TopTop
Begin typing your search above and press return to search.

K13: ആത്മഹത്യ ചെയ്ത എഴുത്തുകാരിയും അവളുടെ ഫ്‌ളാറ്റിൽ കുടുങ്ങിപ്പോയ സംവിധായകനും

K13: ആത്മഹത്യ ചെയ്ത എഴുത്തുകാരിയും അവളുടെ ഫ്‌ളാറ്റിൽ കുടുങ്ങിപ്പോയ സംവിധായകനും

രചനാപരമായ പ്രതിസന്ധികളിൽ അകപ്പെട്ട് ജീവിതം മുഷിഞ്ഞ് നിൽക്കുന്ന ദിവസങ്ങളിൽ ഒന്നിലാണ് മതിയഴകൻ എന്ന അസോസിയേറ്റ് ഡയറക്ടർ കൂട്ടുകാരോടൊപ്പം ജോയന്റടിച്ച് കിളി പോയി ലേറ്റ് നൈറ്റ് പബ്ബിൽ എത്തുന്നത്. അവിടെ വച്ച് അയാൾ മലർവിഴിയെ പരിചയപ്പെടുന്നു. ഏറക്കുറെ സമാനമായ പ്രശ്നങ്ങൾ നേരിടുന്ന ഒരു ചെറുകിട എഴുത്തുകാരിയാണ് മലർവിഴി. സൗഹൃദം പെട്ടെന്ന് തന്നെ കൂടുതൽ അടുപ്പത്തിലേക്ക് വഴിമാറുകയും അവൾ അവനെ തന്റെ ഫ്‌ളാറ്റിലേക്ക് ക്ഷണിക്കുകയും കൂട്ടുകാരറിയാതെ അവൻ അവൾക്കൊപ്പം മുങ്ങുകയും ചെയ്യുന്നു.

നേരം വെളുക്കുമ്പോൾ അവൻ സെല്ലോ ടേപ്പിനാൽ വരിഞ്ഞു മുറുക്കിയ നിലയിൽ കസേരയിൽ ബന്ധനസ്ഥനാണ്. തറയിലൂടെ പിറകിൽ നിന്നൊഴുകി വരുന്ന കട്ടച്ച രക്തം അയാളുടെ കാലിൽ തൊടുന്നുണ്ട്. ഏറെ ശ്രമിച്ച് തിരിഞ്ഞ് നോക്കുമ്പോൾ നേരെ പിറകിൽ ചുവരിനോടടുപ്പിച്ചുള്ള ഇരിപ്പിടത്തിൽ അവൾ കൈകളിലെ രക്തക്കുഴലുകൾ മുറിച്ച് മലർവിഴി ആത്മഹത്യ ചെയ്തിരിക്കുന്നു. മൂക്കിനെ ചുറ്റിപ്പറ്റി പറക്കുന്ന മണിയനീച്ച അവളുടെ മരണം സ്ഥിരീകരിക്കുന്നു.

അപ്പോഴാണവന് മനസ്സിലാവുന്നത് തലേ രാത്രിയിലുള്ള അവളുടെ ക്ഷണം യാദൃശ്ചികമായിരുന്നില്ല, ഒരു പതിനാറിന്റെ പണി ആയിരുന്നു എന്ന്. പുല്ല് വലിച്ച് കേറ്റി ഏറക്കുറെ ഔട്ടായ അവസ്ഥയിൽ ആയിരുന്നു എന്നതിനാൽ സംഭവിച്ചതൊന്നും അവന് കൃത്യമായി ഓർമ്മയില്ല താനും. K13 എന്ന ഫ്‌ളാറ്റിൽ ആത്മഹത്യ ചെയ്യപ്പെട്ട അജ്ഞാതയുടെ അരികിൽ അകപ്പെട്ട് പോവുന്ന മതിയഴകൻ എന്ന സിനിമാക്കാരന്റെ ഗതികെട്ട അവസ്ഥയും രക്ഷപെടാനുള്ള പരാക്രമങ്ങളും ആണ് അരുൾനിധി നായകനായി അഭിനയിച്ച K13 എന്ന മര്‍ഡര്‍ മിസ്റ്ററി സൈക്കോ ത്രില്ലർ.

