TopTop
Begin typing your search above and press return to search.

ഹോട്ടൽ തൊഴിലാളി, പത്രവിൽപ്പനക്കാരൻ, ടാപ്പിംഗ് തൊഴിലാളി, പത്രപ്രവർത്തകൻ, കല്ല്യാണ ഫോട്ടോഗ്രാഫർ; മികച്ച ചിത്രത്തിന്റെ സംവിധായകന്‍ ഷരീഫ് ഈസയുടെ ജീവിതം

ഹോട്ടൽ തൊഴിലാളി, പത്രവിൽപ്പനക്കാരൻ, ടാപ്പിംഗ് തൊഴിലാളി, പത്രപ്രവർത്തകൻ, കല്ല്യാണ ഫോട്ടോഗ്രാഫർ; മികച്ച ചിത്രത്തിന്റെ സംവിധായകന്‍ ഷരീഫ് ഈസയുടെ ജീവിതം

മികച്ച സിനിമയുടെ സംവിധായകന് മികച്ച സംവിധായകാനുള്ള അവാർഡ് കൂടി നൽകണമെന്നായിരുന്നു സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയർമാനും പ്രമുഖ സംവിധായകനുമായ കുമാർ സാഹ്നിയുടെ നിലപാട്. ഇത് ജൂറിയംഗങ്ങളുമായുള്ള തർക്കത്തിലേക്കും ചെയർമാന്റെ ബഹിഷ്കരണത്തിലേക്കും വരെ എത്തി. എന്നാൽ അതിനു ശേഷം കുമാർ സാഹ്നി തന്റെ അഭിനന്ദനമറിയിക്കാൻ ഒരാളെ വിളിച്ചു. ഷരീഫ് ഈസ, മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ''കാന്തൻ ദി ലവർ ഓഫ് കളർ' എന്ന സിനിമയുടെ സംവിധായകന്‍. കുമാർ സാഹ്നി ഫോണിൽ പറഞ്ഞ വാക്കുകള്‍ ഷരീഫ് പിന്നീട് ഫേസ്ബുക്കില്‍ കുറിച്ചു. "ഷെറീഫിൽ കാലത്തിന്റെ പൾസറിയുന്ന നല്ല ഡയരക്ടറെ ഞാൻ കാണുന്നു. നിങ്ങൾക്ക് ബോളിവുഡിൽ നന്നായി തിളങ്ങാൻ കഴിയും. മലയാളത്തിന്റെ പരിമിതി വിട്ട് അങ്ങോട്ട്‌ വരൂ. താങ്കളെ ഞാൻ അങ്ങോട്ട്‌ ക്ഷണിക്കുന്നു."

ഷരീഫിന് ആദ്യം ഭ്രമം നാടകത്തോടായിരുന്നു. തെരുവുനാടകങ്ങളും അമേച്വർ നാടകങ്ങളിലൂടെയും തനിക്ക് പറയാനുള്ള ജീവിത കാഴ്ച്ചകളെക്കുറിച്ച് അയാൾ വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. പിന്നെ കുട്ടിക്കാലത്തു തന്നെ ഉള്ളിൽ ഭ്രമിപ്പിച്ചു കൊണ്ടിരുന്ന വെള്ളിത്തിര കാഴ്ച്ചയിലേക്ക് പതിയെ ചുവടുമാറ്റി. കുഞ്ഞു സിനിമകളിലൂടെ സ്വന്തം രാഷ്ട്രീയവും നിലപാടുകളും പങ്കുവച്ചു. രണ്ടരവർഷത്തെ കഠിനപ്രയത്നങ്ങൾക്ക് ശേഷം 'കാന്തൻ ദി ലവർ ഓഫ് കളർ' എന്ന സിനിമയിലൂടെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം ഈ നാട്ടിൻപുറത്തുകാരനെ തേടിയെത്തിയിരിക്കുന്നു.

