TopTop
Begin typing your search above and press return to search.

"മനുഷ്യന്‍ എന്ന ബസ് അയോധ്യയും അല്‍ജിഹാദും ആയി മാറുന്നതിനെ സെന്‍സര്‍ ബോര്‍ഡ് വെട്ടിമുറിച്ചു": ആദ്യ സിനിമയെ കുറിച്ച് റഫീഖ് മംഗലശേരി

മനുഷ്യന്‍ എന്ന ബസ് അയോധ്യയും അല്‍ജിഹാദും ആയി മാറുന്നതിനെ സെന്‍സര്‍ ബോര്‍ഡ് വെട്ടിമുറിച്ചു: ആദ്യ സിനിമയെ കുറിച്ച് റഫീഖ് മംഗലശേരി

കഴിഞ്ഞ വര്‍ഷം നടന്ന സ്‌കൂള്‍ കലോത്സവത്തില്‍ കിത്താബ് എന്ന നാടകത്തിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ച നാടകപ്രവര്‍ത്തകനാണ് റഫീഖ് മംഗലശേരി. അതിന് മുമ്പ് റഫീഖ് ചെയ്ത ജയഹേ എന്ന ഷോര്‍ട്ട് ഫിലിമും റാബിയ എന്ന നാടകവുമെല്ലാം ഇവിടുത്തെ ഹിന്ദു-ഇസ്ലാമിക തീവ്രചിന്താഗതിക്കാരെ പ്രകോപിപ്പിച്ചിരുന്നു. ഇന്ന് റിലീസ് ചെയ്ത മമ്മാലി എന്ന ഇന്ത്യക്കാരന്‍ എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ച് സിനിമയിലേക്കും കടക്കുകയാണ് റഫീഖ്. തന്റെ രാഷ്ട്രീയം തന്നെയാണ് തന്റെ സിനിമയും നാടകവുമെല്ലാമെന്ന് ആവര്‍ത്തിക്കുകയാണ് റഫീഖ്. റഫീഖുമായി അഴിമുഖം പ്രതിനിധി നടത്തിയ സംഭാഷണത്തില്‍ നിന്ന്.

മലബാറിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമ കഥ പറയുന്നത്. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ പോയി മരിക്കുന്ന അന്‍വര്‍ എന്നയാളുടെ വാപ്പയും ഭാര്യയും അനുഭവിക്കുന്ന സംഘര്‍ഷങ്ങളാണ് ഈ സിനിമ. ആ കുടുംബത്തിന് നേരിടേണ്ടി വരുന്ന സാമൂഹിക, ഭരണകൂട പ്രശ്‌നങ്ങളാണ് ഈ ചിത്രത്തില്‍ പറയുന്നത്. ഈ ചിത്രത്തില്‍ ഭരണകൂട പ്രശ്‌നങ്ങളേക്കാളുപരി സാമൂഹിക പ്രശ്‌നങ്ങളാണ് കൂടുതലായും പറയുന്നത്. ആ കുടുംബത്തെ നമ്മുടെ സമൂഹം നോക്കിക്കാണുന്ന രീതിയാണ് സിനിമയിലൂടെ മുഖ്യമായും പറഞ്ഞുവയ്ക്കുന്നത്. അതുപോലെ തന്നെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ അനുഭവിക്കുന്ന സാമൂഹിക ബഹിഷ്‌കരണത്തെക്കുറിച്ചും ഈ സിനിമ സംസാരിക്കുന്നു. അവരോടുള്ള സമീപനത്തിന് കേരള സമൂഹത്തില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ചില പ്രദേശങ്ങളില്‍ അവര്‍ അവഗണന നേരിടുണ്ട്. പോലീസുകാര്‍ക്കും ഭരണകൂടത്തിനുമെല്ലാം അവരോടുള്ള സമീപനങ്ങളില്‍ പ്രശ്‌നമുണ്ട്. അതുപോലെ നിരപരാധികളായ മനുഷ്യരെ മാവോയിസ്റ്റ് എന്ന് പറഞ്ഞ് വേട്ടയാടുന്ന പ്രശ്‌നങ്ങള്‍. ആദിവാസി, ദലിത് വിഭാഗങ്ങള്‍ക്കിടയിലുള്ള മാവോയിസ്റ്റ് വേട്ട. അതോടൊപ്പം തന്നെ പശുഭീകരത. പശു രാഷ്ട്രീയമാണ് ഇന്ത്യയില്‍ ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. കേരളത്തിലേക്ക് കാര്യമായി അത് കടന്നു വന്നിട്ടില്ലെങ്കില്‍ പോലും സമീപ ഭാവിയില്‍ തന്നെ അത് കേരളത്തിലേക്കും എത്തിച്ചേരാം. മറ്റ് സംസ്ഥാനങ്ങളിലെല്ലാം പശുവിന്റെ പേരില്‍ ഓരോ ദിവസവും നാലും അഞ്ചും പേര്‍ മരിച്ചു വീഴുന്ന അവസ്ഥയാണുള്ളത്.

