സിനിമ

ഒരു കൂട്ടർ പറയുന്നത് മാത്രമല്ലല്ലോ ശരി, അതല്ലല്ലോ സമ്മതിച്ചു കൊടുക്കേണ്ടത്: കമ്മാരസംഭവം സംവിധായകൻ രതീഷ് അമ്പാട്ടുമായി അഭിമുഖം

ഈ കഥാപാത്രം രൂപപ്പെട്ടപ്പോൾ തന്നെ അതിൽ ദിലീപ് അല്ലാതെ മറ്റൊരു ഓപ്ഷൻ ഇല്ലായിരുന്നു ഞങ്ങളുടെ മനസ്സിൽ

അനു ചന്ദ്ര

അനു ചന്ദ്ര

ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയായ കമ്മാരസംഭവം ചരിത്രകഥയാണ് പറയുന്നത്. തമിഴ് നടന്‍ സിദ്ധാര്‍ത്ഥും ബോബി ബോബി സിംഹയും അടക്കം വന്‍ താര നിര ഒന്നിക്കുന്ന സിനിമയുടെ സംവിധായകൻ നവാഗതനായ രതീഷ് അമ്പാട്ടാണ്. മുരളി ഗോപിയുടേതാണ് തിരക്കഥ. ചിത്രത്തിന്റെ വിശേഷങ്ങളും പ്രതീക്ഷകളും അഴിമുഖത്തോട് പങ്കുവെയ്ക്കുകയാണ് രതീഷ് അമ്പാട്ട്.

എന്താണ് കമ്മാരസംഭവം?

കമ്മാരൻ എന്നു പേരായ ഒരാളെ സംബന്ധിച്ചു നടക്കുന്ന ഒരു കഥയാണ് ഈ സിനിമയിലൂടെ പറയുന്നത്. ഹിസ്റ്ററി, പൊളിറ്റിക്സ്, സിനിമ. ഇത് മൂന്നും കൂടിയിട്ടുള്ള ഒരു പുതിയ ശ്രമം ആണ് ഈ സിനിമയിലൂടെ നടക്കുന്നത്. കമ്മാരന്റെ അതായത് ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മൂന്നു കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരു കഥ കൂടിയാണിത്.

ഈ സിനിമയിലെ വ്യത്യസ്തത ചിത്രത്തിന്റെ ട്രെയിലറിൽ തന്നെ കാണാൻ സാധിക്കും. അത്തരത്തിൽ ഒരു പുതുമ കൊണ്ടുവരാൻ ഉണ്ടായ കാരണം?

സ്റ്റോറി തന്നെയാണ് അത്തരത്തിൽ ഒരു പുതുമയുടെ പ്രധാന കാരണം. മുരളി ഗോപി എന്നോട് പറയുന്ന ഒരു ആശയം ആയിരുന്നു ഇത്. ആശയം കേട്ടപ്പോൾ എനിക്ക് വലിയ ഇന്ററസ്റ്റിങ് ആയി തോന്നി. ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം ഒത്തിരി സാധ്യതകൾ ഉള്ള ഒരു ത്രെഡ് ആയിരുന്നു മുരളി പറഞ്ഞത്. അതിലെ സാധ്യതകളെ മുൻനിർത്തി തന്നെയാണ് പിന്നീട് ഈ സിനിമ രൂപപ്പെടുന്നതും. പിന്നീട് ഒരു വർഷം സമയമെടുത്താണ് തിരക്കഥ പൂർത്തിയാക്കുന്നത്. മുരളിയുടെ വളരെ ബ്രില്ല്യന്റ് ആയിട്ടുള്ള തിരക്കഥ ആണ് ഇതിനകത്തുള്ളത്. അതിനനുസരിച്ചുള്ള വിഷ്വൽ interpretation കൊടുക്കുക എന്നതായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം അതിനകത്തെ ഏറ്റവും വലിയ വെല്ലുവിളി.

ദിലീപ് എന്ന നടനിൽ നിന്നും പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത ഒരുതരം മെയ്ക്ക്ഓവർ ആണ് ഈ സിനിമയിൽ കാണാൻ സാധിക്കുന്നത്. എങ്ങനെയാണ് ദിലീപിലേക്ക് എത്തുന്നത്?