കരുണാനിധിയുടെ പേരക്കുട്ടി ആണെങ്കിലും ഉദയനിധിയിൽ ദയാനിധിയിൽ നിന്നും വ്യത്യസ്തമായി വേറിട്ടതും നല്ലതുമായ സിനിമകൾ ചെയ്യാൻ താത്പര്യമെടുക്കുന്ന നടൻ ആണ് അരുൾനിധി. പ്രകടനമികവ് വച്ച് നോക്കിയാലും തന്റെ കസിസിനേക്കാൾ ഏറെ മുന്നിലാണ് അദ്ദേഹം. K13 ലും ബോറടിപ്പിക്കാൻ ഏറെ സാധ്യത ഉണ്ടായിരുന്നിട്ടും അരുൾ തന്റെ രണ്ട് റോളുകളും നൈസായി കൈകാര്യം ചെയ്തിരിക്കുന്നു.

103 മിനിറ്റ് ദൈർഘ്യമുള്ള സിനിമയിൽ മിക്കവാറും എല്ലാ ഫ്രയിമിലും തന്നെ അരുൾ നിധിയുടെ സാന്നിധ്യമുണ്ട്. അതിൽ 90 ശതമാനത്തിൽ അധികം നേരം K13 എന്ന ഫ്‌ളാറ്റിന്റെ ഒറ്റ ലൊക്കേഷനിൽ ആണ്. ആളുകളുടെ ക്ഷമ പരീക്ഷിക്കാൻ വേറെ കാരണമൊന്നും വേണ്ട. മതിയും മലരും തമ്മിലുള്ള ബന്ധമെന്ത് എന്ന കൗതുകം നായകനിൽ എന്ന പോലെ തന്നെ പ്രേക്ഷകനിലും ഒരു വലിയ ആകാംക്ഷയായി വളർത്തി കൊണ്ടുവരാൻ ഭരത് നീലകണ്ഠൻ എന്ന പുതുമുഖത്തിന്റെ സ്ക്രിപ്റ്റിങ്ങിനും മേക്കിംഗിനും കഴിയുന്നുണ്ട്. ശ്രദ്ധ ശ്രീനാഥ് ആണ് മലർവിഴിയായി വരുന്നത്.

പ്രതീക്ഷിച്ച പരിണാമഗുപ്തികളെയും അതുവരെ കണ്ടുകൊണ്ടിരുന്ന സിനിമയെയും അവസാന പത്തുമിനിറ്റിൽ ഉൾട്ടാ പുൾട്ടാ മരിച്ചിട്ടുകൊണ്ടാണ് സംവിധായകനും അരുൾനിധിയും K13 നെ അവിസ്മരണീയമാക്കുന്നത്. സാധാരണക്കാരനായ പ്രേക്ഷകന് സംഗതി വേണ്ടത്ര കലങ്ങാനുള്ള സ്പൂണ് ഫീഡിംഗ് നൽകിയില്ല എന്നതും ഒരു നല്ല തീരുമാനമായി തോന്നി. പക്ഷെ, സിനിമ കഴിഞ്ഞിറങ്ങുമ്പോൾ സഹ പ്രേക്ഷകനായ ഒരു തമിഴൻ "യെതാവത് പുരിഞ്ചീതാ" എന്ന് വളരെ നിസ്സഹായമായി ചോദിക്കുന്നത് കേട്ടപ്പോൾ കുറച്ചുകൂടി ഡീറ്റൈലിങ് ആവാമായിരുന്നു എന്നും തോന്നി. അവർ കൊടുക്കുന്നതും കാശ് ആണല്ലോ.

Read More: സംഘടനയില്ല, നേതാക്കളും; പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ബംഗാളിനെ ലക്ഷ്യമിട്ട ആര്‍എസ്എസിന് സംസ്ഥാനത്ത് സ്വാധീനം ഉറപ്പിക്കാനായത് ഇങ്ങനെ


Next Story

Related Stories