കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ രൂപീകൃതമായതാണ് ചലച്ചിത്ര മേഖലയിലെ വനിതകളുടെ കൂട്ടായ്മ വുമണ്‍ ഇന്‍ സിനിമ കളക്ടീവ്. രൂപീകൃതമായി ഒരു വര്‍ഷം പിന്നിടാറാകുമ്പോഴും വുമണ്‍ ഇന്‍ കളക്ടീവിന്റെ തുടക്കത്തില്‍ ഉണ്ടായ വിവാദങ്ങളും വിമര്‍ശനങ്ങളും ഇപ്പോഴും തുടരുന്നുണ്ട്. സിനിമാമേഖലയിലെ സ്ത്രീകള്‍ക്കായി നിരന്തരം ശബ്ദം ഉയര്‍ത്തുന്ന പലരെയും ഡബ്ല്യുസിസിയില്‍ ഉള്‍പ്പെടുത്തിയില്ല എന്നതായിരുന്നു പ്രധാന വിവാദങ്ങളില്‍ ഒന്ന്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയെ പോലുള്ളവരെ വനിത സംഘടനയില്‍ ഉള്‍പ്പെടുത്താതിരുന്നതും വിവാദമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ ഫിലിം എപ്ലോയിസ് ഫെഡറേഷന് എന്ന പേരില്‍ ഒരു വനിത സംഘടന ഫെഫ്കയുടെ കീഴില്‍ രൂപീകരിച്ചിരിക്കുകയാണ്. ഈ സംഘടന ഡബ്ല്യുസിസിക്ക് ബദലാണോ, സംഘടനാ രൂപികരിക്കാനുണ്ടായ സാഹചര്യം, എന്താണ് സംഘടനയുടെ പ്രസക്തി എന്നീ കാര്യങ്ങളെക്കുറിച്ച് ഭാഗ്യലക്ഷ്മി അഴിമുഖത്തോട് സംസാരിക്കുന്നു.
ഫെഫ്കയ്ക്ക് കീഴില്‍ ഇങ്ങനെയൊരു വനിത കൂട്ടായ്മ രൂപീകരിക്കാനുണ്ടായ സാഹചര്യം?
മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് വന്ന് നിന്ന് സംസാരിക്കാന്‍ ഒരു വേദിയില്ല. പലപ്പോഴും പരാതി പറയേണ്ടി വരുന്നത് പുരുഷന്മാരോടാണ്. അങ്ങനെ പറഞ്ഞാല്‍ പോലും അവയ്ക്കെല്ലാം എത്രത്തോളം പരിഹാരം ഉണ്ടാകും? നടി ആക്രമിക്കപ്പെട്ട വിഷയം കൂടിയായപ്പോള്‍ ആ പ്രതിസന്ധി കുറച്ചുകൂടി രൂക്ഷമായി. സ്വകാര്യമായി പലരും പരാതി പറയാറുണ്ട്; അവകാശ നിഷേധത്തെപ്പറ്റി, ചൂഷണങ്ങളെപ്പറ്റിയൊക്കെ. ആ സമയത്താണ് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് രൂപികരിക്കപ്പെട്ടത്. അപ്പോള്‍ എല്ലാവരും കരുതി അത് സിനിമ മേഖലയിലുള്ള എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയുള്ള സംഘടനയാണെന്ന്. പക്ഷെ അവര്‍ പലരിലേക്കും എത്തുന്നില്ല. അല്ലെങ്കില്‍ സിനിമ മേഖലയിലുള്ള എല്ലാ സ്ത്രീകള്‍ക്കും WCC-ലേക്ക് എത്താനാകുന്നില്ല. ഞങ്ങള്‍ എവിടെ പോകണമെന്ന് ചോദിക്കുന്നു ഇപ്പോഴും പലരും. അസിസ്റ്റന്റ് സംവിധായികമാര്‍, ട്രാന്‍സ്ജെന്‍ഡേഴ്സ് (ഹെയര്‍ ഡ്രസേഴ്സ്, മേക് അപ്പ് ആര്‍ട്ടിസ്റ്റുകളും മറ്റുമായി ഇപ്പോള്‍ ഒരുപാട് പേര് ആ കമ്മ്യൂണിറ്റിയില്‍ നിന്ന് സിനിമയിലേക്ക് വരുന്നുണ്ട്) അങ്ങനെ എല്ലാവരും ഒരു കൂട്ടായ്മ വേണമെന്ന് ആവശ്യപ്പെട്ടു. പക്ഷെ ഞാന്‍ WCC ല്‍ അംഗമല്ലാത്തത് കൊണ്ട് എനിക്ക് അവരോട് അധികാരത്തോടെ പറയാനാകില്ല, ഇവരെ കൂടി ചേര്‍ക്കൂ എന്ന്. അത് അവര്‍ തീരുമാനിക്കണ്ട കാര്യമാണ്. അങ്ങനെയാണ് ഫെഫ്കയുടെ കീഴില്‍ ഒരു സംഘടന രൂപികരിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നത്. തുടര്‍ന്ന് എല്ലാവരെയും വിളിച്ചു കൂട്ടി ആലോചിച്ചപ്പോള്‍, എല്ലാവരും ഒരേ സ്വരത്തില്‍ സംഘടന വേണം എന്ന് ആവശ്യപ്പെട്ടു. അങ്ങനെയാണ് സംഘടന രൂപീകരിച്ചത്. എത്രപേര്‍ ആ സംഘടനയെ ഗൗരവത്തോടെ കാണുന്നു എന്നറിയാന്‍ വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. തുടക്കത്തില്‍ തന്നെ 115 ല്‍ അധികം അംഗങ്ങളുണ്ട്. പ്രധാനമായും ഞങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത് ട്രാന്‍സ്ജെന്‍ഡേഴ്സിന് ഒരു തൊഴിലിടം ഉണ്ടാക്കി കൊടുക്കുക, അവര്‍ക്ക് നമ്മള് അനുഭവിക്കുന്ന എല്ലാ സ്വാതന്ത്ര്യവും ലഭ്യമാക്കുക, സ്ത്രീകള്‍ക്ക് ഭയമില്ലാത്ത ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാക്കുക തുടങ്ങിയവയൊക്കെയാണ്.
http://www.azhimukham.com/women-in-cinema-collective-complaints-criticizing-from-society-and-cinema/
സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സംഘടന പക്ഷേ പുരുഷാധിപത്യമുള്ള ഫെഫ്കയ്ക്ക് കീഴിലാണ്?
ആര് പറഞ്ഞു? അത് നിങ്ങള്‍ക്ക് തോന്നുന്നതല്ലേ, സിനിമ മേഖലയില്‍ കൂടുതല്‍ ജോലി ചെയ്യുന്നത് പുരുഷന്മാരാണ്. അതുകൊണ്ട് ഫെഫ്കയില്‍ കൂടുതല്‍ പുരുഷ അംഗങ്ങളുണ്ട്. അതിന് പക്ഷേ പുരുഷാധിപത്യം എന്ന് പറയാന്‍ കഴിയില്ല. ഞങ്ങള്‍ക്ക് സംഘടിക്കാന്‍ അവര്‍ ഒരു വേദി ഒരുക്കി എന്നു മാത്രം.
WCC ല്‍ അഭിനേതാക്കളും ചലച്ചിത്ര പിന്നണി പ്രവര്‍ത്തകരുമുണ്ട്. പിന്നെ എവിടെയാണ് ആ സംഘടനയ്ക്ക് വീഴ്ച പറ്റിയത്?
അതെനിക്ക് അറിയില്ല. ഞാന്‍ അതില്‍ ഇല്ലാത്തിടത്തോളം എനിക്ക് WCC യെ പറ്റി പറയാനാകില്ല. അതിന്റെ തുടക്കം മുതല്‍ എന്നെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ ഉണ്ടായിരുന്നു, പക്ഷെ അപ്പോഴൊന്നും സത്യാവസ്ഥ പറയാന്‍ എനിക്ക് ഒരു സ്പേയ്സ് ലഭിച്ചില്ല എന്നതാണ് വാസ്തവം.
