TopTop

ലോറൻസിന്റെ സാഹസികത; സൂപ്പർലേറ്റീവിലാണ് കാഞ്ചനയുടെ മൂന്നാം വിളയാട്ടം

ലോറൻസിന്റെ സാഹസികത; സൂപ്പർലേറ്റീവിലാണ് കാഞ്ചനയുടെ മൂന്നാം വിളയാട്ടം
രാഘവാ ലോറൻസ് ചെറിയ പ്രായത്തിൽ തന്നെ നല്ല ഡാൻസറും കൊറിയോഗ്രാഫറും ആണ്. അധികം വൈകും മുൻപ് തന്നെ നായകനും സംവിധായകനുമായി. സ്‌ക്രീനിൽ അയാൾ എന്തൊക്കെയാണ് ചെയ്തുകൂട്ടുക എന്ന് ഇപ്പോൾ തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഒരു ഏകദേശ ധാരണയൊക്കെ കാണും. വിയോജിപ്പുകൾ അനവധിയുണ്ടാകും. സഹിക്കാൻ ബുദ്ധിമുട്ടുള്ളവർ ഉണ്ടാകും. പക്ഷെ അത് അയാളുടെ ഒരു സ്റ്റൈൽ ആണ്. പുതിയ സിനിമയായ കാഞ്ചന-3 അഥവാ മുനി-4 ന്റെ കാര്യവും ഒട്ടും വ്യത്യസ്തമല്ല.

2004ൽ ആണ് ലോറൻസ് നാഗാര്‍ജ്ജുനയെ നായകനാക്കി മാസ് എന്ന തെലുഗ് സിനിമ സംവിധാനം ചെയ്യുന്നത്. തുടർന്ന് 2007ൽ "മുനി" എന്ന ഹൊറർ കോമഡി തന്നെത്തന്നെ നായകനാക്കി ചെയ്തു. അത് വിജയിച്ചതിൽ പിന്നെ മൂപ്പര്‍ ആ വണ്ടിയിൽ നിന്ന് ഇറങ്ങിയിട്ടില്ല. നാലു കൊല്ലം കൂടുമ്പോൾ പുതിയതൊന്ന് എന്ന കണക്കിൽ മുനി സീരീസിൽ സിനിമകൾ ഇറക്കിക്കൊണ്ടേയിരിക്കുകയാണ്. 2011ൽ ഇറങ്ങിയ മുനി2 ന് കാഞ്ചന എന്നായിരുന്നു പേര് എന്നതിനാൽ മുനി സീരീസ് ഒരേസമയം തന്നെ കാഞ്ചന സീരീസായും മുന്നോട്ട് പോയിക്കൊണ്ടിരിക്കയാണ്. ജസ്റ്റ് ലോറൻസ് തിങ്‌സ്.. അല്ലാതൊന്നും പറയാൻ പറ്റില്ല.

ഹൊറർ എന്ന ഐറ്റത്തിനെ പൊളിച്ചു പണ്ടാരടക്കി കോമഡിയിൽ ബ്ലെൻഡ് ചെയ്യിപ്പിച്ചതിന്റെ ക്രെഡിറ്റ് ഒരു പക്ഷെ ലോറന്സിന്ന് അവകാശപ്പെട്ടതാവും. സൂപ്പർലേറ്റിവ് ഡിഗ്രി വച്ചാണ് അഭ്യാസം. ഓരോ ഇന്‍സ്റ്റാള്‍മെന്‍റ് കഴിയുമ്പോഴും അത് കൂട്ടിക്കൂട്ടി കൊണ്ടുവരുന്നതിനാൽ ഹൊററിനെയും പ്രേതത്തെയും കോമഡിയായും കോമഡിയെ ഹൊററായും ആസ്വദിക്കാം എന്ന മട്ടിലാണ് ലോറൻസ് കാര്യങ്ങൾ പ്ലാൻ ചെയ്യുന്നത്.

കാഞ്ചന-2 നൂറുകോടി ക്ലബ്ബിൽ കേറിയതിന്റെ കോണ്‍ഫിഡൻസിൽ വൻ ബഡ്ജറ്റിൽ റിച്ചായിട്ടാണ് ഇത്തവണ കാഞ്ചനയുടെ വിളയാട്ടങ്ങൾ. ഗംഭീരനൊരു ഉച്ചാടനകർമത്തോടെ ആണ് സിനിമയുടെ തുടക്കം. പ്രേതം ഒഴിപ്പിക്കാൻ ഹൈടെക്ക് മന്ത്രവാദികളെ റഷ്യയിൽ നിന്നുമൊക്കെ ആണ് ഇപ്പോൾ ഇറക്കുന്നത്. പതിവ് ക്ളീഷേകൾക്ക് അൾട്രാ മോഡേണ്‍ പരിവേഷം കൊടുക്കാൻ എഴുത്തുകാരനെന്ന നിലയിലും സംവിധായകൻ എന്ന നിലയിലും ലോറൻസ് ശ്രമിക്കുന്നു എന്നത് പുതുമയാണ്.

