UPDATES

സിനിമ

ജയന്‍: ഇന്ത്യന്‍ സിനിമയിലെ സിക്‌സ് പാക്ക് വിപ്ലവത്തിന് മുന്‍പ്

മലയാള സിനിമയുടെ ചരിത്രത്തില്‍ ജയനെപ്പോലെ ശബ്ദം കൊണ്ട് ഇത്രമാത്രം തെറ്റിദ്ധരിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്ത മറ്റൊരു നടനില്ല

ജയനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്ക് ആദ്യം ഓര്‍മ്മ വരുന്നത് ‘മലയാളികളുടെ അമിതാഭ് ബച്ചന്‍’ എന്ന വിശേഷണമാണ്. എന്നാല്‍ പൗരുഷത്തിന്റെ പ്രതീകമായ മലയാളത്തിലെ ആദ്യ സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തോടാണ് ജയനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് ഏറെ അടുപ്പം. ജനപ്രിയ മലയാള സിനിമയുടെ കാഴ്ച സംസ്‌കാരത്തില്‍ തുടര്‍ച്ചയായ മാറ്റങ്ങള്‍ പലവിധത്തിലും സാധ്യമാക്കിയ സാന്നിധ്യമായിരുന്നു ജയന്റേത്. പുരുഷ ശരീരവും സെല്ലുലോയ്ഡും തമ്മിലുള്ള ബന്ധവും ആക്ഷന്‍ രംഗങ്ങളിലെ യഥാര്‍ത്ഥ സാന്നിധ്യവും ഒരു നടനോടുള്ള ആരാധനയില്‍ കാഴ്ചക്കാര്‍ ഏകീകൃത ആരാധകരാകുന്ന പതിവും മലയാളിയ്ക്ക് അനുഭവവേദ്യമാകുന്നത് ജയനിലൂടെയാണ്. മലയാള സിനിമയിലേക്ക് ജയന്‍ കടന്നുവരുന്നത് വരെയും ഇത്തരം കാര്യങ്ങളൊന്നും നാം കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല.

ജയന്‍ സിനിമകളിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ ധനികര്‍ക്കും അടിസ്ഥാന വര്‍ഗ്ഗത്തിനും സിനിമയില്‍ തുല്യത നല്‍കുന്ന ശരീര രാഷ്ട്രീയത്തില്‍ ആ ശരീരത്തിനുണ്ടായിരുന്ന പ്രാധാന്യം മനസിലാക്കാം. ഇതൊരു കൗതുകകരമായ ആശയ സങ്കലനമാണ്. അതൊരു വൈരുദ്ധ്യവുമാണ്. അങ്ങാടി പോലുള്ള സിനിമകളില്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ ജോലിയെടുക്കുന്ന ശരീരത്തെ ഉയര്‍ത്തിപ്പിടിക്കുന്ന സാംസ്‌കാരിക ഇടപെടല്‍ നടത്തുമ്പോള്‍ തന്നെയും ലൗ ഇന്‍ സിഗപ്പൂര്‍ പോലുള്ള ചിത്രങ്ങളിലെ ജിംനേഷ്യം, സ്വിമ്മിംഗ് പൂള്‍, സ്പാ എന്നിവ പോലുള്ള അതിമുതലാളിത്ത സംവിധാനങ്ങളുടെ യുക്തിയും പടുത്തുയര്‍ത്തുന്നു. അടിയന്തിരാവസ്ഥയ്ക്ക് ശേഷമുള്ള ഇന്ത്യന്‍ സാമൂഹിക-രാഷ്ട്രീയ പരിതസ്ഥിയില്‍ രൂപപ്പെട്ട ആത്മപീഡനത്വരയുടെ അനന്തരഫലമായി വര്‍ഗ്ഗീയ ധ്രൂവീകരണം രൂപപ്പെട്ട കാലമായിരുന്നു അതെന്ന് കൂടി ഓര്‍ക്കണം.