WCC കുറച്ച് പേര്‍ക്ക് വേണ്ടി മാത്രം രൂപീകരിച്ച സംഘടനയാണോ?
അതും എനിക്ക് അറിയില്ല. അവര്‍ എന്താ ഉദ്ദേശിക്കുന്നത് എന്നും എനിക്ക് മനസിലായിട്ടില്ല. ഇപ്പോള്‍ ഞങ്ങള്‍ ഒരു സംഘടന രൂപീകരിച്ചപ്പോള്‍ WCC അതിനെ അഭിനനന്ദിച്ചു. ഞാന്‍ ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്യാറില്ല.
http://www.azhimukham.com/film-all-women-are-safe-in-cinema-question-against-actresses-who-criticize-wcc/
എന്താണ് സിനിമ മേഖലയില്‍ സത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്നം?
അങ്ങനെ സിനിമയില്‍ മാത്രമുള്ള പ്രശ്നങ്ങളല്ല. എല്ലായിടത്തും സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അതേ അളവില്‍ സിനിമയിലുമുണ്ട്. എല്ലാ തൊഴിലിടങ്ങളിലും ചൂഷണമുണ്ട്. സ്ത്രീകളുടെ ബുദ്ധിയില്ലായ്മ കൊണ്ട് ആ ചൂഷണങ്ങളില്‍പ്പെട്ടു പോകുന്നു. അതുകൊണ്ടാണല്ലോ ഹോളിവുഡ് മുതല്‍ me too campaign തുടങ്ങേണ്ടി വന്നത്. അപ്പോള്‍ അത് മലയാള സിനിമയിലോ ഇന്ത്യന്‍ സിനിമയിലോ മാത്രമല്ല, ലോക സിനിമയിലെ അവസ്ഥ ഇതാണ്. പക്ഷെ ഇത്രയും പ്രശസ്തയായ ഒരു നടി ആക്രമിക്കപ്പെട്ടപ്പോള്‍ അവര്‍ അത് തുറന്ന് പറയാന്‍ ധൈര്യം കാണിച്ചപ്പോള്‍, മറ്റുള്ളവരും ചിന്തിച്ച് തുടങ്ങി, എന്തുകൊണ്ട് നമ്മള്‍ക്കും പറഞ്ഞു കൂടാ? അതിന് വലിയൊരു രീതിയില്‍ മാധ്യമ പിന്തുണയുമുണ്ടായിരുന്നു. എപ്പോഴും പരസ്യമായി മാധ്യമങ്ങളും പൊതുസമൂഹവും ബാധിക്കപ്പെടുന്നവര്‍ക്കൊപ്പം നില്ക്കുന്നതില് നിന്ന് അവര്‍ക്ക് ഉണ്ടാകുന്ന ധൈര്യം ചെറുതല്ല. സ്വകാര്യമായി പലരും വലിയവന്റെ കൂടെ ആണെങ്കില്‍ പോലും. മാധ്യമ പിന്തുണ, സര്‍ക്കാര്‍ കേസ് കൊണ്ടു പോയ രീതി, ശക്തമായി അന്വേഷണം... അതൊക്കെ പലര്‍ക്കും ധൈര്യം നല്ക്കുന്നതായി. ഇക്കാര്യത്തില്‍ ആ നടി ഒരു മാതൃക തന്നെയാണ്.
http://www.azhimukham.com/dubbing-artist-bhagyalakshmi-clarification-on-women-in-cinema-collective/
നടിക്ക് നീതി കിട്ടുമെന്ന് കരുതുന്നുണ്ടോ?
വിചാരണ കഴിഞ്ഞ് വിധി വരട്ടെ. കേസ് ഇപ്പോള്‍ കോടതിയില്‍ അല്ലേ? ഏത് ബലാത്സംഗ കേസിലാണ് ഒരു വര്‍ഷത്തിനുള്ളില്‍ നീതി ലഭിച്ചിട്ടുള്ളത്? സെഷന്‍സ് കോടതി, ജില്ലാ കോടതി, ഹൈക്കോടതി സുപ്രീംകോടതി... അങ്ങനെ പോകില്ലേ. നിര്‍ഭയ, സൗമ്യ കേസുകളൊക്കെ എടുത്താല്‍ ഇക്കാര്യം നമ്മുക്ക് ബോധ്യപ്പെടും.
