്തവും എന്നു പറയുന്നത് തോർത്ത് എന്ന ഷോർട്ട് ഫിലിമും അതിന്റെ ക്രൂവുമാണ്. നമ്മൾ നമ്മുടെ ജീവിതത്തിൽ കാണുന്ന റിയൽ കാഴ്ചകളും പിന്നെ ബണ്ടിചോർ എന്ന സിനിമയുടെ എഴുത്തുകാരൻ പറഞ്ഞ ഒരു ബേസിക്ക് ത്രെഡ്ഡും വെച്ചാണ് ഞാൻ തോർത്ത് ചെയ്യുന്നത്. പിന്നീട് ആ ഷോട്ട് ഫിലിം കഴിഞ്ഞ് അഞ്ചുവർഷങ്ങൾക്ക് ശേഷമാണ് ഞാൻ നീലി എന്ന ഈ ഒരു സിനിമ ഒരുക്കുന്നത്.

തോർത്ത് എന്ന ഒരൊറ്റ ഷോർട്ട് ഫിലിമിലൂടെ താങ്കൾ പ്രേക്ഷകർക്ക് മേൽ തന്ന ഒരു വിശ്വാസമുണ്ട്. ആ വിശ്വാസം നീലിയിലൂടെ നിലനിർത്താൻ പറ്റുമോ എന്നതിൽ ആശങ്കയുണ്ടോ?

നീലിയിൽ എനിക്ക് വിശ്വാസം ഉണ്ട് എന്നു തന്നെയാണ് ഞാൻ പറയുന്നത്. അതിന്റെ കാരണമെന്നു പറയുന്നത് ഇതിന്റെ എഴുത്തുകാർ മുൻപ് ചെയ്തിട്ടുള്ള സിനിമയാണ് സപ്തമശ്രീ തസ്കരഹ. എനിക്കിഷ്ടപ്പെട്ട സിനിമകളിലൊന്നാണ് അത്. ആ സിനിമ കണ്ടു കഴിഞ്ഞതിൽ പിന്നെ എനിക്ക് ഒരു ആഗ്രഹമുണ്ടായിരുന്നു, ആ എഴുത്തുകാരുടെ സൃഷ്ടിയിൽ ഒരു സിനിമ ചെയ്യണമെന്ന്. അങ്ങനെ ഞാൻ അവരെ സമീപിച്ചു. പിന്നീട് രണ്ടു വർഷങ്ങൾക്ക് ശേഷമാണ് അവർ ഈ കഥ പറയുന്നത്. അത് എനിക്ക് ഇഷ്ടപ്പെട്ടു. അതുപോലെതന്നെ പ്രത്യേകം എടുത്തുപറയേണ്ടത് തന്നെയാണ് ഛായാഗ്രഹകൻ മനോജ് പിള്ളക്കൊപ്പം ഇതിൽ വർക്ക് ചെയ്യാൻ പറ്റി എന്നത്.

സാധാരണ സിനിമയിൽ നിന്നും തികച്ചും വ്യത്യസ്തമല്ലേ ഹൊറർ ഫിലിമിന്റെ മേക്കിങ്. അതൊരു വെല്ലുവിളിയല്ലേ?

സ്വാഭാവികമായും ഇത്തരം കഥകൾ പറയുമ്പോൾ നമുക്ക്‌ രാത്രിയിൽ തന്നെ ആ കഥകൾ പറയേണ്ടിവരും. എങ്കിലേ അത് വിശ്വസനീയമാകൂ. അപ്പോൾ പിന്നെ തീർച്ചയായും ഒരു വിഷ്വൽ ട്രീറ്റ്‌മെന്റ് ഈ സിനിമക്കകത്തുണ്ടാകും. തീർച്ചയായും നല്ലൊരു ഛായാഗ്രഹകൻ കൂടി കൂടെ ഉണ്ടായതുകൊണ്ട് തീർച്ചയായും ജോലി കുറെക്കൂടി എളുപ്പമായി.

ആദ്യ സിനിമ തന്നെ ഹൊറർ. വ്യക്തിപരമായി താങ്കൾ ഇത്തരം വിശ്വാസങ്ങൾ പുലർത്തുന്ന ആളാണോ?

ഞാൻ മുൻപേ പറഞ്ഞില്ലേ ഇത് ഒരു ഹൊറർ സിനിമ മാത്രമല്ല. മൂന്നു ഗണത്തിൽപ്പെട്ട സിനിമയാണ്. ഹ്യൂമർ - ത്രില്ലർ - ഹൊറർ. ഒരു പക്കാ ഹൊറർ ഫിലിം ആയിട്ടാണ് അവർ വരുന്നത് എങ്കിൽ ഞാൻ ഒരിക്കലും ഈ സിനിമ ചെയ്യില്ലായിരുന്നു. പ്രേക്ഷകരെ തിയേറ്ററിൽ പിടിച്ചിരുത്താൻ ഉതകുന്ന എല്ലാ ചേരുവകളും തീർച്ചയായും ഇതിനകത്തുണ്ട്.
Next Story

Related Stories