കാന്തന്റെ ജനനം, അത് ഷെരീഫ് ഈസയുടെ സ്വപ്നത്തിന്റെ പൂർത്തീകരണം കൂടിയാണ്. കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ തഴയപ്പെട്ട ചിത്രം മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഇവിടെ ഒരു സാധാരണക്കാരന്റെ പ്രയത്നം അംഗീകരിക്കപ്പെടുക കൂടിയാണ് ചെയ്തിരിക്കുന്നത്. ഒപ്പം ഒരു ചോദ്യം അവശേഷിക്കുന്നു. ആദിവാസി ഭാഷയിൽ നിർമ്മിക്കപ്പെട്ട ഒരു സിനിമ ഐ എഫ് എഫ് കെ പോലൊരു വേദിയിൽ തഴയപ്പെട്ടിട്ടുണ്ടെങ്കിൽ അതിന് കാരണം അതിൽ അഭിനയിച്ചിരിക്കുന്നവർക്ക് ഒട്ടും താരത്തിളക്കം ഇല്ലാതെ പോയതാണോ? പലവിധ തൊഴില്‍ ചെയ്തതും ഷെരീഫ് എന്ന സിനിമാ സംവിധായകനെ രൂപപ്പെടുത്തുന്നതിന് കാരണമായിട്ടുണ്ടെന്ന് പറയാം. ബാങ്കിലെ പിഗ്മി ഏജന്റ്, ഹോട്ടൽ തൊഴിലാളി, പത്രവിൽപ്പനക്കാരൻ, ടാപ്പിംഗ് തൊഴിലാളി, പത്രപ്രവർത്തകൻ, കല്ല്യാണ ഫോട്ടോഗ്രാഫർ അങ്ങനെ വ്യത്യസ്തമായ തൊഴിലിടങ്ങളിലൂടെയുള്ള യാത്രയും അയാളിലെ സിനിമ പ്രവർത്തകനെ രൂപപ്പെടുത്തിയതിന് കാരണമായെന്ന് പറയാം. ഷെരീഫ് ഈസ ജീവിതവും സിനിമയും പറയുന്നു.

നാടകവും ജീവിതവും

നാടകത്തിൽ നിന്നുള്ള എക്സ്പീരിയൻസുമായാണ് ഞാൻ ആദ്യ സിനിമയിലേക്ക് എത്തുന്നത്. ഏത് നാടകമാണ് ആദ്യമായി കണ്ടതെന്ന് എനിക്ക് ഓർമ്മയില്ല. നന്നെ ചെറുപ്പത്തിൽ തന്നെ ഉത്സവപറമ്പുകളിൽ ഉപ്പയോട് ഒന്നിച്ച് നാടകങ്ങൾ കാണാൻ പോകാറുണ്ടായിരുന്നു. ശരിക്കും കുട്ടിക്കാലത്തെ നാടകകാഴ്ച്ചകൾ എന്റെ ഉള്ളിൽ വിശാലമായ മറ്റൊരു ലോകത്തേക്കുള്ള വഴി തന്നെയാണ് തുറന്നു തന്നത്. ഓരോ നാടകങ്ങളും വ്യത്യസ്തമായ അനുഭവമാണ് ഉണ്ടാക്കിയത്. ഉപ്പയും ഉപ്പയുടെ സുഹൃത്തുക്കളുമെല്ലാം വീട്ടിലേക്ക് മടങ്ങിയാലും ഞാൻ നാടകവണ്ടി അവിടം വിടുന്നതുവരെ ഉത്സവപ്പറമ്പിൽ തന്നെ തുടരുമായിരുന്നു. ആദ്യമൊക്കെ ആലീസ് ഇൻ വണ്ടർലാന്റ് എന്ന് പറഞ്ഞത് പോലെ അത്ഭുതമായിരുന്നു നാടക കാഴ്ച്ചകൾ. പതിയെ പതിയെ സ്‌റ്റേജിൽ നാടക പ്രവർത്തകർ ചെയ്യുന്നതൊക്കെയും സൂക്ഷ്മമായി നിരീക്ഷിക്കുവാൻ തുടങ്ങി.