ഇസ്ലാമോഫോബിയയും ഈ സിനിമയില്‍ കടന്നു വരുന്നുണ്ട്. എന്നാല്‍ ലോകം മുഴുവന്‍ ഇസ്ലാമോഫോബിയയാണെന്ന തരത്തിലല്ല ഈ സിനിമയില്‍ അതിനെ കാണുന്നത്. യഥാര്‍ത്ഥത്തില്‍ ഇസ്ലാമിക ഭീകരവാദത്തിന്റെ ഉല്‍പ്പന്നമാണ് ഇസ്ലാമോഫോബിയ. ബോംബിട്ടും മറ്റ് അക്രമങ്ങളിലൂടെയും ഇസ്ലാമിക ഭീകരവാദം ലോകത്തെ പേടിപ്പിക്കുമ്പോള്‍ സ്വാഭാവികമായും മറ്റ് മതങ്ങളും മറ്റ് ജനങ്ങളും ഇസ്ലാമിനെ പേടിക്കുകയാണ്. അതില്‍ നിന്നാണ് ഇസ്ലാമോഫോബിയയുണ്ടാകുന്നതും. ഐഎസില്‍ പോയി മരിച്ച അന്‍വറിന്റെ കുടുംബത്തെ സമൂഹം അങ്ങനെ നോക്കിക്കാണുന്നത് ഇസ്ലാമോഫോബിയ മൂലമാണ്. പ്രധാനമായും ഇസ്ലാമിക തീവ്രവാദം തന്നെയാണ് ഈ ചിത്രത്തില്‍ പറയുന്നത്. സാധാരണ മുസ്ലിങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇസ്ലാമിക തീവ്രവാദമാണ്. അല്ലെങ്കില്‍ ഇസ്ലാമിക തീവ്രവാദത്തിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്നത് ഇവിടുത്തെ സാധാരണ മുസ്ലിങ്ങള്‍ ആണ്. അതുകൊണ്ടാണ് ഐഎസില്‍ പോയി മരിച്ച അന്‍വറിന്റെ വാപ്പയും ഭാര്യയുമൊക്കെ ഇവിടെ ദുരിതമനുഭവിക്കേണ്ടി വരുന്നത്. ഇതാണ് സിനിമയുടെ ആകെ തുക.

കിത്താബ് നാടകത്തിന് തീവ്ര ഇസ്ലാമിക വിഭാഗങ്ങളില്‍ നിന്നാണ് വെല്ലുവിളി ഉയര്‍ന്നത്. ഇപ്പോള്‍ ഈ സിനിമ ചര്‍ച്ച ചെയ്യുന്നത് ഇവിടുത്തെ പ്രധാനപ്പെട്ട രണ്ട് മതവിഭാഗങ്ങളെയും കുറിച്ചാണ്. അപ്പോള്‍ കൂടുതല്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരില്ലേ?