അതിമാനുഷിക പരിവേഷം ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ മറ്റൊരു വിധത്തിലും ജയന്റെ കാര്യത്തില്‍ പ്രകടമാണ്. എല്ലായ്‌പ്പോഴും നായകത്വത്തിനും പ്രതിനായകത്വത്തിനും തയ്യാറായിരിക്കുന്ന ശരീരമെന്നതാണ് അത്. പഞ്ചമി, കാന്തവലയം പോലുള്ള ചിത്രങ്ങളിലെ വില്ലന്‍ വേഷങ്ങളില്‍ നാം വെറുക്കുന്ന അതേശരീരം തന്നെയാണ് അങ്ങാടിയിലും ബെന്‍സ് വാസുവിലും കരിമ്പനയിലുമെല്ലാം നായക വേഷങ്ങളിലൂടെ നാം ആരാധിക്കുകയും നമ്മെ മോഹിപ്പിക്കുകയും ചെയ്യുന്നത്. ക്ഷോഭിക്കുന്ന യുവത്വം ഒരു ട്രെന്‍ഡായി മാറിയ കാലത്ത് ഇന്ത്യയിലെ എല്ലാ വിഭാഗത്തിലുമുള്ള ചെറുപ്പക്കാര്‍ മസിലും ശാരീരികമായ കരുത്തും ഒരു സ്വത്തായി കരുതുന്ന കാലത്താണ് ജയന്റെ വരവ്.

ജയന്റെ ശരീരം മാത്രമല്ല കണ്ണുകളും കലഹത്തിന്റെ സന്ദേശങ്ങളാണ് നല്‍കുന്നതെന്നത് മറ്റൊരു കൗതുകകരമായ വസ്തുതയാണ്. ചിലപ്പോള്‍ സൗമ്യതകൊണ്ട് ആ കണ്ണുകള്‍ നമ്മെ വശീകരിക്കുമ്പോള്‍ തന്നെ മറ്റ് ചിലപ്പോള്‍ നാണംകെട്ട കാമം ആ കണ്ണുകളില്‍ ആളിപ്പടരുന്നതും കാണാം. ഒരുവശത്ത് സാഹചര്യങ്ങളോട് സമരസപ്പെടാന്‍ തയ്യാറാകുന്ന അതേ കണ്ണുകള്‍ തന്നെ മറ്റൊരു വശത്ത് പകയിലും പ്രതികാരബോധത്തിലും ആളിക്കത്തുന്നു. ഇത്തരത്തിലുള്ള മറ്റൊരു നായകനും ഉണ്ടായിട്ടില്ലെന്ന് തോന്നുന്നു. പ്രണയാതുരമാക്കാന്‍ മോഹന്‍ലാലിനെ പോലെ കണ്‍പിരികങ്ങള്‍ കൊണ്ടുള്ള കളികളോ മമ്മൂട്ടിയെ പോലെ കണ്ണടയ്ക്കലുകളോ ഒന്നും ജയന്‍ ചെയ്തിട്ടില്ല. എന്നിരുന്നാലും അവ കാണേണ്ട കണ്ണുകള്‍ തന്നെയാണ്. അതേ, കാണേണ്ട നിഗൂഢമായ കണ്ണുകള്‍. കാഴ്ചയില്‍ അയഥാര്‍ത്ഥമെന്നും നിര്‍ജ്ജീവമായതെന്നും തോന്നുമെങ്കിലും വിവിധ സാധ്യതകള്‍ ഉള്ളവയാണ് ജയന്റെ പുഞ്ചിരികളും. പുഞ്ചിരിയും പുച്ഛവും ചിരിയും അലര്‍ച്ചയുമായെല്ലാം അത് രൂപപരിണാമം നടത്തുന്നത് പലപ്പോഴും കാണാം.