അങ്ങനെ സ്റ്റേജിലെ ഓരോ ചലനങ്ങളും മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ ഞാൻ ആദ്യത്തെ നാടകം ചെയ്തു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഓണാഘോഷ പരിപാടിയുടെ ഭാഗമായാണ് അത് ചെയ്തത്. ഇരുപത് മിനുറ്റ് ദൈർഘ്യമായിരുന്നു നാടകത്തിന്; ഞാൻ തന്നെയായിരുന്നു അതിന്റെ രചന നിർവ്വഹിച്ചത്. അത് അന്ന് കാണികൾ സ്വീകരിക്കുകയും അതിനെ തുടർന്ന് പിന്നീട് അങ്ങോട്ട് നാട്ടിലെ വായനശാലകൾക്കും സ്ക്കൂളുകൾക്ക് വേണ്ടിയുമൊക്കെ നാടകമൊരുക്കാനായി എന്നെ വിളിച്ചു തുടങ്ങി. സ്ക്കൂൾ യുവജനോത്സവവേദികളിലൊക്കെ നാടകം എത്തിക്കുവാൻ സാധിച്ചു. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ അധ്യാപകർ ഒരുക്കിയ നാടകത്തോട് മത്സരിച്ച് ഞാൻ സംവിധാനം ചെയ്ത നാടകം ഒന്നാമത് എത്തുകയും അന്ന് ആ അധ്യാപകർ ഒരു അനുഗ്രഹം പോലെ പറഞ്ഞ വാക്കുകളാണ് ഓർമ്മ വരുന്നത് 'ഭാവിയിൽ ഇവൻ വലിയൊരു സംവിധായകനായി അറിയപ്പെടുന്നത് എല്ലാവർക്കും കാണാം' എന്നുള്ളത്. ശരിക്കും ആ ഗുരുക്കൻമാരുടെ അനുഗ്രഹവും ഇപ്പോൾ എനിക്കുണ്ടായ നേട്ടത്തിന് കാരണമാണെന്നു കൂടി പറയട്ടെ.

നാടകത്തെ എത്ര തന്നെ പാഷനോടെയാണ് സമീപിക്കുന്നത് അതുപോലെ തന്നെയാണ് ഞാൻ സിനിമയെ സമീപിക്കുന്നതും. കഴിഞ്ഞ നാടകക്കാലങ്ങൾ എനിക്ക് ഇപ്പോൾ സിനിമ ഒരുക്കുന്നതിനും പിൻബലമായെന്നാണ് കരുതുന്നത്. സത്യത്തിൽ അവാർഡ് പ്രഖ്യാപനത്തിന് ശേഷം മറ്റുള്ളവർ വിളിച്ച് താങ്കൾ പ്രചോദനമാണ് ഞങ്ങൾക്ക് എന്ന് പറയുമ്പോൾ എനിക്ക് നാടകത്തോടാണ് നന്ദി പറയാനുള്ളത്. കാരണം നാടകത്തിനായുള്ള ആത്മാർപ്പണം പോലെ തന്നെ എനിക്ക് സിനിമയെ സമീപിക്കുവാൻ കഴിഞ്ഞു എന്നുള്ളത് തന്നെ. ജനകീയ കൂട്ടായ്മയിൽ പിറന്ന രണ്ട് സിനിമകളുടെ ഭാഗമാകാൻ നേരത്തെ സാധിച്ചിരുന്നു. നന്മകൾ പൂക്കുന്ന നാട്ടിൽ, ഇളം വെയിൽ എന്നീ ചിത്രങ്ങളിൽ പ്രവർത്തിക്കുവാൻ കഴിഞ്ഞതും ഞങ്ങളുടെ ആദ്യ സിനിമയ്ക്ക് ഗുണകരമായി.

ആദ്യ സിനിമയുടെ പിറവിയുടെ കഥ.

ആദ്യ സിനിമ ഉണ്ടായത് സൗഹൃദങ്ങളുടെ പ്രേരണയിലാണ്. രോഹിത് വെമൂലയുടെ മരണത്തിന് ശേഷം ആ വിഷയവുമായി ബന്ധപ്പെട്ട് ഒരു ഹൃസ്വ ചിത്രം ചെയ്യാനായിരുന്നു ആദ്യ ആലോചന നടന്നത്. അത്തരത്തിലായിരുന്നു തിരക്കഥ രൂപപ്പെടുത്തിയിരുന്നത്. എന്നാൽ പിന്നീട് ഉണ്ടായ ചർച്ചകളിൽ അതിനെക്കാൾ ഭംഗിയാവുക സിനിമയായി പുറത്തിറക്കുന്നതാകുമെന്ന അഭിപ്രായം വന്നു. അങ്ങനെയാണ് ആദ്യ തീരുമാനത്തിൽ നിന്ന് സിനിമ ചെയ്യുന്നതിലേക്ക് എത്തിയത്. സിനിമയുടെ തിരക്കഥ പൂർത്തിയാക്കിയതിന് ശേഷമാണ് അടുത്ത കടമ്പയെ പറ്റി ആലോചിക്കുന്നതു തന്നെ. ചിത്രം ആരു നിർമ്മിക്കും?

