TopTop

ജീവിതത്തെ അപ്പാടെ സിനിമയിലേക്ക് കമഴ്ത്തി വെക്കുന്നതല്ല റിയലിസം, ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’ ഒരു നുള്ള് ഉപ്പ്: സജീവ് പാഴൂര്‍/അഭിമുഖം

ജീവിതത്തെ അപ്പാടെ സിനിമയിലേക്ക് കമഴ്ത്തി വെക്കുന്നതല്ല റിയലിസം, ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’ ഒരു നുള്ള് ഉപ്പ്: സജീവ് പാഴൂര്‍/അഭിമുഖം
“ഇനി ഒരു തൊണ്ടിമുതല്‍ എനിക്കെഴുതാനാവണമെന്നില്ല. അത് വേറൊരു ജീവിതം പറയുന്ന തികച്ചും വ്യത്യസ്തമായ സിനിമയാണ്. ആ സിനിമയ്ക്ക് കിട്ടിയ വിജയവും മികച്ച അഭിപ്രായങ്ങളും വലിയ ഉത്തരവാദിത്തം എഴുത്തുകാരന്‍ എന്ന നിലയില്‍ എനിക്കു നല്കിയിട്ടുണ്ട്. എന്നാല്‍ അത് ബാധ്യതയായി കൊണ്ടുനടക്കാന്‍ ഞാനില്ല. ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’ തികച്ചും വേറിട്ട പാശ്ചാത്തലത്തില്‍ വേറെ രീതിയില്‍ കഥ പറയുന്ന ലളിതമായ സിനിമയാണ്.”

2017ല്‍ തിയറ്ററുകളില്‍ എത്തുകയും മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങുകയും 15 വര്‍ഷക്കാലത്തോളം സിനിമാ മേഖലയില്‍ പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലം ഒറ്റ സിനിമ കൊണ്ട് നേടിയെടുത്ത് മുഖ്യധാര സിനിമയില്‍ വിസ്മയകരമായ തുടക്കമിടുകയും ചെയ്ത സജീവ് പാഴൂര്‍ സംസാരിച്ചു തുടങ്ങി. സജീവ് തിരക്കഥ എഴുതി 'ഒരു വടക്കന്‍ സെല്‍ഫി'യിലൂടെ സംവിധാന രംഗത്തേക്ക് കടന്നു വന്ന ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’ ഇന്ന് തിയറ്ററുകളില്‍ എത്തി. രണ്ടു പേരുടെയും രണ്ടാമത്തെ സിനിമയാണ് ഇത്. ബിജു മേനോന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ വിവാഹ ജീവിതത്തിന്റെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന മലയാളത്തിന്റെ പ്രിയ നായിക സംവൃത സുനിലാണ് മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

തൊണ്ടിമുതല്‍ മുന്നോട്ട് വെച്ച തീവ്ര രാഷ്ട്രീയ ചിന്തയില്‍ നിന്നും മാറി സത്യം പറഞ്ഞാ വിശ്വസിക്കുവോ?യില്‍ എത്തുമ്പോള്‍ ലളിത സുന്ദരമായ കുടുംബ ചിത്രമാണ് സജീവ് അവതരിപ്പിക്കുന്നത്. നല്ല ഒരു കുടുംബകഥ പറയുന്നതിനോടൊപ്പം ഒരു സാമൂഹ്യ പ്രാധാന്യമുള്ള വിഷയം വളരെ കൌശലത്തോടെ വിളക്കിചേര്‍ക്കാനും എഴുത്തുകാരനും സംവിധായകനും ശ്രമിക്കുന്നു.