നടന്‍ ജയന്‍റെ മരണത്തിന് ഞാന്‍ സാക്ഷി; മേലാറ്റൂര്‍ രവിവര്‍മ്മ സംസാരിക്കുന്നു

അതേസമയം മലയാള സിനിമയുടെ ചരിത്രത്തില്‍ ജയനെപ്പോലെ ശബ്ദം കൊണ്ട് ഇത്രമാത്രം തെറ്റിദ്ധരിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്ത മറ്റൊരു നടനില്ല. ജയന് മുമ്പുള്ള മലയാള സിനിമയുടെ ചരിത്രത്തെ മാറ്റിമറിച്ച ശബ്ദമായിരുന്നു അത്. പക്ഷെ മറ്റൊരുവിധത്തില്‍ ശബ്ദ പ്രമാണിത്വത്തിന്റെ ഭൂതകാല സംബന്ധിയായ അളവുകോല്‍ ഉപയോഗിച്ച് ജയനെ വിലയിരുത്താനാണ് നാം ശ്രമിക്കുന്നതെന്ന് പറയേണ്ടിവരും. മിമിക്രിയില്‍ നിന്നും ഉയര്‍ന്നുവന്ന പ്രശ്‌നമാണ് അത്. അദ്ദേഹത്തിന്റെ പ്രൗഢഗംഭീരവും അലസമായ ഉച്ചാരണരീതിയുമുള്ള ആ ശബ്ദത്തെ മിമിക്രിക്കാര്‍ അപഹാസ്യമായാണ് ഉപയോഗിച്ചത്. ശബ്ദം ഉപയോഗിച്ച് മിമിക്രിക്കാര്‍ അദ്ദേഹത്തെക്കുറിച്ച് തീര്‍ത്ത ആ കാരിക്കേച്ചര്‍ ജയന്റെ അടിസ്ഥാന ഇമേജിനെ വിഴുങ്ങിക്കളഞ്ഞു. ഈ മിമിക്രിയിലെ സാംസ്‌കാരിക അബോധത്തെക്കുറിച്ച് പരിശോധിച്ചാല്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിന്റെ അതിസൂക്ഷ്മമായ മറ്റൊരു വഴിയാണ് ഇതെന്ന് മനസിലാകും.

സ്റ്റണ്ട് സീനുകളില്‍ ഉള്‍പ്പെടെ ഡൂപ്പിനെ വയ്ക്കാതെയാണ് ജയന്‍ അഭിനയിച്ചത് എന്നാണ് പറയപ്പെടുന്നത്. കോളിളക്കം എന്ന സിനിമയുടെ സെറ്റില്‍ വച്ചുണ്ടായ അദ്ദേഹത്തിന്റെ ദൗര്‍ഭാഗ്യകരവും അപ്രതീക്ഷിതവുമായ മരണത്തിലേക്ക് നയിച്ചതും ആ രീതി തന്നെയാണ്. ജയന്‍ ശരീരഘടന പാരമ്പര്യത്തിന്റെ ഉദാഹരണമാണെന്നോ അല്ലെന്നോ പറയാം. ചില ഹൃദയങ്ങളിലെങ്കിലും സ്വാധീനം ചെലുത്തിയ വ്യക്തിയെന്ന നിലയില്‍ ഇന്ത്യന്‍ ജനപ്രിയ സിനിമയില്‍ സിക്‌സ് പാക്ക് വിപ്ലവത്തിന് മുന്നേ ഓടിയ വ്യക്തിയായി ജയനെ രേഖപ്പെടുത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ജയന്റെ മരണത്തിന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ സിനിമയില്‍ സിക്‌സ് പാക്ക് വിപ്ലവം ആരംഭിച്ചതെന്നുകൂടി ഓര്‍ക്കണം. അതാണ് അദ്ദേഹത്തിന്റെ സുപ്രധാനമായ മഹത്വവും.

ജയന്മാരെ മാത്രമല്ല വിജയന്മാരെയും കാലം സ്പൂഫാക്കിക്കളയും; അത് ഒ.വി.വിജയനായാലും മറ്റേതെങ്കിലും വിജയനായാലും

ഷെറി ജേക്കബ്

ഷെറി ജേക്കബ്

ചലച്ചിത്ര നിരൂപകന്‍, ആലുവ യുസി കോളേജ് അദ്ധ്യാപകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