കാന്തൻ പോലൊരു സിനിമ നിർമ്മിക്കാൻ മറ്റൊരാളെ കണ്ടെത്താൻ കഴിഞ്ഞില്ല. എന്തെങ്കിലും ഒരു സംഗതി തുടങ്ങിയാൽ അത് ഭംഗിയായി പൂർത്തിയാക്കുക എന്നത് എനിക്ക് നിർബന്ധമുള്ള കാര്യവുമാണ്. നിർമ്മാതാവ് എന്ന പ്രതിസന്ധിയിൽ നിൽക്കുമ്പോൾ പറ്റാവുന്ന പണം തന്ന് സഹായിക്കാമെന്ന് സുഹൃത്തുക്കൾ ഏറ്റു. ടെക്നിക്കലിയുള്ള സഹായങ്ങൾ നൽകാൻ മറ്റു ചില സുഹൃത്തുക്കളും തയ്യാറായി. അങ്ങനെയാണ് കാന്തൻ തുടങ്ങുന്നത്. തുടക്കത്തിൽ വലിയ പ്രശ്നങ്ങൾ ഇല്ലാതെ പോയി. എന്നാൽ പിന്നീട് അങ്ങോട്ട് പതിയെ സാമ്പത്തിക പ്രശ്നങ്ങൾ ബാധിച്ചു തുടങ്ങി. സിനിമയുടെ പ്രവർത്തനങ്ങൾ ഇടയ്ക്ക് നിർത്തിവെയ്ക്കേണ്ടതായും വന്നു. അങ്ങനെ അവസാനം ലോണുകൾ എടുത്തും മറ്റുമാണ് സിനിമയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോയത്. എന്നിട്ടും പ്രതിസന്ധിയിൽ പെട്ടപ്പോൾ എന്റെ ഭാര്യ അവളുടെ ആഭരണങ്ങൾ എടുത്തു തന്നിട്ട് സിനിമയുടെ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഈ സിനിമയ്ക്ക് വേണ്ടി സഹായം നൽകിയ ഓരോരുത്തർക്കും നന്ദി പറഞ്ഞാൽ തീരില്ല.

തിരക്കഥ പൂർത്തിയായപ്പോൾ തന്നെ ഇതിലെ മുത്തശ്ശിയുടെ കഥാപാത്രമായി ഒറ്റമുഖമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. അത് ദയാബായിയുടെതാണ്. അവർ ആദിവാസി ജനവിഭാഗങ്ങളുടെ ഇടയിൽ പ്രവർത്തിക്കുകയും അവർക്ക് ഒപ്പം ജീവിതം നയിക്കുകയും ചെയ്യുന്ന അവർക്ക് ഏറ്റവും നന്നായി തന്നെ ആ കഥാപാത്രത്ത അവതരിപ്പിക്കാൻ കഴിയുമെന്ന് ഉറപ്പായിരുന്നു. അവരെ ഈ ആവശ്യവുമായി ബന്ധപ്പെട്ടപ്പോൾ ആദ്യം സ്നേഹപൂർവ്വം അത് നിരസിക്കുകയാണ് ഉണ്ടായത്. എന്നാൽ നിരന്തരമായുള്ള അവരുമായുള്ള ഇടപെടൽ കൊണ്ട് ആദ്യം കഥ കേൾക്കട്ടെ എന്നു പറഞ്ഞു. അങ്ങനെ ചിത്രത്തിന്റെ കഥാകൃത്ത് പ്രമോദ് ഏട്ടനും ഞാനും പൂനെ ഫിലിം ഇസ്റ്റിറ്റ്യൂട്ടിൽൽ ചെന്നാണ് കഥ പറഞ്ഞത്.