ഈ കഥാപാത്രം രൂപപ്പെട്ടപ്പോൾ തന്നെ അതിൽ ദിലീപ് അല്ലാതെ മറ്റൊരു ഓപ്ഷൻ ഇല്ലായിരുന്നു ഞങ്ങളുടെ മനസ്സിൽ. സിനിമ കണ്ടു കഴിഞ്ഞാൽ തീർച്ചയായും നിങ്ങൾക്കും അതു ബോധ്യമാകും എന്നുതന്നെയാണ് എന്റെ വിശ്വാസം. മൂന്നു കാലഘട്ടങ്ങളിലെ അഭിനയം ഒറ്റ കഥാപാത്രത്തിലൂടെ ഫലിപ്പിച്ചെടുക്കുക എന്നത് നിസാരമല്ല. ദിലീപ് അതിനോട് നൂറു ശതമാനം നീതിപുലർത്തി എന്നതുകൊണ്ട് തന്നെ ആ കഥാപാത്രമാവാനുള്ള ദിലീപിന്റെ അഭിനയം ഞങ്ങളെ തൃപ്തിപ്പെടുത്തുന്ന ഒന്നായിരുന്നു.

നായക കേന്ദ്രീകൃതമാണ് സിനിമയെന്ന് സിനിമയുടെ പേര്, പോസ്റ്റർ, ട്രെയ്‌ലർ തുടങ്ങിയവയിൽ നിന്നും വ്യക്തമാണ്. ഇനി ചിത്രത്തിലെ നായികാ പ്രാധാന്യത്തെക്കുറിച്ച് ഒന്നു വിശദീകരിക്കാമോ?

ഇതിൽ നായിക എന്നു പറയുന്നത് ഒരാളല്ല. മൂന്ന് പേരാണ്. നമിത പ്രമോദ്, ശ്വേത മേനോൻ, ദിവ്യ പ്രഭ എന്നിവരാണ് ഈ മൂന്നു കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്. ഈ മൂന്നു കഥാപാത്രങ്ങളും അവരുടെ വ്യക്തിത്വങ്ങൾ നിലനിർത്തുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ തന്നെയാണ്. അതുകൊണ്ട് മൂന്നുപേരും ഒന്നിനൊന്നു മികച്ചവ തന്നെയാണ്.

ചിത്രത്തിന്റെ ഷൂട്ട് തീർക്കുവാനായി എടുത്ത നിസ്സാരമല്ലാത്ത കാലയളവ് ഒരു തരത്തിൽ മാനസികമായ സമ്മർദ്ദം കൂടിയല്ലായിരുന്നോ സൃഷ്ടിച്ചത്?

2016 ഓഗസ്റ്റിൽ ആണ് ഈ പടം തുടങ്ങുന്നത്. ചിത്രം പൂർത്തീകരിക്കുവാനായി സമയം എടുത്തു എന്നത് വാസ്തവമാണ്. എങ്കിലും അങ്ങനെ പറയത്തക്ക മാനസിക സമ്മർദ്ദങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു.

എന്നിരുന്നാലും ദിലീപിന്റെ സിനിമകളോട് ഒരു വിഭാഗം പ്രേക്ഷകര്‍ ബഹിഷ്കരണം പോലുള്ള നിലപാടുകൾ ഉയർത്തിയപ്പോൾ ചില തരത്തിലുള്ള ആശങ്കകൾ താങ്കളെയും ബാധിച്ചില്ലേ?

സിനിമയിലൂടെ തന്നെയാണ് ഇതിനുള്ള ഉത്തരം നൽകാൻ സാധിക്കുക. സിനിമ നല്ലതാണെങ്കിൽ, ആ സിനിമ ജനങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ അവർ തീർച്ചയായും അത് ഏറ്റെടുക്കും. അല്ലാതെ വഴിയിലൂടെ പോകുന്നവർ അത് ബഹിഷ്കരിക്കണം ഇത് ബഹിഷ്കരിക്കണം എന്നു പറഞ്ഞിട്ട് ഇവിടെ പ്രത്യേകിച്ചു ഒന്നുമില്ല. ബഹിഷ്കരിക്കണം എന്നു പറയുന്നവർക്ക് സിനിമ കാണാതിരിക്കാം കാണണ്ടവർക്ക്‌ കാണുകയും ചെയ്യാം. അല്ലാതെ ഒരു കൂട്ടർ പറയുന്നത് മാത്രമല്ലലോ ശരി. അതല്ലല്ലോ സമ്മതിച്ചു കൊടുക്കേണ്ടത്.

7) റിലീസിനെത്തുന്ന സിനിമയിലെ പ്രതീക്ഷ ?

ഉത്തരം: പ്രതീക്ഷകൾ വാനോളമല്ലേ!

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