തുടർന്ന് നായകനായ രാഘവന്റെ വീട്ടിലേക്ക് cut ചെയ്യപ്പെടുന്ന സിനിമ, നായകന് 'അമ്മ(കോവൈ സരള), ഏട്ടൻ (ശ്രീമാൻ), ഏട്ടത്തിയമ്മ (ദേവദര്‍ശനി) എന്നിവരുമായുള്ള വിചിത്രബസന്ധങ്ങളിൽ ഫോക്കസ് ചെയ്‌ത് ടെറർ കോമഡിയിൽ ആറാടിക്കുന്നു. ആനിമേഷൻ ക്യാരക്ടറുകളായി കണ്ട് ഇവരുടെ സ്‌ലാപ്സ്റ്റിക്ക് കോമഡിയെ (ഭയാനക വേർഷൻ) ആസ്വദിക്കുന്ന വേനൽക്കാല/വെക്കേഷൻ കുടുംബങ്ങൾ ആയിരിക്കണം ഈ പടത്തെയും ഒരുപക്ഷേ 100 കോടിയിൽ എത്തിക്കുക. ജസ്റ്റ് ലോറൻസ് തിങ്‌സ്..

കോയമ്പത്തൂരിലെ 'അമ്മ വീട്ടിലേക്ക് പോവുന്ന രാഘവനും കുടുംബവും മനോഹരമായ ഒരു ഗ്രാമത്തിൽ വണ്ടി നിർത്തി പാർസൽ ഭക്ഷണം കഴിക്കാൻ വയലിലെ ഒറ്റ മരത്തിന്റെ ചുവട്ടിൽ എത്തുന്നതാണ് അടുത്ത ഘട്ടം. പടത്തിന്റെ തുടക്കത്തിൽ റഷ്യക്കാരന്മാരായ ഹൈടെക്കികൾ പ്രേതത്തെ ആവാഹിച്ചു കൊണ്ടുവന്ന കുരിശാണികൾ പ്രസ്തുത മരത്തിലായിരുന്നു അടിച്ചിരുന്നത് എന്ന് പറയേണ്ടതില്ലല്ലോ. കുടുംബത്തിൽ ഉള്ളവർ എല്ലാരും കാര്‍ട്ടൂണ്‍ ക്യാരക്ടറുകൾ ആയതുകൊണ്ട് ആണിയും പ്രേതവും സ്വാഭാവികമായും അവർക്കൊപ്പം വണ്ടി കേറി കോയമ്പത്തൂരിലെ വീട്ടിലെത്തും.

അവിടെ വീട് നിറയെയുള്ള ബന്ധുജനങ്ങളുടെ കോമഡി അതുവരെ കണ്ട ടെററിന്റെ അച്ഛൻ ആണ്. മുറപ്പെണ്ണുകളായ മൂന്ന് യുവതികൾ അവിടെ ഉണ്ട്. അവരെ വെറും ശരീരങ്ങളും രാഘവന്നെ വലയിൽ വീഴ്ത്താൻ മത്സരിച്ച് മല്ലുകെട്ടുന്ന കാമാർത്തകളും ആയിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. മുത്തശ്ശിയും മുത്തശനും വരെ അവരെ പേരോ ചെല്ലപ്പേരോ അല്ല 'ഫിഗറ്ങ്കേ" എന്ന് പറഞ്ഞാണ് അഭിസംബോധന ചെയ്യുന്നത്. ജസ്റ്റ് ലോറൻസ് തിങ്‌സ്.. ഓവിയ, വേദിക, നിക്കി എന്നീ മൂന്നുനായികമാർക്കും വ്യക്തിത്വമെന്നത് പോലെ വസ്ത്രവും പരിമിതമായാണ് നൽകിയിരിക്കുന്നത് എങ്കിലും മൂന്നുപേർക്കും കാര്യമായ സെക്‌സ് അപ്പീൽ ഒന്നും ഉണ്ടാക്കാൻ കഴിയുന്നില്ല എന്നതാണ് ദുരന്തം.

ഇത്തരം പേക്കൂത്തുകൾ അതിജീവിച്ച് ആ 'ബ്ലങ്ക്ളാവിൽ' തുടരുന്ന ആണി പേയ്‌കൾ മുൻ കാഞ്ചന പടങ്ങലിലെന്ന പോൽ രാഘവന്റെ ദേഹത്ത് കുടിയേറുന്നതാണ് അടുത്ത ഘട്ടം. യെസ് ഒന്നല്ല രണ്ട് പേയ്. അവരുടെ ഗധനഗദയും രാഘവന്റെ ബോഡി ഉപയോഗപ്പെടുത്തിയുള്ള പ്രതികാരവും അനന്തരം.. സംഗതികളെല്ലാം മുൻപ് പറഞ്ഞല്ലോ ബിഗ്ബഡ്ജറ്റും ഹൈടെക്ക് റിച്ച്നെസോടെയുമാണ്.

കാഞ്ചന-3യിൽ ഏറ്റവും ഭയപ്പെടുത്തിയ നിമിഷം ഏതെന്ന ചോദ്യത്തിന്ന് അവസാനം സ്‌ക്രീനിൽ തെളിയുന്ന കാഞ്ചന-4/മുനി-5 അനൌണ്‍സ്മെന്‍റ് എന്നൊരു ഉത്തരം കോമഡി ആയി കേട്ടു. ബട്ട് ഇത് കണ്ടിറങ്ങിയവൻ തന്നെ അതിനും കേറും എന്ന് രാഘവനറിയാം. ആളുകൾ തന്നിൽ നിന്നും പ്രതീക്ഷിക്കുന്നത് ഇത് തന്നെയാണ് എന്നും അയാൾക്കറിയാം. ലോറൻസിന്റെ പോസ്റ്റർ കണ്ട് അതിൽ നിന്നും പരിയേറും പെരുമാലോ, മേർക് തൊടർച്ചി മലൈകളോ പ്രതീക്ഷിക്കുന്ന ആരെങ്കിലുമെന്തെങ്കിൽ അവരെ കുറിച്ച് എന്തുപറയാനാ?

Next Story

Related Stories