കിത്താബ് നാടകത്തിന് മുമ്പ് തന്നെ ജയഹേ എന്ന ഒരു ഷോര്‍ട്ട് ഫിലിം ഞാന്‍ ചെയ്തിരുന്നു. അതും ഇതുപോലെ ചില ഹൈന്ദവ സംഘടനകള്‍ക്കിടയില്‍ അസ്വാരസ്യങ്ങളുണ്ടായതാണ്. അതുപോലെ 2007ല്‍ എഴുതിയ റാബിയ എന്ന നാടകവും വിവാദമുണ്ടായതിനാല്‍ കുട്ടികള്‍ക്ക് കളിക്കാന്‍ പറ്റാതെ പോയതാണ്. അന്നും കുട്ടികളുടെ കണ്ണീര് വീണതാണ്. അന്ന് സോഷ്യല്‍ മീഡിയ ഇത്രമാത്രം സജീവമല്ലാതിരുന്നതിനാല്‍ കാര്യമായി ചര്‍ച്ചയായില്ല. അങ്ങനെ ഇരുവിഭാഗങ്ങളും എതിര്‍ത്ത് വരുമെന്നുള്ളത് കൊണ്ട് പറയാനുള്ള കാര്യങ്ങള്‍ പറയാതിരിക്കാന്‍ ആകില്ലല്ലോ? സമൂഹത്തില്‍ ഇന്ന് നടക്കുന്ന പൊള്ളുന്ന വിഷയങ്ങള്‍ വളരെ പച്ചയായി സിനിമയില്‍ കൂടി അവതരിപ്പിക്കുന്നു. സ്വാഭാവികമായും യാഥാസ്ഥിതിക സമൂഹത്തിന് അതില്‍ ചൊടിപ്പുണ്ടായേക്കാം. പക്ഷെ ആരെയെങ്കിലും ഭയന്ന് നമുക്ക് പറയാനുള്ള കാര്യങ്ങള്‍ പറയാതിരിക്കാനാകില്ല. ഏതെങ്കിലും മതസംഘടനകളെയോ തീവ്രവാദ സംഘടനകളെയോ പേടിച്ചിട്ട് നമുക്ക് പറായനുള്ള രാഷ്ട്രീയം പറയാതിരിക്കാന്‍ പറ്റില്ല. കാരണം ഭയപ്പെടാതെ രാഷ്ട്രീയം പറയേണ്ട ഒരു കാലത്താണ് നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത്. കാരണം അത്ര അപകടകരമായ അവസ്ഥയിലൂടെ നമ്മുടെ രാജ്യം കടന്നുപോകുന്നത്.

നാടകത്തില്‍ സ്‌റ്റേജിന് അതിന്റേതായ പരിമിധികളുണ്ട്. അതില്‍ നിന്നാണ് റഫീഖ് ഇത്രകാലം വര്‍ക്ക് ചെയ്തിട്ടുള്ളതും. സിനിമയെന്ന വലിയ ക്യാന്‍വാസിലേക്ക് ആശയങ്ങളെ മാറ്റാനുള്ള കാരണം എന്തായിരുന്നു?

പല കാലങ്ങളിലായി നാടകത്തിലൂടെ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ തന്നെയാണ് ഈ സിനിമയിലും പറയുന്നത്. എങ്കിലും അതിന് കുറെക്കൂടി വലിയ പരന്നു കിടക്കുന്ന ക്യാന്‍വാസ് ആവശ്യമാണെന്ന് തോന്നിയതിനാലാണ് സിനിമയെന്ന മാധ്യമത്തിലൂടെ ഇത് പറയുന്നത്. ഞാനൊരു നാടകക്കാരനാണ് നാടകത്തിന്റേതായ എല്ലാ വികാരങ്ങളും ഉള്‍ക്കൊള്ളുന്ന ഒരാളാണെങ്കിലും നാടകത്തേക്കാള്‍ കൂടുതലായി ജനങ്ങള്‍ ഏറ്റെടുക്കുന്ന മാധ്യമമാണ് ഇപ്പോള്‍ സിനിമയെന്ന് സമ്മതിക്കേണ്ടതുണ്ട്. നമുക്ക് പറയാനുള്ള ഈ വിഷയം കുറെക്കൂടി ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ടെന്നതിനാലാണ് ഈയൊരു വിഷയത്തില്‍ സിനിമാ ചര്‍ച്ച രൂപപ്പെടുന്നത്.

സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രവര്‍ത്തകരെക്കുറിച്ചും വിശദീകരിക്കാമോ? അവരും ഈ രാഷ്ട്രീയത്തെ അംഗീകരിക്കുന്നുണ്ടോ?

