UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

Off-Shots

അപര്‍ണ്ണ

സിനിമ

മലയാള സിനിമയുടെ ‘വളര്‍ത്തുദോഷ’ത്തെ ചോദ്യം ചെയ്യുന്ന ഞാൻ മേരിക്കുട്ടി

ആണിന്റെ വിപരീതം പെണ്ണ് എന്നൊക്കെ ഇപ്പോഴും പഠിപ്പിക്കുന്ന നാട്ടിൽ മൂന്നു ജെന്‍ഡറുകൾ ഉണ്ട് എന്നുറച്ചു പറയുന്ന സിനിമ എന്ന രീതിയിൽ ഞാൻ മേരിക്കുട്ടി അടയാളപ്പെടേണ്ടതുണ്ട്

അപര്‍ണ്ണ

മലയാള സിനിമയിലെ ട്രാൻസ്ജെന്‍ഡർ പ്രതിനിധാനങ്ങൾ എന്നും പ്രശ്നവത്കരണങ്ങൾക്കു നടുവിലായിരുന്നു. ആസക്തി അടക്കാനാവാതെ ചുണ്ടു കടിച്ചുപിടിച്ചോ ലോകത്തിനൊട്ടും ചേരാത്ത വിധം തമാശകളായോ വളർത്തു ദോഷങ്ങളായോ അവർ ദശാബ്ദങ്ങളായി സ്ക്രീനിൽ നിൽക്കുന്നു. ട്രാൻസ്ജെന്‍ഡർ സമൂഹം വലിയ സമരങ്ങളിലൂടെ സ്വന്തം ഇടങ്ങൾക്കു വേണ്ടി പൊരുതുമ്പോഴും മലയാള മുഖ്യധാരാ സിനിമക്ക് അക്കാര്യത്തിൽ വലിയ മാറ്റമൊന്നുമുണ്ടായില്ല. അവിടേക്കാണ് രഞ്ജിത് ശങ്കർ-ജയസൂര്യ ടീം ഞാൻ മേരിക്കുട്ടിയുമായി വരുന്നത്. ഒരു മുഖ്യധാരാ താരം ട്രാൻസ്ജെന്‍ഡർ വേഷത്തിൽ വരുന്നത് മലയാളത്തിൽ ഇതാദ്യമായിരിക്കും. മൂന്നാമതൊരു ജെന്‍ഡർ ഐഡന്റിറ്റി ഇങ്ങനെ ചർച്ചയായ ശേഷം വരുന്ന സിനിമ എന്നതും മേരിക്കുട്ടിയുടെ സവിശേഷതയാണ്.

മാത്തുകുട്ടി 27 വയസു വരെ ആൺ ശരീരത്തിനുള്ളിലാണു ജീവിച്ചത്. മനസിലുള്ള സ്ത്രീ സ്വത്വത്തെ പൊതു സമൂഹത്തിനു മുന്നിൽ വെളിപ്പെടുത്താൻ അയാൾ തീരുമാനിക്കുന്നു. സ്വന്തം വീട്ടിൽ നിന്നു തുടങ്ങി അപമാനങ്ങളും പ്രതിബന്ധങ്ങളും നേരിട്ട് അയാൾ സ്ത്രീ സ്വത്വത്തിൽ നടക്കാൻ തുടങ്ങുന്നു. സർജറിക്കു ശേഷം സ്ത്രീയായി അപമാനങ്ങളെ മറികടന്നു കൊണ്ട് മേരിക്കുട്ടിയായി അയാൾ ജീവിച്ചു തുടങ്ങുന്നു. തുടർന്ന് മേരിക്കുട്ടി അനുഭവിക്കുന്ന അപമാനങ്ങളും അവരുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയും ഒക്കെയാണ് സിനിമ.

ഗുണദോഷ നിർണയങ്ങൾക്കപ്പുറം ട്രാൻസ്ജെന്‍ഡർ പ്രതിനിധാനത്തെ കുറിച്ചു തന്നെയാണ് ഇവിടെ ആദ്യം സംസാരിക്കേണ്ടി വരിക. വളർത്തുദോഷത്തിൽ നിന്നും ഞാൻ മേരിക്കുട്ടി എന്ന അത്രയൊന്നും കട്ടിയില്ലാത്ത ശബ്ദത്തിൽ നിറഞ്ഞ ആത്മവിശ്വാസത്തോടെ പറയാൻ ഒരു താരത്തിന് പറയിപ്പിച്ച സംവിധായകന് അവരെ അതിനു പ്രേരിപ്പിച്ച ഘടകങ്ങൾക്ക് കയ്യടി കൊടുക്കാതെ വയ്യ. നെയിൽ പോളിഷ് ഇട്ട സ്ത്രൈണമായ മേരിക്കുട്ടിയുടെ വിരലുകളാണ് ആ രീതിയിൽ സിനിമയിൽ ഏറ്റവുമുറച്ച ശബ്ദത്തിൽ സംസാരിക്കുന്നത്. മഷിയിട്ട കണ്ണുകളിലും ഉണ്ട് ആ ധൈര്യം. കഥക്കും ശരിക്കുമെല്ലാം അപ്പുറം അത്തരമൊരു സിനിമ മലയാള സിനിമയുടെ നിലവിലുള്ള ‘വളർത്തു ദോഷത്തിനു’ മുകളിൽ നിൽക്കുന്നു. ചാന്തുപൊട്ട്, ഒൻപത്, കുഴലൂത്തുകാർ, രണ്ടും കെട്ടവർ, ഹിജഡ എന്നൊന്നുമല്ല ട്രാൻസ്ജെന്‍ഡർ എന്നു തന്നെയാണ് സിനിമ മുഖ്യ കഥാപാത്രത്തെ പറയുന്നത്. വിസ്പർ കാണുമ്പോൾ നോക്കുന്ന മേരിക്കുട്ടി, അടിവയറിൽ തൊട്ടു നോക്കുന്നവൾ തുടങ്ങി ചില രംഗങ്ങളിൽ വളരെ വൈകാരികമായി പ്രേക്ഷകരോട് സംവദിക്കാൻ സിനിമ ശ്രമിക്കുന്നുണ്ട്.

