TopTop

377 റദ്ദാക്കിയ ശേഷം ഇന്ത്യയില്‍ ആദ്യമായി സ്വവര്‍ഗാനുരാഗത്തെക്കുറിച്ചുള്ള ഒരു സിനിമ തിയറ്ററില്‍

377 റദ്ദാക്കിയ ശേഷം ഇന്ത്യയില്‍ ആദ്യമായി സ്വവര്‍ഗാനുരാഗത്തെക്കുറിച്ചുള്ള ഒരു സിനിമ തിയറ്ററില്‍
രണ്ട് വര്‍ഷം നീണ്ട നിയമ യുദ്ധങ്ങള്‍ക്കൊടുവില്‍ ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത കാ ബോഡി സ്‌കേപ്പ് എന്ന ചലച്ചിത്രം ഇന്ന് തിയറ്ററുകളിലെത്തിയിരിക്കുകയാണ്. സ്വവര്‍ഗാനുരാഗികളായ രണ്ട് യുവാക്കളുടെ കഥയാണ് ഈ ചിത്രം പറയുന്നത്. സുപ്രിംകോടതിയുടെ ഭരണഘടന ബഞ്ച് സ്വവര്‍ഗാനുരാഗം കുറ്റകരമാക്കുന്ന സെക്ഷന്‍ 377 റദ്ദാക്കി ഏതാനും ദിവസങ്ങള്‍ക്കകമാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചതെന്നത് ശ്രദ്ധേയമാണ്. സ്വവര്‍ഗാനുരാഗത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നതായിരുന്നു ഈ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിക്കാന്‍ ചൂണ്ടിക്കാട്ടിയിരുന്ന ഒരു കാരണം. എന്നാല്‍ ഇന്ന് ആ നിയമം തന്നെ ഇപ്പോള്‍ അപ്രസക്തമായിരിക്കുന്നു.

ഈ സാഹചര്യത്തില്‍ ചിത്രത്തിന്റെ പ്രസക്തി വളരെയധികമാണ്. 2016 ഏപ്രിലിലാണ് ചിത്രം പൂര്‍ത്തിയാക്കി അണിയറ പ്രവര്‍ത്തകര്‍ സെന്‍സര്‍ ബോര്‍ഡിനെ സമീപിച്ചത്. അവര്‍ അനുമതി നിഷേധിക്കുകയാണ് ചെയ്തത്. റിട്ടുകളും കൗണ്ടര്‍ റിട്ടുകളും ഹൈക്കോടതി വിധികളും അപ്പീലുകളും ഡിവിഷന്‍ ബഞ്ച് വിധികളും ഫെസ്റ്റിവല്‍ പ്രദര്‍ശന വിലക്കുകളും കോടതിയുടെ പ്രത്യേക അനുമതികളുമാണ് പിന്നീടുള്ള രണ്ട് വര്‍ഷക്കാലം ഈ സിനിമയെയും അണിയറപ്രവര്‍ത്തകരെയും കാത്തിരുന്നത്. കോടതി വിധി നടപ്പാക്കാതിരുന്നതിനെ തുടര്‍ന്ന് പഹലജ് നിഹലാനിക്കും സെന്‍സര്‍ ബോര്‍ഡിനുമെതിരെ കോടതിയലക്ഷ്യ കേസ് കൊടുക്കേണ്ടിയും വന്നു. ഇതേ തുടര്‍ന്ന് നിഹലാനിക്ക് സ്ഥാനം നഷ്ടമായി.

ഇതിനിടെ 2016 ഡിസംബറില്‍ കേരളത്തില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും ചിത്രം പ്രദര്‍ശനത്തിനെത്തിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ സംഘപരിവാര്‍ രംഗത്തെത്തി. സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ച ഈ ചിത്രത്തിന് അനുമതി നല്‍കിയതിനെയാണ് അവര്‍ ചോദ്യം ചെയ്തത്. എബിവിപി പ്രവര്‍ത്തകര്‍ ടാഗോര്‍ തിയറ്ററിലേക്ക് പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. അതേസമയം ജയന്‍ ചെറിയാന്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ കോടതിയില്‍ പോയി അനുകൂല വിധി നേടിയാണ് ചിത്രം മേളയ്‌ക്കെത്തിച്ചതെന്ന് ഇവര്‍ സൗകര്യപൂര്‍വം മറന്നിരുന്നു. ഒടുവില്‍ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം ആ മേളയില്‍ തന്നെ നടക്കുകയും ചെയ്തു. തിയറ്റര്‍ നിറഞ്ഞ് പ്രദര്‍ശിപ്പിച്ച ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണവും ലഭിച്ചു.