“മലയാളിയുടെ മദ്യാസക്തിയാണ് ഈ ചിത്രത്തിന്റെ കേന്ദ്ര പ്രമേയം. നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിജു മേനോന്‍ ഇതില്‍ ഒരു വാര്‍ക്ക പണിക്കാരനാണ്. നന്നായി അദ്ധ്വാനിക്കുക, വൈകുന്നേരം കമ്പനി കൂടി രണ്ടടിക്കുക. ഇതാണ് മൂപ്പരുടെ ഒരു ലൈന്‍. അതിനു പറ്റിയ ഒരു കമ്പനി തന്നെ പുള്ളിയുടെ കൂടെയുണ്ട്. ഇങ്ങനെ കള്ളുകുടിച്ചു വരുന്ന ഭര്‍ത്താവിനോട് സംവൃത അവതരിപ്പിക്കുന്ന ഭാര്യ കഥാപാത്രം ചോദിക്കുന്നുണ്ട്. കള്ളുകുടിയനായ നിങ്ങള്‍ക്ക് എവിടെ നിന്നെങ്കിലും ആരില്‍ നിന്നെങ്കിലും ബഹുമാനം കിട്ടുന്നുണ്ടോ? ഏറ്റവും കുറഞ്ഞത് സ്വന്തം മകളുടെ അടുത്ത് നിന്നെങ്കിലും. ഈ ഒരു ചോദ്യത്തിലാണ് ചിത്രത്തിന്റെ സത്ത ഇരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇക്കൂട്ടര്‍ കഴിക്കുന്ന മദ്യം വിറ്റു കിട്ടുന്ന നികുതി ഉപയോഗിച്ചാണ് റോഡും പാലവും നാടിന്റെ വികസനവും ഒക്കെ ഉണ്ടാക്കുന്നത്. എന്നിട്ടും ഇവരെ ഏറ്റവും മോശക്കാരായിട്ടാണ് സമൂഹം കാണുന്നത്. സര്‍ക്കാര്‍ നിരോധിച്ച ഒരു കാര്യം അല്ല ഇവര്‍ ചെയ്യുന്നത് എന്നോര്‍ക്കണം. അതേസമയം മദ്യത്തിനെതിരെ വലിയ പ്രഭാഷണം നടത്താന്‍ സിനിമയില്‍ ഒട്ടും ഉദ്ദേശിക്കുന്നില്ല. മറിച്ച് ഉത്തരവാദിത്തത്തോടെയുള്ള മദ്യപാനം എന്നൊരു ആശയമാണ് സിനിമ മുന്നോട്ട് വെക്കുന്നത്. അത് നല്ലൊരു കുടുംബ കഥയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണ്.”


എന്തുകൊണ്ട് വാര്‍ക്ക പണിക്കാര്‍?

“അതൊരു കടുത്ത തീരുമാനമായിപ്പോയി എന്നു സിനിമയുടെ ചിത്രീകരണത്തിനിടയില്‍ തോന്നിപ്പോയിരുന്നു. ശരിക്കും 3 ദിവസം കൊണ്ട് ഒരു വീട് വാര്‍ക്കുക തന്നെ ചെയ്തു. പരിക്കു പറ്റാത്ത ഒരു ആര്‍ട്ടിസ്റ്റ് പോലുമില്ല. എല്ലാവരും ഒരു മടിയും കൂടാതെ കമ്മിറ്റഡ് ആയി ഹാര്‍ഡ് വര്‍ക്ക് ചെയ്തു. എന്തുകൊണ്ട് വാര്‍ക്ക പണിക്കാര്‍ എന്ന ചോദ്യം വളരെ പ്രധാനമാണ്. എനിക്ക് വര്‍ക്കിംഗ് ക്ലാസിന്റെ കഥ പറയാനാണ് ഇഷ്ടം. വാര്‍ക്ക പണിക്കാര്‍ കേരളത്തില്‍ എല്ലായിടത്തും ഏകദേശം ഒരു പോലെയാണ്. അവരുടെ വീടുകള്‍ നോക്കുക. മിക്കവാറും പണി പൂര്‍ത്തിയാവാത്ത വീടുകള്‍ ആയിരിക്കും അവരുടേത്. തേക്കാതെ, വാതിലിന്റെ ജനലിന്റെയും സ്ഥാനത്ത് പഴയ സാരി കര്‍ട്ടനായിട്ട്... പണിയില്ലാത്ത ഞായറാഴ്ചകളില്‍ സംഘമായി ഒത്തുകൂടിയായിരിക്കും സ്വന്തം വീടിന്റെ പണി നോക്കുക. രണ്ട് ചാക്ക് സിമന്‍റെടുത്ത്, അത് അവിടെയിവിടെ തൊട്ടുവെയ്ക്കും. പൂര്‍ത്തിയാക്കില്ല. ചിലപ്പോള്‍ രണ്ട് സ്മാളടിക്കാനുള്ള അവസരമായിട്ടാണ് അവരിതിനെ കാണുക. ഇനി അവര്‍ എടുക്കുന്ന മറ്റ് വീടുകളില്‍ പണി പൂര്‍ത്തിയാക്കി ഉടമസ്ഥര്‍ താമസിച്ചു തുടങ്ങിയാല്‍ മാക്സിമം സിറ്റൌട്ട് വരെ മാത്രമാണ് അവര്‍ക്ക് പ്രവേശം ഉണ്ടാവുക. ഒരു കാലത്ത് അവര്‍ അധികാരത്തോടെ പണി എടുത്ത ഇടങ്ങളാണ് അത്. ഇത്തരം ചിന്തകളൊക്കെയാണ് ഒരു തൊഴിലാളി വര്‍ഗ്ഗം എന്ന നിലയില്‍ വാര്‍ക്ക പണിക്കാരുടെ ജീവിതം, അവരുടെ സൌഹൃദങ്ങള്‍, ആഗ്രഹങ്ങള്‍, തല്ലുകൊള്ളിത്തരങ്ങള്‍ ഒക്കെ സിനിമയില്‍ കൊണ്ടുവരണമെന്ന് തോന്നിയത്.”