സിനിമയുടെ മുന്നില്‍ നില്‍ക്കുന്ന ഡയറക്ടര്‍, പ്രൊഡ്യൂസര്‍, തിരക്കഥാകൃത്ത് എന്നിവരെല്ലാം ഈ രാഷ്ട്രീയത്തോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ തന്നെയാണ്. എന്നാല്‍ ക്യാമറ ക്രൂ പോലെയുള്ളവരുടെ രാഷ്ട്രീയം എന്താണെന്ന് അറിയില്ല. ചിത്രം സംവിധാനം ചെയ്യുന്ന അരുണ്‍ എന്‍ ശിവന്‍ എന്നെ പോലെ തന്നെ സിനിമയില്‍ നവാഗതനാണ്. കാര്‍ത്തിക് എം നാഗറാം ആണ് ചിത്രത്തിന്റെ പ്രൊഡ്യൂസര്‍. അഷ്‌റഫ് പാലാഴിയാണ് ക്യാമറ. പ്രധാന റോള്‍ ചെയ്യുന്ന അതായത് അന്‍വറിന്റെ വാപ്പയായി അഭിനയിക്കുന്ന കാര്‍ത്തിക് ഷോര്‍ട്ട് ഫിലിമുകളിലും നാടകങ്ങളിലുമെല്ലാം അഭിനയിക്കുന്ന വ്യക്തിയാണ്. അന്‍വറിന്റെ ഭാര്യയുടെ വേഷം ചെയ്യുന്നത് മന്‍സിയ ആണ്. മലപ്പുറത്ത് ഒരു മുസ്ലിം പെണ്‍കുട്ടി നൃത്തം പഠിച്ചതിന്റെ പേരില്‍ ഒരു കുടുംബത്തിന് മൊത്തം സാമുദായിക വിലക്ക് നേരിടേണ്ട വന്ന സംഭവം ഉണ്ടായിരുന്നു. മന്‍സിയയ്ക്കും കുടുംബത്തിനുമാണ് അന്ന് വിലക്ക് നേരിടേണ്ടി വന്നത്. നാടകരംഗത്തിലൂടെ സിനിമയിലും സജീവമായ സന്തോഷ് കീഴാറ്റൂര്‍, രാജേഷ് ശര്‍മ്മ, പ്രകാശ് ബാര, ജയപ്രകാശ് കുളൂര്‍, വിജയന്‍ വി നായര്‍, വിജയന്‍ കാരന്തൂര്‍, ശശി എലഞ്ഞിക്കല്‍, മുസ്തഫ ചേളാരി, ബിനോയ് നമ്പാല തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. ചുരുക്കത്തില്‍ നാടകത്തിന്റെ പിന്‍ബലം ഈ സിനിമയ്ക്കുണ്ട്. നാടകക്കാരുടെ സിനിമ എന്ന് വേണമെങ്കില്‍ ഇതിനെ വിളിക്കാം.

കേരളത്തിലേത് വളരെ രാഷ്ട്രീയ ബോധമുള്ള ജനതയാണെന്നാണ് പൊതുവെ പറയുന്നത്. എന്നിട്ട് പോലും ഇത്തരത്തിലൊരു രാഷ്ട്രീയ സിനിമയ്ക്ക് ഇവിടെ തിയറ്റര്‍ അനുവദിക്കാത്തതെന്താണ്?