കഥ പറഞ്ഞ് അവസാനിക്കുമ്പോൾ അവരുടെ കണ്ണുനിറഞ്ഞ് കാണാൻ കഴിഞ്ഞു. അവർ പിന്നീട് എപ്പോഴാണ് ഞാൻ വരേണ്ടെതെന്ന് ഇങ്ങോട്ട് ചോദിക്കുകയായിരുന്നു. അവർ വരാമെന്ന് സമ്മതിച്ചതിന് ശേഷം പിന്നീട് മറ്റു കഥാപാത്രങ്ങളെ കണ്ടെത്താനായി ആദിവാസികള്‍ക്കിടയിൽ ഒഡീഷൻ നടത്തുകയാണ് ചെയ്തത്. എന്നാൽ ആദ്യത്തെ തവണയൊന്നും ഊരുകളിൽ നിന്ന് ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്നുള്ള ശ്രമങ്ങളിലാണ് മറ്റുള്ളവരെ അഭിനേതാക്കളായി കിട്ടിയത്. അവർ ഈ സിനിമയിൽ അഭിനയിക്കുകയായിരുന്നില്ല, ശരിക്കും അവരുടെ ദൈനംദിന ജീവിതം ക്യാമറയുടെ മുന്നിൽ തുടരുക മാത്രമായിരുന്നു.

കൂടാതെ അവരുടെ ഊരിൽ സംസാരിക്കുന്ന ഭാഷയാണ് ചിത്രത്തിൽ അവരുടെ സംഭാഷണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. മലയാളത്തിൽ തിരക്കഥ പൂർത്തിയാക്കിയതിന് ശേഷം സംഭാഷണങ്ങൾ എല്ലാം അവരുടെ ഊരിലെ ഭാഷയിലേക്ക് (റാവുള എന്നാണ് ലിപിയില്ലാത്ത സംസാരഭാഷയുടെ പേര്) മൊഴിമാറ്റുകയായിരുന്നു. സത്യത്തിൽ പുതുതലമുറയിൽ പെട്ട ഗോത്ര വിഭാഗത്തിലെ കുട്ടികൾ പോലും ആ ഭാഷ ഇപ്പോൾ സംസാരിക്കുവാൻ ഇഷ്ടപ്പെടുന്നില്ലെന്ന കാര്യമാണ് അവിടെ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്. അറുപതോളം ഗോത്രഭാഷകൾ ഉണ്ടെന്ന കാര്യം സിനിമയ്ക്ക് വേണ്ടിയുള്ള പഠന സമയത്താണ് മനസ്സിലാക്കാൻ കഴിഞ്ഞത്. ഇത്തരം ഭാഷകളും അവരുടെ ജീവിത രീതികളും അവർക്ക് നഷ്ടമായി കൊണ്ടിരിക്കുന്നു എന്നത് യാഥാർത്ഥ്യമാണ്. അത് സംരക്ഷിക്കപ്പെടാൻ സർക്കാർ ഇടപെടണം എന്നാണ് അഭ്യർത്ഥിക്കുവാനുള്ളത്. പ്രശസ്ത ചിത്രമായ നെല്ല് ചിത്രീകരിച്ചിടത്താണ് ഈ സിനിമ ചിത്രീകരിച്ചത്. രസകരമായ കാര്യം എന്താണെന്ന് വച്ചാൽ അന്ന് ആ സിനിമയിൽ അഭിനയിച്ച ഒരു സ്ത്രീ ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. കുറുമാട്ടി എന്നാണ് അവരുടെ പേര്. പിന്നെ ഷൂട്ട് തുടങ്ങുന്നതിനു മുൻപുള്ള ടെൻഷൻ ദയാബായി എത്തുമ്പോൾ അവർക്ക് വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കുന്നതിനെക്കുറിച്ചായിരുന്നു. എന്നാൽ അവർ ശരിക്കും ഞങ്ങളെ അത്ഭുതപ്പെടുത്തുകയായിരുന്നു. ഊരിൽ ഉണ്ടാക്കുന്ന ഭക്ഷണം കഴിച്ച് അവിടെയുള്ള കുടിയിൽ തന്നെയായിരുന്നു ഞങ്ങളുടെ ഒപ്പം ഷൂട്ടിങ്ങ് സമയത്ത് കഴിഞ്ഞത്. ഒരു സൗകര്യങ്ങൾക്കു വേണ്ടിയും അവർ നിർബന്ധം പിടിച്ചില്ല. പ്രതിഫലമായി ആകെ വാങ്ങി എന്നു പറയാവുന്നത് വണ്ടിക്കൂലി മാത്രമാണ്. അത്രയ്ക്ക് ആത്മാർത്ഥമായാണ് കാന്തനുവേണ്ടി അവർ നിലകൊണ്ടത്.