തിരക്കഥ എഴുതുന്ന വേളയില്‍ ദിവസങ്ങളോളം വാര്‍ക്കപണിക്കാരുടെ കൂടെ ചിലവഴിച്ചു എന്നു സജീവ് പറഞ്ഞു. അതൊരു വലിയ അനുഭവമായിരുന്നു.

പ്രജിത്തുമായുള്ള ബന്ധം

“പ്രജിത്തുമായി ദീര്‍ഘ കാലത്തെ സൌഹൃദം ഉണ്ട്. ഒന്നിച്ച് സിനിമ ചെയ്യണമെന്ന് വളരെ മുന്നേ തന്നെ ആലോചിച്ചിരുന്നു. പ്രജിത്ത് വടക്കന്‍ സെല്‍ഫിയുമായും ഞാന്‍ തൊണ്ടിമുതലും മറ്റ് വര്‍ക്കുമായും തിരക്കിലായി. സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്നത് തൊണ്ടിമുതലിന് ശേഷം പെട്ടെന്നുണ്ടായ ആലോചനയില്‍ രൂപപ്പെട്ട പ്രൊജക്ടാണ്. ഞാന്‍ പറയുന്നത് പ്രജിത്തിനും പ്രജിത്ത് പറയുന്നത് എനിക്കും മനസിലാക്കാന്‍ കഴിയുന്ന ഒരു വേവ്ലെങ്ത് നമുക്കിടയില്‍ ഉണ്ട്."

ബിജു മേനോനും സംവൃതയും

“സിനിമയുടെ രണ്ട് ഭാഗ്യങ്ങള്‍ എന്നു പറയുന്നതു ബിജു മേനോനെയും സംവൃതയെയും മുഖ്യ കഥാപത്രങ്ങളെ അവതരിപ്പിക്കാനായി കിട്ടി എന്നതാണ്. ബിജു ചേട്ടന്റെ പ്രത്യേകത മൂപ്പര്‍ ഒരു കൈലി ഉടുത്ത് ഇറങ്ങിക്കഴിഞ്ഞാല്‍ വളരെ വേഗത്തില്‍ ആ കഥാപാത്രമായി മാറും എന്നതാണ്. സംവൃത ഒരു ബ്രേക്കിന് ശേഷം വരുന്ന സിനിമ എന്ന തരത്തില്‍ മാര്‍ക്കറ്റില്‍ അതിന്റെതായ സ്വീകാര്യത കിട്ടുന്നുണ്ട്. എന്നാല്‍ അത് മാത്രമല്ല പ്രധാനം. സിനിമയിലെ നിര്‍ണ്ണായക കഥാപാത്രത്തെയാണ് സംവൃത അവതരിപ്പിക്കുന്നത് എന്നുള്ളതാണ്. അവര്‍ വളരെ ജെന്‍റിലായി സെറ്റില്‍ ഇടപെടുകയും തന്റെ കഥാപാത്രത്തെ മികച്ച രീതിയില്‍ അവര്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.”
മലയാളത്തില്‍ ചെറിയ സിനിമകള്‍ മികച്ച വിജയവും പ്രശംസയും നേടുന്നു എന്നതാണ് ഈ കാലത്തിന്റെ പ്രത്യേകത. ഇഷ്ക് പോലുള്ള വളരെ സീരിയസായ ചിത്രവും തമാശ പോലുള്ള രസികന്‍ ചിത്രങ്ങളും ആളുകള്‍ ഇഷ്ടപ്പെടുന്നു. അതിനിടയില്‍ കുമ്പളങ്ങി നൈറ്റ്സ് പോലുള്ള റിയലിസ്റ്റിക് ചിത്രങ്ങളും. കൂടാതെ മികച്ച നിരവധി ആര്‍ട്ടിസ്റ്റുകളും സിനിമാ രംഗത്തുണ്ട്-മലയാള സിനിമയുടെ പുതിയ അന്തരീക്ഷം വളരെ പോസിറ്റീവാണ് എന്ന എന്റെ അഭിപ്രായത്തോട് സജീവും യോജിച്ചു. സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന സിനിമയും പുതിയ കാലത്തോട് സംവദിക്കുന്ന സിനിമയായിരിക്കും എന്നു സജീവ് ഉറപ്പിച്ച് പറഞ്ഞു. സംഭാഷണം വീണ്ടും സിനിമയിലെ റിയലിസത്തിലേക്ക് നീണ്ടപ്പോള്‍ സജീവ് തന്റെ നിലപാട് വ്യക്തമാക്കി.