ചില രാഷ്ട്രീയ ചിഹ്നങ്ങളും പരാമര്‍ശങ്ങളും ഒഴിവാക്കിയാണ് ചിത്രത്തിന് ഇപ്പോള്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. 'ഹരീഷിന്റെ മീശ വടിച്ച, പെരുമാള്‍ മുരുകനെ നിശബ്ദനാക്കിയ, ആള്‍ക്കൂട്ട ഭീകരത വാതിക്കലാര്‍ത്തു നില്‍ക്കുന്നതും, കല്‍ബുര്‍ഗ്ഗിയെ, ഫറൂക്കിനെ, ധാബോല്‍ക്കറെ,ഗൗരി ലങ്കേഷിനെ, അങ്ങനെയങ്ങനെ നിരവധി ഫ്രീ സ്പിരിറ്റുകളെ ഊതിക്കെടുത്തിയ ദൈവീക ഗുണ്ടകള്‍ താന്താങ്ങളുടെ ആയുധങ്ങള്‍ രാകുന്നതും ഞങ്ങളറിയുന്നു എങ്കിലും ഈ സിനിമ ജനങ്ങളിലെത്തിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കാവില്ല, ഈ കെട്ടകാലത്ത് ജീവിക്കേണ്ടി വന്ന കലകാരന്മാര്‍ക്ക് അവരുടെ കലയല്ലാതെ മറ്റൊരായുധവും പ്രതിരോധത്തിനായില്ലയെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. ഇനിയും നമ്മള്‍ മരിച്ചിട്ടില്ലയെന്ന് നമുക്ക് ലോകത്തോട് വിളിച്ചു പറയേണ്ടിയിരിക്കുന്നു. കീഴടങ്ങാന്‍ വിസമ്മതിക്കുന്ന കലാസമൂഹത്തൊട് ഐക്യദാര്‍ഡ്യപ്പെട്ടുകൊണ്ട്, ഞങ്ങള്‍ ഈ സിനിമ തീയറ്ററുകളിലെത്തിക്കുകയാണ്' എന്നാണ് ജയന്‍ ചെറിയാന്‍ ചിത്രം ഇന്ന് പ്രദര്‍ശനത്തിനെത്തുന്നതിനെക്കുറിച്ച് പറയുന്നത്.

കേരളത്തിലെ ഗേ വിമോചന പോരാട്ടത്തിന്റെ ചരിത്രത്തില്‍ സവിശേഷ പ്രാധാന്യമുണ്ട് ഈ ചിത്രത്തിന്. സെക്ഷന്‍ 377 റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തെരുവിലിറങ്ങിയ ആക്ടിവിസ്റ്റുകളാണ് ഈ ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചത്. സെക്ഷന്‍ 377 റദ്ദാക്കിയ ശേഷം ഇന്ത്യയില്‍ ആദ്യമായാണ് സ്വവര്‍ഗാനുരാഗത്തെക്കുറിച്ചുള്ള ഒരു സിനിമ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കേരളത്തിലെ എല്‍ജിബിടി മൂന്നേറ്റത്തിന്റെ ചിത്രമായാണ് ഇതിനെ പരിഗണിക്കുന്നതും. ഇന്ത്യയിലെ ലൈംഗിക ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താനായി ഉപയോഗിച്ചിരുന്ന കൊളോണിയല്‍ കരിനിമയം അല്ലെങ്കില്‍ വിക്ടോറിയന്‍ സദാചാരത്തില്‍ അധിഷ്ഠിതമായ ഒരു നിയമമാണ് സെക്ഷന്‍ 377 റദ്ദാക്കിയതിലൂടെ ഇല്ലാതായത്. ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചതും സുപ്രിംകോടതിയുടെ ഈ വിധി തന്നെ.

https://www.azhimukham.com/film-interview-with-jayan-cheriyan-director-of-movie-ka-body-scapes-by-ramdas/

Next Story

Related Stories