കാശുള്ളവന് രക്ഷപ്പെടും അല്ലാത്തവന് ജയിലില്‍ കിടക്കും എന്നാണ് കഴിഞ്ഞ ദിവസം പള്‍സര്‍ സുനി പറഞ്ഞത്. ക്രിമിനല്‍ കേസ് പ്രതിയായ പള്‍സര്‍ സുനിയെ വിശ്വസിക്കാമോ, ഇല്ലയോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടെങ്കിലും എന്തായിരിക്കും ആ കേസില്‍ നടക്കാന്‍ പോകുന്നത്?
ഇനി നടക്കാന്‍ പോകുന്ന കാര്യത്തില്‍ നിന്നാണ് നമ്മള് അത് മനസിലാക്കേണ്ടത്. മുന്‍വിധിയോടെ സംസാരിക്കാതിരിക്കാം. ഒരു ആത്മവിശ്വാസമാണ് അത്. നീതി കിട്ടും എന്ന് തന്നെ വിശ്വസിക്കാം. അങ്ങനെ തന്നെയല്ലേ എല്ലാവരും കരുതുന്നത്. അതുകൊണ്ടാണല്ലോ സൂര്യനെല്ലി പെണ്‍കുട്ടി ഇപ്പോഴും നിയമ പോരാട്ടം നടത്തുന്നത്. ഈ കേസ് ഒന്നും ആയിട്ടില്ല. ഫെബ്രുവരി 17 ന് ഒരു വര്‍ഷമാകുന്നു. ആരാണെന്ന് കണ്ടുപിടിച്ച് അവരെ പിടിച്ച് കുറ്റപത്രം സമര്പ്പിക്കുന്നതുവരെയല്ലേ ആയിട്ടുള്ളൂ. ഏതായാലും കേസ് നടക്കട്ടെ, വിധി വരട്ടെ അപ്പോള്‍ നമുക്ക് കൃത്യമായും ശക്തമായുമുള്ള അഭിപ്രായം പറയാം.
http://www.azhimukham.com/film-manju-warrier-should-be-appreciable-on-actress-attacking-case/
ആരോപണ വിധേയനായ ആള്‍ക്ക് തുടക്കത്തില്‍ മലയാള സിനിമയില്‍ നിന്നുണ്ടായ എതിര്‍പ്പ് ഇപ്പോഴില്ല, മാത്രമല്ല ചിലര്‍ പരസ്യ പിന്തുണയും പ്രഖ്യാപിച്ചിരുന്നു?
അതിപ്പോള്‍ എല്ലാവര്ക്കും അറിയാം, പലരുടേയും നിലനില്‍പ്പിന്റെ പ്രശ്നമാണ്. ഇപ്പോള്‍ പള്‍സര്‍ സുനി പറഞ്ഞില്ലേ, പണത്തിന്റെ കൂടയേ നിയമം നില്‍ക്കൂവെന്ന്. നിയമത്തെ നമുക്ക് കുറച്ചും കൂടി വിശ്വസിക്കാം. പക്ഷെ തൊഴിലിടങ്ങളില്‍ എപ്പോഴും എല്ലാവരും പണം ഉള്ളവന്റെ കൂടെയാണ്. അതിപ്പോള്‍ സിനിമയില്‍ ആയാലും പുറത്തും അങ്ങനെ തന്നയാണ്. ഇത്തരം പിന്തുണയ്ക്ക് പിന്നില്‍ മറ്റൊരു വികാരവുമില്ല. നീതിക്കൊപ്പം നില്ക്കുന്ന വളരെ കുറച്ച് പേരെയുള്ളൂ.
നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെടുകയാണ് ദിലീപ്, കോടതി അദ്ദേഹത്തിന്റെ ഹര്‍ജി തള്ളിയെങ്കില്‍ കൂടി. എന്തിനായിരിക്കും അങ്ങനെയൊരു നീക്കം?