സിനിമയെന്ന് പറയുന്ന കലാരൂപത്തെ കച്ചവടമായിട്ടാണ് നാം കാണുന്നത്. പണം വാരിയ നിരവധി രാഷ്ട്രീയ സിനിമകള്‍ മലയാളത്തിലുണ്ടായിട്ടുണ്ടെങ്കില്‍ പോലും പുതിയ കാലത്ത് കേരള സമൂഹത്തിന് അത്രത്തോളം രാഷ്ട്രീയ ബോധമുണ്ടോ എന്ന് സംശയമാണ്. ശബരിമല വിധിയ്ക്ക് ശേഷം ഇവിടെയുണ്ടായ ബഹളങ്ങളെല്ലാം അതിന് തെളിവാണ്. അത്രത്തോളം രാഷ്ട്രീയ ബോധവും നവോത്ഥാന ചിന്താഗതിയുമുള്ളവരായിരുന്നോ കേരളത്തിലെ ജനങ്ങളെന്ന ചോദ്യമാണ് അതിന് ശേഷം ഉയരുന്നത്. കിത്താബില്‍ ഒരു പെണ്‍കുട്ടി പള്ളിയില്‍ കയറി വാങ്ക് കൊടുക്കണമെന്ന് നാടകത്തിലൂടെ പറഞ്ഞപ്പോള്‍ തന്നെ വലിയ കോലാഹലമാണ് ഉണ്ടായത്. അപ്പോള്‍ പെണ്‍കുട്ടികള്‍ക്കും പള്ളിയില്‍ കയറി വാങ്ക് കൊടുക്കാമെന്ന് ഒരു സുപ്രിംകോടതി വിധിയുണ്ടായാല്‍ എന്തായിരിക്കും ഇവിടെ സംഭവിക്കുക? അതുകൊണ്ട് തന്നെ കേരള സമൂഹത്തിന് അത്ര വലിയ രാഷ്ട്രീയ ബോധമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. കേരളത്തില്‍ മുസ്ലിങ്ങള്‍ക്കിടയിലുള്ള അത്ര വര്‍ഗ്ഗീയത ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഇടയിലില്ല എന്ന് വിശ്വസിച്ചിരുന്ന ആളാണ് ഞാന്‍. പക്ഷെ അങ്ങനെ ഒന്നുണ്ടെന്ന് ബോധ്യപ്പെട്ടത് ശബരിമല വിഷയത്തോടെയാണ്. യഥാര്‍ത്ഥത്തില്‍ മലയാളികളുടെ മനസില്‍ വര്‍ഗ്ഗീയതയുണ്ട്. എന്നാല്‍ സുഖലോലുപതയില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നതിനാല്‍ അത് പ്രകടിപ്പിക്കാന്‍ തയ്യാറാകുന്നില്ലെന്നതാണ് വാസ്തവം.

പക്ഷെ ഇത്തരം സിനിമകള്‍ പ്രദര്‍ശിപ്പിച്ചാല്‍ തിയറ്ററുകളില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകുമോ അല്ലെങ്കില്‍ ആരെങ്കിലും അത് തല്ലിത്തകര്‍ക്കുമോ തുടങ്ങിയ പേടിയാണ് പ്രദര്‍ശനാനുമതി ലഭിക്കാതിരിക്കാന്‍ കാരണം. മതവിഭാഗങ്ങളെയും മതസംഘടനകളെയും പലരും പേടിക്കുന്നുണ്ട്. അത് ഇസ്ലാം മതത്തിലെയായാലും ഹിന്ദു മതത്തിലെയായാലും. മുസ്ലിം സബ്ജക്ടില്‍ വരുന്ന സിനിമകളായാലും നാടകങ്ങളായാലും പലര്‍ക്കും കാണാന്‍ തന്നെ ഭയമാണ്. നമ്മുടെ സമൂഹം തന്നെ അങ്ങനെയാണ്. തീവ്രമത വിഭാഗങ്ങളെ സമൂഹം പേടിയോടെയാണ് കാണുന്നത്. അതുകൊണ്ടാണ് കിത്താബ് വിഷയമൊക്കെ വന്നപ്പോള്‍ ഒരു ഇരട്ടത്താപ്പ് നിലപാട് പലരും സ്വീകരിച്ചത്. മീശ നോവലിന് നല്‍കിയ പിന്തുണ ഒരു തരത്തിലും കിത്താബിന് കിട്ടിയിട്ടില്ല. മുസ്ലിം തീവ്രവാദത്തെ തൊടാനുള്ള ഭയമാണ് അതിന് കാരണം. ചേകന്നൂരിനെ കൊല്ലുന്നതോടെയോ ജോസഫ് മാഷിന്റെ കൈവെട്ടുന്നതോടെയോ ഇവിടുത്തെ സാമുദായിക സംഘടനകള്‍ ഈ സമൂഹത്തെ പേടിപ്പെടുത്തിയിരിക്കുകയാണ്. ഇവിടുത്തെ സാംസ്‌കാരിക പ്രവര്‍ത്തകരും ബുദ്ധിജീവികളും ഇസ്ലാമിക സംഘടനകളെ തൊടാതിരിക്കുന്നതിനുള്ള മറ്റൊരു കാരണമായി എനിക്ക് തോന്നുന്നത് പുസ്തകങ്ങളുടെ വില്‍പ്പന, വേദികള്‍, ഗള്‍ഫ് രാജ്യങ്ങളില്‍ നടക്കുന്ന പുസ്തകോത്സവങ്ങള്‍ ഇവയെല്ലാം തന്നെ ഇസ്ലാമിക സംഘടനകള്‍ക്ക് കീഴിലാണ് നടക്കുന്നത് എന്നതിനാലാണ്. അതിന് പകരം അവര്‍ സംഘപരിവാറിനെ ഭീകരമായി വിമര്‍ശിക്കുകയും ചെയ്യും. ഇതുകൊണ്ട് തലോടല്‍ ലഭിക്കുന്നത് ഇസ്ലാമിക ഭീകരവാദത്തിനാണ്. കലയിലൂടെയും സാഹിത്യത്തിലൂടെയും മതവിമര്‍ശനമല്ല നടത്തേണ്ടതെന്ന തെറ്റായ സന്ദേശമാണ് ഇത്തരം സിനിമകള്‍ക്ക് തിയറ്റര്‍ ലഭിക്കാതിരിക്കുന്നതിലൂടെ സംഭവിക്കുന്നത്.