ആദിവാസി വിഭാഗങ്ങൾക്ക് വേണ്ടി കോടികൾ ബജറ്റുകളിൽ വകയിരുത്തപെടുന്നുണ്ടെങ്കിലും അവയൊന്നും ഇവര്‍ക്ക് ഗുണകരമാകുന്നില്ലെന്നാണ് ചിത്രീകരണത്തിനിടയില്‍ മനസ്സിലാക്കാൻ സാധിച്ചത്. അന്നന്ന് കഴിക്കാനുള്ള ഭക്ഷണ സാധനങ്ങൾ മാത്രമേ മിക്ക കുടികളിലും ഉള്ളു എന്നത് ആ സമയത്താണ് മനസ്സിലാക്കാൻ കഴിഞ്ഞത്. കാന്തൻ ചിത്രീകരണം നടക്കുന്ന സമയത്ത് അവർക്കൊപ്പം സന്തോഷത്തോടെ കഴിയാനും ഭക്ഷണം നൽകാനും സാധിച്ചത് മറക്കാന്‍ കഴിയില്ല. അവിടെ തൊഴിൽ ചൂഷണവും നടക്കുന്നുണ്ടെന്ന് പറയാതെ വയ്യ. കാരണം അത്തരം ഒരനുഭവം നേരിട്ട് കാണാൻ ഇടയായതുകൊണ്ടാണ്. അതിലെല്ലാം ഇപ്പോഴത്തെ സർക്കാരിനാണ് അൽപ്പമെങ്കിലും മാറ്റം വരുത്താൻ സാധിച്ചിട്ടുള്ളത് എന്നാണെന്റെ വിശ്വാസം. അവാർഡ് വാങ്ങുവാൻ ഉള്ള യാത്രയിൽ സിനിമയിൽ സഹകരിച്ച, കൂടെ വരാൻ കഴിയുന്ന ആദിവാസി സുഹൃത്തുക്കളെയും ഒപ്പം കൂട്ടിയാകും പോകുന്നത്. അത് ഒരാഗ്രഹമാണ്. അവർ കൂടി സഹകരിച്ചതിനാണല്ലോ ഈ സിനിമ ഭംഗിയായി പൂർത്തിയാക്കാൻ സാധിച്ചത്.