ഈ കേസില്‍ താന്‍ നിരപരാധിയാണെന്ന് തെളിയിക്കാന്‍ മാത്രമേ ദിലീപിന് അവകാശമുള്ളൂ. നിരപരാധിയാണെങ്കില്‍ അത് തെളിയിക്കട്ടെ. അല്ലാതെ നടി കേസ് കെട്ടിചമച്ചതാണോ നടിയും പള്‍സര്‍ സുനിയും തമ്മില്‍ ബന്ധമുണ്ടോയെന്നൊക്കെ പൊലീസാണ് കണ്ടെത്തേണ്ടത്. പക്ഷെ ഇത്തരം പ്രസ്താവനകളിലൂടെ നടിയെ വീണ്ടും അപകീര്‍ത്തിപ്പെടുത്താനാണ് ദിലീപ് ഇപ്പോഴും ശ്രമിക്കുന്നത്. അത് ശരിയല്ല. ഇതില്‍ കൂടുതല്‍ പ്രതികരണത്തിന് ഞാന്‍ തയ്യാറല്ല.
http://www.azhimukham.com/film-bhagyalakshmi-criticize-sajitha-madathil-wcc/
ഫെഫ്കയുടെ കീഴിലുള്ള സംഘടന ഏത് രീതിയിലാണ് മുന്നോട്ട് പോകുക?
പ്രധാനമായും ട്രാന്‍സ്ജെന്‍ഡേഴ്സിന് ഉള്‍പ്പെടെ തൊഴില്‍ സുരക്ഷ; പിന്നെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എന്നൊരു വിഭാഗമുണ്ട്. അവരെ 'അമ്മ'യ്ക്കും വേണ്ട ഞങ്ങളുടെ തൊഴില്‍ സംഘടനയ്ക്കും വേണ്ട, അപ്പോള്‍ അവരെ എങ്ങനെ സംരക്ഷിക്കാമെന്ന് അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യും. പിന്നെ കോസ്റ്റ്യൂം ഡിസൈനേഴ്സ് അസിസ്റ്റന്റ് നിര്‍ബന്ധമായും സ്ത്രീയാവണം എന്ന നിര്‍ദേശം മുന്നോട്ട് വയ്ക്കും. കാരണം നടിമാര്‍ക്ക് കൂടുതല്‍ കംഫര്‍ട്ടിബിള്‍ അതാണ്. പിന്നെ വേതന വ്യവസ്ഥകള്‍ എല്ലാം ചര്‍ച്ച ചെയ്യും. ഇക്കാര്യത്തില്‍ 'അമ്മ' ഉള്‍പ്പെടെ എല്ലാ സംഘടനയോടും ഇത് ചര്‍ച്ച ചെയ്യും.
സംഘടനകള്‍ ഉണ്ടായത് കൊണ്ട് മാത്രം ചൂഷണം ഇല്ലാതാകുമോ?
അത് വളരെ ശരിയാണ്. അതുകൊണ്ട് തന്നെ ബോധവത്കരണം, ധൈര്യം ഇതൊക്കെ കൊടുക്കാനേ സംഘടനയ്ക്ക് കഴിയൂ. എല്ലായ്പ്പോഴും സംരക്ഷത്തിന് സംഘടനയോ മറ്റാരെങ്കിലും ഉണ്ടാകുമെന്ന് കരുതരുത്. ഒരു പ്രശ്നം വന്നാല്‍ എങ്ങനെ നേരിടണമെന്ന് ഓരോ സ്ത്രീക്കും പറഞ്ഞു കൊടുക്കും. ഒപ്പം സ്ത്രീകളുടെ എല്ലാ പ്രശ്നങ്ങളിലും ഒപ്പം നില്ക്കും. അങ്ങനെയാണ് ഈ സംഘടന പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നത്.
http://www.azhimukham.com/cinema-trending-saradakutty-criticize-kamal-wcc-on-surabhi-issue/
http://www.azhimukham.com/film-year-end-malayalam-cinema-industry-and-wcc-fight-against-misogyny-patriarchy-by-dhanya/
http://www.azhimukham.com/trending-women-collective-statement-no-fear-we-should-continue-or-fight-against-male-chauvinism/