മമ്മാലിയെന്ന ഇന്ത്യക്കാരനില്‍ സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടലുകളെന്തെല്ലാമായിരുന്നു?

സിനിമയിലെ പതിനഞ്ചോളം ഭാഗങ്ങള്‍ മ്യൂട്ട് ചെയ്തിട്ടുണ്ട്. പാകിസ്ഥാനിലേക്ക് പോകൂ, താടി വടിയ്ക്കണം എന്നൊക്കെ പറയുന്ന ഭാഗങ്ങളാണ് പ്രധാനമായും മ്യൂട്ട് ചെയ്തിരിക്കുന്നത്. പാകിസ്ഥാനിലേക്ക് പോകൂവെന്ന് ഇവിടുത്തെ പല രാഷ്ട്രീയ നേതാക്കളും സ്ഥിരമായി പറയുന്നതാണ്. എന്നാല്‍ അത് സിനിമയില്‍ പറയുമ്പോള്‍ അത് പ്രശ്‌നമാകുന്നതെങ്ങനെയാണ്. സിനിമയുടെ ആദ്യ സീനില്‍ ഒരു ബസ് പോകുന്നത് കാണിക്കുന്നുണ്ട്. ആ സീനില്‍ ബസിന്റെ പേര് മനുഷ്യന്‍ എന്നാണ്. എന്നാല്‍ അവസാന ഭാഗങ്ങളിലേക്ക് വരുമ്പോള്‍ ബസിന്റെ പേര് അയോധ്യ, അല്‍ജിഹാദ് എന്നിങ്ങനെയായി മാറുന്നു. ഈ പേരുകള്‍ സെന്‍സര്‍ ബോര്‍ഡ് മായ്ക്കണമെന്ന് ആവശ്യപ്പെട്ടു. നമ്മുടെ നിവൃത്തികേടുകൊണ്ടും നിര്‍മ്മാതാവ് ഒരു സാധാരണക്കാരനായതുകൊണ്ടും ഞങ്ങള്‍ക്ക് അത് അനുസരിക്കേണ്ടിയും വന്നു. അത്തരം സംഗതികള്‍ സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്നാണ് അവര്‍ നല്‍കിയ വിശദീകരണം.

എന്റെ അഭിപ്രായത്തില്‍ സെന്‍സര്‍ ബോര്‍ഡ് തന്നെ എടുത്തു കളയേണ്ടതുണ്ട്. സിനിമയ്ക്ക് മാത്രമെന്തിനാണ് സെന്‍സര്‍ ബോര്‍ഡ്. പുസ്തകങ്ങള്‍ക്കോ നാടങ്ങള്‍ക്കോ ഒന്നും ഇവിടെ സെന്‍സര്‍ ബോര്‍ഡില്ല. ഒട്ടനവധി തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്ന സീരിയലുകള്‍ക്കും ഇവിടെ സെന്‍സര്‍ ബോര്‍ഡ് ഇല്ലല്ലോ. കുടുംബങ്ങള്‍ക്കിടയില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നവയാണ് ഈ സീരിയലുകള്‍. എന്നിട്ടും സിനിമയ്ക്ക് മാത്രം സെന്‍സര്‍ ബോര്‍ഡ് ഉള്ളത് ശക്തമായ പല സന്ദേശങ്ങള്‍ നല്‍കുന്നതിന് തടസ്സമാകുന്നുണ്ട്.

Also read:


Next Story

Related Stories