ഒട്ടും എളുപ്പമല്ല ജന്‍ഡര്‍ റോളുകൾ മാറ്റാൻ. ഒരു വ്യക്തി ശീലിച്ചു പോന്ന ഓരോ രീതികളിലും ഓരോ ചലനങ്ങളിലും ജന്‍ഡറിന്റെ പ്രത്യക്ഷമോ പരോക്ഷമോ ആയ സ്വാധീനമുണ്ട്. സിനിമയിലെ ആൺവേഷങ്ങളും പെൺവേഷങ്ങളും മിമിക്രിയോ മോണോആക്ടോ ആയി മാറുന്നതും അവിടെയാണ്. ഒരു സാരിയോ കണ്മഷിയോ ഒരാളെ ട്രാൻസ്ജെന്‍ഡർ ആക്കില്ല. അവിടെ ജയസൂര്യ എന്ന നടൻ വിജയിച്ചു എന്നു തന്നെ പറയേണ്ടി വരും. വളരെ കൃത്യമായ മിതത്വം തുടക്കം മുതൽ ഒടുക്കം വരെ അയാൾ പാലിക്കുന്നുണ്ട്. അയാളുടെ ബാലൻസിലാണ് സിനിമ നിലനിൽക്കുന്നത്. അമിതാഭിനയമില്ലാതെ സ്വന്തം സ്വത്വത്തിന്റെ തിരിച്ചറിവുകൾ പേറുന്ന മേരിക്കുട്ടിയായി അയാൾ മാറി. ട്രാൻസ്ജെന്‍ഡർ കമ്യുണിറ്റിയുമായുള്ള കൃത്യമായ ഇടപെടൽ മേരിക്കുട്ടിയിൽ ദൃശ്യമായിരുന്നു. 30 വർഷത്തിലേറെ പുരുഷ സ്വത്വത്തിൽ ജീവിച്ച ഒരാൾ എന്ന നിലയിൽ കൂടി ജയസൂര്യ കയ്യടി അർഹിക്കുന്നു. കേവല ഹാസ്യത്തിനുള്ള കോമാളി എന്നതിനപ്പുറം മേരിക്കുട്ടിയെ അയാൾ കാണികളിലെത്തിക്കുന്നുണ്ട്.

രഞ്ജിത് ശങ്കറിന്റെ ചില സിനിമകൾക്കെങ്കിലും ഒരു പൊതു സ്വഭാവമുണ്ട്. ഒരു ‘ഫീൽ ഗുഡ്’ ‘പോസിറ്റീവിറ്റി സ്പ്രെഡിങ്ങ്’ രീതിയിലാണ് അവ കഥ പറഞ്ഞു പോകാറ്. സുധി വാത്മീകത്തിനും രാമന്റെ ഏദൻ തോട്ടത്തിനും പുണ്യാളൻ സീരീസിനു മൊക്കെ ഉള്ള ആ പൊതുസ്വഭാവം ഞാൻ മേരിക്കുട്ടിക്കും ഉണ്ട്. നന്മ, ഉപദേശങ്ങൾ എന്നീ രീതിയിലേക്ക് കഥാപാത്രങ്ങൾ സ്വയം സഞ്ചരിക്കാറുണ്ട്. അത്തരം സിനിമാ രീതി ആസ്വാദ്യമായവർക്കാണ് പൂർണമായും മേരിക്കുട്ടിയെ ആസ്വദിക്കാനാവുക.

ഇത്രയധികം പാട്ടുകൾ സിനിമക്ക് ആവശ്യമുണ്ടായിരുന്നോ എന്ന് സംശയമാണ്. ട്രാൻസ്ജെന്‍ഡർ സമൂഹത്തിനുള്ളിൽ ആരൊക്കെ പെടും എന്നുള്ളത് തർക്ക വിഷയമാണ്. ഇതിനു സമാനമായ ഒരു മലയാള വാക്ക് ഇല്ല. ഷീറോ എന്നു സിനിമ അവരെ വിളിക്കുമ്പോൾ പക്ഷെ സ്ത്രീ ശരീരത്തിനുള്ളിൽ ജീവിക്കേണ്ടി വരുന്ന പുരുഷനാവാൻ ആഗ്രഹിക്കുന്നവർ ചിത്രത്തിലേ ഇല്ലാതെ പോകുന്നു. സംജ്ഞങ്ങൾ ഉരുവം കൊണ്ടു പൂർണതയിൽ എത്താത്തതിന്റെ കൂടെ പ്രതിഫലനമാണത്.

രാഷ്ട്രീയ ശരികളുടെയും തെറ്റുകളുടെയും കണക്കെടുപ്പുകൾ സിനിമയെ ഇനിയും പ്രശ്നവത്കരിച്ചേക്കാം. പക്ഷെ ആണിന്റെ വിപരീതം പെണ്ണ് എന്നൊക്കെ ഇപ്പോഴും പഠിപ്പിക്കുന്ന നാട്ടിൽ മൂന്നു ജെന്‍ഡറുകൾ ഉണ്ട് എന്നുറച്ചു പറയുന്ന സിനിമ എന്ന രീതിയിൽ ഞാൻ മേരിക്കുട്ടി അടയാളപ്പെടേണ്ടതുണ്ട്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