“ആക്ഷന് ശേഷം കട്ട് വരുമ്പോള്‍ അവസാനിക്കുന്നതാണ് സിനിമയിലെ റിയലിസം എന്നു പറയുന്നത്. കൂടാതെ എഡിറ്റിംഗ് എന്നൊരു പ്രോസസ് കൂടിയുണ്ട്. നമ്മുടെ ജീവിതവുമായി റിലേറ്റ് ചെയ്യുന്ന സാഹചര്യം ഒരുക്കിക്കൊടുക്കുക എന്നതാണ് റിയലിസം എന്നതുകൊണ്ട് ഞാന്‍ മനസിലാക്കുന്നത്. ഒരു സീന്‍ കാണുമ്പോള്‍ ഇത് ജീവിതത്തില്‍ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നൊരു തോന്നല്‍ പ്രേക്ഷകന് ഉണ്ടാകണം. പത്ത് പതിനഞ്ചു വര്‍ഷകാലം സമാന്തര സിനിമാരംഗത്ത് പ്രവര്‍ത്തിച്ച ഒരാളെന്ന നിലയില്‍ അതിന്റെ ഒരു ശരിയെ കുറിച്ച് ഞാന്‍ ബോധവനാണ്. അടൂര്‍ സാര്‍ ഒരു ശബ്ദം ഒക്കെ റെക്കോര്‍ഡ് ചെയ്യാന്‍ എടുക്കുന്ന കഷ്ടപ്പാടിനെ കുറിച്ച് കേട്ടിട്ടുണ്ട്. ഷാജി എന്‍ കരുണ്‍ സാറിന്റെ കൂടെ സ്വപാനത്തില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ ചെണ്ടയുടെയും തായമ്പകയുടെയും അന്തരീക്ഷം സൃഷ്ടിക്കാന്‍ അദ്ദേഹം എടുക്കുന്ന എഫര്‍ട്ട് ഞാന്‍ കണ്ടിട്ടുണ്ട്. മലയാളത്തില്‍ ആദ്യമായി സറൌണ്ടിംഗ് സൌണ്ട് ടെക്നോളജിയില്‍ സ്റ്റുഡിയോ മൂഡ് വരാതെ 'റിയലിസ്റ്റിക്' ആയി റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. ഇനി തിയറ്ററില്‍ വിജയം നേടിയ പടങ്ങള്‍ നോക്കുക. മിഥുനം റിയലിസ്റ്റിക് പടമല്ലേ? സത്യന്‍ അന്തിക്കാടിന്റെ വരവേല്‍പ്പ് റിയലിസ്റ്റിക് പടമല്ലേ. പൊന്‍മുട്ടയിടുന്ന താറാവോ? ഒരു ഉപ്പ് ഭരണിയില്‍ നിന്നെടുക്കുന്ന ഒരു നുള്ള് ഉപ്പിന് അതിന്റെ രുചിയുണ്ടാവും. അതേ സിനിമയ്ക്കകത്ത് പ്രായോഗികമാവുകയുള്ളൂ. അല്ലാതെ ജീവിതത്തെ അപ്പാടെ സിനിമയിലേക്ക് കമഴ്ത്തി വെക്കാന്‍ പറ്റില്ല.”


സിനിമയെയും റിയലിസത്തെയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് സജീവ് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പറഞ്ഞു നിര്‍ത്തുന്നു.

“ഗ്രാമീണ പശ്ചാത്തലത്തിലുള്ള, എന്നാല്‍ ജീവിതത്തെ കുറിച്ച് പോസിറ്റീവായ ചില ചിന്തകള്‍ പങ്ക് വെയക്കാന്‍ ശ്രമിക്കുന്ന ഒരു ചെറിയ ചിത്രമാണ് സത്യം പറഞ്ഞാ വിശ്വസിക്കുവോ? കുടുംബ പ്രേക്ഷകര്‍ മാത്രമല്ല ഇതില്‍ കാര്യങ്ങളെ ഹ്യൂമറിലൂടെ അവതരിപ്പിക്കുന്നത് എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കും എന്നുതന്നെയാണ് ഞങ്ങളുടെ വിശ്വാസം." സജീവ് പാഴൂര്‍ പറഞ്ഞു.

ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ അഗ്നിസാക്ഷിയെ അവലംബിച്ച് ‘അഗ്നിസാക്ഷിയുടെ സാക്ഷി’ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്യുകയും പുരസ്കാരങ്ങള്‍ നേടുകയും ചെയ്ത സജീവ് പാഴൂര്‍ ഉടനെങ്ങും സംവിധാന രംഗത്തേക്ക് ഇല്ലെന്ന തീരുമാനത്തിലാണ്. മുതിര്‍ന്ന സംവിധായകന്‍ ജോഷിക്ക് അടക്കം തിരക്കഥ എഴുതാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുകയാണ് പുതിയ തലമുറയിലെ ഈ എഴുത്തുകാരന്‍.

Next Story

Related Stories