സിനിമയിലെ പ്രതിസന്ധിവഴികൾ

നേരത്തെ പറഞ്ഞതു പോലെ ഓരോ ഘട്ടവും പ്രതിസന്ധിയിലൂടെ തന്നെയായിരുന്നു. അപ്പോഴും ഈ സിനിമ അംഗീകരിക്കപ്പെടും എന്നത് തന്നെയായിരുന്നു വിശ്വാസം. എറണാകുളത്ത് ചാവറ കൾച്ചറൽ സെന്ററിലായിരുന്നു സിനിമയുടെ ആദ്യ പ്രദർശനം നടന്നത്. ആദ്യത്തെ പ്രദർശനത്തിന് ശേഷം കിട്ടിയ അഭിപ്രായങ്ങൾ എന്റെ ആ വിശ്വാസത്തെ ബലപ്പെടുത്തുകയാണ് ഉണ്ടായത്. ഇന്ത്യയിലെ വിവിധ രാജ്യാന്തര ഫിലിം ഫെസ്റ്റിവെലുകളിലേക്ക് സിനിമ അയച്ചിരുന്നെങ്കിലും ചിത്രം തിരഞ്ഞെടുക്കപ്പെട്ടത് കൽക്കത്ത ഫെസ്റ്റിലേക്ക് മാത്രമായിരുന്നു. അവിടെ മത്സര വിഭാഗത്തിലായിരുന്നു ചിത്രം പ്രദർശിപ്പിച്ചത്. സങ്കടം തോന്നിയത് കേരള രാജ്യന്തര ചലച്ചിത്രോത്സവത്തില്‍ തിരഞ്ഞെടുക്കപെടാതെ പോയപ്പോഴാണ്. അപൂർവ്വമായി മാത്രം സംഭവിക്കുന്നതാണ് ഒരു ഗോത്ര ഭാഷയിൽ സിനിമ ഉണ്ടാവുക എന്നത്. മാത്രമല്ല ആദിവാസി സമൂഹത്തിന്റെ സംസ്ക്കാര പരിസരത്തെ സൂക്ഷമമായ തലത്തിൽ നിന്നുകൊണ്ട് നോക്കിക്കാണാൻ ശ്രമിച്ചിട്ടുമുണ്ട് സിനിമയിൽ. അത്തരത്തിൽ ഉണ്ടായൊരു കലാസൃഷ്ടി സ്വന്തം നാട്ടിൽ നടക്കുന്ന ചലച്ചിത്രമേളയിൽ ഇടം കിട്ടാതെ പോയപ്പോൾ ശരിക്കും സങ്കടം തോന്നിയിരുന്നു. ഞങ്ങളുടെ സിനിമയിൽ പകർത്തപ്പെട്ടത് ഓർമ്മയിലേക്ക് വീണുപോയി കൊണ്ടിരിക്കുന്ന ഒരു സംസ്ക്കാരത്തെ കൂടിയാണ്. അത്തരത്തിൽ ഒരു ജീവിത പരിസരത്തെ മറ്റുള്ളവർക്ക് മുന്നിലേക്ക് കാണിക്കാനുള്ള അവസരം കൂടിയാണ് അന്ന് നഷ്ടമായത്. എന്നാൽ ഇപ്പോൾ നിരാശയില്ല. ഈ സിനിമയെക്കുറിച്ച് ആളുകൾ ചോദിച്ചു തുടങ്ങിയിരിക്കുന്നു. തീയറ്റർ റിലീസ് സാധ്യമായാൽ ചെയ്യണം എന്നുണ്ട്. ഭാഷ പ്രശ്നമില്ലാതെ ആസ്വദിക്കാൻ പറ്റുമെന്നാണ് വിശ്വാസം. കൂടാതെ ഫിലിം സൊസൈറ്റികൾ വഴിയും കാഴ്ച്ചക്കാരിലേക്ക് സിനിമയെ എത്തിക്കാൻ കഴിയും എന്നും വിചാരിക്കുന്നു. നേരത്തെ ഉണ്ടായ പ്രതിസന്ധികൾ പോലെ മുന്നോട്ടുള്ള പ്രശ്നങ്ങളും തരണം ചെയ്യാൻ സാധിക്കുമെന്ന് കരുതുന്നു.

മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട സിനിമയ്ക്ക് മികച്ച സംവിധായകനുള്ള അവാർഡ് നല്‍കാത്തതിനോട് എങ്ങനെ പ്രതികരിക്കുന്നു?

അത് പ്രസക്തമായോരു ചോദ്യമാണ്. പിന്നെ അതെല്ലാം ജൂറിയുടെ തീരുമാനമല്ലേ. പിന്നെ ഈ സിനിമയ്ക്ക് അവാർഡ് ലഭിക്കുമെന്നൊന്നും ഒട്ടും പ്രതീക്ഷയുണ്ടായിരുന്നില്ല. മുൻ അനുഭവങ്ങൾ തന്നെയായിരുന്നു കാരണം. പിന്നെ മാധ്യമങ്ങളിലൂടെയാണ് ജൂറിയിൽ ഉണ്ടായ പ്രശ്നങ്ങളെക്കുറിച്ച് അറിയുന്നത് തന്നെ. അവാർഡ് പ്രഖ്യാപനത്തിന് ശേഷം ജൂറി അധ്യക്ഷൻ ഫോണിൽ ബന്ധപ്പെട്ട് പറഞ്ഞ വാക്കുകൾ തന്നെ വളരെ വലിയ അംഗീകാരമായാണ് ഞാൻ കാണുന്നത്. മറ്റ് മേളകളിലേക്ക് എത്തിക്കുവാൻ ആവിശ്യമായ സഹായങ്ങളും നൽകാമെന്ന് പറഞ്ഞിട്ടുണ്ട്.

കാന്തന് ശേഷം

കാന്തന് ശേഷം പുതിയ ചിത്രം ഒരുക്കുന്നുണ്ട് 'എലിയേട്ടൻ' എന്നാണ് പേരിട്ടിരിക്കുന്നത്. കാസ്റ്റിങ്ങ് കാര്യങ്ങൾ ഒന്നും തീരുമാനം ആയിട്ടില്ല. ജൂണോടു കൂടി പൂർണ്ണമായും അതിലേക്ക് കടക്കാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നത്.


Next Story

Related Stories